മൊഴിമുത്തുകള്‍-27

അക്രമിക്കപ്പെട്ടവനെയും അക്രമിയെയും സഹായിക്കുക

മൊഴിമുത്ത്‌:

  • ''അക്രമിക്കപ്പെട്ടവനായാലും അക്രമിയായാലും നിന്റെ സഹോദരനെ നീ സഹായിക്കുക. ചോദിക്കപ്പെട്ടു. 'എങ്ങിനെയാണ് ഞാന്‍ അക്രമിയെ സഹായിക്കുന്നത്‌ എന്ന് ? നബി (സ) പറഞ്ഞു : അക്രമിക്കുന്നതില്‍ നിന്നവനെ നീ തടയുകയും അക്രമിക്കാനുള്ള അവന്റെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുക ; എന്നാല്‍ തീര്‍ച്ചയായും അതവനെ സഹായിക്കലാണ് . ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം :


നാം ഓരോരുത്തരും അവരവര്‍ക്ക്‌ കഴിയാവുന്ന വിധത്തില്‍ മറ്റുള്ളവര്‍ക്ക്‌ സഹായം ചെയ്ത്‌ കൊടുക്കണം. അക്രമിയായി നടക്കുന്ന ഒരാളെ ആ പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും അയാളുടെ അക്രമാസകതിയും അക്രമിക്കാനുള്ള അവന്റെ കഴിവിനെ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കലും യഥാര്‍ത്ഥത്തില്‍ ആ അക്രമിയെ സഹായിക്കലാണ്. അതാണ് അക്രമിയായ സഹോദരനെയും സഹായിക്കണം എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്‌.

കുറിപ്പ്‌:

വര്‍ത്തമാന കാലത്ത്‌ ഏറെ പ്രസക്തിയുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരു ഹദീസ്‌ (തിരുമൊഴി )യാണ് സുപ്രസിദ്ധ ഹദീസ്‌ ഗ്രന്ഥത്തിലൂടെ ബുഖാരി ഇമാം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. യാതൊരു കാരണവും കൂടാതെ അല്ലെങ്കില്‍ നിസാര കാരണങ്ങള്‍ക്ക്‌ മനുഷ്യര്‍ അക്രമിയായി തീരുകയും നിരപരാധികള്‍ അക്രമിക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ ദിനേന വായിച്ചും കേട്ടും കണ്ടു നമ്മുടെ കാതിനും കണ്ണിനും മനസ്സിനും ഒരു മരവിപ്പ്‌ ബാധിച്ച ഇന്നിന്റെ അവസ്ഥയില്‍ അക്രമിയായ ഒരാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുതകുന്ന കാര്യങ്ങള്‍ ക്രിയാത്മകമായി നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വാര്‍ത്ഥങ്ങള്‍ എളുപ്പ വഴിയില്‍ നടപ്പിലാക്കാന്‍ സ്വന്തം പെറ്റമ്മയെ പോലും കൊലക്കത്തിക്കിരയാക്കുന്നവര്‍, മദ്യത്തിനും മയക്കു മരുന്നിനും അടിമയായി പിഞ്ചു കുഞ്ഞുങ്ങളെ വരെ തന്റെ ഇംഗിതത്തിനു വിധേയരാക്കുന്ന നീചര്‍, പണത്തിനും പ്രശസ്തിക്കും വേണ്ടി രാജ്യത്തിനും രാജ്യക്കാര്‍ക്കും ഭീഷണിയായി ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ വികലമായ വിശ്വാസങ്ങളുടെ അടിമകളായി സഹജിവികളെ കൊന്നൊടുക്കാന്‍ പ്രതിജ്ഞയെടുത്ത്‌ ഭീതി വിതക്കുന്നവര്‍ അങ്ങിനെ വിവിധ തലങ്ങളിലുള്ള അക്രമങ്ങള്‍ .അക്രമികള്‍ ഇവരെയൊക്കെ സഹായിക്കണമെന്ന് പറയുമ്പോള്‍ പെട്ടെന്ന് ദഹിക്കാനാവുകയില്ല. അക്രമിയെ ഏത്‌ വിധേനയും ഇല്ലാതാക്കണമെന്നേ ഏവരും ചിന്തിക്കുകയുള്ളൂ. പക്ഷെ ലോകത്തിനു മുഴുവന്‍ കാരുണ്യമായിട്ടല്ലാതെ നബിയേ താങ്കളെ നാം സൃഷ്ടിച്ചിട്ടില്ല (ഖുര്‍ആന്‍ ) എന്ന് പ്രഖ്യാപിക്കപ്പെട്ട വിശ്വ പ്രവാചകനു പക്ഷെ അവിടെയും തന്റെ കാരുണ്യത്തിന്റെ വിശാലത വ്യക്തമാക്കുന്നു ഈ തിരുമൊഴിയിലൂടെ. അക്രമിക്കപ്പെട്ടവനെ സഹായിക്കുക എന്നത്‌ ഏതൊരു മനുഷ്യ സ്നേഹിയുടെയും കടമയാണല്ലോ. അത്‌ പോലെ അക്രമിയായവനെ അവന്‍ അക്രമിയാവാനുണ്ടായ സാഹചര്യം ,കാരണങ്ങള്‍ ഇല്ലാതാക്കുകയും ,അക്രമിയെ അക്രമത്തില്‍ നിന്ന് തടയാനാവുന്നത്‌ ചെയ്യുകയും, അക്രമിക്കാനുള്ള അവന്റെ ശക്തിയും സ്രോതസ്സും ക്ഷയിപ്പിക്കുകയും ചെയ്യുക എന്നതിലൂടെ യഥാര്‍ത്ഥത്തില്‍ അവനെ സഹായിക്കുകയാണു ചെയ്യുന്നത്‌.

മൊഴിമുത്തുകള്‍-26

ഭക്ഷണത്തെ കുറ്റപ്പെടുത്തരുത്‌

മൊഴിമുത്ത്‌:

  • ''മുഹമ്മദ്‌ നബി(സ) ഒരിക്കലും ഭക്ഷണത്തെ കുറ്റപ്പെടുത്താറുണ്ടായിരുന്നില്ല. താത്പര്യമുണ്ടെങ്കില്‍ ഭക്ഷിക്കുകയും ഇല്ലെങ്കില്‍ ഭക്ഷിക്കാതിരിക്കുകയും ചെയ്യും'' ( അബൂ ഹുറൈറ (റ) നിവേദനം ചെയ്ത ഹദിസ്‌, ബുഖാരി (റ) 9/477 ,മുസ്‌ ലിം (റ) 2064 ആയി റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

  • ജാബിര്‍ (റ) നിവേദനം : ''നബി (സ) ഒരിക്കല്‍ തന്റെ വീട്ടുകാരോട്‌ കറി (റൊട്ടി കഴിക്കാന്‍ ) ആവശ്യപ്പെട്ടു. ഇവിടെ സുര്‍ക്ക(വിനാഗിരി ) അല്ലാതെ മറ്റൊന്നുമില്ല എന്ന് അവര്‍ പറഞ്ഞപ്പോള്‍ അവിടുന്ന് അത്‌ കൊണ്ടുവരാന്‍ പറഞ്ഞു. അത്‌ (സുര്‍ക്ക) ചേര്‍ത്ത്‌ ഭക്ഷിക്കുമ്പോള്‍ സുര്‍ക്ക ഒരു നല്ല കറിയാണ് ,സുര്‍ക്ക ഒരു നല്ല കറിയാണ്. എന്ന് നബി(സ) പറഞ്ഞുകൊണ്ടിരുന്നു'' ( മുസ്‌ ലിം (റ) 2052 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

വിവരണം:

ഒരു സന്ദര്‍ഭത്തിലും ഭക്ഷണത്തെ കുറ്റം പറയാതിരിക്കാനും ഉള്ളത്‌ കൊണ്ട്‌ തൃപ്തിപ്പെട്ട്‌ ആ ഭക്ഷണം ഉണ്ടാക്കിതന്നവരെ സന്തോഷിപ്പിക്കുന്ന വിധത്തില്‍ നല്ല വാക്കുകള്‍ പറയണമെന്നും ഈ ഹദീസുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

കുറിപ്പ്‌:

നാം ഓരോരുത്തരും ചിന്തിക്കേണ്ട ഒരു വിഷയമല്ലേ ഇത്‌ ? ഭക്ഷണത്തെ നിന്ദിച്ച്‌, കുറ്റം പറഞ്ഞ്‌ അത്‌ പിന്നെ ആഹരിക്കുമ്പോള്‍ എത്രമാത്രം സംതൃപ്തി നമുക്കത്‌ തരുന്നുണ്ട്‌ എന്നത്‌ ഒരു വിചിന്തനത്തിനു വിധേയമാക്കുക. ലോകത്തിനു അനുഗ്രഹമായി സൃഷ്ടിക്കപ്പെട്ട പ്രവാചകര്‍ മുഹമ്മദ്‌ നബി(സ) തങ്ങള്‍ കേവലം സുര്‍ക്ക കൂട്ടി ഭക്ഷണം കഴിക്കുമ്പോഴും അതിനെ പ്രകീര്‍ത്തിക്കുന്നു. അത്‌ നല്‍കിയ വീട്ടുകാര്‍ക്ക്‌ എത്ര ആശ്വാസമായിരിക്കും ആ വചനങ്ങള്‍. അത്‌ പോലെ തൃപിതിയോടെ കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെതന്നെയല്ലേ. എത്ര ലളിതമായ ഭക്ഷണരിതിയും ജീവിതവും ആയിരുന്നു പ്രവചകരും അനുയായികളും നയിച്ചിരുന്നത്‌ എന്നതിലേക്ക്‌ കൂടി ഈ ഹദീസുകള്‍ നമ്മെ വഴിനടത്തുന്നു.

ഇവിടെയാണു നമ്മുടെയൊക്കെ വീടുകളില്‍ നടക്കുന്ന, നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്ക്‌ മനസിനെ തിരിക്കേണ്ടത്‌. കറികളും കൂട്ടുകറികളും വറുത്തതും എല്ലാമായി വിഭവ സമൃദ്ധമായ സദ്യയൊരുക്കി തളരുന്ന നമ്മുടെ വീട്ടിലെ ഉമ്മ പെങ്ങന്മാര്‍, ഭാര്യമാര്‍. അവര്‍ക്കായി‌ ഒരു നല്ല വാക്ക്‌ പറയലില്ല എന്ന് മാത്രമല്ല എന്തെങ്കിലും ചെറിയ കുറ്റം കണ്ടെത്തി മറ്റുള്ളവരുടെ മുന്നില്‍ വെച്ച്‌ പോലും പരിഹസിക്കുന്ന എത്രയോ പേര്‍ !! എത്ര മാത്രം അവരുടെ മനസ്സ്‌ വേദനിക്കുന്നുണ്ടാവും .അതൊന്നും പലരും ഓര്‍ക്കാറില്ല. നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ഉപദേശിച്ച്‌ കൊടുക്കുന്നവരും ഈ കൂട്ടത്തില്‍ എത്രയോ ഉണ്ടെന്നത്‌ വളരെ വിചിത്രമായി തോന്നുകയാണ്. തൊണ്ടക്കുഴിയില്‍ നിന്നിറങ്ങാത്ത ആദര്‍ശവുമായി കഴിഞ്ഞിട്ടെന്ത്‌ കാര്യം?

നമ്മുടെ സാമൂഹ്യ ചുറ്റുപാടനുസരിച്ച്‌ ഈ വിഷയത്തില്‍ കുറ്റക്കാര്‍ പുര്‍ഷ വര്‍ഗം തന്നെയെന്നതില്‍ സംശയമില്ല. ഭക്ഷണത്തില്‍ ഒരു കല്ല് പെട്ടാല്‍, ഒരു മുടി കിട്ടിയാല്‍, ഉപ്പ്‌ അല്‍പം കുറഞ്ഞാല്‍, കൂടിയാല്‍ , വേവിനു അല്‍പം വിത്യാസം വന്നാല്‍, ഒരു അഞ്ച്‌ മിനിട്ട്‌ വൈകിയാലൊക്കെ ചന്ദ്രഹാസമിളക്കുന്ന സ്നേഹ സമ്പന്നരായ ഭര്‍ത്താക്കന്മാരെ സഹിക്കുന്ന പ്രിയ സഹോദരിമാരെ എത്രയോകണ്ടിട്ടുണ്ട്‌. ഇന്ന് ഏറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അര്‍ഹിക്കുന്ന പരിഗണന ഇന്നും ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്.

ഗള്‍ഫ്‌ നാട്ടില്‍ വന്ന് ബാച്ചിലറായി താമസിച്ച്‌ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഓര്‍ക്കുന്നുണ്ടാവും നമുക്ക്‌ മുന്നില്‍ വിളമ്പി വെക്കപ്പെട്ടിരുന്ന ഭക്ഷണത്തെ പറ്റിയും അതിനു പിന്നിലെ അധ്വാനത്തെ പറ്റിയും. ഇവിടെ നിന്ന് (ഗള്‍ഫില്‍ ) എന്ത്‌ ഭക്ഷണം കിട്ടിയാലും അതിലൊക്കെയുപരി , നാട്ടില്‍ നിന്ന് സ്നേഹം ചേര്‍ത്തരച്ച്‌ , വാത്സല്യം പൊതിഞ്ഞ്‌ കൊടുത്തയക്കുന്ന എന്തിനുമായും നാം കാത്തിരിക്കുന്നത്‌ ആ തിരിച്ചറിവിലാണെന്ന് തോന്നുന്നു.

എന്ത്‌ ഭക്ഷണ സാധനമായാലും അതിനെ കുറ്റം പറയാതെഉള്ള ഭക്ഷണം സംതൃപിതിയോടെ കഴിക്കാനും അത്‌ ഉണ്ടാക്കിതരുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വെറുപ്പിക്കാതിരിക്കാനുമുള്ള നല്ല മനസ്സ്‌ നമുക്കേവര്‍ക്കും അല്ലാഹു കനിഞ്ഞേകട്ടെ