മൊഴിമുത്തുകൾ-36

കച്ചവടക്കാർ

മൊഴിമുത്ത്‌ :

 • വിശ്വസ്തനും സത്യവാനുമായ വ്യാപാരി; അമ്പിയാക്കൾ ,സിദ്ധീഖുകൾ, ശുഹദാക്കൾ, സാലിഹീങ്ങൾ എന്നീ മഹാന്മാരോടുകൂടിയാണ്‌. ( തുർമുദി )

 • സൂക്ഷിക്കുന്നവനും നന്മ ചെയ്യുന്നവരും സത്യവാന്മാരുമല്ലാത്ത കച്ചവടക്കാർ ഖിയാമ:ദിവസം നികൃഷ്ടരായി എഴുന്നേൽപ്പിക്കപ്പെടും. (തുർമുദി)


  വിവരണം:


  കച്ചവടം ചെയ്യുക എന്നത്‌ സത്പ്രവൃത്തിയാണ്‌. അത്‌ ചെയ്യുന്നവർക്കും ഇതര ജനങ്ങൾക്കും ഉപകാരപ്രദമായ നിലയിലായിരിക്കണം. അതിനു കച്ചവടക്കാരൻ സത്യവാനും വിശ്വസ്തനും ആയിരിക്കുകയും വേണം. ഇങ്ങിനെയുള്ള കച്ചവടക്കാർ നല്ലവരും സ്വർഗാവകാശികളുമാണ്‌.

  നിയമാനുസൃതമായി കച്ചവടം ചെയ്യാതെ അമിത ലാഭമെടുത്തും പൂഴ്ത്തിവെച്ചും, അളവിലും തൂക്കത്തിലും കുറച്ച്‌ കളവ്‌ പറഞ്ഞും കച്ചവടം ചെയ്യുന്നത്‌ തെറ്റാണെന്നും അത്തരം വഞ്ചകരായ കച്ചവടക്കാർ നിന്ദ്യരും നികൃഷടരുമായി ഖിയാമ: (അന്ത്യനാളിൽ )ദിവസം എഴുന്നേൽപിക്കപ്പെടുകയും അത്തരക്കാർക്ക്‌ നരകമാണ്‌ പ്രതിഫലമെന്നും ഈ ഹദീസ്‌ പഠിപ്പിക്കുന്നു

  കുറിപ്പ്‌ :

  കച്ചവടം എന്നത്‌ ഇന്ന്‌ ഇല്ലാതാവുകയാണ്‌ അവിടെ കച്ചകപടം അരങ്ങേറുന്നു. വിശ്വസ്തത്തയും സത്യസന്ധതയും ഇന്ന്‌ എല്ലാ മേഖലകളിൽനിന്നും പടിയിറക്കപ്പെട്ടിരിക്കുന്നപോലെ കച്ചവടത്തിന്റെ മേഖലകളിൽ നിന്നും പുറത്തക്കപ്പെട്ട അവസ്ഥയിലാണ്‌. വിശ്വസ്ഥതയും സത്യസന്ധതയും കൈമുതലാക്കി കച്ചവടം ചെയ്യാൻ ആരെങ്കിലും തുനിഞ്ഞാൽ പൊതുജനം അവനെ വിവരമില്ലാത്തവനെന്ന് ആക്ഷേപിക്കും. എത്‌ നിലക്കും ലാഭമുണ്ടാക്കുക എന്നതാണിപ്പോൾ കച്ചവടത്തിന്റെ മാനദണ്ഡം. കൈമാറ്റം ചെയ്യപ്പെടുന്ന സാധനങ്ങൾ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണമെന്നല്ല മറിച്ച്‌ കച്ചവടക്കാരന്റെ ആവശ്യങ്ങൾക്കനുസരിച്ച്‌ ഉപഭോക്താവിന്റെ അഭിരുചികളും ആവശ്യങ്ങളും നിർണ്ണയിക്കപ്പെടുകയാണ്‌ ആധുനിക വ്യാപാരങ്ങളിൽ നടക്കുന്നത്‌ അവിടെ തന്നെ ചെറുകിട കച്ചവടക്കാരെ വൻസ്രാവുകൾ വെട്ടി വിഴുങ്ങുന്നകാഴ്ചകളും സാധാരണയായിരിക്കുന്നു. തന്റെയും തന്റെ കുടുംബത്തിന്റെയും ആവശ്യപൂരണത്തിന്‌ നല്ല നിലയിൽ കച്ചവടം ചെയ്യുന്നവർക്ക്‌ ഏറെ കഷ്ടതകൾ സഹിക്കേണ്ടി വരുമെന്നത്‌ തർക്കമറ്റതാണ്‌.

  നല്ല മനസ്സും ഉറച്ച വിശ്വാസവും വേണം ആ കടുത്ത പരീക്ഷണം അതിജീവിക്കാൻ. അങ്ങിനെ സത്യസന്ധതയോടെ കച്ചവടം ചെയ്യുന്നവർക്ക്‌ എത്രയോ ഉന്നത പദവിയാണ്‌ ഈ ഹദീസിലൂടെ നബി(സ) തങ്ങൾ വിവരിക്കുന്നത്‌ എന്നതിലൂടെ തന്നെ മാന്യമായ കച്ചവടത്തിന്റെ മഹത്വം നമുക്ക്‌ മനസ്സിലാക്കാം. ജനങ്ങൾ ആവശ്യങ്ങളുമായി സമീപിക്കുമ്പോൾ ഉള്ള സാധനങ്ങൾ ആവശ്യക്കാരനു നൽകാതെ പൂഴ്ത്തിവെക്കുന്ന കച്ചവടക്കാർ തികച്ചും നീചമായ വിധത്തിലാണ്‌ ലാഭം കൊയ്യാൻ ശ്രമിയ്ക്കുന്നത്‌. ഒരേ ഉത്പാദന ചിലവുമായി ഉണ്ടാക്കപ്പെടുന്ന ഉത്പന്നം ഒരു സ്ഥലത്ത്‌ അനേകം വിലകളിൽ വിൽക്കപ്പെടുന്നത്‌ നാം കാണുന്നു. അത്‌ പോലെ മനുഷ്യന്റെ ജീവനു തന്നെ ഹാനികരമാവുന്ന വിധത്തിൽ ഉത്പന്നങ്ങളിൽ മായം കലർത്തി വിൽക്കാൻ യാതൊരു മനസാക്ഷികുത്തുമില്ലാത്ത കച്ചവടക്കാർ ഏറെയാണ്‌. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവർ, കള്ളതുലാസുകളുമായി കപടം നടത്തുന്നവർ, കാലാവധി കഴിഞ്ഞ സാധനങ്ങളിൽ ഡേറ്റ്‌ മാറ്റി വിൽക്കുന്നവർ, ഇല്ലാത്ത ഗുണകണങ്ങൾ പ്രചരിപ്പിച്ച്‌ വഞ്ചിക്കുന്നവർ അങ്ങിനെ പലതരത്തിലുമുള്ള ചൂഷണങ്ങൾ.

  നമ്മുടെ ഗ്രാമങ്ങളിൽ സാധാരണക്കാരനു അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിനു ഗവൺമന്റ്‌ തലത്തിൽ തന്നെ ഏർപ്പെടുത്തിയിട്ടുള്ള റേഷൻ കടകൾ എന്നും അളവിന്റെയും തൂക്കത്തിന്റെയും കാര്യത്തിൽ മാത്രമല്ല ഗുണ നിലവാരത്തിന്റെ കാര്യത്തിലും പഴികേൾക്കുന്നത്‌ പതിവാണ്‌. ആ പരാതികളിൽ പതിരില്ലാത്തതുമാണെന്ന് സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ളവർക്ക്‌ അറിയാവുന്നതുമാണ്‌. റേഷൻ കടകൾ നടത്തുന്നവർ പലപ്പോഴും അതിന്റെ ഉപഭോക്താക്കളെ വഞ്ചിക്കുന്നത്‌ പതിവാണ്‌. പലപ്പോഴും ഗവൺമന്റ്‌ വിതരണം ചെയ്യുന്ന അരിയും മണ്ണെണ്ണയും ഗോതമ്പുമെല്ലാം കടകളിൽ എത്തുന്നതിനു മുന്നേ മറ്റു വ്യാപാരകേന്ദ്രങ്ങൾക്ക്‌ മറിച്ച്‌ വിലപന നടത്തുന്നു. എന്നിട്ട്‌ കടയിൽ എത്തുന്ന പാവങ്ങളുടെ കണ്ണിൽ പൊടിയിടാൻ കുറച്ച്‌ സാധനങ്ങൾ മുന്നിൽ നിരത്തുകയും അത്‌ ചിലർക്ക്‌ വിതരണം ചെയ്ത്‌ പിന്നീടെത്തുന്നവരെ ' കഴിഞ്ഞു (കഴിച്ചു ) എന്ന സ്ഥിരം പല്ലവിയുമായി നിരാശയും കൊടുത്ത്‌ മടക്കി അയക്കുകയും ചെയ്യുക. പഴയപോലെ റേഷൻ സംവിധാനം ഇന്ന് വ്യാപകമായി നടക്കുന്നില്ല ഉള്ളത് കാര്യക്ഷമമാക്കുന്നതിനു പകരം നിർത്തലാക്കാനുള്ള ആലോചനകളും നടക്കുന്നു.

  ഇപ്പോൾ അത്തരം സംവിധാനം നടത്തുന്നവർക്ക്‌ ഒരു നേരം പോക്ക്‌ എന്ന നിലയിലേക്കായിരിക്കുന്നു. അധികമാരും റേഷൻ കടകളെ ആശ്രയിക്കുന്നുമില്ല. ആശ്രയിക്കുന്നവർക്ക്‌ ആശ (നിരാശ )നൽകാൻ മാത്രമേ അവർക്കും കഴിയുന്നുള്ളൂ. മാവേലിയും തൃവേണിയും വന്നെങ്കിലും അവിടെയൊക്കെ വലിയ വലിയ ക്യൂ സൃഷ്ടിക്കപ്പെടുന്നു എന്നതിലുപരി, തീരെ പ്രയോജനം ഇല്ലെന്ന് പറയാൻ കഴിയില്ലെങ്കിലും ഇന്നും ഏറെയൊന്നും മെച്ചം ഉള്ളതായി കാണുന്നില്ല. . അത്‌ പോലെ തന്നെ മുൻകാലത്തും അളവും തൂക്കവും പാലിച്ച്‌ റേഷൻ കടകൾ നടത്തി വന്നവർക്കൊന്നും വലിയ മുതലാളിമാരാവാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട്‌ (റേഷൻ കടകൾ നിർത്തിയതിനു ശേഷവും ) മനസമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതായി കാണുന്നു. എന്നാൽ ജനങ്ങളുടെ ശാപ വചനങ്ങൾ സമ്പാദിച്ച്‌ അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച്‌ പൂഴ്ത്തി വെപ്പും കരിഞ്ചന്തയും നടത്തി കാശുണ്ടാക്കിയവരിൽ പലർക്കും അതൊന്നും ഉപകരിക്കാതെ പോകുന്നതായും കാണാം.

  അപ്പോൾ ഇവിടെ തന്നെ സുഖകരമായ ഒരു അവസ്ഥയല്ല ഇത്തരം കച്ച(കപട)വടക്കാർക്കുള്ളതെങ്കിൽ നാളെ ഖിയാമ:നാളിൽ നിന്ദ്യരും നികൃഷടരുമായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമെന്ന താക്കീത്‌ എല്ലാ കച്ചവടക്കാരും ഓർത്തെങ്കിൽ.

  നല്ല സാധനങ്ങൾ നല്ല രീതിയിൽ സാധാരണയിൽ കവിയാത്ത ലാഭത്തിനു നല്ല മനസ്സോടെ കച്ചവടം ചെയ്യുന്നവർക്ക്‌ ഒരു പക്ഷെ വലിയ വലിയ രമ്യ ഹർമ്മങ്ങളും ബിസിനസ്‌ സാമ്രാജ്യങ്ങളും പടുത്തുയർത്താൻ കഴിയില്ലായിരിക്കാം .എന്നാലും മനസമാധാനത്തോടെ അവസാന കാലം ജീവിക്കാൻ ആവുമെന്ന കാര്യം ഉറപ്പാണ്‌. ഏറെ പ്രയാസങ്ങൾ അത്തരം കച്ചവടക്കാർക്ക്‌ ഉണ്ടാവുമെന്നത്‌ കൊണ്ട്‌ തന്നെയാണ്‌ സത്യവാനായ കച്ചവടക്കാരന്‌ സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടത്‌.

  ജനങ്ങളുടെ ആവശ്യങ്ങൾ തീർക്കുക എന്നത്‌ ഏറെ നല്ല കാര്യമായി എണ്ണപ്പെട്ടതാണ്‌. ഭൂമിയിൽ ആരു ജനങ്ങളുടെ ആവശ്യങ്ങൾക്ക്‌ വേണ്ടി പ്രവർത്തിക്കുന്നുവോ ആകാശത്തുള്ളവൻ അവരുടെ കാര്യങ്ങൾ നിവർത്തിക്കുമെന്ന തിരുനബി(സ)യുടെ വചനം ഇവിടെ സ്മരിക്കട്ടെ.

  മുഹമ്മദ്‌ നബി(സ)യുടെ വിശ്വസ്തത പ്രവാചകത്വ ലബ്ദിക്കു മുന്നേ തന്നെ അറേബ്യയിൽ പ്രസിദ്ധമായിരുന്നു. അവിടെയുള്ളവർ 'അൽ -അമീൻ’ അഥവാ വിശ്വസ്തൻ എന്നാണദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്‌. ആ വിശ്വസ്തതയാണു ഖദീജ ബീവി (റ)യുടെ വ്യാപരങ്ങളുടെ താക്കോൽ മുഹമ്മദ്‌ നബി(സ)യുടെ കൈകളിലെത്താൻ കാരണമാക്കിയത്‌ എന്ന് ചരിത്ര സാക്ഷ്യം. പ്രവാചകാധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തിയ പല നല്ല മാതൃകാ കച്ചവടക്കാരും ലോകത്തെമ്പാടും ഉണ്ടായിട്ടുണ്ട്‌. ഇന്നും അത്തരക്കാർ നമുക്കിടയിൽ ഉണ്ട്‌ എന്നതും ഒരു സത്യമാണ്‌.

  കേരളത്തിൽ പതി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഒരു മഹാ പണ്ഡിതനുണ്ടായിരുന്നു. അദ്ധേഹം മുന്നേ മരക്കച്ചവടം നടത്തിയിരുന്നു. മരം വാങ്ങാനെത്തുന്നവരോട്‌ മരത്തിന്റെ ഗുണങ്ങളായിരുന്നില്ല വിവരിച്ചിരുന്നത്‌ മറിച്ച്‌ ഈ മരത്തിനു ഇന്ന ഇന്ന കുറ്റങ്ങളും കുറവുകളും ഉണ്ടെന്നായിരുന്നു. ജനത്തിനു കേൾക്കേണ്ടത്‌ പക്ഷെ അതല്ലല്ലോ. ഇല്ലാത്ത ഗുണങ്ങൾ വല്ലാത്ത വാക്ചാതുരിയോടെ പറയുന്നത്‌ കേട്ടാൽ ജനം തൃപ്തരാവും പക്ഷെ അതിനു ആ സ്വാഥികനായ പണ്ഡിതൻ തയ്യാറായില്ല. കച്ചവടം എട്ടു നിലയിൽ പൊട്ടിയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ..! മറ്റു കച്ചവടക്കാരിൽ നിന്ന് തനിക്ക്‌ മാത്രമായി ലഭിക്കുന്ന വിലക്കുറവുകളും അദ്ധേഹം സ്വികരിച്ചിരുന്നില്ല. നമ്മുടെ കാര്യമോ.. എവിടെ ഓഫറുകളുണ്ടോ അവിടെ ഓടിയെത്തും .ഓഫറിനൊപ്പം ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും മറ്റും ആരും ശ്രദ്ധിയ്ക്കാറില്ല. പലപ്പോഴും ഉപഭോക്താവ്‌ ഈ ഓഫറുകളിൽ കൂടി വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. ആർക്കും പരാതിയില്ല. ഇതൊന്നുമില്ലാതെ ശരിയായ നിലക്ക്‌ കച്ചവടം ചെയ്യുന്നവർ അവഗണിക്കപ്പെടുകയും അവർ ആ തൊഴിലുപേക്ഷിക്കേണ്ട അവസ്ഥയിൽ എത്തുകയും ചെയ്യൂന്നു. ചിലർ ഇടക്ക്‌ വീണു കിട്ടുന്നവരെ പിഴിഞ്ഞ്‌ പിടിച്ച്‌ നിൽക്കുകയും ചെയ്യുന്നു.

  കുറച്ച്‌ നാളുകൾക്ക്‌ മുന്നേ ഒരു ബന്ധുവിന്റെ കൂടെ അദ്ധേഹത്തിന്റെ അയൽ വാസിയുടെ കച്ചവട സ്ഥാപനം സന്ദർശിച്ചു. അതിനു ശേഷം അദ്ധേഹം താമസിക്കുന്ന സ്ഥലത്തേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയി .ഒരു വില്ലയിലായിരുന്നു അദ്ധേഹം താമസിച്ചിരുന്നത്‌. അവിടെ താഴെ നിലയിൽ കുറെയതികം പെട്ടികൾ അടുക്കിവെച്ചിരിക്കുന്നത്‌ കണ്ടു ഞാൻ നോക്കിയപ്പോൾ ഞാൻ ചോദിക്കുന്നതിനു മുന്നേ അദ്ധേഹം വിവരിച്ചു. ആ പെട്ടിയിൽ ഒന്ന് തുറന്ന് കാണിക്കുകയും ചെയ്തു. ഇവിടെയുള്ള ചെറുകിട കടകളിൽ വിതരണത്തിനു തയ്യാറാക്കി വെച്ചിട്ടുള്ള ഒരു ഉത്പന്നമായിരുന്നു അത്‌. ആ ഉത്പന്നങ്ങൾ ഇവിടുത്തെ ഫുഡ്‌ കൺട്രോൾ നിയമമനുസരിച്ച്‌ വിറ്റഴിക്കേണ്ട സമയം കഴിഞ്ഞ ശേഷം കടകളിൽ നിന്ന് തന്നെ ശേഖരിച്ചതും. അതേ ഉത്പന്നം വേറെ ഒരു പേരിൽ വേറെ പാക്കറ്റിൽ പുതിയ ഒരു ജനനതിയ്യതിയും ഒട്ടിച്ച്‌ അത്‌ ശേഖരിക്കപ്പെട്ട കടകളിലേക്ക്‌ തന്നെ വീണ്ടും എത്തിക്കാനായി റെഡിയായിരിക്കയാണ്‌. ശരീരത്തെ നേരിട്ട് ബാധിക്കുന്ന ഒന്നായിരുന്നില്ല എങ്കിലും ഉൾകൊള്ളാനാവാത്തതായി പക്ഷെ പ്രതികരിക്കാനാവാ‍ത്ത അവസ്ഥയായിരുന്നു എന്റേത്. അധിക നാൾ കഴിയുന്നതിനു മുന്നെ അറിയാൻ കഴിഞ്ഞു. അദ്ധേഹത്തിന്റെ എല്ലാ ബിസിനസുകളും പൊളിയുകയും കുടുംബപരമായ പ്രശ്നങ്ങളിൽ അകപ്പെടുകയും ചെയ്തതായി. അത് വരെ ഉണ്ടാക്കിയതെല്ലാം വെള്ളത്തിൽ വരച്ചത് പോലെ നിഷ്ഫലം..!

ആധുനിക ലോകത്ത്‌ ബന്ധങ്ങൾ വരെ ലാഭവും നഷ്ടവും നോക്കി തീരുമാനിക്കയും ഉറപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിൽ നല്ല രീതിയിൽ നല്ല (അനുവദിക്കപ്പെട്ട) ലാഭമുണ്ടാക്കുന്ന കച്ചവടക്കാരെ കണ്ടെത്താൻ പ്രയാസം. ലാഭ നഷ്ടങ്ങളുടെ കണക്ക്‌ മാത്രമല്ല കച്ചവടം.. അത്‌ അവശ്യപൂരണമെന്ന നന്മയുടെ കൈമാറ്റം കൂടിയാണെന്ന തിരിച്ചറിവ്‌ എല്ലാ കച്ചവടക്കാർക്കും ഉണ്ടാവട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്‌.

കച്ചവടത്തെ സംബന്ധിച്ച് ഒരു പോസ്റ്റ് ഇവിടെയും വായിക്കാം.

മൊഴിമുത്തുകൾ-35


ദന്തശുദ്ധീകരണത്തിന്റെ പ്രാധാന്യംമൊഴിമുത്ത് :

അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം :
നബി (സ) പറഞ്ഞു ' എന്റെ സമുദായത്തിന്‌ ഭാരമായിത്തീരുമോ എന്ന് ഭയപ്പെട്ടിരുന്നില്ലെങ്കിൽ എല്ലാ നിസ്കാരസമയത്തും പല്ലുതേക്കൽ ഞാൻ നിർബന്ധമായി കൽപിക്കുമായിരുന്നു '

നബി(സ)പറഞ്ഞു. ‘നിങ്ങൾ പല്ല് തേക്കുക; നിശ്ചയം അത് നിങ്ങളുടെ വായ ശുദ്ധിയാക്കുന്നതിനൊപ്പം അല്ലാഹുവിന്റെ തൃപിതി ലഭിക്കാനും കാരണമാകും’ (ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം , ഇമാം ബൈഹഖി(റ)യും,ഇമാം ബുഖാരി(റ)യും റിപ്പോർട്ട് ചെയ്ത ഹദീസ്)


കുറിപ്പ് :


ദന്തശുദ്ധീകരണം ഇസ്‌ലാം കൽപിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ്‌. വളരെയധികം പ്രാധാന്യം ആ കർമ്മത്തിനു കൊടുക്കാനുള്ള കാരണം വ്യക്തമാണ്‌. ദന്ത ശുദ്ധി വരുത്താതിരുന്നാൽ പല രോഗങ്ങൾക്കും അത്‌ കാരണമാവുകയും കൂടാതെ ജനങ്ങളുമായി ഇടപെടുന്നതിലും സാമൂഹ്യ ജീവിതം ഉപയോഗപ്രദമായി വിനിയോഗിക്കാനോ പറ്റാതെവരികയും ചെയ്യൂന്നു. എന്റെ സമുദായത്തിനു ഭാരമാവുമെന്ന് ഭയപ്പെട്ടിരുന്നില്ലെങ്കിൽ എല്ലാ നിസ്കാര സമയത്തും ദന്തശുചീകരണം നിർബന്ധമാക്കുമായിരുന്നു എന്ന ഹദീസിലൂടെ ദന്ത ശുചീകരണത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാവുന്നു

നമ്മുടെ നിത്യ ജീവിതത്തിൽ വൃത്തിയായി നടക്കണമെന്നത്‌ കൂടുതൽ വിവരിക്കാതെ തന്നെ ബോധ്യമുള്ള കാര്യമായിരിക്കെ അവിടെ ദന്തശുദ്ധികരണത്തിന്റെ കാര്യത്തിൽ ഒരുപക്ഷെ പലരും (നല്ല വേഷവിധനങ്ങളിൽ നല്ല പെരുമാറ്റങ്ങളുമായി ഇടപെടുന്നവരും ) വേണ്ടത്ര ശ്രദ്ധാലുക്കാളാണെന്ന് തോന്നുന്നില്ല.


വൃത്തി ഈമാനിന്റെ (വിശ്വാസത്തിന്റെ )പകുതിയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അത്‌ നാഴികക്ക്‌ നാൽപത്‌ വട്ടം ഉരുവിടുന്നവരും ഉപദേശിക്കുന്നവരും പക്ഷെ സ്വന്തം ജീവിതത്തിൽ പലപ്പോഴും അത്‌ പകർത്താൻ ജാഗ്രത പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്‌. നല്ല വസ്ത്രം (വൃത്തിയുള്ള) ധരിക്കൽ മാത്രമല്ല വൃത്തിയുടെ വിവക്ഷ. ദന്ത ശുദ്ധീകരണം അത്‌ അനുവർത്തിക്കുന്ന വ്യക്തിക്ക്‌ എന്നപോലെ അയാളുമായി ഇടപഴകുന്നവർക്കും കൂടി ആശ്വാസം ഉളവാക്കുന്ന കാര്യമാണ്‌. നമ്മുടെയൊക്കെ നിത്യ ജീവിതത്തിനിടയിൽ ഒരിക്കലെങ്കിലും അപരന്റെ വായ്‌ നാറ്റം കാരണത്താൽ നമുക്ക്‌ മുഖം തിരിക്കേണ്ടി വന്നിട്ടില്ലേ..! അപ്പോൾ നമ്മുടെ മനസിൽ ഉയരുന്ന നീരസം എത്രയാണെന്ന് ഊഹിക്കുക. അതേ വികാരം തന്നെയായിരിക്കില്ലേ നമ്മെ പറ്റി മറ്റുള്ളവർക്കും ഉണ്ടാവുക. !

പലപ്പോഴും ജമാഅത്ത്‌ നിസ്കാര വേളയിൽ (കൂട്ടായ നിസ്കാരം ) ശരിയായി ദന്തശുചീകരണം നടത്താത്ത ചിലരുടെ അസഹ്യമായ നാറ്റം കാരണത്താൽ എത്രയും വേഗം നിസ്കാരമൊന്ന് കഴിഞ്ഞ്‌ കിട്ടിയെങ്കിൽ എന്ന് ഒരിക്കലെങ്കിലും കരുതാത്തവർ വിരളമായിരിക്കും. കാരണം അടുത്തു നിൽക്കുന്നവനിൽ നിന്ന് വരുന്ന അസഹ്യമായ ഗന്ധം തന്നെ. ‘ഉള്ളിയും വെളുത്തുള്ളിയും അത് പോലെ ദുർഗന്ധമുണ്ടാക്കുന്ന മറ്റ് സാധനങ്ങളും കഴിച്ചവർ പള്ളിയുമായി അകന്നു നിൽക്കട്ടെ ,നിശ്ചയം മനുഷ്യർക്ക് വിഷമമുണ്ടാക്കുന്നത് മലക്കുകൾക്കും വിഷമമുണ്ടാക്കും’ എന്ന നബി(സ) യുടെ ഹദീസ് മുസ്‌ലിം (റ) റിപ്പോർട്ട് ചെയ്തത് ഇവിടെ കൂട്ടി വായിക്കാം. അത് കഴിക്കുന്നവർ അതിന്റെ ഗന്ധം പോവാനുതകുന്ന രീതിയിൽ വേവിച്ച് ഭക്ഷിക്കാൻ നബി(സ) ഉണർത്തുന്നു.

വയറിലെ അസുഖം (ദഹനക്കേടും മറ്റും മൂലം ) കൊണ്ടും, മോണരോഗങ്ങൾ കാരണമായും വായ്‌ നാറ്റമുണ്ടാകും. അത്‌ ചികിത്സിച്ച്‌ മാറ്റാവുന്നതുമാണ്‌. ചികിത്സ നടത്തിയാലും ചിലർക്ക്‌ അത്‌ സ്ഥിരമായുണ്ടാകും അത്തരക്കാർ ജനങ്ങളുമായി ഇടപഴകുന്ന വേളയിലെങ്കിലും തന്നെ കൊണ്ട്‌ മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ട്‌ അനുബവപ്പെടുന്നത്‌ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. നിത്യ ജീവിതത്തിൽ പുരുഷന്മാരുടെ വായ്‌നാറ്റം കൊണ്ട്‌ ഏറ്റവും കഷ്ടപ്പെടുന്നത്‌ അവരുടെ ഭാര്യമാരായിരിക്കും. രോഗം കൊണ്ടോ അല്ലെങ്കിൽ ശരിയായി ദന്തശുചീകരണം നടത്താത്തതിനാലോ ഉണ്ടാവുന്ന ദുർഗന്ധത്തെപറ്റി ഭർത്താവിനോട്‌ പറഞ്ഞാൽ ദുർഗന്ധത്തോടൊപ്പം അവിടെ ഭൂകമ്പത്തിനുള്ള സാധ്യതയും ഉണ്ടെന്നതിനാൽ പലപ്പോഴും തുറന്ന് പറയാൻ മടിച്ച്‌ നിശബ്ധമായി സഹിക്കും മിക്കവരും. ദാമ്പത്യ ജീവിതത്തിന്റെ താളം തെറ്റുന്നതിലേക്ക്‌ വരെ ചില കേസുകൾ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ടെന്നത്‌ വസ്തുതയാണ്‌.


പൊതുവെ മലയാളികൾ വൃത്തിയുടെ കാര്യത്തിൽ മറ്റുള്ളവർക്ക്‌ മാതൃകയാണെന്നിരിക്കിലും നമ്മുടെ പല നല്ല നടപടികളും (കാലത്ത്‌ എശുന്നേറ്റാൽ ഉടനെ പല്ല് തേച്ച്‌ മുഖം കഴുകി മല മൂത്ര വിസർജ്ജനം കഴിഞ്ഞതിനു ശേഷം മാത്രം ചായയോ കാപ്പിയോ മറ്റോ കുടിക്കുക എന്നതും ) തല തിരിഞ്ഞ പൊങ്ങച്ച സംസ്കാരത്തിന്റെ പേരിൽ ഉപേക്ഷിക്കുകയും ബെഡ്‌ കോഫി എന്ന ബാഡ്‌ കോഫി കുടിച്ച്‌ വായിൽ ഊറിയ എല്ലാ വൃത്തികേടുകളും അകത്താക്കുന്ന പതിവിലേക്ക്‌ ചിലർ എങ്കിലും മാറുന്നു. ചുരുങ്ങിയത്‌ കാലത്തും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായും പല്ലു തേക്കൽ ശീലമാക്കിയവർക്ക്‌ അതിന്റെ ഗുണങ്ങൾ ലഭിക്കാതിരിക്കില്ല. മക്കളെ ചെറുപ്പത്തിൽ തന്നെ അത്‌ ശീലിപ്പിക്കുക . സ്വയം ആരോഗ്യവാനാവുന്നതോടെ മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കാനും നല്ല ശീലങ്ങളിലൂടെ നമുക്ക്‌ കഴിയട്ടെ.


ദന്തശുചീകരണത്തെ പറ്റി ഇസ്ലാമികമായി വിശദീകരിക്കുന്ന ഒരു ആർട്ടിക്കിൾ ഇവിടെ കാണാം. കൂടാതെ , യുനെസ്കോ സൈറ്റിൽ നിന്ന് ദന്തശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെയും, കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന കാര്യങ്ങളെയും മറ്റ് ഹൈജീൻ വിഷയങ്ങളും വ്യക്തമായി വിവരിക്കുന്ന വളരെ നല്ല വിവരണങ്ങൾ പി.ഡി.എഫ് ഫോർമാറ്റിൽ ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം.