മൊഴിമുത്തുകൾ-38

നോമ്പ്കാരൻ

മൊഴിമുത്ത്‌ :

റസൂൽ (സ) തങ്ങൾ പറഞ്ഞു. 'നിങ്ങൾ നോമ്പ്‌ അനുഷ്ഠിച്ചാൽ ചീത്ത പറയുകയോ ബഹളം വെക്കുകയോ ചെയ്യരുത്‌. ആരെങ്കിലും നിങ്ങളെ ചീത്ത പറയുകയോ നിങ്ങളുമായി ശണ്ഠ കൂടുകയോ ചെയ്താൽ നിശ്ചയം ഞാൻ നോമ്പുകാരനാണെന്നു നിങ്ങൾ പറയുക' (അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട, ബുഖാരി 4,88,39,101 മുസ്ലിം 1151 റിപ്പോർട്ട്‌ ചെയ്ത ഹദീത്‌)

'ചീത്ത വാക്കുകളും അതനുസരിച്ചുള്ള പ്രവർത്തനവും ഉപേക്ഷിക്കാത്തവൻ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന്‌ യാതൊരാവശ്യവുമില്ല' ( ബുഖാരി 4/99,100 ; അബുഹുറൈറ(റ) വിൽ നിന്ന് നിവേദനം )

വിവരണം:

കേവലം ശരീരത്തിനു മാത്രമല്ല നോമ്പ്‌ മറിച്ച്‌ വാക്കിനും പ്രവർത്തികൾക്കും ചിന്തകൾക്കും വ്രതം ബാധകമാണെന്നും, ചീത്ത വാക്കുകളും ചീത്ത പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതിന്റെയും, ക്ഷമ പാലിക്കേണ്ടതിന്റെയും ആവശ്യകതയും ഈ മൊഴിമുത്ത്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. നോമ്പ്‌ കാലത്ത്‌ അത്തരം കാര്യങ്ങൾ ഒഴിവാക്കി അല്ലാത്ത കാലത്തൊക്കെ അതാവാം എന്ന് അതിന്‌ അർത്ഥമില്ല. മറിച്ച്‌ നോമ്പ്‌ കാലത്ത്‌ പ്രത്യേകം ശ്രദ്ധിക്കുകയും അങ്ങിനെ ക്ഷമ പാലിക്കുന്നതിലൂടേ നേടിയെടുക്കുന്ന ഗുണങ്ങൾ ജീവിതത്തിലുടനീളം പകർത്താൻ പരിശ്രമിക്കുകയുമാണ്‌ വേണ്ടത്‌

കുറിപ്പ്:

പരിശുദ്ധ റമളാൻ മാസം നമ്മിലേക്ക്‌ വീണ്ടും എത്തുകയാണ്‌. റസൂൽ (സ) തങ്ങൾ റമളാൻ മാസത്തിന്റ്‌ ആഗമനത്തിനു രണ്ട്‌ മാസങ്ങൾക്ക്‌ മുന്നേ അഥവാ റജബ്‌ മാസത്തിൽ തന്നെ പ്രത്യേകം പ്രാർത്ഥനകൾ നിർവ്വഹിക്കാറുണ്ട്‌. 'അല്ലാഹുവേ റജബിലും ശഅബാനിലും ( റമാളാനിനു തൊട്ടുമുമ്പുള്ള 2 മാസങ്ങൾ) ബറകത്ത്‌ ചെയ്യേണമേ, റമളാനിനെ ഞങ്ങൾക്കെത്തിക്കേണമേ, ആരാധനകൾ വർദ്ധിപ്പിക്കാനും ഖുർആൻ പാരായണം ചെയ്യാനും അനുഗ്രഹിക്കേണമേ ' തുടങ്ങിയ പ്രാർത്ഥനകൾ പണ്ഡിതന്മാർ വിവരിക്കുന്നു.

നമ്മുടെ നാട്ടിലൊക്കെ അടുത്ത കാലം വരെയും ഏതൊരു മതസ്ഥരായാലും അവരുടെ മതവിശ്വാസമനുസരിച്ച്‌ പുണ്യമായി കാണക്കാക്കുന്ന ദിനങ്ങളും മാസങ്ങളുമൊക്കെ വരുമ്പോൾ വീടും വീട്ടു മുറ്റവും, മനസ്സും ആ ദിനങ്ങളെ വരവേൽക്കുന്നതിനായി ഒരുക്കാറുള്ളത്‌ നമുക്ക്‌ സുപരിചിതമാണ്‌. വിത്യസ്ത വിശ്വാസ പ്രമാണങ്ങളിൽ ജീവിക്കുന്ന അയൽവാസികൾ പരസ്പരം, ഇത്തരം അവസരങ്ങളിൽ വിശേഷിച്ചും അന്യോന്യം സഹായ സഹകരണങ്ങൾ ചെയ്യാറുമുണ്ട്‌. ഇന്നും ഗ്രാമങ്ങളിലെങ്കിലും അത്തരം നല്ല സൗഹൃദങ്ങൾ നില നിൽക്കുന്നുവെന്ന്തന്നെയാണെന്റെ അനുഭവ സാക്ഷ്യം.

നാട്ടിൻ പുറത്ത്‌ അമുസ്ലിം സഹോദരങ്ങൾവരെ തന്റെ മുസ്ലിം അയൽവാസിയുടെ വ്രതത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഭക്ഷണകാര്യത്തിൽ പോലും മിതത്വവും രഹസ്യ സ്വഭാവവും കാത്തു സൂക്ഷിച്ചിരുന്നു. പഠന കാലത്തും സുഹൃത്തുക്കൾ നോമ്പ്‌ കാരനായ മുസ്ലിം സുഹൃത്തിനോട്‌ ബഹുമാന പുരസ്സരം പെരുമാറിയിരുന്നു. അങ്ങിനെ ഒരു നാട്‌ മുഴുവൻ ആ നാട്ടിലെ അന്തരീക്ഷം മുഴുവൻ പുണ്യമാസത്തിന്റെ മഹത്വം നെഞ്ചിലേറ്റാൻ തയ്യാറായിരുന്നു. അതിന്റെ പ്രതിഫലനം ഓരോ നാട്ടിലേയും ജീവിതങ്ങളിൽ നിഴലിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ഏറെ വിത്യാസപ്പെട്ടിരിക്കുന്നു. റമളാനിനെ അതിന്റെ യഥാവിധി വരവേൽക്കാൻ അതിന്റെ ആളുകൾക്ക്‌ തന്നെ സമയമില്ല. ആർക്കോ വേണ്ടി ചെയ്യുന്ന പോലെയുള്ള നാട്യങ്ങളാവുന്നില്ലേ പലപ്പോഴും. 'എത്രയോ നോമ്പുകാരുണ്ട്‌, അവർക്ക്‌ പട്ടിണിയല്ലാതെ ഒന്നും ബാക്കിയാവുന്നില്ല' എന്ന് നബി(സ) അരുളിയ തരത്തിലുള്ള നോമ്പുകാർ അധികരിക്കുന്നു. വ്രതം കൊണ്ട്‌ ലക്ഷ്യം വെക്കുന്നതൊന്നും നേടാനാവാതെ വിഷപ്പ്‌ മാത്രം സഹിച്ചിട്ട്‌ എന്ത്‌ ഫലം.

നമ്മുടെ വീട്ടിലേക്ക് നാം ഇഷ്ടപ്പെടുന്ന ഒരു അതിഥി വരുന്നുണ്ടെന്ന് മുൻകൂട്ടി അറിയുന്ന നാം ആ വിരുന്നുകാരനെ വരവേൽക്കുവാൻ നമ്മുടെ വീട്ടിന്റെ സ്വീകരണ മുറി അടിച്ചു വൃത്തിയാക്കി ഇരിപ്പിടങ്ങളൊക്കെ ശരിയാക്കി മേശപ്പുറം അലങ്കരിച്ച്‌ വിഭവങ്ങളൊരുക്കി ഒപ്പം അവരെ സ്വീകരിക്കാൻ സന്തോഷത്തോടെ മനസ്സൊരുക്കി കാത്തിരിക്കുന്നു. നമ്മുടെ വീട്ടിൽ കയറി വരുന്ന ആൾക്കും അത്‌ പ്രത്യക്ഷത്തിൽ തന്നെ മനസ്സിലാവും എന്നെ സ്വീകരിക്കാൻ വേണ്ടി നടത്തിയ ഒരുക്കങ്ങൾ.. തനിക്ക്‌ വേണ്ടി തയ്യാറാക്കിയ വിഭവങ്ങൾ... നമ്മുടെ ഊഷ്മളമായ സത്കാരം കഴിഞ്ഞ്‌ സന്തുഷ്ടരായി അവർ തിരിച്ച്‌ പോകുന്നു. അത്‌ പോലെ പരിശുദ്ധ റമളാനിനെ സ്വീകരിക്കാൻ നാം ഒരുങ്ങിയിട്ടുണ്ടോ ! നമ്മുടെ വീടിന്റെ കാര്യം ശ്രദ്ധിയ്ക്കാൻ നമ്മുടെ മുറ്റത്തൊന്ന് നടക്കാൻ (മുറ്റം ഉള്ളവർക്ക്‌ ) നമുക്ക്‌ എന്നോ സമയം നഷ്ടമായിരിക്കുന്നു. നമ്മുടെ മനസ്സും അത്തരത്തിൽ നഷ്ടമാവുകയല്ലേ. അസൂയയും, പൊങ്ങച്ചവും, വിശ്വാസവഞ്ചനയും, അശ്ലീലവും മറ്റ്‌ അരുതായ്മകളും കൊണ്ട്‌ ചീഞ്ഞളിഞ്ഞ വൃത്തിഹീനമായ ഒരുമനസ്സിനു മേൽ അത്തർ പൂശി മണപ്പിച്ച ഒരു കാപട്യത്തിന്റെ ശരീരമാവുന്ന പുറം കോട്ടുമിട്ടല്ലേ നാം വിശുദ്ധ റമളാനിനെ വരവേത്കാൻ കാത്തിരിക്കുന്നത്‌ ! നമ്മുടെ വീട്ടിൽ കയറി വരുന്ന റമളാൻ മാസത്തിനായി നമ്മുടെ മനസ്സിന്റെ സ്വികരണ മുറി ഒരുക്കിയിട്ടില്ല ! വിഭവങ്ങൾ ഒന്നും തയ്യാറായിട്ടില്ല! പക്ഷെ വന്ന് കയറുന്ന റമളാൻ നമ്മിൽ സംതൃപ്തരാവുകയും വേണം ! അത്‌ വിരോധാഭാസമല്ലേ . ആദ്യം എന്നോട്‌ പിന്നെ എന്റെ പ്രിയ വായനക്കാരോട്‌ ചോദിക്കാനുള്ളത്‌ അതാണീപ്പോൾ..

അതിഭൗതികതയുടെ മാലിന്യങ്ങളാൽ വൃത്തിഹീനമായ മനസാകുന്ന മീൻ പാത്രവുമായി പരിശുദ്ധമായ റമളാൻ മാസമാകുന്ന ശുദ്ധമായപാൽ വാങ്ങാൻ കാത്തുനിൽക്കുന്നവരേക്കാൾ ബുദ്ധിശ്യൂന്യർ വേറെ ആരാണുണ്ടാവുക. ! സ്ഥിരമായി മത്സ്യം വാങ്ങുന്ന പാത്രം ശരിക്ക്‌ തേച്ച്‌ കഴുകി വൃത്തിയാക്കാതെ അതിൽ പാൽ വാങ്ങിയാൽ ആ പാൽ കൊണ്ട്‌ എന്ത്‌ ഉപകാരമാണുണ്ടാവുക. അപ്രകാരമായിരിക്കും നമ്മുടെ മലീമസമായ മനസ്സിനെ പാകപ്പെടുത്താതെ റമളാൻ കടന്നുവന്നാലുണ്ടാവുക. റമളാൻ ഒന്ന് മുതൽ പെട്ടെന്ന് ഇലക്ട്രിക് സ്വിച്ച് ഓൺ -ഓഫ് ചെയ്യുന്ന ലാഘവത്തോടെ മാറ്റാൻ കഴിയുന്നതല്ല നമ്മുടെയൊക്കെ മനസ്സിന്റെ ,പ്രവർത്തനങ്ങളുടെ അവസ്ഥ എന്നിരിക്കെ മുന്നൊരുക്കം തുടങ്ങേണ്ട സമയം അതിക്രമിക്കുകയാണ്. മനസ്സും ശരീരവും ഒരുക്കാൻ ,ഒരുങ്ങാൻ സമയം ആവശ്യമാണ്.

ഇവിടെ കൂടി ഈ മൊഴിമുത്തിന്റെ പ്രാധാന്യം നമ്മൾ കാണേണ്ടതുണ്ട്. ക്ഷമാശീലമായ മനസ്സൊരുക്കാൻ മുൻ‌കൂട്ടി തയ്യാറാകേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടി ഈ മൊഴിമുത്ത് നമ്മെ എത്തിക്കുന്നു. മനുഷ്യന്റെ അവന്റെ ദേഹേച്ഛയുടെ ചായ്‌വ്‌ തെറ്റുകളിലേക്കായിരിക്കും അതിനെ തടയിടാൻ ഏറ്റവും ഫലപ്രദമായ മാർഗമാണീ വ്രതം ലക്ഷ്യം വെക്കുന്നത്‌. അല്ലാതെ തിരുനബി (സ)അരുളിയ പോലെ, കുറെ ആളുകൾ അന്നപാനീയങ്ങൾ ഉപേക്ഷിച്ചതിനാൽ ജഗന്നിയന്താവായ അല്ലാഹുവിന്‌ യാതൊന്നും നേടാനില്ല. എല്ലാം മനുഷ്യന്റെ സാംസ്കാരികമായ ഉന്നമനമാണ്‌ ലക്ഷ്യം വെക്കുന്നത്‌ അതിനൊപ്പം തന്റെ നാഥന്റെ കൽപന പാലിക്കുന്നതിലൂടെ പരലോക മോക്ഷവും.

പരിശുദ്ധ റമളാനിനെ അർഹിക്കുന്ന ആദരവോടേ വരവേത്ക്കാനും വേണ്ടവിധം സത്കരിക്കാനും സന്തോഷത്തോടെ യാത്രയാക്കാനും നാഥൻ തുണയാകട്ടെ. നമ്മുടെ മനസ്സിനെ പാകപ്പെടുത്താൻ മാലിന്യങ്ങൾ നീക്കി മനോഹരമാക്കാൻ കഴിയട്ടെ. ആ വൃത്തിയും വെടിപ്പും റമളാനിനു ശേഷവും നില നിർത്താൻ നമുക്ക്‌ കഴിയട്ടെ. റമളാൻ വ്രതത്തിലൂടെ നേടിയെടുക്കുന്ന ശാരീരികവും മാനസികവുമായ ഊർജ്ജ്വസലതയും ആത്മീയ ഉത്കർഷവും നമ്മുടെ വ്യക്തി-കുടുംബ ജീവിതത്തിലും അയൽ ബന്ധങ്ങളിലും നമ്മുടെ നാടിന്റെ നന്മയിലും വിനിയോഗിക്കാൻ നമുക്കേവർക്കും കഴിയട്ടെ. വ്യക്തി ജീവിതത്തിൽ നേടിയെടുക്കുന്ന നല്ല മാറ്റങ്ങൾ തുടർജീവിതത്തിൽ നമുക്ക് സ്വന്തമെന്ന പോലെ അതിന്റെ നല്ല വശങ്ങൾ നമ്മുടെ സഹജീവികൾക്കും ഉപയോഗപ്പെടുന്നില്ലെങ്കിൽ നാം നേടിയെടുത്തു എന്ന് പറയുന്ന ആത്മി‍യോത്കർഷം വെറും പുറം തോട് മാത്രമാണെന്ന തിരിച്ചറിവിലേക്ക് .... നിങ്ങൾ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് അല്ലാഹുവിന്ന് യാതൊരു പ്രയോജനവുമില്ല എന്ന പ്രഖ്യാപനം നമ്മുടെ മനസ്സിൽ ഉണ്ടാവട്ടെ..

റമളാൻ നമ്മിലേക്ക് സന്തോഷ പൂർവ്വം കടന്ന് വരട്ടെ എന്ന പ്രാർഥനയോടെ

അനുബന്ധ പോസ്റ്റുകൾ
20. വിശപ്പിന്റെ മഹത്വം