മൊഴിമുത്തുകൾ-47

അദ്ധ്യാപകവൃത്തി


മൊഴിമുത്ത് :

തീ‍ർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശ ഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും സമുദ്രത്തിലെ മത്സ്യവും ജനങ്ങൾക്ക് നല്ലത് പഠിപ്പിക്കുന്നവർക്ക് നന്മ വരുവാനായി പ്രാർത്ഥികുന്നവരാണ്. (തിർമുദി (റ) റിപ്പോർട്ട് ചെയ്ത ഹദീസ്)


മറ്റൊരു ഹദീസിൽ ഇങ്ങിനെ കാണാം. ‘ ഗുണകരമായ വിഷയം അറിയിച്ച് കൊടുക്കുന്നവൻ ആ ഗുണം ചെയ്തവനെപ്പോലെയാണ്. ആ ഗുണം ചെയ്തവന് കിട്ടുന്ന പ്രതിഫലം അത് അറിയിച്ചവനും(പഠിപ്പിച്ചവനും )ലഭിയ്ക്കുന്നതാണ്.


വിവരണം :

മനുഷ്യന് ഗുണകരമായ അറിവ് നേടുന്നതും അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നതും ഏറ്റവും പുണ്യമായ കാര്യമാണെന്നും ആകാശഭൂമിയിലുള്ള അല്ലാഹുവിന്റെ ചെറുതും വലുതുമായ സൃഷ്ടികൾ അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കുമെന്നും, അറിവ് പകർന്ന് കൊടുക്കുന്നതിലൂടെ പകർന്ന് കിട്ടിയ അറിവനുസരിച്ച് പ്രവർത്തിക്കുന്നതിന്റെ നന്മ അത് പകർന്ന് കൊടുത്തയാൾക്കും ലഭിക്കുമെന്നും ഈ ഹദീസുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

കുറിപ്പ് :


അറിവ്‌ (വിദ്യഭ്യാസം)നേടല്‍ നിസ്കാരത്തേക്കാളും, നോമ്പിനേക്കാളും, ഹജ്ജിനേക്കാളും, അല്ലാഹുവിന്റെ വഴിയില്‍ സമരം ചെയ്യുന്നതിനേക്കാളും മഹത്വമുള്ളതാണെന്ന മൊഴിമുത്തിന്റെ തുടർച്ചയെന്നോണം ഈ ഹദീസുകൾ നമുക്ക് വായിച്ചെടുക്കാം. അറിവ് നേടുന്നതിന്റെയും ആ അറിവ് മറ്റുള്ളവർക്ക് ഗുണകരമാവുന്ന വിധത്തിൽ പകർന്ന് നൽകുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു ഹദിസുകളെല്ലാം. ഇസ്‌ലാമികമായി വിവക്ഷിക്കുമ്പോൾ അറിവുകളിൽ ഏറ്റവും ഉന്നതമായ അറിവ് ആത്മീയമായ അറിവും അദ്ധ്യാപകരിൽ ആത്മീയ അറിവ് പകർന്ന് കൊടുക്കുന്ന അദ്ധ്യാപകരുമാണ്. പക്ഷെ തത്വത്തിൽ അത്തരം ഒരു വേർതിരിവില്ലാ‍തെ തന്നെ അറിവ് പകർന്ന് കൊടുക്കുന്ന അദ്ധ്യാപകന്റെ മഹത്വം പൊതുവിൽ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.

‘വിദ്യാധനം സർവ്വധനാൽ പ്രധാന’മെന്ന് ഉത്ഘോഷിക്കുകയും വിദ്യ പകർന്ന് നൽകുന്ന അദ്ധ്യപകരെ മതാവിനും പിതാവിനുമൊപ്പം ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമുടെ സംസ്കാരം. ഒരു ഉപജിവനമാർഗമെന്നതിനുപരി സേവനമായി അദ്ധ്യപകവൃത്തിയെ കണ്ടിരുന്നവരായിരുന്നു മിക്ക അദ്ധ്യപകരും. അതിനാൽ തന്നെ നമ്മുടെ ഗുരുക്കന്മാരെ (മത -ഭൌതിക വിത്യാസമില്ലാതെ) ഓർക്കുമ്പോൾ, അവരെ വഴിയിൽ കണ്ടുമുട്ടുമ്പോൾ നാം ഇന്ന് എത്ര ഉന്നതിയിൽ വിരാചിക്കുന്നവരാണെങ്കിലും അവർക്ക് മുന്നിൽ പഴയ വിദ്യാർത്ഥിയാവുന്നത്. അദ്ധ്യാപകരുടെ നിലപാടുകളിലുണ്ടയ മാറ്റത്തിനു ആനുപതികമായി അദ്ധ്യപകരോട് സമൂഹത്തിന്റെ കാഴ്ചപ്പാടിനും മാറ്റങ്ങളുണ്ടായിരിക്കുന്നു. സമൂഹത്തിൽ മൊത്തത്തിലുണ്ടായിരിക്കുന്ന ധർമ്മച്യുതിയുടെ ഭാഗമായി ഗുരു-ശിഷ്യബന്ധങ്ങൾക്ക് വരെ ആശാസ്യകരമല്ലാത്ത ഉലച്ചിലും വിടവും സംഭവിച്ചിരിക്കുന്നു. മത-ഭൌതിക വേർതിരിവില്ലാതെ ഈ അപചയം ദൃശ്യമാം വിധം വളരുകയാണോയെന്ന് ആശങ്കപ്പെടേണ്ട അവസ്ഥയാണുള്ളത്. ഗുരുശിഷ്യബന്ധം വിവരിക്കുന്ന ഹദീസ് പ്രകാരം, ''വിദ്വാനും (അധ്യാപകന്‍ ) വിദ്യാര്‍ത്ഥിയും ഗുണത്തില്‍ പങ്കുകാരാണ് (പരസ്പര പൂരകങ്ങള്‍ )

മുടക്കിയ പണം തിരിച്ച് പിടിക്കാനുള്ള മാർഗമായും, മറ്റു ചിലർ തങ്ങളുടെ വികലമായ ചിന്തകളും ആശയങ്ങളും, അടിച്ചേൽ‌പ്പിക്കാനുള്ള എളുപ്പവഴിയായും പരീക്ഷണ വസ്തുവായും തന്റെ വിദ്യാർത്ഥികളെളെ കണക്കാക്കി , തന്റെ പദവിയും അത് നേടി തരുന്ന അധികാര(?)വും ദുരുപയോഗം ചെയ്യുന്നതിലൂ‍ടെ ,‘ജനങ്ങൾക്ക് നല്ലത് പഠിപ്പിക്കുക്’ , ‘ ഗുണകരമായ വിഷയം അറിയിച്ച് കൊടുക്കുക’ എന്ന തത്വങ്ങളിൽ നിന്ന് എത്രയോ കാതം അകലേക്ക് പോവുകയാണ്. വിദ്യ നുകരാനെത്തിയ കുരുന്നുകൾക്കിടയിൽ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കുന്നവരെ അദ്ധ്യാപകർ എന്ന് സംബോധന ചെയ്യുന്നത് തന്നെ അഭികാമ്യമല്ല. അദ്ധ്യാപകവൃത്തി കേവലം ഒരു തൊഴിലായും ആ തൊഴിലിനു സമൂഹം നൽകുന്ന പിന്തുണ എന്തും ചെയ്യാനുള്ള (അത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലായാലും) അംഗീകാരമായും കരുതുന്നവർ അവർ മത രംഗത്തായാലും ഭൌതിക രംഗത്തായാലും പൊതു സമൂഹത്തിന്റെ നന്മയല്ല അഗ്രഹിക്കുന്നതെന്ന് വ്യക്തം. അദ്ധ്യാപകർ എന്നും സമൂഹത്തിന് മാതൃകയായി വർത്തിക്കുന്നവാരാവണം. അദ്ധ്യാപകന്റെ രീതികൾ, ചലനങ്ങൾ വരെ വിദ്യാർത്ഥികളിൽ സ്വാധീനമുണ്ടാക്കും അത് അവന്റെ /അവളുടെ ജീവിത പന്ഥാവിലെ വിജയ പരാജയങ്ങൾക്ക് നിതാനമായി വർത്തിക്കുന്ന പ്രധാനഘടകവുമാണ്. ഒരു വിദ്യാർത്ഥിയുടെ ജീവിതം മാറ്റി മറിയ്ക്കാൻ അദ്ധ്യാപകർക്ക് കഴിയുന്ന അനുഭവ പാഠങ്ങൾ മിക്കവർക്കുമുണ്ടാവുന്നത് അതുകൊണ്ട് തന്നെയാവാം.


അദ്ധ്യാപകവൃത്തിയെന്ന മഹത്തായ കർമ്മത്തോട് നീതി പുലർത്തി സമൂഹത്തിനു നന്മ പകർന്ന് കൊടുക്കുന്ന, നല്ലത് ഉപദേശിക്കുന്ന, ഗുണകരമായതിനെ പിൻ‌പറ്റാൻ അനുശാസിക്കുന്ന നല്ല അദ്ധ്യാപകരും അവരെ ബഹുമാനിക്കുന്ന വിദ്യാർഥികളും നാടിന്റെ മുതൽ കൂട്ടാണെന്നതിൽ സംശയമില്ല. അവരുടെ നന്മയ്ക്കായി നമുക്കും പ്രാർഥിക്കാം. അത്തരം അദ്ധ്യാപകരുടെ ദൈനം ദിന ആവശ്യങ്ങളും ആവലാതികളും അറിഞ്ഞ് നിവർത്തിച്ച് കൊടുക്കേണ്ടതും സമൂഹത്തിന്റെ ബാ‍ധ്യതയാണ്.

മൊഴിമുത്തുകൾ-46


'യാചന'


മൊഴിമുത്ത്:


"ആര് ജനങ്ങളോടെ യാചിക്കുകയില്ലെന്ന് ഉറപ്പ് നൽകുന്നുവോ ,അവന്ന് (പ്രതിഫലമായി) സ്വർഗം കൊണ്ട് ഉറപ്പ് നൽകുന്നു" ( സൌബാൻ (റ) ൽ നിന്ന് അബൂദാവൂദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ്)

"കയറുമായി മലകയറി മുതുകിൽ വിറക് കെട്ട് ചുമന്ന് കൊണ്ട് വന്ന് വിറ്റ് അഭിമാനം കാത്ത് സൂക്ഷിക്കുന്നതാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാൾ ഉത്തമം; ജനങ്ങൾ യാചിക്കുന്നവന് കൊടുത്താലും ഇല്ലെങ്കിലും "( സുബൈർ (റ) ൽ നിന്ന് നിവേദനം , ഹദീസ് ബുഖാരി 3/265, 4/260 )


"സ്വന്തം മുഖത്തെ മാംസം മാന്തിയെടുക്കുന്നതിനു സമമാണ് യാചന, ആരെങ്കിലും സ്വന്തം മുഖം രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അവൻ യാചന ഒഴിവാക്കട്ടെ, ഭരണാധികാരിയോടോ വളരെ അത്യാവശ്യ ഘട്ടത്തിലോ യാചിക്കുന്നവർ ഒഴികെ" ( അബൂദാവൂദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ്)വിവരണം:


സാമ്പത്തികമായും മറ്റും എത്ര ക്ലേശിച്ചാലും മറ്റുള്ളവരോട് യാചിക്കാതെ (അധ്വാനിച്ച് ) ജീവിതം നയിക്കുന്നവർ ആരാണോ അവർ വിശ്വാസികളിൽ ഉത്തമരാണെന്നും അവർക്ക് ആ ക്ലേശത്തിനു പ്രതിഫലമായി സ്വർഗപ്രവേശനം സാധ്യമാവുമെന്നും ഈ പ്രവാചക മൊഴിയുടെ നേരർത്ഥം.


കുറിപ്പ്:


ഇസ്‌ലാം യാചനയെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുകയും അധ്വാനിച്ച് ജീവിക്കുന്നതിന്റെ മഹത്വം പഠിപ്പിക്കുകയും ചെയ്യുന്നു. നബി (സ) തിരുമേനിയുടെ സവിധത്തിൽ വന്ന് ഒരു അനുചരൻ തന്റെ കഷ്ടപ്പാടുകൾ വിവരിക്കുകയും, അത് കേട്ടതിനു ശേഷം താങ്കളുടെ വീട്ടിൽ എന്താണുള്ളത് വില്ക്കാൻ പറ്റിയവ എന്ന് തിരുനബി അദ്ധേഹത്തോട് ചോദിക്കുകയും രണ്ട് പാത്രങ്ങൾ വിറ്റ് കിട്ടിയ പണം കൊണ്ട് മഴുവാങ്ങിപ്പിച്ച് വിറക് വെട്ടി കൊണ്ടുവന്ന് ചന്തയിൽ വിറ്റ്കിട്ടിയതിൽനിന്ന് ജീവിതചിലവ് കണ്ടെത്താൻ ഉപദേശിക്കുകയും ചെയ്തതും, പുണ്യറസൂലിന്റെ സദസ്സിൽ ഒരു സഹാബിയുടെ (അധ്വാനഭാരത്താൽ)പരുപരുത്ത കൈകൾ കൂട്ടിപ്പിടിച്ച് എല്ലാവർക്കും നേരെ ഉയർത്തി ‘നിങ്ങളിലാർക്കാണ് സ്വർഗത്തിലേക്ക് പോകുന്നകൈകൾ കാണേണ്ടതെന്ന് ‘ ചോദിച്ച സംഭവവുമെലാം മനപാഠമുള്ളവർ; അവരും പക്ഷെ തൊട്ടതിനും പിടിച്ചതിനുമെല്ലാം യാചനക്കിറങ്ങുന്ന കാഴ്ചകളാണിന്ന് ദർശിക്കാനാവുന്നത്. ആഢംബരജിവിത്തിനും പൊങ്ങച്ചത്തിന്റെ പേരിലെആചാരങ്ങൾക്കും വരെ പിരിവിനിറങ്ങുന്നവരുടെ ആധിക്യത്താൽ യഥാർത്ഥ ആവശ്യക്കാർ തിരസ്കരിക്കപ്പെടുന്നു.

യു.എ.ഇ യിൽ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്. അബുദാബി പോലീസിനു കിഴിലെ ‘ലോ റെസ്പെക്റ്റ് കൾചർ’ വിഭാഗം അറിയിപ്പിൽ പറയുന്നത് പോലെ, മാന്യമായി ജീവിക്കാനുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടും ,ചിലർ കാലാ കാലങ്ങളിൽ നിക്ഷേപം നടത്താനുള്ള മാർഗമായി (പ്രത്യേകിച്ച് റമദാനിൽ) യാചന തൊഴിലാക്കി സ്വീകരിക്കുകയാണ്. ഭിക്ഷാടനം മറ്റ് കുറ്റകൃത്യങ്ങളിലേക്ക് വാതിൽ തുറക്കുകയും ചെയ്യുന്നു എന്നും അതിനാൽ അബുദാബി എമിറേറ്റിലെ 1957 ലെ ഭിക്ഷാടനം സംബന്ധിച്ച പ്രാദേശിക നിയമം നമ്പർ 15 പ്രകാരം കുറ്റകൃത്യമായി കണക്കാക്കുകയും ചെയ്യുന്നു. ഭിക്ഷാടനം ചെയ്ത് പിടിക്കപ്പെടുന്നവർ പ്രവാസിയാണെങ്കിൽ അവനെ നാടു കടത്താനും നിയമമുണ്ട്. ഇത്തവണ പിടിക്കപ്പെട്ട ഒരു യാചകനിൽ നിന്ന് ഒന്നര ലക്ഷം ദിർഹം കണ്ടെത്തിയെന്ന് പത്രവാർത്തയുണ്ടായിരുന്നു. ജീവിതം മുഴുവൻ പ്രവാസഭൂമിയിൽ ചലവഴിച്ച് ജിവിതമില്ലാതെ ജീവിക്കുന്ന സാധാ‍രണക്കാരിൽ നിന്നാണിവർ ഇത്രയും തുക തട്ടിപ്പിന്റെ കണ്ണുനിർ വീഴ്ത്തി പിഴിഞ്ഞെടുക്കുന്നത്. ഇത്തരക്കാരെ കൊണ്ട് അർഹരായ പലർക്കും അവരുടെ വീതം കിട്ടാതെ പോകുന്ന അവസ്ഥയുമുണ്ട്. നമ്മുടെ നാട്ടിൽ ഓരോ പ്രദേശത്തുമുള്ള ധനാഢ്യർ മനസ് വെച്ചാൽ ആ പ്രദേശത്തുള്ളവരുടെ ആവശ്യങ്ങൾ മറ്റ് രാജ്യത്തേക്ക് അവരെ യാചനക്കുള്ള അംഗീകാര പത്രവും നൽകി പറഞ്ഞയക്കേണ്ട അവസ്ഥ ഒഴിവാക്കാവുന്നതേയുള്ളൂ.. പക്ഷെ ഇന്ന് പല കമ്മിറ്റികളും യാചനാപത്രം മുൻ‌കൂട്ടി തയ്യാറാക്കിവെച്ചിരിക്കയാണെന്ന് തോന്നുന്നു. ആവശ്യങ്ങളുന്നയിച്ച് വരുന്നവർക്ക് സീൽ ചെയ്ത് നൽകാൻ. ആരുടെ അധ്യാപനമാണ് കാറ്റിൽ പറത്തുന്നതെന്ന് അവർക്കറിവില്ലാതെയാണോ അതോ യാചന എന്നത് പുണ്യമായ ഒരു കാര്യമാണെന്നും അത് പിന്നെ റമദാനിലാവുമ്പോൾ പതിന്മടങ്ങ് പുണ്യമാണെന്നും ആരെങ്കിലും ഇവരെ തെറ്റിദ്ധരിപ്പിച്ചുവോ എന്തോ !!

ഇതിനൊരു മറുവശം ;യാചിക്കാതെ ജീവിതം മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലുള്ളവർ നമ്മുടെ ചുറ്റുവട്ടത്തിൽ തന്നെ മറ്റുള്ളവരെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിയിക്കാതെ തന്റെ അഭിമാനം കാത്ത് അരപ്പട്ടിണിയും മുഴുപട്ടിണിയുമായി കഴിയുന്നുണ്ടാവാം. അവരെ കണ്ടെത്തേണ്ടത് ഓരോ അയൽ‌വാസിയുടെയും ബാധ്യതയാണ്. (അവരുടെ മതമോ ,വർണ്ണമോ ,വർഗമോ അവിടെ വേർതിരിവ് വെക്കാൻ കാരണമാവുന്നില്ല.) . ധാന ധർമ്മങ്ങളെകുറിച്ച് വിശുദ്ധ ഖുർ‌ആൻ പറയുന്നു. ‘ നിങ്ങൾ എന്ത് ചെലവഴിച്ചാലും അല്ലാഹു അതിനു പകരം തരുന്നതാണ് (സബ‌അ്: 39). ഏറ്റവും ചുരുങ്ങിയത് നമ്മുടെ അയൽ‌വാസികളെ പരസ്യമായ യാചനയിലേക്ക് തള്ളിവിടാതിരിക്കാൻ നമുക്കാവത് ചെയ്യാം അതിനു ഈ പരിശുദ്ധ റമദാൻ മാസം ഒരു പ്രചോദനമാകട്ടെ.

തന്റെ മകന് മാറാരോഗം ബാധിച്ച് ചികിത്സയ്ക്ക് വഴികാണാതെ മദ്രസാധ്യാപകൻ ചുമട്ട്തൊഴിലെടുക്കുന്ന വാർത്ത ഇന്നലത്തെ പത്രത്തിൽ വായിച്ചു. അഭിമാനിയായ ആ അധ്യാപകൻ ഒരു മാതൃകയാവട്ടെ മറ്റുള്ള അലക്കിതേച്ച യാചകർക്ക്.അദ്ധേഹത്തിന്റെ ദയനീയാവസ്ഥക്ക് എത്രയും വേഗം ഒരു പരിഹാരമുണ്ടാക്കാൻ അന്നാട്ടുകാർക്ക് തന്നെ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ..ഏവർക്കും റമദാൻ മുബാറക്

മൊഴിമുത്തുകൾ-45


ജീവിത വിജയം

മൊഴിമുത്ത്:“ അഞ്ചു കാര്യങ്ങൾക്ക് മുമ്പ് അഞ്ചു കാര്യങ്ങൾ സമ്പാദിക്കുക. 1) മരണത്തിനു മുമ്പ് ജീവിതം. 2) രോഗത്തിനു മുമ്പ് ആരോഗ്യം. 3) ജോലിത്തിരക്കിനു മുമ്പ് ഒഴിവു സമയം 4) വാർദ്ധക്യത്തിനു മുമ്പ് യൌവ്വനം 5) ദാരിദ്ര്യത്തിനു മുമ്പ് ഐശ്വര്യം”. (ഇബ്‌നു അബ്ബാസ് (റ)ൽ നിന്ന് ബൈഹഖി(റ) റിപ്പോർട്ട് ചെയ്ത ഹദീസ് )


വിവരണം:സമ്പാദിക്കുക എന്നതിന്റെ വിവക്ഷ മരണം എന്ന യാഥാർത്ഥ്യം നമ്മിലണയുന്നതിനു മുമ്പ് ജീവിതവും അവിടെ പ്രത്യേകമായി ആരോഗ്യം, ഒഴിവ് സമയം,യൌവ്വനം ,ഐശ്വര്യം എന്നി അനുഗ്രഹങ്ങൾ ശരിയായ ദിശാബോധത്തോടെ വിനിയോഗിക്കുക എന്നതാണ്. നമ്മിൽ നിന്ന് വിട്ടകന്നതിനു ശേഷം വീണ്ടും നമ്മിലേക്ക് ഇവയൊന്നും തിരിച്ച് വന്ന് ചേരുകയില്ലാത്തതിനാൽ നഷ്ടപ്പെടുന്നതിനു മുമ്പ് സമ്പാദിക്കാൻ കഴിയണമെന്ന് സാരം.

കുറിപ്പ് :

കരുതലോടെ ജീവിക്കേണ്ട ആവശ്യകതയാണിവിടെ നമ്മെ ബോധ്യപ്പെടുത്തുന്നത്. ജീവിത വിജയത്തിനു കരുതലോടെ അഞ്ച് പ്രധാന ഘട്ടങ്ങൾ നാം നേരിടണം. മരണമെന്നത് അടുത്ത നിമിഷം വന്ന് ചേരും ! അതിനാൽ തന്നെ ജിവിതം സമ്പാദിക്കേണ്ട കാലമാണ് (കേവല ധന സമ്പാദനം മാത്രമല്ല, മരണത്തിനു ശേഷമുള്ള ശാശ്വതമായ പരലോക ജീവിതത്തിലേക്കുള്ള സമ്പാദനവുമാണ് അർത്ഥമാക്കുന്നത്). യുവത്വവും ആരോഗ്യവും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഘടകവും അനുഗ്രഹവുമാണെന്നതിൽ തർക്കമില്ല പക്ഷെ മിക്കപേരും അത് വേണ്ടവിധം ഉപയോഗപ്പെടുത്താതെ കഴിയുന്നു. ചിലർ അത് ജനങ്ങൾക്ക് എന്നല്ല തനിക്ക് തന്നെ ഉപദ്രവമായി മാറുന്ന രീതിയിൽ ദുരുപയോഗം ചെയ്യുന്നു. ചുരുക്കം ചിലർ താൻ ഉൾപ്പെടുന്ന കുടുംബത്തിനും സമൂഹത്തിനും സമുദായത്തിനും നന്മയാകുന്ന വിധം യുവത്വവും ആരോഗ്യവും ചിലവഴിച്ച് ഇരുലോക വിജയം നേടുന്നു. നാം ഇതിൽ എവിടെ നിൽക്കുന്നുവെന്ന ഒരു വിചിന്തനം നല്ലതല്ലേ ! വർത്തമാന കാല സംഭവങ്ങളിൽ യുവത്വവും ആരോഗ്യവും താൻ നിലകൊള്ളുന്ന സമുദായത്തിനും താൻ ജീവിക്കുന്ന സമൂഹത്തിനുമെതിരായി വിനിയോഗിക്കുന്നവരുടെ ചെയ്തികൾ അനുഭവപാഠങ്ങളായി നമ്മുടെ മുന്നിലുണ്ട്. നേർവഴിയിൽനിന്നുള്ള വ്യതിചലനം അവരെ കൊണ്ടു ചെന്നെത്തിക്കുക ശാശ്വതമായ ദു:ഖത്തിലായിരിക്കുമെന്നതിൽ സംശയമില്ല. ആരോഗ്യവും യൌവ്വനവും വിടപറഞ്ഞ് വാർദ്ധക്യം പിടികൂടുന്ന അവസ്ഥയിൽ നഷ്ടപ്പെട്ടതൊന്നും പിന്നെ ജീവിതത്തിൽ തിരിച്ച് വരികില്ലെന്നതോർക്കാൻ കൂടി അക്കൂട്ടർക്കിപ്പോൾ സമയമുണ്ടാവില്ല ! മരണത്തെകുറിച്ചുള്ള ഓർമ്മ ദിവസത്തിൽ ഒരിക്കലെങ്കിലും നമുക്ക് ഉണ്ടായിരുന്നെങ്കിൽ, തന്റെ ആരോഗ്യവും യൌവ്വനവും ,ഒഴിവു സമയവും പാ‍ഴാക്കികളയാനോ ദുരുപയോഗം ചെയ്യാനോ മുതിരുമായിരുന്നില്ല.

ഐശ്വര്യം വന്ന് ചേർന്നാലത് ശ്വാശ്വതമെന്ന് കരുതി ദൂർത്തടിക്കുന്നവർ തൊട്ടടുത്ത ദിനം ദാരിദ്ര്യം കൊണ്ട് പരീക്ഷിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും നിനക്കാറില്ല. എത്രയെത്ര വമ്പൻ മുതലാളിമാരാണ് ഒരൊറ്റ ദിനം കൊണ്ട് പാപ്പരായത് !. എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ നിന്ന് ക്ഷണനേരം കൊണ്ട് ആപധിച്ചവരെത്ര!. നേരിടാനാവാതെ ജീവിതമൊടുക്കിയവരും ഏറെ... കഥകളേറെ നമുക്ക് മുന്നിലുണ്ട്..പക്ഷെ ബോധവാന്മാരായില്ലെന്ന് മാത്രം ! ഒഴിവ് സമയങ്ങൾ ക്രിയാത്കമായി ഉപയോഗിക്കുന്ന കൂട്ടത്തിലാണോ ഞാനും നിങ്ങളും ? ജീവിതത്തിന്റെ വലിയ സമയം മറ്റുള്ളവരെ ദ്രോഹിക്കാനും ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും തെറ്റായ ആശയങ്ങളുടെ പ്രചാരണത്തിനുമായി ചിലവിടുന്നവർ എത്രയോ !


ഒരുദിനത്തിന്റെ ദൈർഘ്യത്തിൽ വർഷങ്ങൾ നമ്മെ വിട്ടൊഴിഞ്ഞകലുമ്പോൾ, ആരോഗ്യവും ,യൌവ്വനവും, ഒഴിവു സമയവും ,ഐശ്വര്യവും മരണം വാതിൽക്കലെത്തുന്നതിനു മുന്നെ ഈ ജീവിതത്തിലും നാളെയുടെ ശ്വാശ്വതജീവിതത്തിനുമായി ഉപയോഗപ്പെടുത്തി സമ്പാദിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ,

മൊഴിമുത്തുകൾ-44


മൊഴിമുത്ത് :

അബ്ദുല്ല (റ)യിൽ നിന്ന് നിവേദനം: “കടം ഒഴിച്ച് മറ്റെല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും (മുസ്‌ലിം )വിവരണം:


രക്‌തസാക്ഷിയായവരെ മരണപ്പെട്ടവർ എന്ന് പറയരുതെന്ന് ഉത്ബോധിപ്പിക്കുന്ന ഇസ്‌ലാം പക്ഷെ അങ്ങിനെ മഹത്വം കല്പിക്കുന്ന ഷഹീദിന് (രക്‌തസാക്ഷിക്ക്)പോലും താൻ ജീവിതകാലത്ത് വരുത്തിവെച്ച വീട്ടാകടങ്ങൾക്ക് ഇളവുകളില്ലെന്നും അതിനു ഉത്തരമേകേണ്ടതുണ്ടെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കടം വരുത്തുന്നതിലെ ഗൌരവമാണ് നമ്മെ ഇതിലൂടെ ബോധ്യപ്പെടുത്തുന്നത്.

കുറിപ്പ്:


നിരവധി ഹദീസുകൾ ഈ വിഷയവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുനബി(സ.അ) തങ്ങളുടെ ഇഹലോക ജീവിത കാലത്ത് നബി(സ.അ) തങ്ങൾ, കടവുമായി മരണപ്പെട്ട ആളുടെ മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നൽകാൻ വിമുഖത കാണിക്കുകയും ,അവിടെകൂടിയവർ മരണപ്പെട്ടവ വ്യക്തിയുടെ കട ബാധ്യതകൾ ഏറ്റെടുത്ത ശേഷം മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം വഹിക്കുകയും ചെയ്ത ചരിത്രം ഓർക്കുക. കടം ബാക്കി വെച്ച് മരണപ്പെടുന്നതിന്റെ ഗൌരവം എത്രമാത്രമുണ്ടെന്ന് പഠിപ്പിക്കുകയായിരുന്നു തിരുനബി(സ.അ). ഇന്ന് ആ തിരുദൂതരുടെ അനുയായികളായിരിക്കാം ഒരു പക്ഷെ ആവശ്യത്തിനും, അനാവശ്യത്തിനും, ആഡംബരത്തിനും, പൊങ്ങച്ചത്തിനുമായി യാതൊരു തത്വദീക്ഷയുമില്ലാതെ കടം വാങ്ങിക്കൂട്ടുന്നവരിൽ മുൻപന്തിയിൽ.

കടം വാങ്ങാനുള്ള രണ്ട് കാർഡെങ്കിലും ഇല്ലാത്തവരെ മറ്റുള്ളവർ പുച്ഛത്തോടെ വീക്ഷിക്കുന്ന ഇന്ന് കടം വാങ്ങുക എന്നത് ഒരു ക്രെഡിറ്റാ‍യാണ് കണക്കാക്കപ്പെടുന്നത്. ആധുനിക ക്രയ-വിക്രയങ്ങളിൽ ഒരു പക്ഷെ ഒഴിച്ച് കൂടാനാവാത്ത ഒരു പ്ലാസ്റ്റിക് കാർഡ് അതിന്റെ വഴിവിട്ട ഉപയോഗത്തിലൂടെ എത്രയോ ജന്മങ്ങൾ വഴിയിൽ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. മോഹന വാഗ്ദാനങ്ങളുമായി ഏജൻസികൾ വീട്ടു പടിക്കലെത്തുമ്പോൾ വരാനിരിക്കുന്ന പ്രഹേളികകളെകുറിച്ച് ബോധവാനാകാതെ ആവശ്യമില്ലാതെയും പലരും അതിന്റെ കെണിവലകളിൽ തലവെച്ച് കൊടുക്കുന്നു. പിന്നെ അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തവിധം കണ്ണികൾ മുറുകുമ്പോഴേക്ക് കാര്യങ്ങൾ കൈവിട്ടു പോയിരിക്കും.

നമ്മുടെ വരുമാനത്തിലൊതുങ്ങി ജീവിക്കാൻ പൊങ്ങച്ചം അനുവദിക്കാത്തത് കൊണ്ട് മാത്രം, മറ്റുള്ളവർ കാട്ടിക്കൂട്ടുന്നത് കണ്ട് അനുകരിക്കാൻ അത് പോലെ തനിക്കുമാവാൻ ഏത് വിധേനയും കടം വാങ്ങി കാര്യങ്ങൾ നിറവേറ്റുവാൻ വെമ്പൽ കൊള്ളുന്നവർ അതെങ്ങിനെ കൊടുത്ത് വീട്ടുമെന്ന് പലപ്പോഴും ചിന്തിക്കാറില്ല. പലരുടെയും ചിന്ത കടം വാങ്ങി എങ്ങിനെ കൊടുക്കാതെ രക്ഷപ്പെടാം എന്നാണിപ്പോൾ. അവർക്കുള്ള ഒരു താക്കിതാണ് മേൽ ഹദിസ്.


അത്യാവശ്യഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വന്നാൽ അത് അവധിക്ക് തിരികെനൽകാൻ പരിശ്രമിക്കുന്ന പ്രവണത പലരിലും ഇന്നില്ല. കടം നൽകി സഹായിച്ചവൻ പിന്നീടത് തിരികെ ചോദിച്ചാൽ പഴികേൾക്കേണ്ടിവരുന്ന അവസ്ഥയാണ്. വട്ടിപ്പലിശക്കാർ ഗ്രാമഗ്രാമന്തരങ്ങളിൽ തങ്ങളുടെ ഇരകളെതേടി രാവിലെ മുതൽ റോന്ത് ചുറ്റുമ്പോൾ ,പിന്നീട് കൊടുത്താൽ മതിയല്ലോ എന്ന ചിന്തയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി കടം വാങ്ങിക്കൂട്ടി അവസാനം ജീവിതം നരകതുല്യമാക്കുന്നവർ ഇന്ന് ഏറെയാണ്. അവരെ അകറ്റി നിർത്താൻ കടക്കെണിയിൽ അകപ്പെടാതിരിക്കാൻ ആദ്യമായി വേണ്ടത് നാം നമ്മുടെ പരിമിതികൾ മനസിലാക്കുകയും ജീവിതത്തിനു ചിട്ടയും ഒതുക്കവും വരുത്തുകയുമാണ്.

ഉള്ളപ്പോൾ ഇല്ലാത്തവനെപ്പോലെയും (ഉള്ളതിനാൽ ആർഭാടം കാണിക്കാതെ, പൊങ്ങച്ചത്തിനു ചിലവഴിച്ച് നശിപ്പിക്കാതെ ) ഇല്ലാത്തപ്പോൾ ഉള്ളവനെപ്പോലെ (മറ്റുള്ളവരെ നമ്മുടെ ഇല്ലായ്മകൾ അറിയിക്കാതെ പരമാവധി ഒതുങ്ങി) ജീവിക്കാനും എന്ന് നാം പഠിക്കുന്നുവോ അന്നേ നാം ഈ കടക്കെണിയിൽ നിന്ന് മോചിതരാവൂ..


അതിനു ആദ്യം നാം സ്വയം തിരിച്ചറിവു നേടുകയും ഒപ്പം നമ്മുടെ കുടുംബത്തെ ബോധവത്കരിക്കുകയും ചെയ്യുക. അത്യാവശ്യഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വന്നാൽ അത് കൊടുത്തു വീട്ടാനുള്ള മനസും അതിനുള്ള പ്രയ്തനവും നമ്മിലുണ്ടായിരിക്കണം. അപ്പോൾ കടം വീടാനുള്ളാ വഴികൾ അനുഗ്രഹത്താൽ തുറക്കപ്പെടുകതന്നെ ചെയ്യും. ബാധ്യതകൾ ഇല്ലാത മരണപ്പെടാൻ ജഗന്നിയന്താവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ.

മൊഴിമുത്തുകൾ -43


വിസർജ്ജന മര്യാദകൾ


മൊഴിമുത്ത് :

“ഒലിച്ച്പോകാതെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ നിങ്ങൾ മൂത്രിക്കരുത്. അതിൽ കുളിക്കുകയും ചെയ്യരുത്” (ബുഖാരി )


വിവരണം:


നിരവധി ഹദീസുകൾ മലമൂത്ര വിസർജ്ജന മര്യാദകളെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കെട്ടിനിൽക്കുന്നതും ജനങ്ങൾ ഉപയോഗിക്കുന്നതുമായ വെള്ളത്തിൽ വിസർജ്ജനം നടത്തരുതെന്നും അങ്ങിനെയുള്ള വെള്ളത്തിൽ കുളിക്കരുതെന്നും ഈ ഹസീസ് വിവരിക്കുന്നു. ഫലം കായ്ക്കുന്ന വൃക്ഷച്ചുവട്ടിലും , നടവഴികളിലും, ആളുകൾ വിശ്രമിക്കുന്ന സ്ഥലം, കിണറുകൾക്ക് സമീപം തുടങ്ങി ജനങ്ങൾക്ക് ഉപദ്രവകരമായ രീതിയിൽ,രോഗങ്ങൾ പരത്താൻ കാരണമാകുന്ന രീതിയിൽ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിനെ സൂക്ഷിക്കാനും വിസർജ്ജന മര്യാദകളെ വിവരിക്കുന്ന ഹദീസ്കൾ നമ്മെ ഉണർത്തുന്നു.

കുറിപ്പ്:


മലമൂത്ര വിസർജ്ജനത്തിന് എന്ത് മര്യാദകൾ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. സമയാസമയത്ത് മലമൂത്ര വിസർജ്ജനം സുഗമമായി സാധ്യമാവുക എന്നത് വലിയ ഒരു അനുഗ്രഹമാണ്. (അതിനു ഒരു ദിവസം തടസം വന്നാൽ അറിയാം നമുക്കതിന്റെ അവസ്ഥ) എന്നാൽ മലമൂത്ര വിസർജ്ജനം കഴിയുന്നതോടെ ഒരാൾക്ക് ഉണ്ടാകുന്ന ആശ്വാസം (മാനസികമായും ശാരിരികമായും ) മറ്റുള്ളവർക്ക് ആശാസ്യമല്ലാത്ത രീതിയിൽ ആകരുത്. പൊതുവെ മലയാളികളുടെ (ഈ കാര്യത്തിലും പുർഷന്മാർ തന്നെ മുന്നിൽ ) ഒരു (ദു)സ്വഭാവമാണ് തോന്നിയാൽ കണ്ടിടത്ത് കാര്യം നിർവഹിക്കുക എന്നത്. പലപ്പോഴും സൌകര്യപ്രദമായ മറ്റ് മാർഗങ്ങൾ ഇല്ലാത്ത ഒരു അവസ്ഥയാണ് കേരളത്തിൽ അഥവാ ഉണ്ടെങ്കിൽ തന്നെ തോന്നിയത് മുഴുവൻ എവിടേക്കോ കയറിപ്പോകുന്ന അവസ്ഥയായിരിക്കും അത്തരം ശൌച്യാലയങ്ങളിൽ ചെല്ലുന്നതോടെ അനുഭവപ്പെടുക. അങ്ങിനെയൊക്കെയാണെങ്കിലും ഹദീസിൽ വിവരിച്ചത് പോലെയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന എത്രയോ ആളുകളുണ്ട് അവരെ മാതൃകയാക്കേണ്ടതല്ലേ.

നിർത്താതെയുള്ള ഓട്ടത്തിനിടയിൽ ഒരു കാൽ പൊക്കി നായ മൂത്രമൊഴിക്കുന്നത് പോലെ വഴിവക്കിലും മറ്റും നിന്ന് മൂത്രമൊഴിക്കുന്ന കാശ്ച കേരളത്തിൽ അപൂർവ്വമല്ല. അത്തരക്കാരുടെ ശീലങ്ങൾ മാറ്റിയെടുക്കാൻ ഏറെ പ്രയാസമാണെങ്കിലും അവർക്കൊപ്പം നിൽകാതിരിക്കാൻ ഓരോരുത്തരും ശ്രമിയ്ക്കേണ്ടതാണ്. ജനങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായി പെരുമാറുന്ന ഇടങ്ങളിലും മറ്റും യാതൊരു ഔചിത്യവുമില്ലാതെ വിസർജ്ജനം നടത്തുന്ന പ്രവണത മറ്റുള്ളവരുടെ ശാപ വാക്കുകൾക്ക് പാത്രമാവുകയും രോഗം ക്ഷണിച്ച് വരുത്താൻ കാരണമാകയും ചെയ്യൂന്നു.

ശീലങ്ങളാണ് നമ്മെ ഭരിക്കുന്നത് ,അത് നല്ലതായാലും ചീത്തയായാലും ,നമ്മെ നാമാക്കുന്നത് നമ്മുടെ ശീലങ്ങളാണ്. നല്ല ശീലങ്ങൾ വളർത്താനും ചീ‍ത്ത ശീലങ്ങൾ ഒഴിക്കാനും ശീലിക്കേണ്ടത് നല്ല വ്യക്തിത്വത്തിന്റെ സൃഷ്ടിപ്പിന് ആവശ്യമാണ്. നല്ലത് ശീലിക്കാൻ നമുക്കേവർക്കും ജഗന്നിയന്താവ് അനുഗ്രഹം ചൊരിയട്ടെ.

മൊഴിമുത്തുകൾ-42

ഭക്ഷണ-പാനീയങ്ങളുടെ ദുർവ്യയം


മൊഴിമുത്ത്:

ഇമാം അഹ്‌മദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ് : നബി (സ.അ) തങ്ങൾ പറഞ്ഞു “അഹങ്കാരം കൂടാതേയും, അമിതമാക്കാതേയും തിന്നുക, കുടിയ്ക്കുക, വസ്ത്രം ധരിയ്ക്കുക, ധർമ്മം ചെയ്യുക”


വിവരണം:


ഏത് കാര്യം ചെയ്യുകയാണെങ്കിലും അതിൽ മിതത്വം പാലിക്കണമെന്നും ഒന്നിലും ദുർവ്യയം പാടില്ല എന്നതുമാണ് ഈ ഹദീസ് കൊണ്ട് ചുരുക്കത്തിൽ വ്യക്തമാക്കപ്പെടുന്നത്. ആവശ്യമനുസരിച്ച് മാത്രം ഭക്ഷിക്കുക, അമിതമാവത്ത വിധം വസ്ത്രങ്ങൾ വാങ്ങിക്കുക അത് പോലെ കഴിവനുസരിച്ചുള്ള ധർമ്മവും ചെയ്യുക. (ഒരാളുടെ കഴിവനുസരിച്ചാണ് അവനു ധർമ്മം ചെയ്യാൻ ബാധ്യസ്ഥത. തന്റെ കുടുംബത്തെ വഴിയാധാരമാക്കും വിധമുള്ള ദാ‍നധർമ്മങ്ങൾ ആവശ്യമില്ല്ല. )


കുറിപ്പ്:


ആധുനിക ലോകത്തിന്റെ മുഖമുദ്രയായ അഥവാ ഉപഭോഗ സംസ്കാരത്തിന്റെ ഏറ്റവും നീച വശമായ പൊങ്ങച്ചത്തിന്റെ ഭാഗമായി നാം വേണ്ടതിലെത്രയോ അധികമാണ് ഭക്ഷണ പാനീയങ്ങൾ ദുർവ്യയം ചെയ്യുന്നത് ! ലോകത്ത് ഒരു ദിവസം എത്രയോ ആയിരങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോൾ, നമ്മുടെ ചുറ്റുവട്ടത്ത് തന്നെ അരപ്പട്ടിണിയും മുഴുപട്ടിണിയുമായ ചിലരെങ്കിലും ഉണ്ടാവാമെന്നത് ഒരു യാഥാർത്ഥ്യമെന്നിരിക്കെ നമ്മുടെ തീന്മേശയിലെ നിറഞ്ഞ് കവിഞ്ഞ പാത്രങ്ങളിലെ ആവശ്യത്തിൽ കവിഞ്ഞ വിഭവങ്ങൾ, കഴിച്ചതിനു ശേഷം വലിച്ചെറിയപ്പെടുന്ന ഭക്ഷണസാധനങ്ങൾ ഇതിനൊക്കെ വല്ല കയ്യും കണക്കുമുണ്ടോ !? തീന്മേശയിൽ വിഭവങ്ങൾ കുറഞ്ഞ് പോയാൽ മുഖം കറുപ്പിക്കുന്ന ഭർത്താവിന്റെ മുഖം പ്രസന്നമാക്കാൻ രാപകൽ കരിയും പുകയുമേൽക്കാൻ വിധിക്കപ്പെട്ട സഹോദരിമാർ എത്രയോ !

സമ്പന്നതയുടെ മടിത്തട്ടിൽ വാണിരുന്ന, കുടിച്ചും തിന്നും കൂത്താടിയിരുന്ന പല സമൂഹങ്ങളും രാജ്യങ്ങളും നിനച്ചിരിക്കാതെ വന്ന ദുരന്തങ്ങളിൽ വിറങ്ങലിച്ച് ഒരു കഷണം ഉണക്ക റൊട്ടിക്ക് വേണ്ടി എച്ചിൽ പാത്രത്തിനരികിലെ നായ്ക്കളേപ്പോലെ പരസ്പരം പോരടിക്കുന്ന ദൃശ്യങ്ങൾ നാം കാണുന്നു. പക്ഷെ നമുക്കൊരു മാറ്റമില്ല. ‘രണ്ട് പേർക്കുള്ളത് കൊണ്ട് മൂന്ന് പേർക്കും മൂന്ന് പേർക്കുള്ളത് കൊണ്ട് നാലു പേർക്കും മതിയാകുന്നതാണ്’ എന്ന തിരു നബിയുടെ ഉത്ബോധനം പക്ഷെ എന്റെ വീട്ടിൽ ,എന്റെ റൂമിൽ, എന്റെ ജീവിതത്തിൽ ബാധകമല്ല എന്ന രീതിയിലാണ് ‘നാലു പേർക്ക് കഴിക്കാവുന്നത് രണ്ട് പേർക്കും മൂന്ന് പേർക്ക് വേണ്ടുന്ന അളവ് രണ്ടാൾക്കുമായി നാം തയ്യാറാക്കുകയും കഴിക്കുകയും,ബാക്കി വലിച്ചെറിയുകയും ചെയ്യുന്നത്. നാളെ നാം ഇതിനൊക്കെ ഉത്തരം പറയേണ്ടി വരുമെന്നത് മറക്കാതിരിക്കാം. !

എത്ര ഇളക്കിയെടുത്താലും പ്ലാവിലകോരിയിൽ തടയാൻ മാത്രം വറ്റുകളില്ലാത്ത കഞ്ഞി കുടിച്ച് കഴിഞ്ഞിരുന്ന, കണ്ണുകൾ സജലമാവാനുതകുന്നവിധം ഓർമ്മകളുണർത്തുന്ന ഇല്ലായ്മകളുടെ കാലം കടന്നുവന്നവരാവും നമ്മിൽ പലരും ! പക്ഷെ നാമത് സൌകര്യപൂർവ്വം മറക്കുന്നു. സത്കാരങ്ങളാണെന്നും എവിടെയും.. പലതിന്റെയും പേരിൽ. ജഗന്നിയന്താവ് കനിഞ്ഞരുളിയ സൌഭാഗ്യങ്ങൾക്കും സൌകര്യങ്ങൾക്കുമിടയിൽ ചെറിയ ഒരു കുറവ് അനുഭവപ്പെടുമ്പോൾ, ഒന്ന് സമയം തെറ്റുമ്പോൾ നാം അസ്വസ്ഥരാവുന്നു !

കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഒരു പണ്ഡിതൻ തുടങ്ങിവെച്ച മഹത്തായ ഒരു രചനയിലെ അഥവാ ലോക പ്രസിദ്ധ പ്രവാചക പ്രകീർത്തന കാവ്യമായ ബുർ‌ദയുടെ മലയാളത്തിലുള്ള വിശദീകരത്തിലെ ഒരു ഖണ്ഡികയിലൂടെ ഒന്ന് കണ്ണോടിക്കാൻ അടുത്ത ദിവസം അവസരം ലഭിച്ചു. ‘ഇന്ന് ബുർദ ആസ്വാദകരുടെയും കീർത്തനക്കാരുടെയും വീട്ടിലെ തീന്മേശയിലെ വിഭവങ്ങൾ ഏത് മാതൃകയാണ് ഉൾകൊള്ളുന്നത് ?’ ഈ വരി വായിച്ചതോടെ മനസിൽ ആരോ കൊളുത്തി വലിക്കുന്ന പോലെ ..വായന നിർത്തി ഞാനും സുഹൃത്തും പരസ്പരം നോക്കി നിന്നു. അതെ, പറയാനും പ്രകീർത്തിക്കാനും ആളുകളേറെ.. പ്രാവർത്തികമാക്കാൻ ഞാനടക്കമുള്ളവർ ഏറെ പിറകിൽ.. വിശന്ന് പൊരിഞ്ഞ വയറുമായി വിശ്വപ്രവാചകർ മുഹമ്മദ് നബി (സ.അ) തങ്ങൾ എത്രയോ ദിന രാത്രങ്ങൾ കഴിച്ച് കൂട്ടിയിരിക്കുന്നു ! അനുയായികളുടെ കാര്യം പക്ഷെ വിശന്ന വയറുകൾ കാണാൻ സാധിക്കുന്നില്ല എന്നല്ല വിശപ്പ് എന്താണെന്ന് പോലും മറന്നിരിക്കുന്നു പലരും !!ഈ സ്ഥിതി മാറേണ്ടതുണ്ട്. നമുക്കിടയിൽ തന്നെ വിശപ്പടക്കാൻ മണ്ണുതിന്ന ജന്മങ്ങൾ ഉണ്ടെന്ന ബോധം എപ്പോഴുമുണ്ടായിരിക്കട്ടെ. ആവശ്യത്തിൽ കൂടുതൽ വിഭവങ്ങളുണ്ടാക്കി നമ്മുടെ വയറും ഒപ്പം വേസ്റ്റ് കൊട്ടകളും കുത്തി നിറക്കുന്ന സംസ്കാരം ഉപേക്ഷിക്കാൻ ഞാനും നിങ്ങളും തയ്യാറാകണം. ഒരു ചെറിയ അംശം സഹജീവികളുടെ വിശപ്പടക്കാനുതകുന്ന രീതിയിൽ ചിലവഴിക്കാൻ വഴി തേടണം. നമ്മുടെ വീടുകളിൽ നിന്നാവട്ടെ അതിനു തുടക്കം.

ആവശ്യത്തിൽ കൂടുതൽ ഉണ്ടാക്കുക മാത്രമല്ല ആവശ്യത്തിൽ കൂടുതൽ ഭക്ഷിക്കുക കൂടി ചെയ്യുന്നത് വഴിയേ ശാരീരിക അസുഖങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു. ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം വായുവിനുമായി നീക്കി വെക്കണമെന്നത് തിറ്റയുടെ സമയത്ത് നമ്മൾ ഓർക്കാറില്ല. വെള്ളം എന്നല്ല വായു പോലും കടക്കാത്ത വിധം മൂക്കു മുട്ടെ തിന്ന് വഴിയേ പോകുന്ന രോഗങ്ങളെ നാം മാടി വിളിച്ച് കയറ്റുന്നു. ഒട്ടു മിക്ക ശാരീരിക അസുഖങ്ങളും വരുന്നത് നിയന്ത്രണമില്ലാത്ത ഭക്ഷണരീതിയിലൂ‍ടെയാണെന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നു. എന്നാലും നാം മറക്കുന്നു അതെല്ലാം. തിന്നാലും മരിക്കും തിന്നില്ലെങ്കിലും മരിക്കും എന്നാണു ചിലരുടെ ന്യായം ! ഭക്ഷിക്കാൻ വേണ്ടി ജീവിക്കുക എന്നതിൽ നിന്ന് ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക എന്ന നിലയിലെക്കുള്ള മാറ്റം ആവശ്യമെന്ന തിരിച്ചറിവ് എന്നെങ്കിലും ഉണ്ടാവുമോ ! വിശപ്പ് ബാക്കി നിൽക്കെ ഭക്ഷണം കഴിക്കൽ നിറുത്തുക എന്ന തിരുനബി(സ.അ)യുടെ ഓർമ്മപ്പെടുത്തൽ മനോമുകുരത്തിൽ ഉറപ്പിച്ച്, അധികമാവാതെ ,അഹങ്കാരമില്ലാതെ ഭക്ഷണ പാനീയങ്ങളിൽ മിതത്വം പാലിക്കാൻ നമുക്കേവർക്കും കഴിയട്ടെ എന്ന പ്രതീക്ഷയിൽ..

(വസ്ത്രധാരണം,ധർമം എന്നി വിഷയങ്ങളിൽ കൂടുതൽ വിവരണം മറ്റൊരു അവസരത്തിൽ.ഇ.അ)picture courtesy@ http://www.sustainabilityninja.com/

മൊഴി മുത്തുകൾ-41

ആരെയും നിന്ദിക്കയും പരിഹസിക്കയും അരുത്മൊഴിമുത്ത് :

നബി(സ) തങ്ങൾ പറഞ്ഞു. “തന്റെ സഹോദരനെ ഏതെങ്കിലും കുറ്റം പറഞ്ഞ് ആര് പരിഹസിച്ചുവോ ആ കുറ്റം ചെയ്യുന്നത് വരെ അവൻ മരണപ്പെടുകയില്ല” (തിർമുദി)

എന്റെ രക്ഷിതാവായ അല്ലാഹു എന്നെ വാനലോകത്തേക്ക് നയിച്ചു (മി‌അറാജ് ) ആ യാത്രയിൽ ചെമ്പിന്റെ നഖങ്ങളുള്ളവരും ആ നഖങ്ങൾ കൊണ്ട് സ്വന്തം മുഖവു നെഞ്ചും മാന്തിക്കൊണ്ടിരിക്കുന്നവരുമായ ഒരു കൂട്ടം ജനങ്ങളെ ഞാൻ കാണുകയുണ്ടായി. ഇവർ ആരാണെന്ന് ഞാൻ ജിബ്‌രീൽ (അ) എന്ന മലക്കിനോട് ചോദിച്ചു. ‘ ജനങ്ങളുടെ സ്വഭാവ നടപടികളെക്കുറിച്ച് സംസാരിച്ച് അവരുടെ ഇറച്ചി തിന്നുന്നവരാണ് ഇവരെന്ന് ജിബ്‌രീൽ (അ) പറഞ്ഞു.” (അബൂദാവൂദ്)

വിവരണം :

നമ്മുടെ ഒരു സഹോദരനിൽ /സഹോദരിയിൽ ഉള്ളതോ ഇല്ലാത്തതോ ആയ കുറ്റങ്ങളും കുറവുകളും മറ്റുള്ളവർക്ക് മുന്നിൽ പറഞ്ഞ് അവരെ പരിഹസിക്കുന്നവർ തങ്ങൾ മറ്റുള്ളവരിൽ ആരോപിക്കുന്ന കുറ്റം ഏതാണോ അതേ കുറ്റം ചെയ്യാതെ മരണപ്പെടുകയില്ല അഥവാ തന്റെ മരണത്തിനു മുന്നെ ആ കുറ്റം ചെയ്ത് ജനങ്ങൾക്ക് മുന്നിൽ സ്വയം പരിഹാസ്യനാവുമെന്ന് ചുരുക്കം

പ്രവാചകർ മുഹമ്മദ് നബി(അ)യുടെ ജീ‍വിതത്തിലെ അത്യപൂർവ്വ സംഭവമായിരുന്ന *ഇസ്‌റാ‍അ് -മി‌അ്‌റാജ് യാത്ര യിൽ നബി (സ) തങ്ങൾക്ക് പല അത്ഭുത ദൃശ്യങ്ങളും തന്റെ ജനതയ്ക്ക് ,ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമായി അല്ലാഹു കാണിച്ച് കൊടുത്തിട്ടുണ്ട്. മിഅറാജ് യാത്രയിലെ അനേകം അനുഭവങ്ങളിൽ ഒന്നാണ് ഈ ഹദീസിൽ വിവരിച്ചിരിക്കുന്നത്. ‘ജനങ്ങളുടെ ഇറച്ചി തിന്നുന്നവർ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞ് പരിഹസിക്കുന്നവരെ പറ്റിയാണ്.

കുറിപ്പ്:

മറ്റുള്ളവരെ പരിഹസിക്കുക എന്നത് ഒരു നിത്യ തൊഴിലെന്ന വണ്ണം കൊണ്ട് നടക്കുന്നവർ നമുക്കിടയിലുണ്ട്. പരദൂഷണം പറയുന്നതിനെ അന്യന്റെ പച്ച മാംസം തിന്നുന്നതിനോടാണ് മറ്റ് പല സന്ദർഭങ്ങളിലും പ്രവാചകർ (സ) വിവരിച്ചിരിക്കുന്നത്. തന്റെ സഹോദരന് ഉള്ള ന്യൂനതകൾ തന്നെ പറയുന്നതും പരദൂഷണത്തിന്റെ ഗണത്തിലാണ് ഉൾപ്പെടുന്നതെങ്കിൽ പിന്നെ ഇല്ലാത്ത കുറ്റങ്ങൾ ആരോപിക്കുന്നതിനെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ! നമുക്ക് ആദ്യമായി നമ്മുടെ തന്നെ കാര്യം പരിശോധിക്കാം. നമ്മുടെ സ്വന്തം കുറ്റവും കുറവും പരിഹരിക്കാൻ വഴിയെന്തെന്ന് ആലോചിക്കുന്നതിനു പകരം ഞാനടക്കമുള്ളവർ ചെയ്യുന്നത് നമ്മുടെ കുറ്റം എങ്ങിനെയെങ്കിലും മൂടി വെച്ച് അന്യന്റെ ഉള്ളതും ഇല്ലാത്തതുമായ ന്യൂനതകൾ മറ്റുള്ളവർക്ക് മുന്നിൽ വിവരിച്ച അവരെ നാണം കെടുത്തുന്നതിലൂടെ ലോകമാന്യം നേടാൻ ശ്രമിക്കുകയല്ലേ !! മി‌അറാജ് യാത്രയിലെ സംഭവം വിരൽ ചൂണ്ടുന്ന കടുത്തതും പരിഹാസ്യവുമായ ശിക്ഷയാണ് അതിനു നമ്മെ കാത്തിരിക്കുന്നതെന്ന ഓർമ്മ നമ്മിലുണ്ടാക്കാനും അതിലൂടെ ഹീനമായ കൃത്യത്തിൽ നിന്ന് വിട്ടു നിൽക്കാനും നമുക്ക് ജഗന്നിയന്താവ് അനുഗ്രഹം ചൊരിയട്ടെ.

വെറുതെ ഒരു നേരം പോക്കിന്, സദസ്സിൽ ഒരു ചിരിയുണർത്തുന്നതിന് ,അതിലൂടെ വലിയ തമാശക്കാരനായി ചമഞ്ഞ് പൊങ്ങച്ചം കാണിക്കുവാനൊക്കെയായിരിക്കും പലപ്പോഴും മറ്റുള്ളവരെ താഴ്ത്തികെട്ടി പരിഹസിക്കാൻ പലരും ശ്രമിക്കുന്നത്. ഒരാളെ ഇകഴ്ത്തി അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ പറഞ്ഞ് ചില സ്വാധീനങ്ങൾ ചെലുത്തി കാര്യം നേടാനും തൊഴിൽ മേഖലകളിൽ ഇക്കൂട്ടർ വിഹരിക്കുന്നത് കാണാം. പാര എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവർ ചെയ്യുന്നതും ഈ കഠിന ശിക്ഷയ്ക്ക് പാത്രമാവുന്ന കാര്യമല്ലാതെ മറ്റൊന്നുമല്ല.

നമ്മുടെ രാഷ്ട്രീയ ,മത, സാംസ്കാരിക ,സാഹിത്യ വേദികളിൽ, നടക്കുന്ന വ്യക്തി ഹത്യകൾ ഏതെങ്കിലും ആദർശ-ആശയ സംരക്ഷണത്തിനു വേണ്ടിയോ മറ്റോ അല്ല മറിച്ച് (ആശയവും ആദർശവും സംരക്ഷിക്കാൻ വ്യക്തി ഹത്യകൾ അനുവദനീയമാണെന്ന് അർത്ഥമില്ല) തങ്ങളുടെ എതിരളികളെ മാനസികമായി തകർക്കുക അവരെ സമൂഹത്തിനു മുന്നിൽ താഴ്ത്തിക്കെട്ടുക എന്നത് മാത്രമായിരിക്കും ലക്ഷ്യം. “എനിക്ക് ഇന്ന് ഇന്ന് ന്യൂനതകൾ ഉള്ളവനാണ്, എന്റെ എതിർ സ്ഥാനാർത്ഥിയാണ് എന്നേക്കാൾ എന്ത് കൊണ്ടും യോഗ്യൻ” എന്ന് പ്രസംഗിച്ച് നടന്ന് അവസാനം ജനങ്ങൾ അദ്ധേഹത്തെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ഒരു സംഭവം വായിച്ചതോർക്കുന്നു. നമ്മുടെ ജന നായകർ, സാംസ്കാരിക, സാഹിത്യ നായകർ അങ്ങിനെ തങ്ങളുടെ കുറ്റവും കുറവും വിളിച്ച് പറയാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ !! അത് നാം ആഗ്രഹിക്കുന്നില്ലെങ്കിലും തന്റെ ആശയം അംഗീകരിക്കാത്തവരെ, അല്ലെങ്കിൽ തന്റെ അഭിപ്രായത്തിനെതിരിൽ അഭിപ്രായം പറയുന്നവരെ പരിഹസിക്കുന്നവർ പക്ഷെ സ്വയം പരിഹാസ്യരു സാധാരണ ജനങ്ങൾക്കിടയിൽ അവരുടെ വ്യൿതിത്വം അളക്കപ്പെടുകയും ചെയ്യുകയാണുണ്ടാവുന്നത് എന്നത് അവർ ഓർക്കുന്നില്ല. വ്യക്തി തലത്തിൽ നമ്മുടെ കുറ്റങ്ങൾ , കുറവുകൾ ലിസ്റ്റ് ചെയ്യാൻ നമ്മൾ ശ്രമിച്ചാൽ എന്താവും കഥ ! ആ നമ്മളല്ലേ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ പെടാ പാടു പെടുന്നത്. !!


തീർച്ചയായും ഉപേക്ഷിക്കേണ്ട ഒരു ദുസ്വഭാവം തന്നെയാണിത് എന്നതിൽ സംശയമില്ല. കടുത്ത ആത്മ നിയന്ത്രണം തന്നെ വേണ്ടി വരും ചിലപ്പോൾ എങ്കിലും മറ്റുള്ളവരെ പരിഹസിച്ച് അവരുടെ കുറ്റങ്ങൾ പറഞ്ഞ് നേടിയെടുക്കുന്ന നൈമിഷികമോ അല്ലെങ്കിൽ കുറച്ച് കാലത്തേക്കുള്ളതോ ആയ നേട്ടങ്ങൾക്ക് പകരം വരാനിരിക്കുന്നത് ശ്വശ്വതമായ പരിഹാസ്യമായ ശിക്ഷയാണെന്ന ഓർമ്മയുണ്ടാവാൻ ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തട്ടെ.

‘റബീഉൽ അവ്വൽ’ അഥവാ ‘ആദ്യ വസന്തം’ നമ്മോട് വിടപറയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരുദൂതരുടെ മൊഴിമുത്തുകൾ ഹൃദയത്തിൽ ഏറ്റുവാങ്ങി ജീവിതത്തിൽ പകർത്താൻ ഏവർക്കും അനുഗ്രഹമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ..ഏവർക്കും നബിദിനാശംസകൾ

*ഇസ്‌റാ‍‌അ് /Israa: Prophet's trip from Makkah to Masjid al-Aqsa in Jerusalem
*മി‌അ്‌റാജ് /Mi'raj: Prophet's journey to Heaven


മൊഴി മുത്തുകൾ-40


‘വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമായാൽ’മൊഴിമുത്ത്‌:

" അവസാന നാളിൽ ഒരാളെ കൊണ്ട്‌ വന്ന് നരകത്തിലേക്കെറിയപ്പെടും. അവന്റെ വയറ്റിൽ നിന്ന് കുടലുകൾ പുറത്ത്‌ വരികയും കഴുത ആസുകല്ലു ചുറ്റുന്നത്‌ പോലെ ആ കുടലുമായി അവൻ ചുറ്റിത്തിരിയുകയും ചെയ്യും. തത്സമയം നരക വാസികൾ അടുത്ത്‌ കൂടി അവനോട്‌ ചോദിക്കും. നിനക്കെന്ത്‌ പറ്റി ? നീ നല്ല കാര്യങ്ങൾ കൽപിക്കുകയും ചീത്ത വിരോധിക്കുകയും ചെയ്തിരുന്നവനാണല്ലോ ! അപ്പോൾ അവൻ പറയും .നല്ലത്‌ കൽപിച്ചിരുന്നെങ്കിലും ഞാനത്‌ ചെയ്തിരുന്നില്ല. തിന്മ വിരോധിച്ചിരുന്നെങ്കിലും ഞാൻ അത്‌ പ്രവർത്തിച്ചിരുന്നു "
(ഉസാമത്ത്ബ്നു ഹാരിസ(റ) നിവേദനം: ‌ബുഖാരി 6/238 , മുസ്‌ലിം, 2989 )

ഖുർആനിൽ അല്ലാഹു പറയുന്നു.

" സ്വശരീരങ്ങളെ മറന്ന് കൊണ്ട്‌ നിങ്ങൾ ജനങ്ങളോട്‌ നന്മയുപദേശിക്കുകയാണോ ? നിങ്ങൾ വേദ ഗ്രന്ഥം പാരായണം ചെയ്യുന്നുണ്ട്‌, എന്നിട്ടും അത്‌ നിങ്ങൾ മനസ്സിലാക്കുന്നില്ലേ!"
( സൂറത്ത്‌ അൽ-ബഖറ : സൂക്തം 44)


വിവരണം:

നല്ലത്‌ കൽപ്പിക്കുകയും ചീത്ത പ്രവൃത്തികൾ തടയുകയും ചെയ്തിട്ടും വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമാവുന്നതിനെ സംബന്ധിച്ചും അതിന്റെ അനന്തര ഫലത്തെ സംബന്ധിച്ചും ഈ ഹദീസും ആയത്തും നമ്മെ ഓർമ്മപ്പെടുത്തുന്നു.

കുറിപ്പ്‌ :

സത്യത്തിൽ ഈ ഹദീസും ആയത്തും നമ്മുടെ ഓരോരുത്തരുടെയും കണ്ണും ഖൽബും തുറപ്പിക്കേണ്ടതല്ലേ ! നമ്മുടെയൊക്കെ ഓരോരുത്തരുടെയും നിത്യ ജിവിതം എടുത്ത്‌ പരിശോധിച്ചാൽ നമ്മുടെ വാക്കും പ്രവൃത്തിയും തമ്മിൽ എത്രമാത്രം അന്തരമുണ്ടെന്ന് ഓരോരുത്തർക്കും ബോധ്യമാവും. കുടുംബ ജീവിതത്തിലായാലും, സുഹൃത്തുക്കളുമായും സമൂഹവുമായും ഇടപഴകുമ്പോഴായാലും നാം പ്രാവർത്തികമാക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ്‌ നാം മറ്റുള്ളവർക്ക്‌ ഉപദേശമായും നിർദ്ദേശമായും നൽകുന്നത്‌. അത്‌ പോലെ നമ്മുടെ മക്കളോടും ഭാര്യയോടും കൂട്ടുകാരോടും എല്ലാം ചെയ്യരുതെന്ന് വിലക്കുന്ന പല കാര്യങ്ങളും അവർ അറിയാതെ ചെയ്യുന്നവരല്ലേ ഞാനടക്കമുള്ളവരിലെ മിക്കപേരും !

ഇനി വ്യക്തി തലത്തിൽ നിന്ന് സമൂഹത്തിലേക്കിറങ്ങിയാൽ അവിടെ പഞ്ചായത്ത്‌ ,പള്ളിക്കമ്മിറ്റി മെമ്പർമുതൽ രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്നവരുടെ വരെ വാക്കും പ്രവ്രൃത്തിയും എത്ര മാത്രം സാമ്യമുണ്ടെന്നുള്ളത്‌ നാം കാണുന്നു. രാഷ്ടീയക്കാരുടെ കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ലാതതിനാൽ അതിലേക്ക്‌ പ്രവേശിക്കുന്നില്ല.

ചാരുകസേരയിലിരുന്ന് സിഗരറ്റ്‌ വലിച്ച്‌ അന്തരീക്ഷ മലിനീകരണവും അതോടൊപ്പം സ്വയം നശീകരണവും നടത്തിക്കൊണ്ടിരിക്കുന്ന പിതാവ്‌ തന്റെ മകനെ പുകവലിക്കുന്നതിൽ നിന്ന് വിലക്കുന്നതിലെ വിരോധാഭാസം പോലെ, പലപ്പോഴും നമ്മുടെ മക്കളുടെ മുന്നിൽ അവർ ചെയ്യരുതാത്തത്‌ ചെയ്യുമ്പോൾ ആത്മാർത്ഥമായി വിലക്കുവാൻ നമ്മിൽ പലർക്കും ആവില്ല എന്നതല്ലേ വാസ്തവം !

ഒരിക്കൽ പ്രവാചക സന്നിധിയിൽ, ‘തന്റെ മകൻ അമിതമായി മധുരം കഴിക്കുന്നു നബിയേ അവനെയൊന്ന് ഉപദേശിക്കണമെന്ന’ അഭ്യർത്ഥനയുമായി വന്ന ഉമ്മയോട്‌ അനുകൂലിച്ചോ പ്രതികൂലിച്ചോ മറുപടി പറയാതെ തിരിച്ചയക്കുകയും, വീണ്ടും ദിവസങ്ങൾക്ക്‌ ശേഷം അതേ പരാതിയുമായി ആ ഉമ്മ വന്നപ്പോൾ മകനെ വിളിച്ച്‌ നബി(സ) മധുരം കഴിക്കുന്നത്‌ കുറയ്ക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഇതിനു മുന്നേ വന്നപ്പോൾ പ്രതികരിക്കാതിരുന്നതിന്റെ കാരണമന്വേഷിച്ച മഹതിയോട്‌ പ്രവാചകർ (സ) പറഞ്ഞു. ‘ഞാനും മധുരം ഇഷ്ടപ്പെടുകയും കൂടുതൽ കഴിക്കുകയും ചെയ്തിരുന്നു. ഞാൻ ചെയ്യുന്ന കാര്യം മറ്റുള്ളവരെ വിലക്കുന്നതിനു മുന്നേ സ്വയം അതിൽ നിന്നു ഒഴിവാകുവാൻ ശീലിക്കുകയായിരുന്നു ഈ ദിവസങ്ങളിൽ’

അന്ത്യ പ്രവാചകർ മുഹമ്മദ്‌ നബി(സ)യുടെ ജന്മ ദിനം കൊണ്ട്‌ അനുഗ്രഹീതമായ മാസമായ റബീഉൽ അവ്വലിലേക്ക്‌ പ്രവേശിച്ച വേളയിൽ ആ മഹാനുഭാവന്റെ ഉപദേശങ്ങൾ ജീവിതത്തിൽ പാലിക്കാൻ ജഗന്നിയന്താവായ അല്ലാഹു ഏവരെയും അനുഗ്രഹിക്കട്ടെ .. ആശംസകൾ

അല്ലാഹുവിന്റടുക്കൽ ഏറ്റവും കോപത്തിനു പാത്രമാകുന്ന കാര്യമാണ്‌ ചെയ്യാത്തത്‌ ഉപദേശിക്കലും അഥവാ വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമാവൽ എന്ന ഓർമ്മയോടെ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ കഴിവിന്റെ പരമാവധി വാക്കും പ്രവൃത്തിയും ചേർന്ന് പോകാൻ സൗഭാഗ്യമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ..

മൊഴിമുത്തുകൾ-39

കോപത്തോട്‌ കൂടി വിധിക്കരുത്‌


മൊഴിമുത്ത് :

عن عبدِ الرَّحْمَنِ بن أبِي بَكَرةَ رَضِيَ اللهُ عنهُ قالَ سمعتُ رسولَ اللهِ صَلى اللهُ عليهِ وسلمَ

“ يَقُولُ : ”لاَ يَحْكُمْ أَحَدٌ بَيْنَ اثْنَيْنِ وَهُوَ غَضْبَانُരണ്ടാളുകളുടെ ഇടയിൽ വല്ല വിധിയും പ്രസ്താവിക്കാനുണ്ടെങ്കിൽ , കോപത്തോട്‌ കൂടി അരുത്‌; അത്‌ അവിവേകമായി കലാശിക്കാനിടയുണ്ട്‌.”


വിവരണം.


വല്ല കേസും തീരുമാനിച്ചു കൊടുക്കുവാനോ ,വല്ല വിധിയും പ്രസ്താവിക്കാനോ ഉണ്ടെങ്കിൽ അത്‌ സമാധാനത്തോടും ആലോചനയോടും പാകതയോടും കൂടി ചെയ്യണമെന്നും. ദേഷ്യത്തോട്‌ കൂടി വിധി പ്രസ്താവിക്കരുതെന്നും അങ്ങിനെ വന്നാൽ ‌; അത്‌ അവിവേകമായി കലാശിക്കാനിടയുണ്ടെന്നും ഈ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു.

കുറിപ്പ്

കോപം എന്ന വികാരം മനുഷ്യനെ പല വിധത്തിലുള്ള അപകടങ്ങളിലും കൊണ്ട്ചെന്ന് ചാടിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. കോപത്തെ ‍അടക്കുക എന്നതിലാണ് ഒരു മനുഷ്യന്റെ ശരിയായ ശക്തി നില കൊള്ളുന്നത്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും അത്‌ വളരെയധികം പ്രത്യാഘാതങ്ങൾ തീർത്ത സംഭവങ്ങൾ മിക്കപേർക്കും കണ്മുന്നിൽ കണ്ട അനുഭവങ്ങൾ ഉണ്ടായിരിക്കാനിടയുണ്ട്‌. കോപം കൊണ്ട്‌ മാനസിക വിഷമങ്ങൾ ഉണ്ടാവുന്ന പോലെ ശാരീരികമായും ആരോഗ്യപരമായും പല പ്രശ്നങ്ങളും ഉടലെടുക്കുന്നുവന്നത്‌ തെളിയിക്കപ്പെട്ടതാണ്‌. ഒരാളോട്‌ കോപം ഉള്ളിലുണ്ടെങ്കിൽ ശരിയായ രീതിയിലുള്ള ഉറക്കം തന്നെ സാധ്യമാവാതെ വരുന്നത്‌ സ്വാഭാവികം. അയാളെ എങ്ങിനെ കീഴ്പ്പെടുത്തണം അല്ലെങ്കിൽ അയാളുടെ പരാജയം കാണാനെന്ത്‌ വഴി എന്നതാലോചിച്ച്‌ രക്തസമ്മർദ്ദം കൂട്ടി ഉറക്കം തന്നെ നഷ്ടപ്പെടുത്തുന്നതിലേക്കും അത്‌ പിന്നെ ദിനചര്യയിലും താൻ ചെയ്ത്‌ കൊണ്ടിരിക്കുന്ന ജോലിയെയും വരെ ബാധിക്കുന്ന വിധത്തിലേക്ക്‌ അവനെ എത്തിക്കുകയും ചെയ്യുന്നു.

ഈ ഹദീസിൽ വിവരിച്ചത്‌ പോലെ ഒരു മധ്യസ്ഥനാവുമ്പോൾ അല്ലെങ്കിൽ ഒരു കാര്യത്തിൽ വിധി പ്രസ്ഥാവിക്കുമ്പോൾ നീതി യുക്തമായിരിക്കണം ആ വിധി എന്നത്‌ വിധിക്കുന്നവനെ സംബന്ധിച്ചും അവൻ ഉൾപ്പെടുന്ന സമൂഹത്തെ, രാജ്യത്തെ സംബന്ധിച്ചും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌. പല കേസുകളിലും തർക്കങ്ങളിലും പക്ഷെ ഇന്ന് നടക്കുന്നത്‌ മുൻവിധികളോടെയും ഈർഷ്യതയോടെയും കുറ്റം ചെയ്ത അല്ലെങ്കിൽ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയോടുള്ള അല്ലെങ്കിൽ ആ വ്യക്തി ഉൾപ്പെട്ട സമൂഹത്തോടുള്ള നിരസമോ കോപമോ അടിസ്ഥാനമാവുമ്പോൾ ആ അവിവേക പൂർണ്ണമായ വിധി പ്രസ്ഥാവം പലപ്പോഴും സമൂഹത്തിൽ ഭിന്നിപ്പിനും കുഴപ്പങ്ങൾക്കും കാരണമാവുന്നു.

വ്യക്തി താത്പര്യങ്ങൾ ഒരിക്കലും ഒരു ന്യായാധിപൻ , ഒരു മധ്യസ്ഥൻ തന്റെ ജഡ്ജ്‌മന്റിൽ കൂട്ടിച്ചേർക്കരുത്‌. താൻ വിധിക്കുന്നത്‌ തികച്ചും വിവേകപൂർണ്ണവും നീതിയുക്തവുമാണെന്ന് പൂർണ്ണ ബോധ്യം അദ്ദേഹത്തിനുണ്ടായിരിക്കുമ്പോൾ ആ വിധി സമൂഹത്തിനു മൊത്തത്തിൽ ഗുണം ചെയ്യും മറിച്ചായാൽ നിരപരാധികൾ ശിക്ഷിക്കപ്പെടുകയോ അപരാധികൾ രക്ഷപ്പെടുകയോ ചെയ്യുന്നതോടൊപ്പം സമൂഹത്തിലും അതിന്റെ ദൂശ്യ ഫലങ്ങൾ അനുഭവപ്പെടുന്നു.

കാരുണ്യത്തിന്റെ ഉറവിടമായ മുത്ത്‌ റസൂൽ (സ) തങ്ങളുടെ ജീവിതവും തന്റെ ചര്യ അതേപടി പിന്തുടർന്ന അനുചരരുടെയും (സഹാബത്ത്‌) ജിവിതമാകട്ടെ നമുക്ക്‌ മാതൃക. അല്ലാതെ മതത്തിന്റെ മേലങ്കിയണിഞ്ഞ്‌ അതിന്റെ മറവിൽ അവിവേകപൂർണ്ണമായ വിധി പ്രസ്താവം നടത്തി അതിലൂടെ താൻ ഉൾപ്പെടുന്ന സമൂഹത്തെ പൊതു സമൂഹത്തിൽ കൊത്തി വലിക്കാൻ കാരണമുണ്ടാക്കുന്ന അഭിനവ മുസ്ലിം നാമ ധാരികളായ ഭരണാധികാരികളല്ല നമുക്ക്‌ മാതൃക.

കുറെ നാളുകൾക്ക്‌ ശേഷമാണ്‌ ഈ ചെറിയ കുറിപ്പ്‌.. നമ്മുടെ നാട്‌ ഒരു മഹത്തായ വികാരത്തിന്റെ ആമോദത്തിൽ മുഴുകുമ്പോൾ അകലങ്ങളിലാണെങ്കിലും മനസു കൊണ്ടു നേരുന്നു.. എല്ലാ സഹോദരങ്ങൾക്കും മുൻകൂറായിറിപ്പബ്ലിക്‌ ദിനാശംസകൾ’