മൊഴിമുത്തുകള്‍-9

കാലത്തെ അധിക്ഷേപിയ്ക്കരുത്‌
മൊഴിമുത്ത്‌:
  • അല്ലാഹു പറയുന്നു. കാലത്തെ അധിക്ഷേപിച്ച /ചീത്ത വിളിച്ച മനുഷ്യന്‍ എന്നെ അധിക്ഷേപിക്കുന്നു. കാരണം, ഞാനാണു കാലം. എന്റെ നിയന്ത്രണത്തിലാണു എല്ലാ കാര്യങ്ങളും. രാത്രിയും പകലും മാറ്റി മറിക്കുന്നതും ഞാന്‍ തന്നെ. (ബുഖാരി (റ) & മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം:
കാലത്തെ പഴിക്കുന്നതിനെ പറ്റിയാണു ഇവിടെ പറഞ്ഞിരിക്കുന്നത്‌. കൊല്ലത്തെയും /കാലത്തെയും എടുത്ത്‌ പറഞ്ഞ്‌ ആക്ഷേപിക്കുന്നത്‌ ശരിയല്ല. അത്‌ അല്ലാഹുവിനെ തന്നെ ആക്ഷേപിയ്ക്കുന്നതിനു തുല്യമാണത്‌ രാത്രി പകലാക്കുന്നതും പകലിനെ വീണ്ടും രാത്രിയാക്കുന്നതുമടക്കം സര്‍വ്വം നിയന്ത്രിക്കുന്നത്‌ അല്ലാഹുവാണ്. അതിനാല്‍ കാലത്തെ അധിക്ഷേപിക്കരുതെന്ന് ഈ ഹദീസ്‌ പഠിപ്പിക്കുന്നു.

കുറിപ്പ്‌:

സാധാരണയായി ജനങ്ങള്‍ പറയാറുള്ള ഒരു കാര്യമാണു . ഈ വര്‍ഷം വളരെ മോശമാണെനിയ്ക്ക്‌. .. കാലം വളരെ പിഴച്ച്‌ പോയിരിക്കുന്നു. മുന്‍കൊല്ലം ഏറെ നന്നായിരുന്നു... പണ്ട്‌ കാലത്ത്‌ വളരെ നന്മകള്‍ ഉണ്ടായിരുന്നു... ഈ കാലത്ത്‌ തിന്മകള്‍ അധികരിച്ചിരിക്കുന്നു... എന്നൊക്കെ. എന്നാല്‍ അതിനൊപ്പം അതിന്റെയൊക്ക കാരണമായി (നല്ലതിന്റെയും ചീത്തയുടെയും ) നാം കാലത്തെ പഴിയ്ക്കാന്‍ പാടില്ല. കാലത്തെ പഴിക്കുന്നതിലൂടെ നാം ജഗന്നിയന്താവായ അല്ലാഹുവിനെ തന്നെ പഴിക്കുന്നതിനു തുല്യമായ കാര്യമാണു ചെയ്യുന്നത്‌. ഈ ലോകത്ത്‌ നടക്കുന്ന സര്‍വ്വതും നിയന്ത്രിയ്ക്കുന്ന , രാവിന്റെയും പകലിന്റെയും, എല്ലാ കാലങ്ങളുടെയും നിയന്ത്രണാധിപനായ അല്ലാഹു നല്ല കാലം, ചീത്ത കാലം എന്നിങ്ങനെ കാലത്തെ വിഭജിച്ചിട്ടില്ല .മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി അവനു വന്ന്ഭവിക്കുന്ന കാര്യങ്ങള്‍ക്ക്‌ അവന്‍ കാലത്തെ പഴിപറഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിയ്ക്കരുത്‌ .
എല്ലാ അവസ്ഥകളിലും പാഠങ്ങള്‍ ഉള്‍കൊണ്ട്‌ ക്ഷമയോടെ ജീവിതം നയിയ്ക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ..

മൊഴിമുത്തുകള്‍-8

രണ്ടുമുഖം
മൊഴിമുത്ത്‌ :
  • ചിലരുടെ അടുക്കല്‍ ഒരു‍ മുഖവും മറ്റു ചിലരുടെ അടുക്കല്‍ വേറൊരു മുഖവും ആയി വര്‍ത്തിക്കുന്നവരെ ജനങ്ങളില്‍ ഏറ്റവും മോശപ്പെട്ടവരായി അവസാന നാളില്‍ (ഖിയാമത്ത്‌ നാളില്‍ ) അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ കാണുന്നതാണ് ( മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
  • ഈ ലോകത്ത്‌ രണ്ട്‌ മുഖമുള്ളവന്‍ ആരോ അവനു ഖിയാമ നാളില്‍ ( അന്ത്യ നാളില്‍ ) തീ കൊണ്ടുള്ള രണ്ട്‌ നാവുകളുണ്ടായിരിക്കുന്നതാണ് ( അബൂദാവൂദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം:
സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക്‌ വേണ്ടി സാഹചര്യത്തിനും ജനങ്ങള്‍ക്കുമൊത്തും സംസാരിച്ച്‌ എല്ലാവരുടെയും പ്രീതി സമ്പാദിയ്ക്കാന്‍ ശ്രമിയ്ക്കുന്ന രണ്ട്‌ മുഖക്കാരായ ( ഒന്ന് മനസ്സില്‍ വെച്ച്‌ മറ്റൊന്ന് പറയുന്നവര്‍ ) മനസ്സാക്ഷിയില്ലാത്ത ജനങ്ങളെ എവിടെയും കാണാം. അത്തരക്കാരെ കുറിച്ചാണു ഈ ഹദീസുകള്‍ (നബി വചനങ്ങള്‍ ) സൂചിപ്പിക്കുന്നത്‌. അത്തരം സ്വഭാവം വളരെ മോശമാണെന്നും ശിക്ഷാര്‍ഹമാണെന്നും നബി (സ) പഠിപ്പിക്കുന്നു.
കുറിപ്പ്‌:
വര്‍ത്തമാന കാലഘട്ടത്തില്‍ ഏറെയൊന്നും വിശദീകരണം ആവശ്യമില്ലാത്ത കാര്യമാണു രണ്ടു മുഖവുമായി വര്‍ത്തിക്കുന്നവരുടേ കാര്യം.പുറമെ അലക്കി തേച്ച ചിരിയും കൂപ്പുകൈകളുമായി ജനങ്ങളെ സമീപിച്ച്‌ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പിന്തുണ ഉറപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ മുതല്‍ സാധാരണ കുടുംബങ്ങളില്‍ വരെ, ഭാര്യയും ഭര്‍ത്താവും തമ്മില്‍ , സഹോദരങ്ങള്‍ തമ്മില്‍, സുഹൃത്തുക്കള്‍ തമ്മില്‍ എല്ലാം തങ്ങളുടെ യഥാര്‍ത്ഥ മുഖം ഒളിപ്പിച്ച്‌ കാപട്യത്തിന്റെ മുഖം മൂടിയണിന്‍ഞ്ഞ്‌ പകല്‍ മാന്യരായി നടക്കുന്നവര്‍. ഇത്തരക്കാര്‍ അവസരം കിട്ടുമ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തെടുക്കുന്നു. അതിന്റെ പരിണിത ഫലങ്ങള്‍ സമൂഹത്തില്‍ നാം കണ്ട്‌ അനുഭവിക്കുകയും ചെയ്യുന്നു. മത സാംസ്കാരിക സാഹ്യത്യ മണ്ഡലങ്ങളിലെല്ലാം ഇക്കൂട്ടര്‍ അധികരിച്ചിരിക്കയാണ്. മറ്റുള്ളവരുടെ കയ്യടി വാങ്ങാന്‍ ആദര്‍ശം പണയം വെക്കുന്ന, നല്ല പേരു നില നിര്‍ത്താന്‍ അനീതി കണ്ടാലും പ്രതികരിക്കാതെ ചെരുപ്പിനനുസരിച്ച്‌ കാലു മുറിച്ച്‌ പാകപ്പെടുത്തുന്നവര്‍. ഇവരൊക്കെ സൂക്ഷിക്കുന്ന പൊയ്മുഖങ്ങള്‍ ഒരു നാളില്‍ മറനീക്കി പുറത്ത്‌ വരിക തന്നെ ചെയ്യും. അഭിപ്രായം തുറന്ന് പറയാനും, നല്ലതിനെ അഭിനന്ദിക്കാനും നമ്മുടെ വ്യക്തി ബന്ധങ്ങളും മറ്റും ഒരിയ്ക്കലും തടസ്സമാവരുത്‌.

മൊഴിമുത്തുകള്‍-7

പുഞ്ചിരിയോടുകൂടി സംസാരിയ്ക്കുക

മൊഴിമുത്ത്‌:

  • നിന്റെ സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നത്‌ നിനക്ക്‌ ധര്‍മ്മമാണ്. ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
  • പുഞ്ചിരിയില്ലാതെ നബി (സ ) ഒരു വര്‍ത്തമാനവും പറയാറില്ല. ( അബുദര്‍ദാ അ (റ) ല്‍ നിന്ന് അഹ്‌മദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്തത്‌)

വിവരണം:

മറ്റുള്ളവരുമായി സംസാരിയ്ക്കുമ്പോള്‍ പുഞ്ചിരിയോടെയും തെളിവാര്‍ന്ന മുഖത്തോടെയും ആയിരിക്കണം. ഇത്‌ ഏത്‌ കഠിന ഹൃദയരെയും സന്തോഷിപ്പിക്കും. നബി (സ) അപ്രകാരമാണു സംസാരിച്ചിരുന്നത്‌. അതിനാല്‍ തന്നെ വ്യക്തിപരമായി നബി(സ)യെ ആരും വെറുത്തിരുന്നില്ല, എന്ന് മാത്രമല്ല നബി(സയുടെ സംസാരം ശത്രുക്കള്‍ക്ക്‌ പോലും ഗുണം ചെയ്തിട്ടുണ്ട്‌. തന്റെ സഹോദര‍ന്റെ മുഖത്ത്‌ നോക്കി ഒന്ന് പുഞ്ചിരിക്കുന്നത്‌പോലും ധര്‍മ്മമാണെന്ന് പഠിപ്പിക്കുമ്പോള്‍ പുഞ്ചിരിയോടെ സംസാരിക്കുന്നതിന്റെ മഹത്വം വിവരിക്കേണ്ടതില്ല.

കുറിപ്പ്‌:
അധുനിക യുഗത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്ന കാര്യമാണു ഒരു പുഞ്ചിരി ചുണ്ടില്‍ വിടര്‍ത്തുക എന്നത്‌. എല്ലാ മുഖങ്ങളിലും ഗൗരവം. പൊട്ടിച്ചിരിപ്പിക്കാനുതകുന്ന തമാശ കേട്ടാലും ഒരു ചെറുചിരിയുതിര്‍ക്കാതെ ശ്വസം പിടിച്ചിരിക്കുന്നവരെ കാണാം. ചിരിച്ചാല്‍ തന്റെ ഇമേജിനു കോട്ടം തട്ടുമോയെന്ന് ഭയപ്പെടുന്ന പൊങ്ങച്ചസംസ്കാരത്തിനു അടിമയായവര്‍. പരിചയമുള്ളവരായാല്‍ തന്നെ കണ്ടുമുട്ടിയാല്‍ ഒരു ചെറുചിരി സമ്മാനിക്കാന്‍ നില്‍ക്കാതെ നടന്നകലുന്നവര്‍. യാതൊരു ചിലവുമില്ലാതെ എന്നാല്‍ തനിക്കു തന്നെ ആരോഗ്യപരമായും മാനസികപരമായും വളരെ നല്ലതെന്ന് ആധുനിക ആരോഗ്യശാസ്ത്രം വരെ വിധിയെഴുതിയ നിര്‍ദോശമായ രണ്ടു ചുണ്ടുകളുടെ അനക്കം അടക്കി ഗൗരവം നടിക്കുന്നവര്‍. ചിലരുണ്ട്‌, അവര്‍ സമൂഹത്തില്‍ / വീടിനു വെളിയില്‍ വളരെ നല്ല രീതിയില്‍ ആളുകളുമായി ഇടപഴകുകയും തമാശകള്‍ പറയുകയും ചെയ്യും. എന്നാല്‍ വീടിന്റെ പടിക്കലെത്തിയാല്‍ വേറൊരു കപട ഗൗരവത്തിന്റെ മുഖമണിയുന്നു. പിന്നെ ചിരിയുമില്ല.. തമാശയുമില്ല.! ചിരിച്ചാല്‍ താന്‍ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ ചെറുതാവുമെന്ന ഭയം.
പുഞ്ചിരിക്കുന്നതില്‍ പുണ്യമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകന്റെ അധ്യാപനം നമുക്ക്‌ മാത്യകയാക്കാം. പരസ്പരം പുഞ്ചിരിച്ച്‌ ,മുഖ പ്രസാദത്തോടെ നമുക്ക്‌ സംവദിയ്ക്കാം.. നാഥന്‍ തുണയ്ക്കട്ടെ . ആമീന്‍