Showing posts with label റമദാന്‍. Show all posts
Showing posts with label റമദാന്‍. Show all posts

മൊഴിമുത്തുകൾ-38

നോമ്പ്കാരൻ

മൊഴിമുത്ത്‌ :

റസൂൽ (സ) തങ്ങൾ പറഞ്ഞു. 'നിങ്ങൾ നോമ്പ്‌ അനുഷ്ഠിച്ചാൽ ചീത്ത പറയുകയോ ബഹളം വെക്കുകയോ ചെയ്യരുത്‌. ആരെങ്കിലും നിങ്ങളെ ചീത്ത പറയുകയോ നിങ്ങളുമായി ശണ്ഠ കൂടുകയോ ചെയ്താൽ നിശ്ചയം ഞാൻ നോമ്പുകാരനാണെന്നു നിങ്ങൾ പറയുക' (അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട, ബുഖാരി 4,88,39,101 മുസ്ലിം 1151 റിപ്പോർട്ട്‌ ചെയ്ത ഹദീത്‌)

'ചീത്ത വാക്കുകളും അതനുസരിച്ചുള്ള പ്രവർത്തനവും ഉപേക്ഷിക്കാത്തവൻ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന്‌ യാതൊരാവശ്യവുമില്ല' ( ബുഖാരി 4/99,100 ; അബുഹുറൈറ(റ) വിൽ നിന്ന് നിവേദനം )

വിവരണം:

കേവലം ശരീരത്തിനു മാത്രമല്ല നോമ്പ്‌ മറിച്ച്‌ വാക്കിനും പ്രവർത്തികൾക്കും ചിന്തകൾക്കും വ്രതം ബാധകമാണെന്നും, ചീത്ത വാക്കുകളും ചീത്ത പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതിന്റെയും, ക്ഷമ പാലിക്കേണ്ടതിന്റെയും ആവശ്യകതയും ഈ മൊഴിമുത്ത്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. നോമ്പ്‌ കാലത്ത്‌ അത്തരം കാര്യങ്ങൾ ഒഴിവാക്കി അല്ലാത്ത കാലത്തൊക്കെ അതാവാം എന്ന് അതിന്‌ അർത്ഥമില്ല. മറിച്ച്‌ നോമ്പ്‌ കാലത്ത്‌ പ്രത്യേകം ശ്രദ്ധിക്കുകയും അങ്ങിനെ ക്ഷമ പാലിക്കുന്നതിലൂടേ നേടിയെടുക്കുന്ന ഗുണങ്ങൾ ജീവിതത്തിലുടനീളം പകർത്താൻ പരിശ്രമിക്കുകയുമാണ്‌ വേണ്ടത്‌

കുറിപ്പ്:

പരിശുദ്ധ റമളാൻ മാസം നമ്മിലേക്ക്‌ വീണ്ടും എത്തുകയാണ്‌. റസൂൽ (സ) തങ്ങൾ റമളാൻ മാസത്തിന്റ്‌ ആഗമനത്തിനു രണ്ട്‌ മാസങ്ങൾക്ക്‌ മുന്നേ അഥവാ റജബ്‌ മാസത്തിൽ തന്നെ പ്രത്യേകം പ്രാർത്ഥനകൾ നിർവ്വഹിക്കാറുണ്ട്‌. 'അല്ലാഹുവേ റജബിലും ശഅബാനിലും ( റമാളാനിനു തൊട്ടുമുമ്പുള്ള 2 മാസങ്ങൾ) ബറകത്ത്‌ ചെയ്യേണമേ, റമളാനിനെ ഞങ്ങൾക്കെത്തിക്കേണമേ, ആരാധനകൾ വർദ്ധിപ്പിക്കാനും ഖുർആൻ പാരായണം ചെയ്യാനും അനുഗ്രഹിക്കേണമേ ' തുടങ്ങിയ പ്രാർത്ഥനകൾ പണ്ഡിതന്മാർ വിവരിക്കുന്നു.

നമ്മുടെ നാട്ടിലൊക്കെ അടുത്ത കാലം വരെയും ഏതൊരു മതസ്ഥരായാലും അവരുടെ മതവിശ്വാസമനുസരിച്ച്‌ പുണ്യമായി കാണക്കാക്കുന്ന ദിനങ്ങളും മാസങ്ങളുമൊക്കെ വരുമ്പോൾ വീടും വീട്ടു മുറ്റവും, മനസ്സും ആ ദിനങ്ങളെ വരവേൽക്കുന്നതിനായി ഒരുക്കാറുള്ളത്‌ നമുക്ക്‌ സുപരിചിതമാണ്‌. വിത്യസ്ത വിശ്വാസ പ്രമാണങ്ങളിൽ ജീവിക്കുന്ന അയൽവാസികൾ പരസ്പരം, ഇത്തരം അവസരങ്ങളിൽ വിശേഷിച്ചും അന്യോന്യം സഹായ സഹകരണങ്ങൾ ചെയ്യാറുമുണ്ട്‌. ഇന്നും ഗ്രാമങ്ങളിലെങ്കിലും അത്തരം നല്ല സൗഹൃദങ്ങൾ നില നിൽക്കുന്നുവെന്ന്തന്നെയാണെന്റെ അനുഭവ സാക്ഷ്യം.

നാട്ടിൻ പുറത്ത്‌ അമുസ്ലിം സഹോദരങ്ങൾവരെ തന്റെ മുസ്ലിം അയൽവാസിയുടെ വ്രതത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഭക്ഷണകാര്യത്തിൽ പോലും മിതത്വവും രഹസ്യ സ്വഭാവവും കാത്തു സൂക്ഷിച്ചിരുന്നു. പഠന കാലത്തും സുഹൃത്തുക്കൾ നോമ്പ്‌ കാരനായ മുസ്ലിം സുഹൃത്തിനോട്‌ ബഹുമാന പുരസ്സരം പെരുമാറിയിരുന്നു. അങ്ങിനെ ഒരു നാട്‌ മുഴുവൻ ആ നാട്ടിലെ അന്തരീക്ഷം മുഴുവൻ പുണ്യമാസത്തിന്റെ മഹത്വം നെഞ്ചിലേറ്റാൻ തയ്യാറായിരുന്നു. അതിന്റെ പ്രതിഫലനം ഓരോ നാട്ടിലേയും ജീവിതങ്ങളിൽ നിഴലിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ഏറെ വിത്യാസപ്പെട്ടിരിക്കുന്നു. റമളാനിനെ അതിന്റെ യഥാവിധി വരവേൽക്കാൻ അതിന്റെ ആളുകൾക്ക്‌ തന്നെ സമയമില്ല. ആർക്കോ വേണ്ടി ചെയ്യുന്ന പോലെയുള്ള നാട്യങ്ങളാവുന്നില്ലേ പലപ്പോഴും. 'എത്രയോ നോമ്പുകാരുണ്ട്‌, അവർക്ക്‌ പട്ടിണിയല്ലാതെ ഒന്നും ബാക്കിയാവുന്നില്ല' എന്ന് നബി(സ) അരുളിയ തരത്തിലുള്ള നോമ്പുകാർ അധികരിക്കുന്നു. വ്രതം കൊണ്ട്‌ ലക്ഷ്യം വെക്കുന്നതൊന്നും നേടാനാവാതെ വിഷപ്പ്‌ മാത്രം സഹിച്ചിട്ട്‌ എന്ത്‌ ഫലം.

നമ്മുടെ വീട്ടിലേക്ക് നാം ഇഷ്ടപ്പെടുന്ന ഒരു അതിഥി വരുന്നുണ്ടെന്ന് മുൻകൂട്ടി അറിയുന്ന നാം ആ വിരുന്നുകാരനെ വരവേൽക്കുവാൻ നമ്മുടെ വീട്ടിന്റെ സ്വീകരണ മുറി അടിച്ചു വൃത്തിയാക്കി ഇരിപ്പിടങ്ങളൊക്കെ ശരിയാക്കി മേശപ്പുറം അലങ്കരിച്ച്‌ വിഭവങ്ങളൊരുക്കി ഒപ്പം അവരെ സ്വീകരിക്കാൻ സന്തോഷത്തോടെ മനസ്സൊരുക്കി കാത്തിരിക്കുന്നു. നമ്മുടെ വീട്ടിൽ കയറി വരുന്ന ആൾക്കും അത്‌ പ്രത്യക്ഷത്തിൽ തന്നെ മനസ്സിലാവും എന്നെ സ്വീകരിക്കാൻ വേണ്ടി നടത്തിയ ഒരുക്കങ്ങൾ.. തനിക്ക്‌ വേണ്ടി തയ്യാറാക്കിയ വിഭവങ്ങൾ... നമ്മുടെ ഊഷ്മളമായ സത്കാരം കഴിഞ്ഞ്‌ സന്തുഷ്ടരായി അവർ തിരിച്ച്‌ പോകുന്നു. അത്‌ പോലെ പരിശുദ്ധ റമളാനിനെ സ്വീകരിക്കാൻ നാം ഒരുങ്ങിയിട്ടുണ്ടോ ! നമ്മുടെ വീടിന്റെ കാര്യം ശ്രദ്ധിയ്ക്കാൻ നമ്മുടെ മുറ്റത്തൊന്ന് നടക്കാൻ (മുറ്റം ഉള്ളവർക്ക്‌ ) നമുക്ക്‌ എന്നോ സമയം നഷ്ടമായിരിക്കുന്നു. നമ്മുടെ മനസ്സും അത്തരത്തിൽ നഷ്ടമാവുകയല്ലേ. അസൂയയും, പൊങ്ങച്ചവും, വിശ്വാസവഞ്ചനയും, അശ്ലീലവും മറ്റ്‌ അരുതായ്മകളും കൊണ്ട്‌ ചീഞ്ഞളിഞ്ഞ വൃത്തിഹീനമായ ഒരുമനസ്സിനു മേൽ അത്തർ പൂശി മണപ്പിച്ച ഒരു കാപട്യത്തിന്റെ ശരീരമാവുന്ന പുറം കോട്ടുമിട്ടല്ലേ നാം വിശുദ്ധ റമളാനിനെ വരവേത്കാൻ കാത്തിരിക്കുന്നത്‌ ! നമ്മുടെ വീട്ടിൽ കയറി വരുന്ന റമളാൻ മാസത്തിനായി നമ്മുടെ മനസ്സിന്റെ സ്വികരണ മുറി ഒരുക്കിയിട്ടില്ല ! വിഭവങ്ങൾ ഒന്നും തയ്യാറായിട്ടില്ല! പക്ഷെ വന്ന് കയറുന്ന റമളാൻ നമ്മിൽ സംതൃപ്തരാവുകയും വേണം ! അത്‌ വിരോധാഭാസമല്ലേ . ആദ്യം എന്നോട്‌ പിന്നെ എന്റെ പ്രിയ വായനക്കാരോട്‌ ചോദിക്കാനുള്ളത്‌ അതാണീപ്പോൾ..

അതിഭൗതികതയുടെ മാലിന്യങ്ങളാൽ വൃത്തിഹീനമായ മനസാകുന്ന മീൻ പാത്രവുമായി പരിശുദ്ധമായ റമളാൻ മാസമാകുന്ന ശുദ്ധമായപാൽ വാങ്ങാൻ കാത്തുനിൽക്കുന്നവരേക്കാൾ ബുദ്ധിശ്യൂന്യർ വേറെ ആരാണുണ്ടാവുക. ! സ്ഥിരമായി മത്സ്യം വാങ്ങുന്ന പാത്രം ശരിക്ക്‌ തേച്ച്‌ കഴുകി വൃത്തിയാക്കാതെ അതിൽ പാൽ വാങ്ങിയാൽ ആ പാൽ കൊണ്ട്‌ എന്ത്‌ ഉപകാരമാണുണ്ടാവുക. അപ്രകാരമായിരിക്കും നമ്മുടെ മലീമസമായ മനസ്സിനെ പാകപ്പെടുത്താതെ റമളാൻ കടന്നുവന്നാലുണ്ടാവുക. റമളാൻ ഒന്ന് മുതൽ പെട്ടെന്ന് ഇലക്ട്രിക് സ്വിച്ച് ഓൺ -ഓഫ് ചെയ്യുന്ന ലാഘവത്തോടെ മാറ്റാൻ കഴിയുന്നതല്ല നമ്മുടെയൊക്കെ മനസ്സിന്റെ ,പ്രവർത്തനങ്ങളുടെ അവസ്ഥ എന്നിരിക്കെ മുന്നൊരുക്കം തുടങ്ങേണ്ട സമയം അതിക്രമിക്കുകയാണ്. മനസ്സും ശരീരവും ഒരുക്കാൻ ,ഒരുങ്ങാൻ സമയം ആവശ്യമാണ്.

ഇവിടെ കൂടി ഈ മൊഴിമുത്തിന്റെ പ്രാധാന്യം നമ്മൾ കാണേണ്ടതുണ്ട്. ക്ഷമാശീലമായ മനസ്സൊരുക്കാൻ മുൻ‌കൂട്ടി തയ്യാറാകേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടി ഈ മൊഴിമുത്ത് നമ്മെ എത്തിക്കുന്നു. മനുഷ്യന്റെ അവന്റെ ദേഹേച്ഛയുടെ ചായ്‌വ്‌ തെറ്റുകളിലേക്കായിരിക്കും അതിനെ തടയിടാൻ ഏറ്റവും ഫലപ്രദമായ മാർഗമാണീ വ്രതം ലക്ഷ്യം വെക്കുന്നത്‌. അല്ലാതെ തിരുനബി (സ)അരുളിയ പോലെ, കുറെ ആളുകൾ അന്നപാനീയങ്ങൾ ഉപേക്ഷിച്ചതിനാൽ ജഗന്നിയന്താവായ അല്ലാഹുവിന്‌ യാതൊന്നും നേടാനില്ല. എല്ലാം മനുഷ്യന്റെ സാംസ്കാരികമായ ഉന്നമനമാണ്‌ ലക്ഷ്യം വെക്കുന്നത്‌ അതിനൊപ്പം തന്റെ നാഥന്റെ കൽപന പാലിക്കുന്നതിലൂടെ പരലോക മോക്ഷവും.

പരിശുദ്ധ റമളാനിനെ അർഹിക്കുന്ന ആദരവോടേ വരവേത്ക്കാനും വേണ്ടവിധം സത്കരിക്കാനും സന്തോഷത്തോടെ യാത്രയാക്കാനും നാഥൻ തുണയാകട്ടെ. നമ്മുടെ മനസ്സിനെ പാകപ്പെടുത്താൻ മാലിന്യങ്ങൾ നീക്കി മനോഹരമാക്കാൻ കഴിയട്ടെ. ആ വൃത്തിയും വെടിപ്പും റമളാനിനു ശേഷവും നില നിർത്താൻ നമുക്ക്‌ കഴിയട്ടെ. റമളാൻ വ്രതത്തിലൂടെ നേടിയെടുക്കുന്ന ശാരീരികവും മാനസികവുമായ ഊർജ്ജ്വസലതയും ആത്മീയ ഉത്കർഷവും നമ്മുടെ വ്യക്തി-കുടുംബ ജീവിതത്തിലും അയൽ ബന്ധങ്ങളിലും നമ്മുടെ നാടിന്റെ നന്മയിലും വിനിയോഗിക്കാൻ നമുക്കേവർക്കും കഴിയട്ടെ. വ്യക്തി ജീവിതത്തിൽ നേടിയെടുക്കുന്ന നല്ല മാറ്റങ്ങൾ തുടർജീവിതത്തിൽ നമുക്ക് സ്വന്തമെന്ന പോലെ അതിന്റെ നല്ല വശങ്ങൾ നമ്മുടെ സഹജീവികൾക്കും ഉപയോഗപ്പെടുന്നില്ലെങ്കിൽ നാം നേടിയെടുത്തു എന്ന് പറയുന്ന ആത്മി‍യോത്കർഷം വെറും പുറം തോട് മാത്രമാണെന്ന തിരിച്ചറിവിലേക്ക് .... നിങ്ങൾ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് അല്ലാഹുവിന്ന് യാതൊരു പ്രയോജനവുമില്ല എന്ന പ്രഖ്യാപനം നമ്മുടെ മനസ്സിൽ ഉണ്ടാവട്ടെ..

റമളാൻ നമ്മിലേക്ക് സന്തോഷ പൂർവ്വം കടന്ന് വരട്ടെ എന്ന പ്രാർഥനയോടെ

അനുബന്ധ പോസ്റ്റുകൾ
20. വിശപ്പിന്റെ മഹത്വം

മൊഴിമുത്തുകള്‍-21


റമദാന്‍ വ്രതത്തിന്റെ മഹത്വം

മൊഴിമുത്തുകള്‍:




  • ‍റസൂല്‍ (സ) പറഞ്ഞു. " അല്ലാഹു പ്രഖ്യാപിച്ചു; മനുഷ്യര്‍ ചെയ്യുന്ന കര്‍മ്മങ്ങളില്‍ വ്രതമല്ലാത്ത സര്‍വ്വ കര്‍മ്മങ്ങളും അവര്‍ക്ക്‌ തന്നെയുള്ളതാണ്, വ്രതമാകട്ടെ എനിക്കുള്ളതാണ് ! ഞാനാണതിനു പ്രതിഫലം നല്‍കുന്നത്‌. വ്രതം ( തെറ്റുകളില്‍ നിന്നും നരകാഗ്നിയില്‍ നിന്നും ) രക്ഷ നേടാനുള്ള ഒരു പരിചയാണ്. അതിനാല്‍ നിങ്ങള്‍ വ്രതാമനുഷ്ടിക്കുമ്പോള്‍ തെറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ്‌ നില്‍ക്കുകയും വേണം. ആരെങ്കിലും നിങ്ങളെ അസഭ്യം പറയുകയാ നിങ്ങളുമായി വഴക്കുണ്ടാക്കുകയോ ചെയ്യുന്നതായാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറയുക. മുഹമ്മദ്‌ നബിയുടെ ആത്മാവ്‌ ആരുടെ നിയന്ത്രണത്തിലാണോ അവന്‍ സത്യം ! നോമ്പുകരന്റെ വായയുടെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ പരിമളമുള്ളതാണ്. നോമ്പ്‌ അനുഷ്ടിക്കുന്നവനു ആഹ്ലാദിക്കാന്‍ രണ്ട്‌ അവസരമുണ്ട്‌. ഒന്ന് വ്രതം മുറിക്കുമ്പോള്‍, മറ്റൊന്ന് തന്റെ രക്ഷിതാവിനെ (അല്ലാഹുവിനെ ) കണ്ടുമുട്ടുമ്പോഴും. വ്രതം കാരണം അവനപ്പോള്‍ സന്തുഷ്ടനാകുന്നതാണ്. ( അബൂ ഹുറൈ റ (റ) നിവേദനം ചെയ്ത, ബുഖാരി (റ) 4/88 , മുസ്‌ലിം (റ) 163, 1151 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )




  • ''വിശ്വാസ ദാര്‍ഢ്യതയോടെയും പ്രതിഫലമാഗ്രഹിച്ചും റമദാന്‍ മാസം വ്രതമനുഷ്ടിച്ചവരുടെ ഗതകാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. ( ബുഖാരി 4/97 , മുസ്‌ലിം 1079 )


വിവരണം:


സര്‍വ്വ കര്‍മ്മങ്ങളും അല്ലാഹുവിനു വേണ്ടിയാണു ചെയ്യേണ്ടതും അവനാണു അതിനു പ്രതിഫലം നല്‍കുന്നതും ചില കാര്യങ്ങള്‍ക്കുള്ള പ്രതിഫലം എത്രയെന്ന് അറിയിച്ചു. വ്രതത്തിന്റെ കാര്യത്തില്‍ അങ്ങിനെ അറിയിച്ചിട്ടില്ല ഐഹിക ലോകത്ത്‌ അപരനു കൊടുത്തുവീട്ടാനുള്ളതിനും വാക്കാലോ പ്രവ്ര്യത്തിയാലോ മറ്റുള്ളവരെ വിഷമിച്ചതിനും പകരമായി മനുഷ്യന്‍ ചെയ്ത സുക്യ്‌തങ്ങള്‍ പരലോകത്ത്‌ വെച്ച്‌ വീതിച്ച്‌ നല്‍കപ്പെടുമെന്ന് അറിയിച്ചിരിക്കുന്നു. എന്നാല്‍ നോമ്പിന്റെ പ്രതിഫലം ഇങ്ങിനെ വീതിച്ച്‌ നല്‍കപ്പെടുകയില്ല. ലോകമാന്യത്തിനു ( മറ്റുള്ളവരുടെ മുന്നില്‍ ആളാവാന്‍ ) ചെയ്യാന്‍ കഴിയാത്ത ഒരു കര്‍മ്മമാണു നോമ്പ്‌. ശാരീരികവും ആത്മിയവുമായ നേട്ടം കൈവരിക്കാന്‍ ഉതകുന്ന സഹായകവും. അതിനാലാണു അല്ലാഹു " നോമ്പ്‌ എനിക്കുള്ളതാണ്. ഞാനാണതിനു പ്രതിഫലം നല്‍കുന്നതെന്നു" പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്‌.

കുറിപ്പ്‌:


നാമൊക്കെ അനുഷ്ടിക്കുന്ന നോമ്പിന്റെ കാര്യത്തില്‍ ഒരു വിചിന്തനം നടത്തേണ്ടതില്ലേ.. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചത്‌ കൊണ്ട്‌ മാത്രം നോമ്പ്‌ സ്വീകാര്യമാവുമോ ? നാവിനും മനസ്സിനും പ്രവര്‍ത്തികള്‍ക്കും എല്ലം നിയന്ത്രണം വെക്കാന്‍ നമ്മില്‍ എത്രപേര്‍ക്ക്‌ കഴിയുന്നുണ്ട്‌. അനാവശ്യമായ ചര്‍ച്ചകളും വാഗ്വാദങ്ങളും അന്യനെ പറ്റിയുള്ള പാരകളുമായി ‍ ദിനങ്ങള്‍ തള്ളിനീക്കുന്നവരുടെ നോമ്പ്‌‍ പട്ടിണിമാത്രമായി പരിഗണിക്കുമെന്ന താക്കിത്‌ പലരും ഓര്‍ക്കാതെ പോകുന്നു. ഞാന്‍ നോമ്പ്കാരനാണെന്ന് പറഞ്ഞ്‌ ഒഴിഞ്ഞ്‌ മാറാന്‍ നമ്മുടെ ദുരഭിമാനവും താന്‍ പോരിമയും നമ്മെ പലപ്പോഴും അനുവദിക്കാറില്ല എന്നതല്ലേ വാസ്തവം. പണ്ഡിതന്മാരുടെ വരെ പച്ചമാസം കൊത്തിവലിക്കുന്ന പലരെയും ഈ വ്രത നാളിലും നമുക്ക്‌ കണ്ടെത്താം. അവര്‍ക്ക്‌ നല്ല ബുദ്ധി കൈവരാന്‍ പ്രാര്‍ത്ഥിച്ച്‌ അത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് ഒഴിയുകയാണു അഭികാമ്യം മനസ്സിനും ശരീരത്തിനും പ്രവര്‍ത്തികള്‍ക്കും ഒരുപോലെ വ്രതമനുഷ്ടിച്ച്‌ , ഭൗതികവു ആത്മീയവുമായ നേട്ടം കൈവരിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന പാര്‍ത്ഥനയോടെ


അവലംബം : രിയാളുസ്വാലിഹീന്‍

മൊഴിമുത്തുകള്‍-19

മൊഴിമുത്തുകള്‍

റമദാന്‍ മാസം:

''റമദാന്‍ അഗതമായാല്‍ ആകാശത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യും'' ( ശൈഹാന്‍ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദിസ്‌ )

നോമ്പ്‌

''നോമ്പ്‌ ഒരു കാവലാണ് ''( അബൂ ഹുറൈ റ (റ) വില്‍ നിന്ന് നിവേദനം, ബുഖാരി (റ) & മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

അത്താഴം

''നിങ്ങള്‍ അത്താഴം കഴിക്കുവിന്‍ , തീര്‍ച്ചയായും അതില്‍ പുണ്യമുണ്ട്‌'' ( ശൈഹാന്‍ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

നോമ്പ്‌ മുറിക്കല്‍

''‍നിങ്ങളില്‍ ആരെങ്കിലും നോമ്പ്‌ മുറിക്കുന്നതായാല്‍ കാരക്ക (ഉണക്കിയ ഈത്തപ്പഴം ) കൊണ്ട്‌ മുറിക്കട്ടെ തീര്‍ച്ചയായും അത്‌ പുണ്യമാണ്. അത്‌ കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ട്‌ മുറിക്കട്ടെ തീര്‍ച്ചയായും അത്‌ ശുദ്ധിയുള്ളതാണ് ''( ഇമാം അഹ്‌ മ ദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

‍അല്ലാഹു സ്വീകരിക്കുന്ന വിധത്തില്‍ ഈ റമദാന്‍ ആചരിക്കുവാന്‍ കഴിയട്ടെ..

എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍