Showing posts with label കോപം. Show all posts
Showing posts with label കോപം. Show all posts

മൊഴിമുത്തുകൾ-39

കോപത്തോട്‌ കൂടി വിധിക്കരുത്‌


മൊഴിമുത്ത് :

عن عبدِ الرَّحْمَنِ بن أبِي بَكَرةَ رَضِيَ اللهُ عنهُ قالَ سمعتُ رسولَ اللهِ صَلى اللهُ عليهِ وسلمَ

“ يَقُولُ : ”لاَ يَحْكُمْ أَحَدٌ بَيْنَ اثْنَيْنِ وَهُوَ غَضْبَانُ



രണ്ടാളുകളുടെ ഇടയിൽ വല്ല വിധിയും പ്രസ്താവിക്കാനുണ്ടെങ്കിൽ , കോപത്തോട്‌ കൂടി അരുത്‌; അത്‌ അവിവേകമായി കലാശിക്കാനിടയുണ്ട്‌.”


വിവരണം.


വല്ല കേസും തീരുമാനിച്ചു കൊടുക്കുവാനോ ,വല്ല വിധിയും പ്രസ്താവിക്കാനോ ഉണ്ടെങ്കിൽ അത്‌ സമാധാനത്തോടും ആലോചനയോടും പാകതയോടും കൂടി ചെയ്യണമെന്നും. ദേഷ്യത്തോട്‌ കൂടി വിധി പ്രസ്താവിക്കരുതെന്നും അങ്ങിനെ വന്നാൽ ‌; അത്‌ അവിവേകമായി കലാശിക്കാനിടയുണ്ടെന്നും ഈ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു.

കുറിപ്പ്

കോപം എന്ന വികാരം മനുഷ്യനെ പല വിധത്തിലുള്ള അപകടങ്ങളിലും കൊണ്ട്ചെന്ന് ചാടിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. കോപത്തെ ‍അടക്കുക എന്നതിലാണ് ഒരു മനുഷ്യന്റെ ശരിയായ ശക്തി നില കൊള്ളുന്നത്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും അത്‌ വളരെയധികം പ്രത്യാഘാതങ്ങൾ തീർത്ത സംഭവങ്ങൾ മിക്കപേർക്കും കണ്മുന്നിൽ കണ്ട അനുഭവങ്ങൾ ഉണ്ടായിരിക്കാനിടയുണ്ട്‌. കോപം കൊണ്ട്‌ മാനസിക വിഷമങ്ങൾ ഉണ്ടാവുന്ന പോലെ ശാരീരികമായും ആരോഗ്യപരമായും പല പ്രശ്നങ്ങളും ഉടലെടുക്കുന്നുവന്നത്‌ തെളിയിക്കപ്പെട്ടതാണ്‌. ഒരാളോട്‌ കോപം ഉള്ളിലുണ്ടെങ്കിൽ ശരിയായ രീതിയിലുള്ള ഉറക്കം തന്നെ സാധ്യമാവാതെ വരുന്നത്‌ സ്വാഭാവികം. അയാളെ എങ്ങിനെ കീഴ്പ്പെടുത്തണം അല്ലെങ്കിൽ അയാളുടെ പരാജയം കാണാനെന്ത്‌ വഴി എന്നതാലോചിച്ച്‌ രക്തസമ്മർദ്ദം കൂട്ടി ഉറക്കം തന്നെ നഷ്ടപ്പെടുത്തുന്നതിലേക്കും അത്‌ പിന്നെ ദിനചര്യയിലും താൻ ചെയ്ത്‌ കൊണ്ടിരിക്കുന്ന ജോലിയെയും വരെ ബാധിക്കുന്ന വിധത്തിലേക്ക്‌ അവനെ എത്തിക്കുകയും ചെയ്യുന്നു.

ഈ ഹദീസിൽ വിവരിച്ചത്‌ പോലെ ഒരു മധ്യസ്ഥനാവുമ്പോൾ അല്ലെങ്കിൽ ഒരു കാര്യത്തിൽ വിധി പ്രസ്ഥാവിക്കുമ്പോൾ നീതി യുക്തമായിരിക്കണം ആ വിധി എന്നത്‌ വിധിക്കുന്നവനെ സംബന്ധിച്ചും അവൻ ഉൾപ്പെടുന്ന സമൂഹത്തെ, രാജ്യത്തെ സംബന്ധിച്ചും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌. പല കേസുകളിലും തർക്കങ്ങളിലും പക്ഷെ ഇന്ന് നടക്കുന്നത്‌ മുൻവിധികളോടെയും ഈർഷ്യതയോടെയും കുറ്റം ചെയ്ത അല്ലെങ്കിൽ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയോടുള്ള അല്ലെങ്കിൽ ആ വ്യക്തി ഉൾപ്പെട്ട സമൂഹത്തോടുള്ള നിരസമോ കോപമോ അടിസ്ഥാനമാവുമ്പോൾ ആ അവിവേക പൂർണ്ണമായ വിധി പ്രസ്ഥാവം പലപ്പോഴും സമൂഹത്തിൽ ഭിന്നിപ്പിനും കുഴപ്പങ്ങൾക്കും കാരണമാവുന്നു.

വ്യക്തി താത്പര്യങ്ങൾ ഒരിക്കലും ഒരു ന്യായാധിപൻ , ഒരു മധ്യസ്ഥൻ തന്റെ ജഡ്ജ്‌മന്റിൽ കൂട്ടിച്ചേർക്കരുത്‌. താൻ വിധിക്കുന്നത്‌ തികച്ചും വിവേകപൂർണ്ണവും നീതിയുക്തവുമാണെന്ന് പൂർണ്ണ ബോധ്യം അദ്ദേഹത്തിനുണ്ടായിരിക്കുമ്പോൾ ആ വിധി സമൂഹത്തിനു മൊത്തത്തിൽ ഗുണം ചെയ്യും മറിച്ചായാൽ നിരപരാധികൾ ശിക്ഷിക്കപ്പെടുകയോ അപരാധികൾ രക്ഷപ്പെടുകയോ ചെയ്യുന്നതോടൊപ്പം സമൂഹത്തിലും അതിന്റെ ദൂശ്യ ഫലങ്ങൾ അനുഭവപ്പെടുന്നു.

കാരുണ്യത്തിന്റെ ഉറവിടമായ മുത്ത്‌ റസൂൽ (സ) തങ്ങളുടെ ജീവിതവും തന്റെ ചര്യ അതേപടി പിന്തുടർന്ന അനുചരരുടെയും (സഹാബത്ത്‌) ജിവിതമാകട്ടെ നമുക്ക്‌ മാതൃക. അല്ലാതെ മതത്തിന്റെ മേലങ്കിയണിഞ്ഞ്‌ അതിന്റെ മറവിൽ അവിവേകപൂർണ്ണമായ വിധി പ്രസ്താവം നടത്തി അതിലൂടെ താൻ ഉൾപ്പെടുന്ന സമൂഹത്തെ പൊതു സമൂഹത്തിൽ കൊത്തി വലിക്കാൻ കാരണമുണ്ടാക്കുന്ന അഭിനവ മുസ്ലിം നാമ ധാരികളായ ഭരണാധികാരികളല്ല നമുക്ക്‌ മാതൃക.

കുറെ നാളുകൾക്ക്‌ ശേഷമാണ്‌ ഈ ചെറിയ കുറിപ്പ്‌.. നമ്മുടെ നാട്‌ ഒരു മഹത്തായ വികാരത്തിന്റെ ആമോദത്തിൽ മുഴുകുമ്പോൾ അകലങ്ങളിലാണെങ്കിലും മനസു കൊണ്ടു നേരുന്നു.. എല്ലാ സഹോദരങ്ങൾക്കും മുൻകൂറായിറിപ്പബ്ലിക്‌ ദിനാശംസകൾ’

മൊഴിമുത്തുകള്‍-16

കോപത്തെ അടക്കല്‍

മൊഴിമുത്തുകള്‍:

  • കോപം വന്നാല്‍ (എന്തും ചെയ്യാന്‍ കഴിവും ശക്തിയുമുള്ളവനായതോടു കൂടി)ആരു ക്ഷമിച്ചുവോ / കോപത്തെ അടക്കിയോ അവന്റെ ഹ്ര്യദയത്തെ സത്യ വിശ്വാസത്താലും നിര്‍ഭയത്താലും അല്ലാഹു നിറയ്ക്കുന്നതാണ്. ( അബൂ ഹുറൈറ(റ) യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ്‌ )

  • കോപം പൈശാചികമാണ്. പിശാചിനെ തീ കൊണ്ട്‌ സ്ര്യഷ്ടിക്കപ്പെട്ടതാണ്. വെള്ളം തീ കെടുത്തുന്നതുമാണ്. അതിനാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കോപം വന്നാല്‍ അവന്‍ ശരീരം കഴുകട്ടെ. (മറ്റൊരു നിവേദനത്തില്‍ ) *വുളു /അംഗസ്നാനം ചെയ്യട്ടെ എന്നും വന്നിട്ടുണ്ട്‌. ( മആവിയ(റ)വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്‌ . അബൂ നുഐം (റ) റിപ്പോര്‍ട്ട്‌ ചെയതത്‌ .

വിവരണം:

എന്തും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ കോപം വരികയും അത്‌ സ്വയം അടക്കി ക്ഷമിക്കുകയും ചെയ്താല്‍ അത്‌ വഴി അവന്റെ /അവളുടെ ഈമാന്‍ (വിശ്വാസം ) വര്‍ദ്ധിക്കുകയും മറ്റൊന്നിനെയും ഭയപ്പെടാത്ത വിധം അവര്‍ക്ക്‌ നിര്‍ഭയത്വം ലഭിക്കുകയും ചെയ്യും. കോപം വന്നാല്‍ അവിവേകമായി ഒന്നും ചെയ്യാതെ കോപത്തെ അടക്കിവെക്കുക എന്നത്‌ ഒരു യഥാര്‍ത്ഥ സത്യവിശ്വാസിയുടെ ലക്ഷണമായി ഖുര്‍ആനിലും നബി വചനങ്ങളിലും സ്ഥിരപ്പെട്ടതാണ്. അങ്ങിനെ കോപം അടക്കുന്നവര്‍ കോപം വന്നാലുടനെ വെള്ളം ഉപയോഗിച്ച്‌ ശരീരം കഴുകുകയോ *വുളു (അംഗസ്നാനം ) ചെയ്യുകയോ ചെയ്യുന്നത്‌ ഫലപ്രദമായി ‌ഭവിക്കുന്നതാണ്.

കുറിപ്പ്‌:

കോപം വരിക എന്നത്‌ മനുഷ്യ സഹജമാണ്. എന്നാല്‍ കോപത്തെ അടക്കി ആ അവസ്ഥയെ തരണം ചെയ്യുക എന്നത്‌ ജീവിത വിജയത്തിനു കാരണമായി ഭവിക്കുമെന്ന് തിരുനബി(സ)യുടെ ഈ മൊഴികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വ്യക്തികള്‍ തമ്മിലും, കുടുംബങ്ങള്‍ തമ്മിലും, സമുദായങ്ങള്‍ തമ്മിലും, രാജ്യങ്ങള്‍ തമ്മിലുമെല്ലാം നടന്നിട്ടുള്ള, ഇപ്പോള്‍ നടക്കുന്ന പല അനിഷ്ട സംഭവങ്ങളുടെയും, അക്രമണങ്ങളുടെയുമൊക്കെ അടിസ്ഥാന കാരണമന്വേഷിച്ചാല്‍ നാമെത്തിച്ചേരുക കോപം അടക്കാതിരുന്നതിന്റെ അനന്തരഫലാമായി ഉരുത്തിരിഞ്ഞ ഒരു കാര്യത്തിലായിരിക്കും.

കോപമുള്ള അവസ്ഥയില്‍ മനുഷ്യന്‍ എന്തൊക്കെയാണു ചെയ്യുക എന്നത്‌ ഊഹിക്കാന്‍ പോലും കഴിയില്ല. വായില്‍ നിന്ന് പുറത്ത്‌ വരുന്ന വാക്കുകള്‍ അല്ലെങ്കില്‍ കോപത്തോടെ കുറിക്കുന്ന വാക്കുകള്‍ എല്ലാം കടുത്തതും അപരന്റെ മനസ്സിനെ തകര്‍ക്കുന്ന തരത്തിലുമായിരിക്കും. നല്ലതിനു വേണ്ടി, നീതിക്ക്‌ വേണ്ടി, അനീതിക്കെതിരെ കോപിക്കുക എന്നത്‌ വേറെ വിഷയമാണ്. എന്നാല്‍ നാം പലപ്പോഴും കോപിക്കുക നിസ്സാര കാര്യങ്ങള്‍ക്കായിരിക്കും. അത്‌ നമ്മുടെ വ്യക്തിത്വത്തിനു തന്നെ പ്രതികൂലമായി ഭവിക്കുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യും.

സ്വാഭാവികമായും വിവേകം വികാരത്തിനു വഴിപ്പെടുന്ന അവസ്ഥയില്‍ നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ്‌ അധികരിക്കുന്നു / ബ്ലഡ്‌ പ്രഷര്‍ കൂടുന്നു/ ഹ്ര്യദയമിടിപ്പിനു വേഗം കൂടുന്നു. കോപം അടക്കി നിര്‍ത്തുമ്പോള്‍ വരുന്ന പ്രക്ഷുബ്ദാവസ്ഥയില്‍ നിന്ന് ശാരീരികമായും മാനസികമായുമുള്ള മോചനത്തിനു മനസ്സും ശരീരവും കുളിര്‍മ്മയാക്കേണ്ടതുണ്ട്‌. അതിനു നല്ല ഒരു ഉപാധിയാണു സ്നാനം എന്നത്‌ . ചുരുങ്ങിയത്‌ അംഗ സ്നാനമെങ്കിലും ചെയ്യുക. ശരീരം ക്ഷീണിച്ച അവസ്ഥയില്‍ നിന്ന് മുക്തി നേടാനും ഉന്മേഷത്തിനും *വുളു എടുക്കുന്നതിനായി കഴുകേണ്ട അവയവങ്ങള്‍ (കൈകള്‍ മുട്ടുള്‍പ്പെടെ, കാലുകള്‍, മുഖം, ചെവി ) വെള്ളം കൊണ്ട്‌ കഴുകുന്നത്‌ നല്ലതാണ്.

പല കുടുംബ ബന്ധങ്ങളും ശിഥിലമാവുന്നതിന്റെ കാരണം നിസ്സാര കാര്യത്തിനുള്ള അമിത കോപവും അതിലൂടെ വരുന്ന പ്രശ്നങ്ങളുമാണ്. പരസ്പരം ക്ഷമിക്കാനും സഹിക്കാനും ദമ്പദികള്‍ തയ്യാറായാല്‍ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാവും. വിട്ടു വീഴ്ച ചെയ്യാനുള്ള മനസ്സ്‌ നമുക്കുണ്ടാവണം. വിട്ടു കൊടുക്കരുത്‌... എപ്പോഴും എനിക്ക്‌ ജയിക്കണം എന്ന ഭാവവുമായി കഴിഞ്ഞാല്‍ അത്‌ അത്യന്തികമായ തോല്‍ വിയിലേക്കായിരിക്കും നമ്മെ എത്തിക്കുക.

കോപം ഒതുക്കി, വിട്ടു വീഴ്ചയോടെ ജീവിതം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ജീവിക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ എന്ന പ്രര്‍ത്ഥനയോടെ..

==================

*വുളു = അംഗസ്നാനം അഥവാ നിസ്കരിക്കുന്നതിനായി കൈകള്‍, മുഖം ,കാലുകള്‍ ,ചെവികള്‍ തുടങ്ങിയ കഴുകുന്നത്‌