Showing posts with label അക്രമം. Show all posts
Showing posts with label അക്രമം. Show all posts

മൊഴിമുത്തുകൾ-34

വാഗ്ദാനം നിറവേറ്റണം


മൊഴിമുത്ത്‌ :


നബി (സ) പറഞ്ഞു " നിങ്ങൾ ആറു കാര്യങ്ങളിൽ എനിക്ക്‌ ഉറപ്പ്‌ തരണം. എന്നാൽ നിങ്ങൾക്ക്‌ സ്വർഗമുണ്ടെന്ന് ഞാനും ഉറപ്പ്‌ തരാം ' 1) സംസാരിക്കുമ്പോൾ സത്യം പറയുക. 2) വാഗ്ദാനം ചെയ്താൽ നിറവേറ്റുക. 3) നിങ്ങൾ വിശ്വസിക്കപ്പെട്ടാൽ ആ വിശ്വസ്തത പൂർണ്ണമായും പാലിക്കുക 4 ) ഗുഹ്യസ്ഥലങ്ങളെ നിങ്ങൾ സൂക്ഷിക്കുക 5) കണ്ണുകളെ താഴ്ത്തുക 6 ) കൈകളെ തടയുക"

വിവരണം :

സത്യം പറയുക , വാഗ്ദാനം നിറവേറ്റുക, വിശ്വസ്തത പാലിക്കുക, വ്യഭിചാരവും മറ്റും ചെയ്യാതെ ഗുഹ്യസ്ഥലങ്ങളെ സൂക്ഷിക്കുക, വികാരമുണ്ടാക്കത്തക്കവിധം സ്തീകളെയും മറ്റും നോക്കാതിരിക്കുക, അക്രമം പ്രവർത്തിക്കാതിരിക്കുക എന്നീ ആറു സത്‌ഗുണങ്ങൾ ഉൾകൊണ്ട്‌ ജീവിക്കുന്നവർ ആരോ അവർക്ക്‌ സ്വർഗം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു.


കുറിപ്പ്‌ :

ഇന്നത്തെ സാഹചര്യത്തിൽ ഇവിടെ പറഞ്ഞിരിക്കുന്ന ആറുകാര്യങ്ങളും നാം പ്രത്യേകം വിചിന്തനം ചെയ്യേണ്ടതുണ്ട്‌. വാ തുറന്നാൽ നുണയല്ലാതെ പറയാൻ കഴിയാത്തവരെ അനേകം കാണാം. നിസാര കാര്യങ്ങൾ മറച്ച്‌ വെക്കാൻ വലിയ വലിയ കള്ളങ്ങൾ യാതൊരു മടിയുമില്ലാതെ പറയുന്നവർ.. അത്തരക്കാർക്ക്‌ അത്‌ പിന്നെ ഒരു ശീലമാവുന്നു. പിന്നെ ഏത്‌ കാര്യത്തിനും എത്ര വലിയ നുണയും പറയാൻ മടിയില്ലാത്തവരായി അധപതിക്കുകയും ചെയ്യുന്നു. സത്യത്തിൽ മറ്റുള്ളവരുടെ ഇടയിൽ അവരെ പറ്റി ഒരു ഇമേജ്‌ അവർ അറിയാതെ സൃഷ്ടിക്കപ്പെടുന്നത്‌ പലപ്പോഴും ജിവിതവസാനം വരെ മാറ്റിതിരുത്താൻ കഴിയാതെയും പോവുന്നു. സത്യമായ ഒരു കാര്യം തന്നെ പറഞ്ഞാലും 'അത്‌ ഇന്ന ആൾ പറഞ്ഞതല്ലേ.. അതിൽ എത്ര ശതമാനം വെള്ളം ചേർത്തിട്ടുണ്ടെന്ന് നോക്കണം ' എന്ന ഒരു ആലോചനയിലേക്ക്‌ ജനങ്ങൾ സ്വഭാവികമായും എത്തുകയും സമൂഹത്തിൽ അഥവാ ഈ ഭൗതിക ലോകത്ത്‌ തന്നെ എണ്ണപ്പെടാത്തവനായി മാറുകയും ചെയ്യുന്നു. വാഗ്‌ദത്ത ലംഘനം എന്നത്‌ കപട വിശ്വാസിയുടെ ലക്ഷണമായി നബി(സ)യുടെ മറ്റൊരു ഹദീസിൽ കാണാം. വാഗ്ദാനം ലംഘിക്കൽ വലിയ ശിക്ഷ അർഹിക്കുന്ന കാര്യമായി വിവരിച്ചിട്ടുണ്ട്‌. ഇന്ന് പക്ഷെ ജനങ്ങളിൽ ആ കാര്യത്തിൽ (ഭരണ മേഖലയിലും, ജോലി തലത്തിലായാലും, കുടുംബത്തിലും, വ്യക്തിപരമായും എല്ലാം ) യാതൊരു ശ്രദ്ധയും ഇല്ല എന്ന് മാത്രമല്ല .രഹസ്യമായും പരസ്യമായും വാഗ്ദാനം (ചെയ്യാൻ പറ്റുന്നതും പറ്റാത്തത്‌ എന്ന് പൂർണ്ണ ബോധ്യമുള്ളതും ) ചെയ്യാനും അത്‌ വളരെ ലാഘവത്തോടെ ലംഘിക്കുന്നതിനും യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതായിരിക്കുന്നു. മാത്രമല്ല ചിലർക്കെങ്കിലും വാഗ്ദാന ലംഘനം ചെയ്യുന്നത്‌ അലങ്കാരമോ അഭിമാനമോ ആയി തോന്നുന്നുവെന്ന് വേണം കരുതാൻ. ജനങ്ങളെ വാഗ്ദാനം നൽകി കബളിപ്പിക്കുന്ന നേതാക്കൾ വീണ്ടും അതേ ജനത്തിനു മുന്നിൽ പിന്നെ ഒരവസരത്തിൽ വന്ന് വീണ്ടും വാഗ്ദാനങ്ങൾ കോരിച്ചൊരിയുകയും പഴയപടി വാഗ്ദാനങ്ങളെല്ലാം അപ്പടി വിഴുങ്ങുകയും ചെയ്യുന്നത്‌ തിരിച്ചറിയപ്പെടാൻ മാത്രം അവബോധമുള്ള അനുയായികൾ ഇല്ലാഞ്ഞിട്ടോ എന്തോ..അത്‌ നിർബാധം തുടരുന്നു.


അമാനത്ത്‌ അഥവാ വിശ്വസ്തത എന്നത്‌ പൊതു ജിവിതത്തിലും വ്യക്തി ജീവിതത്തിലും ഇന്ന് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വ ജീവികളെപ്പോലെയായിരിക്കുന്നു. നമുക്ക്‌ നമ്മെ തന്നെ വിശ്വാസമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങൾ. നമ്മെ വിശ്വസിച്ച്‌ ഏൽപ്പിക്കപ്പെട്ട ഭൂമിയായാലും, പണമായാലും, മറ്റ്‌ കാര്യങ്ങളായാലും എല്ലാം തന്നെ അതിൽ വിശ്വസ്തത പൂർണ്ണമായും പാലിക്കാൻ ഏൽപ്പിക്കപ്പെട്ടവർ ബാധ്യസ്ഥരാണ്‌. വിശ്വസിച്ച്‌ ഏൽപ്പിക്കപ്പെട്ടത്‌ അതിന്റെ അവകാശികളിൽ നിന്ന് കള്ളപ്രമാണങ്ങളും കള്ള സാക്ഷികളും ഉണ്ടാക്കി കരസ്ഥമാക്കുന്നത്‌ പതിവ്‌ കാഴ്ചകളാണ്‌. അത്‌ സാമർത്ഥ്യമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. പ്രവാസികൾക്ക്‌ ഇത്തരത്തിലുള്ള അനുഭവങ്ങൾ (സമ്പത്തിന്റെ കാര്യത്തിലായാലും, താൻ ജീവനു തുല്യം സ്നേഹിച്ച തന്റെ ജീവിതം ആർക്ക്‌ വേണ്ടി പ്രവാസഭൂമിയിൽ ഹോമിച്ചുവോ അവരുടെ കാര്യത്തിലായാലും ) ഏറെയാണ്‌. പരസ്പര വിശ്വാസം ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിനു അത്യന്താപേക്ഷിതമാണ്‌. പല ജീവിതങ്ങളും താറുമാറാകുന്നതും ഈ അമാനത്ത്‌ (വിശ്വസ്തത ) പാലിക്കപ്പെടാതെ വരുമ്പോഴാണെന്നത്‌ നാം ഓർക്കേണ്ടതുണ്ട്‌. അമാനത്ത് ഉത്തരവാദിത്വവും കടമയുമായും ബന്ധപ്പെട്ട് കിടക്കുന്ന വിശാലമായ വിഷയം കൂടിയാണ്.


ഗുഹ്യസ്ഥാനങ്ങൾ സൂക്ഷിക്കുക എന്നതും കണ്ണുകൾ താഴ്ത്തുക എന്നതും പരസ്പരം ബന്ധപ്പെട്ട്‌ കിടക്കുന്നു. മനുഷ്യ ശരീരത്തിലെ രണ്ട്‌ ഭാഗങ്ങൾ ( നാക്കും , ഗുഹ്യസ്ഥാനവും ) നിയന്ത്രിക്കാനും സൂക്ഷിക്കാനും കഴിയുന്നവർ വിജയികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടതായി തിരുനബി(സ)യുടെ മൊഴിമുത്തുകളിൽ വിവരിച്ചിട്ടുണ്ട്‌. കുത്തഴിഞ്ഞ ലൈംഗികത, വ്യഭിചാരവും അധികരിച്ച ഒരു കാലഘട്ടത്തിൽ വിശ്വസ്തത എന്നത്‌ കാലഹരണപ്പെട്ട വാക്കായി പരിണമിക്കുമ്പോൾ ധാർമ്മികതയും സദാചാരവും പുലർത്താൻ പറയുന്നവരെ പരിഹസിക്കുന്നവരെയാണ്‌ നമുക്ക്‌ കാണാൻ കഴിയുക. കണ്ണുകൾ താഴ്ത്തുക എന്ന് പറഞ്ഞതിനു നേർ വിപരീതമായി കണ്ണുകളാലുള്ള തുറിച്ച (ദുശിച്ച )നോട്ടങ്ങളുമായി ആൺ പെൺ ഭേതമില്ലാതെ വിഹരിക്കുന്ന അവസ്ഥ. ഞാൻ താമസിക്കുന്ന ഏരിയയിൽ അടുത്തയിടെ പ്രശസ്തമായ ഒരു ബിസിനസ്‌ ഗ്രൂപ്പിന്റെ ഷോപ്പിംഗ്‌ മാൾ ഉത്ഘാടനം ചെയ്തു. ഒരു ദിവസം വൈകുന്നേരം ആ മാളിലേക്ക്‌ ചില സാധനങ്ങൾ വാങ്ങുന്നതിനായി ചെന്നപ്പോൾ സെക്യൂരിറ്റി പറഞ്ഞു.. സോറി സാർ, വൈകുന്നേരം 5 മുതൽ 10 വരെ ഫാമിലികൾക്ക്‌ മാത്രമായി മാറ്റിയിരിക്കുന്നു. ബാച്ചിലേഴ്സിനു പ്രവേശനമില്ല. അന്വേഷിച്ചപ്പോൾ മനസ്സിലായത്‌ ചിലരുടെ സ്ത്രീകളെ കാണാത്തത്‌ പോലെയുള്ള തുറിച്ച്‌ നോട്ടങ്ങളുടെ ഫലമായി അവർക്ക്‌ ഷോപ്പിംഗ്‌ ചെയ്യാൻ വിഷമം നേരിട്ടത്‌ കൊണ്ടാണ് ഇങ്ങിനെ ഒരു നിയന്ത്രണം വെച്ചതെന്ന്. ഈ അനുഭവം ഇതിനൊപ്പം ചേർത്ത്‌ വായിക്കേണ്ടതാണെന്ന് തോന്നിയതിനാൽ ഇവിടെ ചേർക്കുന്നു. അപ്പോൾ നമ്മുടെ കണ്ണുകളെ ,ലൈംഗിക അവയവങ്ങളെ എല്ലാം നിയന്ത്രിക്കുക എന്നത്‌ ശ്രമകരമായത്‌ കൊണ്ട്‌ തന്നെയാണ്‌ അത്‌ ചെയ്യൂന്നവർക്ക്‌ വലിയ പ്രതിഫലം ഉറപ്പ്‌ നൽകിയത്‌.


തന്റെ ശക്തി (ശാരീരികവും ,സാമ്പത്തികവും, ഭരണപരവും മറ്റു മായ) മറ്റുള്ളവരെ ആക്രമിക്കുന്നതിനായി ദുരുപയോഗം ചെയ്യരുതെന്ന് കൂടി പറയുന്നു. വ്യക്തി തലം മുതൽ അന്തരാഷ്ട തലം വരെ നടന്നു വരുന്നതും ബലഹീനരെ ആക്രമിക്കുക എന്നതല്ലേ. മറ്റുള്ളവരെ കീഴ്പ്പെടുത്താനുള്ള ശക്തി ഉണ്ടായിരിക്കെ തന്നെ അതിൽ നിന്ന് ഒഴിഞ്ഞ്‌ നിൽക്കുന്നവനാണ്‌ വിജയി. താൻ നിമിത്തം അഥവാ തന്റെ കൈകൊണ്ട്‌ തന്റെ സഹജിവിക്കെതിരെ പ്രവർത്തിക്കാതിരിക്കാൻ കഴിയണം. അത്‌ കുടുംബ ബന്ധത്തിലും സുഹൃദ്‌ ബന്ധത്തിലും സാമൂഹ്യ ജീവിതത്തിലും രാഷ്ടീയ രംഗത്തും ഭരണ തലത്തിലുമെല്ലാം പുലർത്താൻ എത്രപേർ ശ്രമിക്കുന്നു ? ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങൾക്ക്‌ നേരെ അക്രമം അഴിച്ചു വിടുന്ന കാഴ്ചകൾ, തന്റെ കിഴിൽ സംരക്ഷിക്കപ്പെടേണ്ട ഭാര്യയെയും മക്കളെയും നിസാര കാര്യങ്ങൾക്ക്‌ വരെ ഉപദ്രവിക്കുന്ന നീചരും നികൃഷരുമായി അധപതിക്കുന്നവരുടെ എണ്ണം വർധിക്കുകയാണിന്ന്. അതെല്ലാം തന്റെ ശക്തി പ്രകടനത്തിനുള്ള മാർഗമായി കാണുന്നവർ . അത്തരക്കാർക്കെല്ലാം ഈ നബി വചനങ്ങൾ ഒരു തിരിച്ചറിവുണ്ടാക്കിയെങ്കിൽ !!


ആരുടെ മുന്നിലും സത്യം പറയാൻ ആർജ്ജവമുള്ള, വാഗ്ദത്തം ചെയ്താൽ പാലിക്കുന്ന, വിശ്വസിച്ചേൽപ്പിക്കപ്പെട്ടതിനെ സൂക്ഷിക്കുന്ന , കുത്തഴിഞ്ഞ ജിവിതങ്ങളിൽ വഴുതിവീഴാതെ ജീവിത വിശുദ്ധി സൂക്ഷിച്ച്‌ , മറ്റുള്ളവർക്ക്‌ നേരെ അക്രമം പ്രവർത്തിക്കാത്തവരുമായി ജീവിക്കാനും നാഥൻ തുണയ്ക്കട്ടെ.

മൊഴിമുത്തുകള്‍-28

കൊല്ലപ്പെടുന്നവരും കൊല്ലുന്നവരും അറിയുന്നില്ല

മൊഴിമുത്ത്‌:

  • റസൂല്‍ (സ) തങ്ങള്‍ പറഞ്ഞു : "ഒരു കാലം വരാനിരിക്കുന്നു . അന്ന് അക്രമം വ്യാപകമാവും. കൊല്ലപ്പെടുന്നവര്‍ അറിയുകയില്ല ഞങ്ങളെ എന്തിനാണു കൊന്നതെന്ന് ! കൊല്ലുന്നവനറിയില്ല ,തങ്ങള്‍ എന്തിനാണു കൊല്ലുന്നതെന്ന് !" ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

കുറിപ്പ്‌:

പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ മണ്ണില്‍ നമ്മുടെ നെഞ്ചില്‍ ഭീകര താണ്ഡവമാടിയ അക്രമികള്‍ അവര്‍ ആരായാലും എന്തിനു വേണ്ടി(?)യായാലും എന്തിന്റെ (?)പേരിലായാലും രക്ത രൂക്ഷിതമായ രാപകലുകള്‍ തീര്‍ത്തതിന്റെ ഞെട്ടലില്‍ നിന്ന് മോചിതമാവാത്ത ഇന്നിന്റെ അവസ്ഥയില്‍ മേല്‍ വിവരിക്കപ്പെട്ട ഹദീസ്‌ (തിരു വചനം )അക്ഷരാര്‍ത്ഥത്തില്‍ പുലരുന്നതിന്റെ കാഴ്ചകളുടെ സമയത്ത്‌ ഇനിയൊരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന അക്രമങ്ങളില്‍ , ഭരണകൂട ഭീകരതയില്‍ , രാജ്യങ്ങള്‍ ആക്രമിച്ച്‌ കീഴടക്കുന്നതില്‍ എല്ലാം എല്ലാം കൊല്ലപ്പെടുന്ന നിരപരാധികള്‍. അവര്‍ എന്ത്‌ തെറ്റാണീ അക്രമികളോട്‌ ചെയ്തത്‌ ? അറിയില്ല !. ഈ അക്രമങ്ങള്‍ കൊണ്ട്‌ അക്രമം നടത്തുന്നവര്‍ എന്ത്‌ നേടി ? അറിയില്ല ! ഈ അക്രമികള്‍ക്ക്‌ നമ്മുടെ ഭൗതികമായ സംവിധാനങ്ങളുപയോഗിച്ച്‌ എത്ര കഠിന ശിക്ഷ നല്‍കാനാവും ? മറ്റുള്ളവര്‍ക്ക്‌ കൂടി പാഠമാവുന്ന വിധത്തില്‍ ഏത്‌ തരത്തില്‍ ശിക്ഷിച്ചാലും ഒരിക്കല്‍ മരണപ്പെടും .അതോടെ നമ്മുടെ പ്രതികാര നടപടികളും നിലക്കും. ഒരാളെ കൊന്നാലും ആയിരക്കണക്കിനു ആളുകളെ കൊന്നു തള്ളിയാലും പരമാവധി ശിക്ഷ മരണം. അവിടെയാണു വിശ്വാസത്തിന്റെ പ്രസക്തി. അവിടെയാണു ഈ ഹദീസ്‌ പ്രസക്തമാവുന്നത്‌.

  • "അവസാന നാളില്‍ ബാധ്യതകള്‍ അതിന്റെ അവകാശികള്‍ക്ക്‌ തിരിച്ചേല്‍പ്പിക്കും. കൊമ്പില്ലാത്ത ആടിനു പോലും കൊമ്പുണ്ടായിരുന്ന ആടിനോട്‌ (കൊമ്പില്ലാത്ത ആടിനെ ഉപദ്രവിച്ചതിനാല്‍ ) പ്രതികാരം ചോദിക്കാന്‍ അന്ന് സാധിക്കും"
    ( അബൂ ഹുറൈറ (റ) നിവേദനം ചെയ്ത, മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

ഒരാളും ഈ വിചാരണയില്‍ നിന്ന്, വിധിയില്‍ നിന്ന് രാഷ്ട്രിയ സ്വാധീനമോ ശിപാര്‍ശയോ ഉപയോഗിച്ച്‌ രക്ഷപ്പെടാനാവില്ലെന്ന് ഈ ഖുര്‍ആന്‍ വചനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

  • 'അക്രമികള്‍ക്ക്‌ അത്മമിത്രമോ ശിപാര്‍ശ സ്വീകരിക്കുന്നവനോ ഇല്ല'
    (ഖുര്‍ആന്‍ 40:18)

എല്ലാ വിധ അക്രമങ്ങളില്‍ നിന്നും അക്രമികളില്‍ നിന്നും നമ്മെ ജഗന്നിയന്താവായ അല്ലാഹു കാത്തു രക്ഷിക്കട്ടെ.. നാം ജീവിക്കുന്നത്‌ അക്രമങ്ങളുടെ അന്ത്യനാളുകളിലാണെന്ന ബോധത്തൊടെ നന്മയെ പ്രോത്സാഹിപ്പിക്കാനു തിന്മയെ ചെറുക്കാനുമുള്ള മാനസിക സ്ഥൈര്യത്തിനുള്ള പ്രാര്‍ത്ഥനയോടെ, നമ്മുടെ നാട്ടില്‍ നടക്കുന്ന അസ്വസ്ഥതകളില്‍ വിങ്ങുന്ന ഹൃദയത്തോടെ ..
എന്നീ മൊഴിമുത്തുകളും ഇതിനൊപ്പം കൂട്ടി വായിക്കു‌ക

മൊഴിമുത്തുകള്‍-27

അക്രമിക്കപ്പെട്ടവനെയും അക്രമിയെയും സഹായിക്കുക

മൊഴിമുത്ത്‌:

  • ''അക്രമിക്കപ്പെട്ടവനായാലും അക്രമിയായാലും നിന്റെ സഹോദരനെ നീ സഹായിക്കുക. ചോദിക്കപ്പെട്ടു. 'എങ്ങിനെയാണ് ഞാന്‍ അക്രമിയെ സഹായിക്കുന്നത്‌ എന്ന് ? നബി (സ) പറഞ്ഞു : അക്രമിക്കുന്നതില്‍ നിന്നവനെ നീ തടയുകയും അക്രമിക്കാനുള്ള അവന്റെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുക ; എന്നാല്‍ തീര്‍ച്ചയായും അതവനെ സഹായിക്കലാണ് . ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം :


നാം ഓരോരുത്തരും അവരവര്‍ക്ക്‌ കഴിയാവുന്ന വിധത്തില്‍ മറ്റുള്ളവര്‍ക്ക്‌ സഹായം ചെയ്ത്‌ കൊടുക്കണം. അക്രമിയായി നടക്കുന്ന ഒരാളെ ആ പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും അയാളുടെ അക്രമാസകതിയും അക്രമിക്കാനുള്ള അവന്റെ കഴിവിനെ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കലും യഥാര്‍ത്ഥത്തില്‍ ആ അക്രമിയെ സഹായിക്കലാണ്. അതാണ് അക്രമിയായ സഹോദരനെയും സഹായിക്കണം എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്‌.

കുറിപ്പ്‌:

വര്‍ത്തമാന കാലത്ത്‌ ഏറെ പ്രസക്തിയുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരു ഹദീസ്‌ (തിരുമൊഴി )യാണ് സുപ്രസിദ്ധ ഹദീസ്‌ ഗ്രന്ഥത്തിലൂടെ ബുഖാരി ഇമാം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. യാതൊരു കാരണവും കൂടാതെ അല്ലെങ്കില്‍ നിസാര കാരണങ്ങള്‍ക്ക്‌ മനുഷ്യര്‍ അക്രമിയായി തീരുകയും നിരപരാധികള്‍ അക്രമിക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ ദിനേന വായിച്ചും കേട്ടും കണ്ടു നമ്മുടെ കാതിനും കണ്ണിനും മനസ്സിനും ഒരു മരവിപ്പ്‌ ബാധിച്ച ഇന്നിന്റെ അവസ്ഥയില്‍ അക്രമിയായ ഒരാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുതകുന്ന കാര്യങ്ങള്‍ ക്രിയാത്മകമായി നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വാര്‍ത്ഥങ്ങള്‍ എളുപ്പ വഴിയില്‍ നടപ്പിലാക്കാന്‍ സ്വന്തം പെറ്റമ്മയെ പോലും കൊലക്കത്തിക്കിരയാക്കുന്നവര്‍, മദ്യത്തിനും മയക്കു മരുന്നിനും അടിമയായി പിഞ്ചു കുഞ്ഞുങ്ങളെ വരെ തന്റെ ഇംഗിതത്തിനു വിധേയരാക്കുന്ന നീചര്‍, പണത്തിനും പ്രശസ്തിക്കും വേണ്ടി രാജ്യത്തിനും രാജ്യക്കാര്‍ക്കും ഭീഷണിയായി ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ വികലമായ വിശ്വാസങ്ങളുടെ അടിമകളായി സഹജിവികളെ കൊന്നൊടുക്കാന്‍ പ്രതിജ്ഞയെടുത്ത്‌ ഭീതി വിതക്കുന്നവര്‍ അങ്ങിനെ വിവിധ തലങ്ങളിലുള്ള അക്രമങ്ങള്‍ .അക്രമികള്‍ ഇവരെയൊക്കെ സഹായിക്കണമെന്ന് പറയുമ്പോള്‍ പെട്ടെന്ന് ദഹിക്കാനാവുകയില്ല. അക്രമിയെ ഏത്‌ വിധേനയും ഇല്ലാതാക്കണമെന്നേ ഏവരും ചിന്തിക്കുകയുള്ളൂ. പക്ഷെ ലോകത്തിനു മുഴുവന്‍ കാരുണ്യമായിട്ടല്ലാതെ നബിയേ താങ്കളെ നാം സൃഷ്ടിച്ചിട്ടില്ല (ഖുര്‍ആന്‍ ) എന്ന് പ്രഖ്യാപിക്കപ്പെട്ട വിശ്വ പ്രവാചകനു പക്ഷെ അവിടെയും തന്റെ കാരുണ്യത്തിന്റെ വിശാലത വ്യക്തമാക്കുന്നു ഈ തിരുമൊഴിയിലൂടെ. അക്രമിക്കപ്പെട്ടവനെ സഹായിക്കുക എന്നത്‌ ഏതൊരു മനുഷ്യ സ്നേഹിയുടെയും കടമയാണല്ലോ. അത്‌ പോലെ അക്രമിയായവനെ അവന്‍ അക്രമിയാവാനുണ്ടായ സാഹചര്യം ,കാരണങ്ങള്‍ ഇല്ലാതാക്കുകയും ,അക്രമിയെ അക്രമത്തില്‍ നിന്ന് തടയാനാവുന്നത്‌ ചെയ്യുകയും, അക്രമിക്കാനുള്ള അവന്റെ ശക്തിയും സ്രോതസ്സും ക്ഷയിപ്പിക്കുകയും ചെയ്യുക എന്നതിലൂടെ യഥാര്‍ത്ഥത്തില്‍ അവനെ സഹായിക്കുകയാണു ചെയ്യുന്നത്‌.

മൊഴിമുത്തുകള്‍ -1

അക്രമം

അക്രമത്തെ സൂക്ഷിക്കുവിന്‍; എന്തു കൊണ്ടെന്നാല്‍ അകമം അവസാന നാളില്‍ അന്ധകാരങ്ങളാകുന്നു. ( മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ത്ഥനയെ സൂക്ഷിക്കുക; എന്തുകൊണ്ടെന്നാല്‍ ആ പ്രാര്‍ത്ഥനയുടെയും അല്ലാഹുവിന്റെയും ഇടയില്‍ മറയില്ല ( അഥവാ അല്ലാഹു ഉടനെ സ്വീകരിക്കും ) ( തിര്‍മുദി (റ) റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

മറ്റുള്ളവരെ യാതൊരു കാരണവശാലും ഉപദ്രവിയ്ക്കരുത്‌. ഉപദ്രവമാകുന്ന അക്രമം പരലോക ശിക്ഷയ്ക്ക്‌ കാരണമാകുമെന്നതില്‍ സംശയമില്ല. കൂടാതെ അക്രമിക്കപ്പെട്ട അല്ലെങ്കില്‍ ഉപദ്രവിയ്ക്കപ്പെട്ട മനുഷ്യന്‍ അക്രമിയെ കുറിച്ച്‌ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചാല്‍ ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ച്‌ ഉത്തരം നല്‍കും. അപ്പോള്‍ അക്രമിയായ മനുഷ്യനു ഇഹത്തിലും പരത്തിലും ( ഈ ലോകത്തും , പരലോകത്തും ) അല്ലാഹുവിന്റെ ശിക്ഷയ്ക്ക്‌ പാത്രമാകും. ആ ശിക്ഷയാകട്ടെ വേഗത്തില്‍ അവനെ / അക്രമിയെ ബാധിക്കുകയും ചെയ്യും.

ജനങ്ങള്‍ പരസ്പരം മര്യാദകേടായി പെരുമാറുന്നതും ദ്രോഹിക്കുന്നതും അക്രമം തന്നെയാണു. ഒരു സദസ്സില്‍ / സഭയില്‍ വെച്ച്‌ അപമാനിക്കുന്നതും തന്നെ ബഹുമാനിക്കാത്തതിന്റെ പേരില്‍, താന്‍ പറഞ്ഞത്‌ അനുസരിക്കാത്തതിന്റെ പേരില്‍, ഇതരന്‍ കീഴടങ്ങണം എന്ന ദുരുദ്ധേശ്യത്തോട്‌ കൂടി അവന്റെ ജീവിത മാര്‍ഗങ്ങളില്‍ തടസ്സമുണ്ടാക്കലും, ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചു വിടലും, അന്യന്റെ സ്വത്ത്‌ അന്യയമായി കൈക്കലാക്കുവാന്‍ ശ്രമിക്കലും അത്‌ വഴി അവനെ ഭവന രഹിതനാക്കലും, എന്നു വേണ്ട തനിയ്ക്ക്‌ ഇഷ്ടമില്ലാത്തതിന്റെ പേരിലോ, തന്റെ സ്വാര്‍ത്ഥ മോഹങ്ങള്‍ സാധിക്കുവാനോ , മറ്റുള്ളവര്‍ ക്ക്‌ ഉപദ്രവകരമായിതീരുന്ന ഏത്‌ പ്രവര്‍ത്തിയും അക്രമത്തില്‍ പെട്ടതാണ്‌.

-------------------------------------------------------------------------------------------------

ഈ മുന്നറിയിപ്പിന്റെ കാതല്‍ തിരിച്ചറിയാന്‍ ഏവര്‍ ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്‌.വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ സംശയങ്ങള്‍, ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. അറിവുള്ളവരോട്‌ അന്വഷിച്ച്‌ ഉത്തരം തരാന്‍ ശ്രമിയ്ക്കാം .. ഇന്‍ശാ അല്ലാഹ്‌