ആരെയും നിന്ദിക്കയും പരിഹസിക്കയും അരുത്
മൊഴിമുത്ത് :
നബി(സ) തങ്ങൾ പറഞ്ഞു. “തന്റെ സഹോദരനെ ഏതെങ്കിലും കുറ്റം പറഞ്ഞ് ആര് പരിഹസിച്ചുവോ ആ കുറ്റം ചെയ്യുന്നത് വരെ അവൻ മരണപ്പെടുകയില്ല” (തിർമുദി)
“എന്റെ രക്ഷിതാവായ അല്ലാഹു എന്നെ വാനലോകത്തേക്ക് നയിച്ചു (മിഅറാജ് ) ആ യാത്രയിൽ ചെമ്പിന്റെ നഖങ്ങളുള്ളവരും ആ നഖങ്ങൾ കൊണ്ട് സ്വന്തം മുഖവു നെഞ്ചും മാന്തിക്കൊണ്ടിരിക്കുന്നവരുമായ ഒരു കൂട്ടം ജനങ്ങളെ ഞാൻ കാണുകയുണ്ടായി. ഇവർ ആരാണെന്ന് ഞാൻ ജിബ്‌രീൽ (അ) എന്ന മലക്കിനോട് ചോദിച്ചു. ‘ ജനങ്ങളുടെ സ്വഭാവ നടപടികളെക്കുറിച്ച് സംസാരിച്ച് അവരുടെ ഇറച്ചി തിന്നുന്നവരാണ് ഇവരെന്ന് ജിബ്‌രീൽ (അ) പറഞ്ഞു.” (അബൂദാവൂദ്)
വിവരണം :
നമ്മുടെ ഒരു സഹോദരനിൽ /സഹോദരിയിൽ ഉള്ളതോ ഇല്ലാത്തതോ ആയ കുറ്റങ്ങളും കുറവുകളും മറ്റുള്ളവർക്ക് മുന്നിൽ പറഞ്ഞ് അവരെ പരിഹസിക്കുന്നവർ തങ്ങൾ മറ്റുള്ളവരിൽ ആരോപിക്കുന്ന കുറ്റം ഏതാണോ അതേ കുറ്റം ചെയ്യാതെ മരണപ്പെടുകയില്ല അഥവാ തന്റെ മരണത്തിനു മുന്നെ ആ കുറ്റം ചെയ്ത് ജനങ്ങൾക്ക് മുന്നിൽ സ്വയം പരിഹാസ്യനാവുമെന്ന് ചുരുക്കം
പ്രവാചകർ മുഹമ്മദ് നബി(അ)യുടെ ജീവിതത്തിലെ അത്യപൂർവ്വ സംഭവമായിരുന്ന *ഇസ്‌റാഅ് -മിഅ്‌റാജ് യാത്ര യിൽ നബി (സ) തങ്ങൾക്ക് പല അത്ഭുത ദൃശ്യങ്ങളും തന്റെ ജനതയ്ക്ക് ,ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമായി അല്ലാഹു കാണിച്ച് കൊടുത്തിട്ടുണ്ട്. മിഅറാജ് യാത്രയിലെ അനേകം അനുഭവങ്ങളിൽ ഒന്നാണ് ഈ ഹദീസിൽ വിവരിച്ചിരിക്കുന്നത്. ‘ജനങ്ങളുടെ ഇറച്ചി തിന്നുന്നവർ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞ് പരിഹസിക്കുന്നവരെ പറ്റിയാണ്.
കുറിപ്പ്:
മറ്റുള്ളവരെ പരിഹസിക്കുക എന്നത് ഒരു നിത്യ തൊഴിലെന്ന വണ്ണം കൊണ്ട് നടക്കുന്നവർ നമുക്കിടയിലുണ്ട്. പരദൂഷണം പറയുന്നതിനെ അന്യന്റെ പച്ച മാംസം തിന്നുന്നതിനോടാണ് മറ്റ് പല സന്ദർഭങ്ങളിലും പ്രവാചകർ (സ) വിവരിച്ചിരിക്കുന്നത്. തന്റെ സഹോദരന് ഉള്ള ന്യൂനതകൾ തന്നെ പറയുന്നതും പരദൂഷണത്തിന്റെ ഗണത്തിലാണ് ഉൾപ്പെടുന്നതെങ്കിൽ പിന്നെ ഇല്ലാത്ത കുറ്റങ്ങൾ ആരോപിക്കുന്നതിനെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ! നമുക്ക് ആദ്യമായി നമ്മുടെ തന്നെ കാര്യം പരിശോധിക്കാം. നമ്മുടെ സ്വന്തം കുറ്റവും കുറവും പരിഹരിക്കാൻ വഴിയെന്തെന്ന് ആലോചിക്കുന്നതിനു പകരം ഞാനടക്കമുള്ളവർ ചെയ്യുന്നത് നമ്മുടെ കുറ്റം എങ്ങിനെയെങ്കിലും മൂടി വെച്ച് അന്യന്റെ ഉള്ളതും ഇല്ലാത്തതുമായ ന്യൂനതകൾ മറ്റുള്ളവർക്ക് മുന്നിൽ വിവരിച്ച അവരെ നാണം കെടുത്തുന്നതിലൂടെ ലോകമാന്യം നേടാൻ ശ്രമിക്കുകയല്ലേ !! മിഅറാജ് യാത്രയിലെ സംഭവം വിരൽ ചൂണ്ടുന്ന കടുത്തതും പരിഹാസ്യവുമായ ശിക്ഷയാണ് അതിനു നമ്മെ കാത്തിരിക്കുന്നതെന്ന ഓർമ്മ നമ്മിലുണ്ടാക്കാനും അതിലൂടെ ഹീനമായ കൃത്യത്തിൽ നിന്ന് വിട്ടു നിൽക്കാനും നമുക്ക് ജഗന്നിയന്താവ് അനുഗ്രഹം ചൊരിയട്ടെ.
വെറുതെ ഒരു നേരം പോക്കിന്, സദസ്സിൽ ഒരു ചിരിയുണർത്തുന്നതിന് ,അതിലൂടെ വലിയ തമാശക്കാരനായി ചമഞ്ഞ് പൊങ്ങച്ചം കാണിക്കുവാനൊക്കെയായിരിക്കും പലപ്പോഴും മറ്റുള്ളവരെ താഴ്ത്തികെട്ടി പരിഹസിക്കാൻ പലരും ശ്രമിക്കുന്നത്. ഒരാളെ ഇകഴ്ത്തി അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ പറഞ്ഞ് ചില സ്വാധീനങ്ങൾ ചെലുത്തി കാര്യം നേടാനും തൊഴിൽ മേഖലകളിൽ ഇക്കൂട്ടർ വിഹരിക്കുന്നത് കാണാം. പാര എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവർ ചെയ്യുന്നതും ഈ കഠിന ശിക്ഷയ്ക്ക് പാത്രമാവുന്ന കാര്യമല്ലാതെ മറ്റൊന്നുമല്ല.
നമ്മുടെ രാഷ്ട്രീയ ,മത, സാംസ്കാരിക ,സാഹിത്യ വേദികളിൽ, നടക്കുന്ന വ്യക്തി ഹത്യകൾ ഏതെങ്കിലും ആദർശ-ആശയ സംരക്ഷണത്തിനു വേണ്ടിയോ മറ്റോ അല്ല മറിച്ച് (ആശയവും ആദർശവും സംരക്ഷിക്കാൻ വ്യക്തി ഹത്യകൾ അനുവദനീയമാണെന്ന് അർത്ഥമില്ല) തങ്ങളുടെ എതിരളികളെ മാനസികമായി തകർക്കുക അവരെ സമൂഹത്തിനു മുന്നിൽ താഴ്ത്തിക്കെട്ടുക എന്നത് മാത്രമായിരിക്കും ലക്ഷ്യം. “എനിക്ക് ഇന്ന് ഇന്ന് ന്യൂനതകൾ ഉള്ളവനാണ്, എന്റെ എതിർ സ്ഥാനാർത്ഥിയാണ് എന്നേക്കാൾ എന്ത് കൊണ്ടും യോഗ്യൻ” എന്ന് പ്രസംഗിച്ച് നടന്ന് അവസാനം ജനങ്ങൾ അദ്ധേഹത്തെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ഒരു സംഭവം വായിച്ചതോർക്കുന്നു. നമ്മുടെ ജന നായകർ, സാംസ്കാരിക, സാഹിത്യ നായകർ അങ്ങിനെ തങ്ങളുടെ കുറ്റവും കുറവും വിളിച്ച് പറയാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ !! അത് നാം ആഗ്രഹിക്കുന്നില്ലെങ്കിലും തന്റെ ആശയം അംഗീകരിക്കാത്തവരെ, അല്ലെങ്കിൽ തന്റെ അഭിപ്രായത്തിനെതിരിൽ അഭിപ്രായം പറയുന്നവരെ പരിഹസിക്കുന്നവർ പക്ഷെ സ്വയം പരിഹാസ്യരു സാധാരണ ജനങ്ങൾക്കിടയിൽ അവരുടെ വ്യൿതിത്വം അളക്കപ്പെടുകയും ചെയ്യുകയാണുണ്ടാവുന്നത് എന്നത് അവർ ഓർക്കുന്നില്ല. വ്യക്തി തലത്തിൽ നമ്മുടെ കുറ്റങ്ങൾ , കുറവുകൾ ലിസ്റ്റ് ചെയ്യാൻ നമ്മൾ ശ്രമിച്ചാൽ എന്താവും കഥ ! ആ നമ്മളല്ലേ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ പെടാ പാടു പെടുന്നത്. !!
തീർച്ചയായും ഉപേക്ഷിക്കേണ്ട ഒരു ദുസ്വഭാവം തന്നെയാണിത് എന്നതിൽ സംശയമില്ല. കടുത്ത ആത്മ നിയന്ത്രണം തന്നെ വേണ്ടി വരും ചിലപ്പോൾ എങ്കിലും മറ്റുള്ളവരെ പരിഹസിച്ച് അവരുടെ കുറ്റങ്ങൾ പറഞ്ഞ് നേടിയെടുക്കുന്ന നൈമിഷികമോ അല്ലെങ്കിൽ കുറച്ച് കാലത്തേക്കുള്ളതോ ആയ നേട്ടങ്ങൾക്ക് പകരം വരാനിരിക്കുന്നത് ശ്വശ്വതമായ പരിഹാസ്യമായ ശിക്ഷയാണെന്ന ഓർമ്മയുണ്ടാവാൻ ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തട്ടെ.
‘റബീഉൽ അവ്വൽ’ അഥവാ ‘ആദ്യ വസന്തം’ നമ്മോട് വിടപറയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരുദൂതരുടെ മൊഴിമുത്തുകൾ ഹൃദയത്തിൽ ഏറ്റുവാങ്ങി ജീവിതത്തിൽ പകർത്താൻ ഏവർക്കും അനുഗ്രഹമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ..ഏവർക്കും നബിദിനാശംസകൾ
*ഇസ്‌റാഅ് /Israa: Prophet's trip from Makkah to Masjid al-Aqsa in Jerusalem
*മിഅ്‌റാജ് /Mi'raj: Prophet's journey to Heaven
‘വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമായാൽ’
മൊഴിമുത്ത്:
" അവസാന നാളിൽ ഒരാളെ കൊണ്ട് വന്ന് നരകത്തിലേക്കെറിയപ്പെടും. അവന്റെ വയറ്റിൽ നിന്ന് കുടലുകൾ പുറത്ത് വരികയും കഴുത ആസുകല്ലു ചുറ്റുന്നത് പോലെ ആ കുടലുമായി അവൻ ചുറ്റിത്തിരിയുകയും ചെയ്യും. തത്സമയം നരക വാസികൾ അടുത്ത് കൂടി അവനോട് ചോദിക്കും. നിനക്കെന്ത് പറ്റി ? നീ നല്ല കാര്യങ്ങൾ കൽപിക്കുകയും ചീത്ത വിരോധിക്കുകയും ചെയ്തിരുന്നവനാണല്ലോ ! അപ്പോൾ അവൻ പറയും .നല്ലത് കൽപിച്ചിരുന്നെങ്കിലും ഞാനത് ചെയ്തിരുന്നില്ല. തിന്മ വിരോധിച്ചിരുന്നെങ്കിലും ഞാൻ അത് പ്രവർത്തിച്ചിരുന്നു "
(ഉസാമത്ത്ബ്നു ഹാരിസ(റ) നിവേദനം: ബുഖാരി 6/238 , മുസ്‌ലിം, 2989 )
ഖുർആനിൽ അല്ലാഹു പറയുന്നു.
" സ്വശരീരങ്ങളെ മറന്ന് കൊണ്ട് നിങ്ങൾ ജനങ്ങളോട് നന്മയുപദേശിക്കുകയാണോ ? നിങ്ങൾ വേദ ഗ്രന്ഥം പാരായണം ചെയ്യുന്നുണ്ട്, എന്നിട്ടും അത് നിങ്ങൾ മനസ്സിലാക്കുന്നില്ലേ!"
( സൂറത്ത് അൽ-ബഖറ : സൂക്തം 44)
വിവരണം:
നല്ലത് കൽപ്പിക്കുകയും ചീത്ത പ്രവൃത്തികൾ തടയുകയും ചെയ്തിട്ടും വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമാവുന്നതിനെ സംബന്ധിച്ചും അതിന്റെ അനന്തര ഫലത്തെ സംബന്ധിച്ചും ഈ ഹദീസും ആയത്തും നമ്മെ ഓർമ്മപ്പെടുത്തുന്നു.
കുറിപ്പ് :
സത്യത്തിൽ ഈ ഹദീസും ആയത്തും നമ്മുടെ ഓരോരുത്തരുടെയും കണ്ണും ഖൽബും തുറപ്പിക്കേണ്ടതല്ലേ ! നമ്മുടെയൊക്കെ ഓരോരുത്തരുടെയും നിത്യ ജിവിതം എടുത്ത് പരിശോധിച്ചാൽ നമ്മുടെ വാക്കും പ്രവൃത്തിയും തമ്മിൽ എത്രമാത്രം അന്തരമുണ്ടെന്ന് ഓരോരുത്തർക്കും ബോധ്യമാവും. കുടുംബ ജീവിതത്തിലായാലും, സുഹൃത്തുക്കളുമായും സമൂഹവുമായും ഇടപഴകുമ്പോഴായാലും നാം പ്രാവർത്തികമാക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ് നാം മറ്റുള്ളവർക്ക് ഉപദേശമായും നിർദ്ദേശമായും നൽകുന്നത്. അത് പോലെ നമ്മുടെ മക്കളോടും ഭാര്യയോടും കൂട്ടുകാരോടും എല്ലാം ചെയ്യരുതെന്ന് വിലക്കുന്ന പല കാര്യങ്ങളും അവർ അറിയാതെ ചെയ്യുന്നവരല്ലേ ഞാനടക്കമുള്ളവരിലെ മിക്കപേരും !
ഇനി വ്യക്തി തലത്തിൽ നിന്ന് സമൂഹത്തിലേക്കിറങ്ങിയാൽ അവിടെ പഞ്ചായത്ത് ,പള്ളിക്കമ്മിറ്റി മെമ്പർമുതൽ രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്നവരുടെ വരെ വാക്കും പ്രവ്രൃത്തിയും എത്ര മാത്രം സാമ്യമുണ്ടെന്നുള്ളത് നാം കാണുന്നു. രാഷ്ടീയക്കാരുടെ കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ലാതതിനാൽ അതിലേക്ക് പ്രവേശിക്കുന്നില്ല.
ചാരുകസേരയിലിരുന്ന് സിഗരറ്റ് വലിച്ച് അന്തരീക്ഷ മലിനീകരണവും അതോടൊപ്പം സ്വയം നശീകരണവും നടത്തിക്കൊണ്ടിരിക്കുന്ന പിതാവ് തന്റെ മകനെ പുകവലിക്കുന്നതിൽ നിന്ന് വിലക്കുന്നതിലെ വിരോധാഭാസം പോലെ, പലപ്പോഴും നമ്മുടെ മക്കളുടെ മുന്നിൽ അവർ ചെയ്യരുതാത്തത് ചെയ്യുമ്പോൾ ആത്മാർത്ഥമായി വിലക്കുവാൻ നമ്മിൽ പലർക്കും ആവില്ല എന്നതല്ലേ വാസ്തവം !
ഒരിക്കൽ പ്രവാചക സന്നിധിയിൽ, ‘തന്റെ മകൻ അമിതമായി മധുരം കഴിക്കുന്നു നബിയേ അവനെയൊന്ന് ഉപദേശിക്കണമെന്ന’ അഭ്യർത്ഥനയുമായി വന്ന ഉമ്മയോട് അനുകൂലിച്ചോ പ്രതികൂലിച്ചോ മറുപടി പറയാതെ തിരിച്ചയക്കുകയും, വീണ്ടും ദിവസങ്ങൾക്ക് ശേഷം അതേ പരാതിയുമായി ആ ഉമ്മ വന്നപ്പോൾ മകനെ വിളിച്ച് നബി(സ) മധുരം കഴിക്കുന്നത് കുറയ്ക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഇതിനു മുന്നേ വന്നപ്പോൾ പ്രതികരിക്കാതിരുന്നതിന്റെ കാരണമന്വേഷിച്ച മഹതിയോട് പ്രവാചകർ (സ) പറഞ്ഞു. ‘ഞാനും മധുരം ഇഷ്ടപ്പെടുകയും കൂടുതൽ കഴിക്കുകയും ചെയ്തിരുന്നു. ഞാൻ ചെയ്യുന്ന കാര്യം മറ്റുള്ളവരെ വിലക്കുന്നതിനു മുന്നേ സ്വയം അതിൽ നിന്നു ഒഴിവാകുവാൻ ശീലിക്കുകയായിരുന്നു ഈ ദിവസങ്ങളിൽ’
അന്ത്യ പ്രവാചകർ മുഹമ്മദ് നബി(സ)യുടെ ജന്മ ദിനം കൊണ്ട് അനുഗ്രഹീതമായ മാസമായ റബീഉൽ അവ്വലിലേക്ക് പ്രവേശിച്ച വേളയിൽ ആ മഹാനുഭാവന്റെ ഉപദേശങ്ങൾ ജീവിതത്തിൽ പാലിക്കാൻ ജഗന്നിയന്താവായ അല്ലാഹു ഏവരെയും അനുഗ്രഹിക്കട്ടെ .. ആശംസകൾ
അല്ലാഹുവിന്റടുക്കൽ ഏറ്റവും കോപത്തിനു പാത്രമാകുന്ന കാര്യമാണ് ചെയ്യാത്തത് ഉപദേശിക്കലും അഥവാ വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമാവൽ എന്ന ഓർമ്മയോടെ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ കഴിവിന്റെ പരമാവധി വാക്കും പ്രവൃത്തിയും ചേർന്ന് പോകാൻ സൗഭാഗ്യമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ..
കോപത്തോട് കൂടി വിധിക്കരുത്
മൊഴിമുത്ത് :
عن عبدِ الرَّحْمَنِ بن أبِي بَكَرةَ رَضِيَ اللهُ عنهُ قالَ سمعتُ رسولَ اللهِ صَلى اللهُ عليهِ وسلمَ
“ يَقُولُ : ”لاَ يَحْكُمْ أَحَدٌ بَيْنَ اثْنَيْنِ وَهُوَ غَضْبَانُ
“രണ്ടാളുകളുടെ ഇടയിൽ വല്ല വിധിയും പ്രസ്താവിക്കാനുണ്ടെങ്കിൽ , കോപത്തോട് കൂടി അരുത്; അത് അവിവേകമായി കലാശിക്കാനിടയുണ്ട്.”
വിവരണം.
വല്ല കേസും തീരുമാനിച്ചു കൊടുക്കുവാനോ ,വല്ല വിധിയും പ്രസ്താവിക്കാനോ ഉണ്ടെങ്കിൽ അത് സമാധാനത്തോടും ആലോചനയോടും പാകതയോടും കൂടി ചെയ്യണമെന്നും. ദേഷ്യത്തോട് കൂടി വിധി പ്രസ്താവിക്കരുതെന്നും അങ്ങിനെ വന്നാൽ ; അത് അവിവേകമായി കലാശിക്കാനിടയുണ്ടെന്നും ഈ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു.
കുറിപ്പ്
കോപം എന്ന വികാരം മനുഷ്യനെ പല വിധത്തിലുള്ള അപകടങ്ങളിലും കൊണ്ട്ചെന്ന് ചാടിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. കോപത്തെ അടക്കുക എന്നതിലാണ് ഒരു മനുഷ്യന്റെ ശരിയായ ശക്തി നില കൊള്ളുന്നത്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും അത് വളരെയധികം പ്രത്യാഘാതങ്ങൾ തീർത്ത സംഭവങ്ങൾ മിക്കപേർക്കും കണ്മുന്നിൽ കണ്ട അനുഭവങ്ങൾ ഉണ്ടായിരിക്കാനിടയുണ്ട്. കോപം കൊണ്ട് മാനസിക വിഷമങ്ങൾ ഉണ്ടാവുന്ന പോലെ ശാരീരികമായും ആരോഗ്യപരമായും പല പ്രശ്നങ്ങളും ഉടലെടുക്കുന്നുവന്നത് തെളിയിക്കപ്പെട്ടതാണ്. ഒരാളോട് കോപം ഉള്ളിലുണ്ടെങ്കിൽ ശരിയായ രീതിയിലുള്ള ഉറക്കം തന്നെ സാധ്യമാവാതെ വരുന്നത് സ്വാഭാവികം. അയാളെ എങ്ങിനെ കീഴ്പ്പെടുത്തണം അല്ലെങ്കിൽ അയാളുടെ പരാജയം കാണാനെന്ത് വഴി എന്നതാലോചിച്ച് രക്തസമ്മർദ്ദം കൂട്ടി ഉറക്കം തന്നെ നഷ്ടപ്പെടുത്തുന്നതിലേക്കും അത് പിന്നെ ദിനചര്യയിലും താൻ ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയെയും വരെ ബാധിക്കുന്ന വിധത്തിലേക്ക് അവനെ എത്തിക്കുകയും ചെയ്യുന്നു.
ഈ ഹദീസിൽ വിവരിച്ചത് പോലെ ഒരു മധ്യസ്ഥനാവുമ്പോൾ അല്ലെങ്കിൽ ഒരു കാര്യത്തിൽ വിധി പ്രസ്ഥാവിക്കുമ്പോൾ നീതി യുക്തമായിരിക്കണം ആ വിധി എന്നത് വിധിക്കുന്നവനെ സംബന്ധിച്ചും അവൻ ഉൾപ്പെടുന്ന സമൂഹത്തെ, രാജ്യത്തെ സംബന്ധിച്ചും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. പല കേസുകളിലും തർക്കങ്ങളിലും പക്ഷെ ഇന്ന് നടക്കുന്നത് മുൻവിധികളോടെയും ഈർഷ്യതയോടെയും കുറ്റം ചെയ്ത അല്ലെങ്കിൽ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയോടുള്ള അല്ലെങ്കിൽ ആ വ്യക്തി ഉൾപ്പെട്ട സമൂഹത്തോടുള്ള നിരസമോ കോപമോ അടിസ്ഥാനമാവുമ്പോൾ ആ അവിവേക പൂർണ്ണമായ വിധി പ്രസ്ഥാവം പലപ്പോഴും സമൂഹത്തിൽ ഭിന്നിപ്പിനും കുഴപ്പങ്ങൾക്കും കാരണമാവുന്നു.
വ്യക്തി താത്പര്യങ്ങൾ ഒരിക്കലും ഒരു ന്യായാധിപൻ , ഒരു മധ്യസ്ഥൻ തന്റെ ജഡ്ജ്‌മന്റിൽ കൂട്ടിച്ചേർക്കരുത്. താൻ വിധിക്കുന്നത് തികച്ചും വിവേകപൂർണ്ണവും നീതിയുക്തവുമാണെന്ന് പൂർണ്ണ ബോധ്യം അദ്ദേഹത്തിനുണ്ടായിരിക്കുമ്പോൾ ആ വിധി സമൂഹത്തിനു മൊത്തത്തിൽ ഗുണം ചെയ്യും മറിച്ചായാൽ നിരപരാധികൾ ശിക്ഷിക്കപ്പെടുകയോ അപരാധികൾ രക്ഷപ്പെടുകയോ ചെയ്യുന്നതോടൊപ്പം സമൂഹത്തിലും അതിന്റെ ദൂശ്യ ഫലങ്ങൾ അനുഭവപ്പെടുന്നു.
കാരുണ്യത്തിന്റെ ഉറവിടമായ മുത്ത് റസൂൽ (സ) തങ്ങളുടെ ജീവിതവും തന്റെ ചര്യ അതേപടി പിന്തുടർന്ന അനുചരരുടെയും (സഹാബത്ത്) ജിവിതമാകട്ടെ നമുക്ക് മാതൃക. അല്ലാതെ മതത്തിന്റെ മേലങ്കിയണിഞ്ഞ് അതിന്റെ മറവിൽ അവിവേകപൂർണ്ണമായ വിധി പ്രസ്താവം നടത്തി അതിലൂടെ താൻ ഉൾപ്പെടുന്ന സമൂഹത്തെ പൊതു സമൂഹത്തിൽ കൊത്തി വലിക്കാൻ കാരണമുണ്ടാക്കുന്ന അഭിനവ മുസ്ലിം നാമ ധാരികളായ ഭരണാധികാരികളല്ല നമുക്ക് മാതൃക.
കുറെ നാളുകൾക്ക് ശേഷമാണ് ഈ ചെറിയ കുറിപ്പ്.. നമ്മുടെ നാട് ഒരു മഹത്തായ വികാരത്തിന്റെ ആമോദത്തിൽ മുഴുകുമ്പോൾ അകലങ്ങളിലാണെങ്കിലും മനസു കൊണ്ടു നേരുന്നു.. എല്ലാ സഹോദരങ്ങൾക്കും മുൻകൂറായി ‘റിപ്പബ്ലിക് ദിനാശംസകൾ’