മൊഴിമുത്തുകൾ-46


'യാചന'


മൊഴിമുത്ത്:


"ആര് ജനങ്ങളോടെ യാചിക്കുകയില്ലെന്ന് ഉറപ്പ് നൽകുന്നുവോ ,അവന്ന് (പ്രതിഫലമായി) സ്വർഗം കൊണ്ട് ഉറപ്പ് നൽകുന്നു" ( സൌബാൻ (റ) ൽ നിന്ന് അബൂദാവൂദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ്)

"കയറുമായി മലകയറി മുതുകിൽ വിറക് കെട്ട് ചുമന്ന് കൊണ്ട് വന്ന് വിറ്റ് അഭിമാനം കാത്ത് സൂക്ഷിക്കുന്നതാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാൾ ഉത്തമം; ജനങ്ങൾ യാചിക്കുന്നവന് കൊടുത്താലും ഇല്ലെങ്കിലും "( സുബൈർ (റ) ൽ നിന്ന് നിവേദനം , ഹദീസ് ബുഖാരി 3/265, 4/260 )


"സ്വന്തം മുഖത്തെ മാംസം മാന്തിയെടുക്കുന്നതിനു സമമാണ് യാചന, ആരെങ്കിലും സ്വന്തം മുഖം രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അവൻ യാചന ഒഴിവാക്കട്ടെ, ഭരണാധികാരിയോടോ വളരെ അത്യാവശ്യ ഘട്ടത്തിലോ യാചിക്കുന്നവർ ഒഴികെ" ( അബൂദാവൂദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ്)



വിവരണം:


സാമ്പത്തികമായും മറ്റും എത്ര ക്ലേശിച്ചാലും മറ്റുള്ളവരോട് യാചിക്കാതെ (അധ്വാനിച്ച് ) ജീവിതം നയിക്കുന്നവർ ആരാണോ അവർ വിശ്വാസികളിൽ ഉത്തമരാണെന്നും അവർക്ക് ആ ക്ലേശത്തിനു പ്രതിഫലമായി സ്വർഗപ്രവേശനം സാധ്യമാവുമെന്നും ഈ പ്രവാചക മൊഴിയുടെ നേരർത്ഥം.


കുറിപ്പ്:


ഇസ്‌ലാം യാചനയെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുകയും അധ്വാനിച്ച് ജീവിക്കുന്നതിന്റെ മഹത്വം പഠിപ്പിക്കുകയും ചെയ്യുന്നു. നബി (സ) തിരുമേനിയുടെ സവിധത്തിൽ വന്ന് ഒരു അനുചരൻ തന്റെ കഷ്ടപ്പാടുകൾ വിവരിക്കുകയും, അത് കേട്ടതിനു ശേഷം താങ്കളുടെ വീട്ടിൽ എന്താണുള്ളത് വില്ക്കാൻ പറ്റിയവ എന്ന് തിരുനബി അദ്ധേഹത്തോട് ചോദിക്കുകയും രണ്ട് പാത്രങ്ങൾ വിറ്റ് കിട്ടിയ പണം കൊണ്ട് മഴുവാങ്ങിപ്പിച്ച് വിറക് വെട്ടി കൊണ്ടുവന്ന് ചന്തയിൽ വിറ്റ്കിട്ടിയതിൽനിന്ന് ജീവിതചിലവ് കണ്ടെത്താൻ ഉപദേശിക്കുകയും ചെയ്തതും, പുണ്യറസൂലിന്റെ സദസ്സിൽ ഒരു സഹാബിയുടെ (അധ്വാനഭാരത്താൽ)പരുപരുത്ത കൈകൾ കൂട്ടിപ്പിടിച്ച് എല്ലാവർക്കും നേരെ ഉയർത്തി ‘നിങ്ങളിലാർക്കാണ് സ്വർഗത്തിലേക്ക് പോകുന്നകൈകൾ കാണേണ്ടതെന്ന് ‘ ചോദിച്ച സംഭവവുമെലാം മനപാഠമുള്ളവർ; അവരും പക്ഷെ തൊട്ടതിനും പിടിച്ചതിനുമെല്ലാം യാചനക്കിറങ്ങുന്ന കാഴ്ചകളാണിന്ന് ദർശിക്കാനാവുന്നത്. ആഢംബരജിവിത്തിനും പൊങ്ങച്ചത്തിന്റെ പേരിലെആചാരങ്ങൾക്കും വരെ പിരിവിനിറങ്ങുന്നവരുടെ ആധിക്യത്താൽ യഥാർത്ഥ ആവശ്യക്കാർ തിരസ്കരിക്കപ്പെടുന്നു.

യു.എ.ഇ യിൽ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്. അബുദാബി പോലീസിനു കിഴിലെ ‘ലോ റെസ്പെക്റ്റ് കൾചർ’ വിഭാഗം അറിയിപ്പിൽ പറയുന്നത് പോലെ, മാന്യമായി ജീവിക്കാനുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടും ,ചിലർ കാലാ കാലങ്ങളിൽ നിക്ഷേപം നടത്താനുള്ള മാർഗമായി (പ്രത്യേകിച്ച് റമദാനിൽ) യാചന തൊഴിലാക്കി സ്വീകരിക്കുകയാണ്. ഭിക്ഷാടനം മറ്റ് കുറ്റകൃത്യങ്ങളിലേക്ക് വാതിൽ തുറക്കുകയും ചെയ്യുന്നു എന്നും അതിനാൽ അബുദാബി എമിറേറ്റിലെ 1957 ലെ ഭിക്ഷാടനം സംബന്ധിച്ച പ്രാദേശിക നിയമം നമ്പർ 15 പ്രകാരം കുറ്റകൃത്യമായി കണക്കാക്കുകയും ചെയ്യുന്നു. ഭിക്ഷാടനം ചെയ്ത് പിടിക്കപ്പെടുന്നവർ പ്രവാസിയാണെങ്കിൽ അവനെ നാടു കടത്താനും നിയമമുണ്ട്. ഇത്തവണ പിടിക്കപ്പെട്ട ഒരു യാചകനിൽ നിന്ന് ഒന്നര ലക്ഷം ദിർഹം കണ്ടെത്തിയെന്ന് പത്രവാർത്തയുണ്ടായിരുന്നു. ജീവിതം മുഴുവൻ പ്രവാസഭൂമിയിൽ ചലവഴിച്ച് ജിവിതമില്ലാതെ ജീവിക്കുന്ന സാധാ‍രണക്കാരിൽ നിന്നാണിവർ ഇത്രയും തുക തട്ടിപ്പിന്റെ കണ്ണുനിർ വീഴ്ത്തി പിഴിഞ്ഞെടുക്കുന്നത്. ഇത്തരക്കാരെ കൊണ്ട് അർഹരായ പലർക്കും അവരുടെ വീതം കിട്ടാതെ പോകുന്ന അവസ്ഥയുമുണ്ട്. നമ്മുടെ നാട്ടിൽ ഓരോ പ്രദേശത്തുമുള്ള ധനാഢ്യർ മനസ് വെച്ചാൽ ആ പ്രദേശത്തുള്ളവരുടെ ആവശ്യങ്ങൾ മറ്റ് രാജ്യത്തേക്ക് അവരെ യാചനക്കുള്ള അംഗീകാര പത്രവും നൽകി പറഞ്ഞയക്കേണ്ട അവസ്ഥ ഒഴിവാക്കാവുന്നതേയുള്ളൂ.. പക്ഷെ ഇന്ന് പല കമ്മിറ്റികളും യാചനാപത്രം മുൻ‌കൂട്ടി തയ്യാറാക്കിവെച്ചിരിക്കയാണെന്ന് തോന്നുന്നു. ആവശ്യങ്ങളുന്നയിച്ച് വരുന്നവർക്ക് സീൽ ചെയ്ത് നൽകാൻ. ആരുടെ അധ്യാപനമാണ് കാറ്റിൽ പറത്തുന്നതെന്ന് അവർക്കറിവില്ലാതെയാണോ അതോ യാചന എന്നത് പുണ്യമായ ഒരു കാര്യമാണെന്നും അത് പിന്നെ റമദാനിലാവുമ്പോൾ പതിന്മടങ്ങ് പുണ്യമാണെന്നും ആരെങ്കിലും ഇവരെ തെറ്റിദ്ധരിപ്പിച്ചുവോ എന്തോ !!

ഇതിനൊരു മറുവശം ;യാചിക്കാതെ ജീവിതം മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലുള്ളവർ നമ്മുടെ ചുറ്റുവട്ടത്തിൽ തന്നെ മറ്റുള്ളവരെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിയിക്കാതെ തന്റെ അഭിമാനം കാത്ത് അരപ്പട്ടിണിയും മുഴുപട്ടിണിയുമായി കഴിയുന്നുണ്ടാവാം. അവരെ കണ്ടെത്തേണ്ടത് ഓരോ അയൽ‌വാസിയുടെയും ബാധ്യതയാണ്. (അവരുടെ മതമോ ,വർണ്ണമോ ,വർഗമോ അവിടെ വേർതിരിവ് വെക്കാൻ കാരണമാവുന്നില്ല.) . ധാന ധർമ്മങ്ങളെകുറിച്ച് വിശുദ്ധ ഖുർ‌ആൻ പറയുന്നു. ‘ നിങ്ങൾ എന്ത് ചെലവഴിച്ചാലും അല്ലാഹു അതിനു പകരം തരുന്നതാണ് (സബ‌അ്: 39). ഏറ്റവും ചുരുങ്ങിയത് നമ്മുടെ അയൽ‌വാസികളെ പരസ്യമായ യാചനയിലേക്ക് തള്ളിവിടാതിരിക്കാൻ നമുക്കാവത് ചെയ്യാം അതിനു ഈ പരിശുദ്ധ റമദാൻ മാസം ഒരു പ്രചോദനമാകട്ടെ.

തന്റെ മകന് മാറാരോഗം ബാധിച്ച് ചികിത്സയ്ക്ക് വഴികാണാതെ മദ്രസാധ്യാപകൻ ചുമട്ട്തൊഴിലെടുക്കുന്ന വാർത്ത ഇന്നലത്തെ പത്രത്തിൽ വായിച്ചു. അഭിമാനിയായ ആ അധ്യാപകൻ ഒരു മാതൃകയാവട്ടെ മറ്റുള്ള അലക്കിതേച്ച യാചകർക്ക്.അദ്ധേഹത്തിന്റെ ദയനീയാവസ്ഥക്ക് എത്രയും വേഗം ഒരു പരിഹാരമുണ്ടാക്കാൻ അന്നാട്ടുകാർക്ക് തന്നെ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ..ഏവർക്കും റമദാൻ മുബാറക്

മൊഴിമുത്തുകൾ-45


ജീവിത വിജയം

മൊഴിമുത്ത്:



“ അഞ്ചു കാര്യങ്ങൾക്ക് മുമ്പ് അഞ്ചു കാര്യങ്ങൾ സമ്പാദിക്കുക. 1) മരണത്തിനു മുമ്പ് ജീവിതം. 2) രോഗത്തിനു മുമ്പ് ആരോഗ്യം. 3) ജോലിത്തിരക്കിനു മുമ്പ് ഒഴിവു സമയം 4) വാർദ്ധക്യത്തിനു മുമ്പ് യൌവ്വനം 5) ദാരിദ്ര്യത്തിനു മുമ്പ് ഐശ്വര്യം”. (ഇബ്‌നു അബ്ബാസ് (റ)ൽ നിന്ന് ബൈഹഖി(റ) റിപ്പോർട്ട് ചെയ്ത ഹദീസ് )


വിവരണം:



സമ്പാദിക്കുക എന്നതിന്റെ വിവക്ഷ മരണം എന്ന യാഥാർത്ഥ്യം നമ്മിലണയുന്നതിനു മുമ്പ് ജീവിതവും അവിടെ പ്രത്യേകമായി ആരോഗ്യം, ഒഴിവ് സമയം,യൌവ്വനം ,ഐശ്വര്യം എന്നി അനുഗ്രഹങ്ങൾ ശരിയായ ദിശാബോധത്തോടെ വിനിയോഗിക്കുക എന്നതാണ്. നമ്മിൽ നിന്ന് വിട്ടകന്നതിനു ശേഷം വീണ്ടും നമ്മിലേക്ക് ഇവയൊന്നും തിരിച്ച് വന്ന് ചേരുകയില്ലാത്തതിനാൽ നഷ്ടപ്പെടുന്നതിനു മുമ്പ് സമ്പാദിക്കാൻ കഴിയണമെന്ന് സാരം.

കുറിപ്പ് :

കരുതലോടെ ജീവിക്കേണ്ട ആവശ്യകതയാണിവിടെ നമ്മെ ബോധ്യപ്പെടുത്തുന്നത്. ജീവിത വിജയത്തിനു കരുതലോടെ അഞ്ച് പ്രധാന ഘട്ടങ്ങൾ നാം നേരിടണം. മരണമെന്നത് അടുത്ത നിമിഷം വന്ന് ചേരും ! അതിനാൽ തന്നെ ജിവിതം സമ്പാദിക്കേണ്ട കാലമാണ് (കേവല ധന സമ്പാദനം മാത്രമല്ല, മരണത്തിനു ശേഷമുള്ള ശാശ്വതമായ പരലോക ജീവിതത്തിലേക്കുള്ള സമ്പാദനവുമാണ് അർത്ഥമാക്കുന്നത്). യുവത്വവും ആരോഗ്യവും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഘടകവും അനുഗ്രഹവുമാണെന്നതിൽ തർക്കമില്ല പക്ഷെ മിക്കപേരും അത് വേണ്ടവിധം ഉപയോഗപ്പെടുത്താതെ കഴിയുന്നു. ചിലർ അത് ജനങ്ങൾക്ക് എന്നല്ല തനിക്ക് തന്നെ ഉപദ്രവമായി മാറുന്ന രീതിയിൽ ദുരുപയോഗം ചെയ്യുന്നു. ചുരുക്കം ചിലർ താൻ ഉൾപ്പെടുന്ന കുടുംബത്തിനും സമൂഹത്തിനും സമുദായത്തിനും നന്മയാകുന്ന വിധം യുവത്വവും ആരോഗ്യവും ചിലവഴിച്ച് ഇരുലോക വിജയം നേടുന്നു. നാം ഇതിൽ എവിടെ നിൽക്കുന്നുവെന്ന ഒരു വിചിന്തനം നല്ലതല്ലേ ! വർത്തമാന കാല സംഭവങ്ങളിൽ യുവത്വവും ആരോഗ്യവും താൻ നിലകൊള്ളുന്ന സമുദായത്തിനും താൻ ജീവിക്കുന്ന സമൂഹത്തിനുമെതിരായി വിനിയോഗിക്കുന്നവരുടെ ചെയ്തികൾ അനുഭവപാഠങ്ങളായി നമ്മുടെ മുന്നിലുണ്ട്. നേർവഴിയിൽനിന്നുള്ള വ്യതിചലനം അവരെ കൊണ്ടു ചെന്നെത്തിക്കുക ശാശ്വതമായ ദു:ഖത്തിലായിരിക്കുമെന്നതിൽ സംശയമില്ല. ആരോഗ്യവും യൌവ്വനവും വിടപറഞ്ഞ് വാർദ്ധക്യം പിടികൂടുന്ന അവസ്ഥയിൽ നഷ്ടപ്പെട്ടതൊന്നും പിന്നെ ജീവിതത്തിൽ തിരിച്ച് വരികില്ലെന്നതോർക്കാൻ കൂടി അക്കൂട്ടർക്കിപ്പോൾ സമയമുണ്ടാവില്ല ! മരണത്തെകുറിച്ചുള്ള ഓർമ്മ ദിവസത്തിൽ ഒരിക്കലെങ്കിലും നമുക്ക് ഉണ്ടായിരുന്നെങ്കിൽ, തന്റെ ആരോഗ്യവും യൌവ്വനവും ,ഒഴിവു സമയവും പാ‍ഴാക്കികളയാനോ ദുരുപയോഗം ചെയ്യാനോ മുതിരുമായിരുന്നില്ല.

ഐശ്വര്യം വന്ന് ചേർന്നാലത് ശ്വാശ്വതമെന്ന് കരുതി ദൂർത്തടിക്കുന്നവർ തൊട്ടടുത്ത ദിനം ദാരിദ്ര്യം കൊണ്ട് പരീക്ഷിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും നിനക്കാറില്ല. എത്രയെത്ര വമ്പൻ മുതലാളിമാരാണ് ഒരൊറ്റ ദിനം കൊണ്ട് പാപ്പരായത് !. എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ നിന്ന് ക്ഷണനേരം കൊണ്ട് ആപധിച്ചവരെത്ര!. നേരിടാനാവാതെ ജീവിതമൊടുക്കിയവരും ഏറെ... കഥകളേറെ നമുക്ക് മുന്നിലുണ്ട്..പക്ഷെ ബോധവാന്മാരായില്ലെന്ന് മാത്രം ! ഒഴിവ് സമയങ്ങൾ ക്രിയാത്കമായി ഉപയോഗിക്കുന്ന കൂട്ടത്തിലാണോ ഞാനും നിങ്ങളും ? ജീവിതത്തിന്റെ വലിയ സമയം മറ്റുള്ളവരെ ദ്രോഹിക്കാനും ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും തെറ്റായ ആശയങ്ങളുടെ പ്രചാരണത്തിനുമായി ചിലവിടുന്നവർ എത്രയോ !


ഒരുദിനത്തിന്റെ ദൈർഘ്യത്തിൽ വർഷങ്ങൾ നമ്മെ വിട്ടൊഴിഞ്ഞകലുമ്പോൾ, ആരോഗ്യവും ,യൌവ്വനവും, ഒഴിവു സമയവും ,ഐശ്വര്യവും മരണം വാതിൽക്കലെത്തുന്നതിനു മുന്നെ ഈ ജീവിതത്തിലും നാളെയുടെ ശ്വാശ്വതജീവിതത്തിനുമായി ഉപയോഗപ്പെടുത്തി സമ്പാദിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ,

മൊഴിമുത്തുകൾ-44


മൊഴിമുത്ത് :

അബ്ദുല്ല (റ)യിൽ നിന്ന് നിവേദനം: “കടം ഒഴിച്ച് മറ്റെല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും (മുസ്‌ലിം )



വിവരണം:


രക്‌തസാക്ഷിയായവരെ മരണപ്പെട്ടവർ എന്ന് പറയരുതെന്ന് ഉത്ബോധിപ്പിക്കുന്ന ഇസ്‌ലാം പക്ഷെ അങ്ങിനെ മഹത്വം കല്പിക്കുന്ന ഷഹീദിന് (രക്‌തസാക്ഷിക്ക്)പോലും താൻ ജീവിതകാലത്ത് വരുത്തിവെച്ച വീട്ടാകടങ്ങൾക്ക് ഇളവുകളില്ലെന്നും അതിനു ഉത്തരമേകേണ്ടതുണ്ടെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കടം വരുത്തുന്നതിലെ ഗൌരവമാണ് നമ്മെ ഇതിലൂടെ ബോധ്യപ്പെടുത്തുന്നത്.

കുറിപ്പ്:


നിരവധി ഹദീസുകൾ ഈ വിഷയവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുനബി(സ.അ) തങ്ങളുടെ ഇഹലോക ജീവിത കാലത്ത് നബി(സ.അ) തങ്ങൾ, കടവുമായി മരണപ്പെട്ട ആളുടെ മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നൽകാൻ വിമുഖത കാണിക്കുകയും ,അവിടെകൂടിയവർ മരണപ്പെട്ടവ വ്യക്തിയുടെ കട ബാധ്യതകൾ ഏറ്റെടുത്ത ശേഷം മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം വഹിക്കുകയും ചെയ്ത ചരിത്രം ഓർക്കുക. കടം ബാക്കി വെച്ച് മരണപ്പെടുന്നതിന്റെ ഗൌരവം എത്രമാത്രമുണ്ടെന്ന് പഠിപ്പിക്കുകയായിരുന്നു തിരുനബി(സ.അ). ഇന്ന് ആ തിരുദൂതരുടെ അനുയായികളായിരിക്കാം ഒരു പക്ഷെ ആവശ്യത്തിനും, അനാവശ്യത്തിനും, ആഡംബരത്തിനും, പൊങ്ങച്ചത്തിനുമായി യാതൊരു തത്വദീക്ഷയുമില്ലാതെ കടം വാങ്ങിക്കൂട്ടുന്നവരിൽ മുൻപന്തിയിൽ.

കടം വാങ്ങാനുള്ള രണ്ട് കാർഡെങ്കിലും ഇല്ലാത്തവരെ മറ്റുള്ളവർ പുച്ഛത്തോടെ വീക്ഷിക്കുന്ന ഇന്ന് കടം വാങ്ങുക എന്നത് ഒരു ക്രെഡിറ്റാ‍യാണ് കണക്കാക്കപ്പെടുന്നത്. ആധുനിക ക്രയ-വിക്രയങ്ങളിൽ ഒരു പക്ഷെ ഒഴിച്ച് കൂടാനാവാത്ത ഒരു പ്ലാസ്റ്റിക് കാർഡ് അതിന്റെ വഴിവിട്ട ഉപയോഗത്തിലൂടെ എത്രയോ ജന്മങ്ങൾ വഴിയിൽ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. മോഹന വാഗ്ദാനങ്ങളുമായി ഏജൻസികൾ വീട്ടു പടിക്കലെത്തുമ്പോൾ വരാനിരിക്കുന്ന പ്രഹേളികകളെകുറിച്ച് ബോധവാനാകാതെ ആവശ്യമില്ലാതെയും പലരും അതിന്റെ കെണിവലകളിൽ തലവെച്ച് കൊടുക്കുന്നു. പിന്നെ അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തവിധം കണ്ണികൾ മുറുകുമ്പോഴേക്ക് കാര്യങ്ങൾ കൈവിട്ടു പോയിരിക്കും.

നമ്മുടെ വരുമാനത്തിലൊതുങ്ങി ജീവിക്കാൻ പൊങ്ങച്ചം അനുവദിക്കാത്തത് കൊണ്ട് മാത്രം, മറ്റുള്ളവർ കാട്ടിക്കൂട്ടുന്നത് കണ്ട് അനുകരിക്കാൻ അത് പോലെ തനിക്കുമാവാൻ ഏത് വിധേനയും കടം വാങ്ങി കാര്യങ്ങൾ നിറവേറ്റുവാൻ വെമ്പൽ കൊള്ളുന്നവർ അതെങ്ങിനെ കൊടുത്ത് വീട്ടുമെന്ന് പലപ്പോഴും ചിന്തിക്കാറില്ല. പലരുടെയും ചിന്ത കടം വാങ്ങി എങ്ങിനെ കൊടുക്കാതെ രക്ഷപ്പെടാം എന്നാണിപ്പോൾ. അവർക്കുള്ള ഒരു താക്കിതാണ് മേൽ ഹദിസ്.


അത്യാവശ്യഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വന്നാൽ അത് അവധിക്ക് തിരികെനൽകാൻ പരിശ്രമിക്കുന്ന പ്രവണത പലരിലും ഇന്നില്ല. കടം നൽകി സഹായിച്ചവൻ പിന്നീടത് തിരികെ ചോദിച്ചാൽ പഴികേൾക്കേണ്ടിവരുന്ന അവസ്ഥയാണ്. വട്ടിപ്പലിശക്കാർ ഗ്രാമഗ്രാമന്തരങ്ങളിൽ തങ്ങളുടെ ഇരകളെതേടി രാവിലെ മുതൽ റോന്ത് ചുറ്റുമ്പോൾ ,പിന്നീട് കൊടുത്താൽ മതിയല്ലോ എന്ന ചിന്തയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി കടം വാങ്ങിക്കൂട്ടി അവസാനം ജീവിതം നരകതുല്യമാക്കുന്നവർ ഇന്ന് ഏറെയാണ്. അവരെ അകറ്റി നിർത്താൻ കടക്കെണിയിൽ അകപ്പെടാതിരിക്കാൻ ആദ്യമായി വേണ്ടത് നാം നമ്മുടെ പരിമിതികൾ മനസിലാക്കുകയും ജീവിതത്തിനു ചിട്ടയും ഒതുക്കവും വരുത്തുകയുമാണ്.

ഉള്ളപ്പോൾ ഇല്ലാത്തവനെപ്പോലെയും (ഉള്ളതിനാൽ ആർഭാടം കാണിക്കാതെ, പൊങ്ങച്ചത്തിനു ചിലവഴിച്ച് നശിപ്പിക്കാതെ ) ഇല്ലാത്തപ്പോൾ ഉള്ളവനെപ്പോലെ (മറ്റുള്ളവരെ നമ്മുടെ ഇല്ലായ്മകൾ അറിയിക്കാതെ പരമാവധി ഒതുങ്ങി) ജീവിക്കാനും എന്ന് നാം പഠിക്കുന്നുവോ അന്നേ നാം ഈ കടക്കെണിയിൽ നിന്ന് മോചിതരാവൂ..


അതിനു ആദ്യം നാം സ്വയം തിരിച്ചറിവു നേടുകയും ഒപ്പം നമ്മുടെ കുടുംബത്തെ ബോധവത്കരിക്കുകയും ചെയ്യുക. അത്യാവശ്യഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വന്നാൽ അത് കൊടുത്തു വീട്ടാനുള്ള മനസും അതിനുള്ള പ്രയ്തനവും നമ്മിലുണ്ടായിരിക്കണം. അപ്പോൾ കടം വീടാനുള്ളാ വഴികൾ അനുഗ്രഹത്താൽ തുറക്കപ്പെടുകതന്നെ ചെയ്യും. ബാധ്യതകൾ ഇല്ലാത മരണപ്പെടാൻ ജഗന്നിയന്താവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ.