മൊഴിമുത്തുകള്‍-16

കോപത്തെ അടക്കല്‍

മൊഴിമുത്തുകള്‍:

  • കോപം വന്നാല്‍ (എന്തും ചെയ്യാന്‍ കഴിവും ശക്തിയുമുള്ളവനായതോടു കൂടി)ആരു ക്ഷമിച്ചുവോ / കോപത്തെ അടക്കിയോ അവന്റെ ഹ്ര്യദയത്തെ സത്യ വിശ്വാസത്താലും നിര്‍ഭയത്താലും അല്ലാഹു നിറയ്ക്കുന്നതാണ്. ( അബൂ ഹുറൈറ(റ) യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ്‌ )

  • കോപം പൈശാചികമാണ്. പിശാചിനെ തീ കൊണ്ട്‌ സ്ര്യഷ്ടിക്കപ്പെട്ടതാണ്. വെള്ളം തീ കെടുത്തുന്നതുമാണ്. അതിനാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കോപം വന്നാല്‍ അവന്‍ ശരീരം കഴുകട്ടെ. (മറ്റൊരു നിവേദനത്തില്‍ ) *വുളു /അംഗസ്നാനം ചെയ്യട്ടെ എന്നും വന്നിട്ടുണ്ട്‌. ( മആവിയ(റ)വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്‌ . അബൂ നുഐം (റ) റിപ്പോര്‍ട്ട്‌ ചെയതത്‌ .

വിവരണം:

എന്തും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ കോപം വരികയും അത്‌ സ്വയം അടക്കി ക്ഷമിക്കുകയും ചെയ്താല്‍ അത്‌ വഴി അവന്റെ /അവളുടെ ഈമാന്‍ (വിശ്വാസം ) വര്‍ദ്ധിക്കുകയും മറ്റൊന്നിനെയും ഭയപ്പെടാത്ത വിധം അവര്‍ക്ക്‌ നിര്‍ഭയത്വം ലഭിക്കുകയും ചെയ്യും. കോപം വന്നാല്‍ അവിവേകമായി ഒന്നും ചെയ്യാതെ കോപത്തെ അടക്കിവെക്കുക എന്നത്‌ ഒരു യഥാര്‍ത്ഥ സത്യവിശ്വാസിയുടെ ലക്ഷണമായി ഖുര്‍ആനിലും നബി വചനങ്ങളിലും സ്ഥിരപ്പെട്ടതാണ്. അങ്ങിനെ കോപം അടക്കുന്നവര്‍ കോപം വന്നാലുടനെ വെള്ളം ഉപയോഗിച്ച്‌ ശരീരം കഴുകുകയോ *വുളു (അംഗസ്നാനം ) ചെയ്യുകയോ ചെയ്യുന്നത്‌ ഫലപ്രദമായി ‌ഭവിക്കുന്നതാണ്.

കുറിപ്പ്‌:

കോപം വരിക എന്നത്‌ മനുഷ്യ സഹജമാണ്. എന്നാല്‍ കോപത്തെ അടക്കി ആ അവസ്ഥയെ തരണം ചെയ്യുക എന്നത്‌ ജീവിത വിജയത്തിനു കാരണമായി ഭവിക്കുമെന്ന് തിരുനബി(സ)യുടെ ഈ മൊഴികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വ്യക്തികള്‍ തമ്മിലും, കുടുംബങ്ങള്‍ തമ്മിലും, സമുദായങ്ങള്‍ തമ്മിലും, രാജ്യങ്ങള്‍ തമ്മിലുമെല്ലാം നടന്നിട്ടുള്ള, ഇപ്പോള്‍ നടക്കുന്ന പല അനിഷ്ട സംഭവങ്ങളുടെയും, അക്രമണങ്ങളുടെയുമൊക്കെ അടിസ്ഥാന കാരണമന്വേഷിച്ചാല്‍ നാമെത്തിച്ചേരുക കോപം അടക്കാതിരുന്നതിന്റെ അനന്തരഫലാമായി ഉരുത്തിരിഞ്ഞ ഒരു കാര്യത്തിലായിരിക്കും.

കോപമുള്ള അവസ്ഥയില്‍ മനുഷ്യന്‍ എന്തൊക്കെയാണു ചെയ്യുക എന്നത്‌ ഊഹിക്കാന്‍ പോലും കഴിയില്ല. വായില്‍ നിന്ന് പുറത്ത്‌ വരുന്ന വാക്കുകള്‍ അല്ലെങ്കില്‍ കോപത്തോടെ കുറിക്കുന്ന വാക്കുകള്‍ എല്ലാം കടുത്തതും അപരന്റെ മനസ്സിനെ തകര്‍ക്കുന്ന തരത്തിലുമായിരിക്കും. നല്ലതിനു വേണ്ടി, നീതിക്ക്‌ വേണ്ടി, അനീതിക്കെതിരെ കോപിക്കുക എന്നത്‌ വേറെ വിഷയമാണ്. എന്നാല്‍ നാം പലപ്പോഴും കോപിക്കുക നിസ്സാര കാര്യങ്ങള്‍ക്കായിരിക്കും. അത്‌ നമ്മുടെ വ്യക്തിത്വത്തിനു തന്നെ പ്രതികൂലമായി ഭവിക്കുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യും.

സ്വാഭാവികമായും വിവേകം വികാരത്തിനു വഴിപ്പെടുന്ന അവസ്ഥയില്‍ നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ്‌ അധികരിക്കുന്നു / ബ്ലഡ്‌ പ്രഷര്‍ കൂടുന്നു/ ഹ്ര്യദയമിടിപ്പിനു വേഗം കൂടുന്നു. കോപം അടക്കി നിര്‍ത്തുമ്പോള്‍ വരുന്ന പ്രക്ഷുബ്ദാവസ്ഥയില്‍ നിന്ന് ശാരീരികമായും മാനസികമായുമുള്ള മോചനത്തിനു മനസ്സും ശരീരവും കുളിര്‍മ്മയാക്കേണ്ടതുണ്ട്‌. അതിനു നല്ല ഒരു ഉപാധിയാണു സ്നാനം എന്നത്‌ . ചുരുങ്ങിയത്‌ അംഗ സ്നാനമെങ്കിലും ചെയ്യുക. ശരീരം ക്ഷീണിച്ച അവസ്ഥയില്‍ നിന്ന് മുക്തി നേടാനും ഉന്മേഷത്തിനും *വുളു എടുക്കുന്നതിനായി കഴുകേണ്ട അവയവങ്ങള്‍ (കൈകള്‍ മുട്ടുള്‍പ്പെടെ, കാലുകള്‍, മുഖം, ചെവി ) വെള്ളം കൊണ്ട്‌ കഴുകുന്നത്‌ നല്ലതാണ്.

പല കുടുംബ ബന്ധങ്ങളും ശിഥിലമാവുന്നതിന്റെ കാരണം നിസ്സാര കാര്യത്തിനുള്ള അമിത കോപവും അതിലൂടെ വരുന്ന പ്രശ്നങ്ങളുമാണ്. പരസ്പരം ക്ഷമിക്കാനും സഹിക്കാനും ദമ്പദികള്‍ തയ്യാറായാല്‍ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാവും. വിട്ടു വീഴ്ച ചെയ്യാനുള്ള മനസ്സ്‌ നമുക്കുണ്ടാവണം. വിട്ടു കൊടുക്കരുത്‌... എപ്പോഴും എനിക്ക്‌ ജയിക്കണം എന്ന ഭാവവുമായി കഴിഞ്ഞാല്‍ അത്‌ അത്യന്തികമായ തോല്‍ വിയിലേക്കായിരിക്കും നമ്മെ എത്തിക്കുക.

കോപം ഒതുക്കി, വിട്ടു വീഴ്ചയോടെ ജീവിതം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ജീവിക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ എന്ന പ്രര്‍ത്ഥനയോടെ..

==================

*വുളു = അംഗസ്നാനം അഥവാ നിസ്കരിക്കുന്നതിനായി കൈകള്‍, മുഖം ,കാലുകള്‍ ,ചെവികള്‍ തുടങ്ങിയ കഴുകുന്നത്‌

14 Response to മൊഴിമുത്തുകള്‍-16

August 4, 2008 at 12:45 PM

എന്തും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ കോപം വരികയും അത്‌ സ്വയം അടക്കി ക്ഷമിക്കുകയും ചെയ്താല്‍ അത്‌ വഴി അവന്റെ /അവളുടെ ഈമാന്‍ (വിശ്വാസം ) വര്‍ദ്ധിക്കുകയും മറ്റൊന്നിനെയും ഭയപ്പെടാത്ത വിധം അവര്‍ക്ക്‌ നിര്‍ഭയത്വം ലഭിക്കുകയും ചെയ്യും. കോപം വന്നാല്‍ അവിവേകമായി ഒന്നും ചെയ്യാതെ കോപത്തെ അടക്കിവെക്കുക എന്നത്‌ ഒരു യഥാര്‍ത്ഥ സത്യവിശ്വാസിയുടെ ലക്ഷണമായി ഖുര്‍ആനിലും നബി വചനങ്ങളിലും സ്ഥിരപ്പെട്ടതാണ്. അങ്ങിനെ കോപം അടക്കുന്നവര്‍ കോപം വന്നാലുടനെ വെള്ളം ഉപയോഗിച്ച്‌ ശരീരം കഴുകുകയോ *വുളു (അംഗസ്നാനം ) ചെയ്യുകയോ ചെയ്യുന്നത്‌ ഫലപ്രദമായി ‌ഭവിക്കുന്നതാണ്.

August 4, 2008 at 5:54 PM

നാം ഏവരേയും അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവരും ക്ഷമിക്കുന്നവരും പൊറുക്കുന്നവരും ഹ്രദയം തുറന്നു പശ്ചാത്തപിക്കുന്നവരുമാക്കിത്തീര്‍ക്കട്ടെ.. ആമീന്‍

August 7, 2008 at 8:18 AM

പ്രിയ പ്പെട്ട ബഷീർ ഇക്ക,
ഷെറി ആണ് മറന്നിട്ടില്ലല്ലോ..
കുറച്ചു ദിവസങളായി .എഴുതണം എന്നു വിചാരിക്കുന്നു.. പാസ്സ് വേഡ് ചോദിച്ചിട്ട് തരാത്തതിൽ പരിഭവം വേണ്ടാട്ടോ..ഇനി പാസ്സ് വേർഡ് വേണ്ടാ പാസ്സ്പോർട്ട് മാത്രം മതി. അതിനുള്ള സൂത്രവിദ്യകൾ ഒരുക്കുന്ന തിരക്കിലായിരുന്നു.. അതാണ് എഴുതാൻ വൈകിയതു. പീനെ അഎകദേശം 20 വിഭാഗ്ങളിലായി ബ്ലോഗുകൾ നിരനിരയായി വരാൻ തുടങിയിരിക്കുന്നു..ഒരു പാടു സഹൃദയർ സഹകരിച്ചു കൊണ്ടിരിക്കുന്ന്. പലർക്കും ഈ സംവിധാനം(പാസ്സ് വേർഡ് മാറ്റി- വിഭാഗീകരണം തുടങിയപ്പോൾ)ഉപയോഗപ്രദമാകുന്നു എന്നു അറിയിച്ചു. ഏതയാലും ബഷീറിക്കയോടും അങ്കിളിനോടും നന്ദി യുണ്ട് നിങളുടെ കമന്റുകൾ എന്നെ അല്പം മാറ്റിചിന്തിക്കാൻ സഹായിച്ചു. ഇനി സൈറ്റിൽ സന്ദർശിച്ച് വിവരങൾ തരാൻ മടിയുള്ളവർക്കായി ഒരു ചെറിയ സൂത്രം കൂടി ഒപ്പിക്കുന്ന തിരക്കിലാണ്..
മൊഴിമുത്തുകൾ വായിക്കാറുണ്ട് ..പരിശുദ്ധ മായ ഒരു മനസ്സ് അതിനു പിന്നിൽ കാണാൻ കഴിയുന്നു..മൊഴി മുത്തുകൾക്ക് നന്ദി..
(ഇതു ഏതു വിഭാഗത്തിൽ ഉൾക്കൊള്ളിക്കണം എന്നു എന്നെ അറിയിക്കുമോ ..ആത്മീയം എന്നെ വിഭാഗത്തിൽ മതിയാകുമോ..)
സ്നേഹപൂർവ്വം
ഷെറി.

August 7, 2008 at 8:53 AM

>എം.എം.ആര്‍

പ്രാര്‍ത്ഥനകള്‍ ഇന്നല്ലെങ്കില്‍ നാളെ സ്വീകരിക്കപ്പെടുമെന്ന വിശ്വസത്തില്‍ തന്നെ തുടരുക .. നന്ദി

>ഷെറി,

താങ്കളുടെ സന്ദര്‍ശനത്തിനും നല്ലവാക്കുകള്‍ ക്കും നന്ദി..

മൊഴിമുത്തുകള്‍ ആത്മീയം എന്ന സെക്ഷനില്‍ ഉള്‍പ്പെടുത്താം . താങ്കളുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.

എന്റെ ഇ-മെയില്‍ ഐഡി. ബ്ലോഗില്‍ ചേര്‍ക്കുന്നുണ്ട്‌

August 7, 2008 at 11:03 AM

എല്ലാവരും കോപത്തെ അടക്കാന്‍ പഠിയ്ക്കട്ടെ!

August 7, 2008 at 11:38 PM

ഇന്നല്ലാഹ മ-അ-സ്സാബിരീന്‍(അല്ലാഹു ക്ഷമാ ശീലരോടൊപ്പമാണ്)
ചിന്തിപ്പിക്കുന്ന വരികള്‍ സ്മ്മാനിച്ചതിന്‍ നന്ദി

August 8, 2008 at 10:02 PM

കോപത്തെ അടക്കുവാന്‍ പഠിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാലത് പരിശീലനത്തിലൂടെ സാധിക്കുകയും ചെയ്യും.

August 9, 2008 at 9:35 AM

>ശ്രീ,

കോപത്തെ അടക്കാന്‍ കഴിഞ്ഞാല്‍ നാം വിജയിച്ചു ഒരു പരിധിവരെ.. സന്തോഷം അഭിപ്രായം പങ്കു വെച്ചതില്‍

>ഫസല്‍

ആ വചനം നാഴികക്ക്‌ നാല്‍പത്‌ വട്ടം ഉരുവിടുന്നവരും പക്ഷെ അത്‌ ഹൃദയത്തിലേക്ക്‌ ആവാഹിക്കാറില്ല പലപ്പോഴും.. നന്ദി. ആ വരികള്‍ കുറിച്ചതില്‍

>ഗീതാ ഗീതികള്‍

കോപത്തെ അടക്കുവാനുള്ള പരിശീലനം ത്യാഗത്തിലധിഷ്ടിതമായി നിര്‍വഹിച്ചാല്‍ നാം വിജയിച്ചു. അതിനുള്ള ശ്രമങ്ങള്‍ ചെയ്യുന്നില്ല എന്നതാണു വാസ്തവം. താന്‍ പോരിമയും അഹങ്കാരവും പലപ്പോഴും അതില്‍ നിന്ന് /കോപത്തെ അടക്കുന്നതില്‍ നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കുന്നു. അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം

August 10, 2008 at 12:42 AM

ക്ഷമ എനിക്ക് ഇഷ്ടം പോലെയുണ്ട്. പക്ഷേ കോപം വന്നാല്‍ അതുമിതും പറയും. പിന്നെ ഞാന്‍ വളരെ നിരാശനാകും. ഞാന്‍ എന്തിനതില്‍ ഇടപെട്ടു എന്ന ഒരു കുറ്റബോധം കുറച്ച് സമയ്ത്തേക്ക്. കോപമില്ലാതാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. വിജയിച്ചു വരുന്നുണ്ട് എന്ന് തോന്നുന്നു.
നല്ല വാക്കുകളും, ചിന്തകളും താങ്കള്‍ക്ക് നാളെക്കുള്ള ഒരു മുതല്‍ കൂട്ടാവട്ടെ എന്ന് പ്രാറ്ത്തിച്ച് കൊണ്ട്.

August 10, 2008 at 1:46 PM

>ഒ.എ.ബി,

കോപം വന്നാല്‍ അങ്ങിനെ പലതും പറയലും പ്രവര്‍ത്തിക്കലുമൊക്കെ മനുഷ്യന്റെ സ്വഭാവമാണ്. എന്നാല്‍ അതിനെപറ്റി ആലോചിച്ച്‌ ..ചെയ്തത്‌ / പറഞ്ഞത്‌ ശരിയായില്ല എന്ന തിരിച്ചറിവില്‍ വീണ്ടും അങ്ങിനെ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിയ്ക്കുന്നതിലൂടെയാണു ശരിയ്ക്കും മനുഷ്യന്‍ മനുഷ്യത്വ മുള്ളവനാവുന്നത്‌... ഞാനും അതിനുശ്രമിയ്ക്കുന്നു. താങ്കളുടെയും ശ്രമങ്ങള്‍ വിജയിക്കട്ടെ..

ആമീന്‍
അഭിപ്രായത്തിനു നന്ദി

August 11, 2008 at 11:32 AM

നല്ല വാക്കുകളും, ചിന്തകളും ...

August 12, 2008 at 12:05 PM

>അരീക്കോടന്‍

ഈ നല്ല വാക്കുനു നന്ദി മാഷേ
വാക്കുകളില്‍ ഒതുങ്ങാതെ പ്രവര്‍ത്തി പവ്ര്യത്തി പഥത്തില്‍ കൊണ്ട്‌ വരാന്‍ ശ്രമിയ്ക്കാം

August 21, 2008 at 9:07 AM

തമോഗുണവും രാജസ്സവും മാറി സത്വഗുണത്തിലേക്ക് എത്തുന്നതിനു കോപത്തെ അടക്കുകയാണു ഏറ്റവും ആദ്യം ചെയ്യണ്ടത്.

August 21, 2008 at 9:48 AM

>അരുണ്‍ കായംകുളം

തീര്‍ച്ചയായും.
ഈ വചനങ്ങള്‍ (കുറച്ച്‌ വിത്യാസത്തില്‍)
ഞാന്‍ വായിച്ചിട്ടുണ്ട്‌ .. ജീലാനി യുടെ പ്രഭാഷണങ്ങളുടെ ക്രോഡീകരണമായ ഫത്‌ഹുറബ്ബാനി എന്ന ബുക്കിലാണെന്ന് തോന്നുന്നു.. ഈ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിയതിനു വളരെ നന്ദി