മൊഴിമുത്ത് :
"ശപിക്കല്‍ സത്യസന്ധനായ വിശ്വാസിക്ക് ചേര്‍ന്നതല്ല" (അബൂ ഹുറൈറ (റ) യില്‍ നിന്ന് നിവേദനം ; ബുഖാരി 10/139, മുസ്‌ലിം 110 )
''ശപിക്കുന്നവന്‍ അന്ത്യനാളില്‍ ശിപാര്‍ശകരോ സക്ഷികളോ ആവാന്‍ യോഗ്യരല്ല'' ( അബൂദ്ദര്‍ദാഅ് (റ) വില്‍ നിന്ന് നിവേദനം; മുസ്‌ലിം 2598 )
''അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ, അവന്റെ കോപത്തിനു വിധേയമാവട്ടെ, നരകവാസിയാവട്ടെ എന്നൊന്നും നിങ്ങള്‍ ശപിക്കരുത്'' ( സമുറത്‌ബ്നു ജുന്‍ദുബ് (റ) വില്‍ നിന്ന് നിവേദനം , അബൂദാവൂദ് 4906 , തുര്‍മുദി 1977 )
''സത്യവിശ്വാസി ആക്ഷേപകനോ ,ശപിക്കുന്നവനോ, ദുശ്ശീലക്കാരനോ, ദുര്‍നടപ്പുകാരനോ ആവില്ല'' ( ഇബ്നുമസ് ഊദ് (റ)വില്‍ നിന്ന് നിവേദനം, തുര്‍മുദി 1978 )
''മനുഷ്യന്‍ വല്ലതിനെയും ശപിച്ചാല്‍ ആ ശാപം ആകാശത്തേക്കുയരും. അപ്പോള്‍ ആകാശവാതിലുകള്‍ അടയ്ക്കപ്പെടും. അത് കാരണം ആ ശാപം ഭൂമിയിലേക്ക് തന്നെയിറങ്ങും; ഭൂമിയുടെ വാതിലുകളും അടയ്ക്കപ്പെടും. പിന്നീടത് ഇടത്തോട്ടും വലത്തോട്ടും സഞ്ചരിക്കും. ഒരു മാര്‍ഗവും ലഭിക്കാതെ ശപിക്കപ്പെട്ടവനിലേക്ക് (അര്‍ഹനാണെങ്കില്‍ ) ചെന്ന് ചേരും. അല്ലാത്ത പക്ഷം അത് ശപിച്ചവനിലേക്ക് തന്നെ തിരിച്ച് പോകും ( അബുദ്ദര്‍ദാഅ് (റ) വില്‍ നിന്ന് നിവേദനം, അബൂദാവൂദ് 4905 )
കുറിപ്പ് :
മനുഷ്യന്റെ ഒരു സാധാരണ രീതിയാണു തൊട്ടതിനും പിടിച്ചതിനുമൊക്കെ ശാപ വാക്കുകള്‍ ചൊരിയുക എന്നത്. അറിഞ്ഞോ അറിയാതെയോ താന്‍ ചെയ്യുന്നതിന്റെ ദൂരവ്യാപക ഫലങ്ങളെ പറ്റി അവന്‍ /അവള്‍ ചിന്തിക്കുന്നില്ല. കോപം വരുമ്പോള്‍ പലരുടെയും സ്വഭാവമാണ് അപരനെ ശപിക്കുക എന്നത്. ഇത് തികച്ചും തെറ്റാണെന്നും ഉപേക്ഷിക്കേണ്ടതാണെന്നും തിരു നബി (സ)യുടെ വചനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ചില സ്ത്രീകള്‍; മക്കള്‍ എന്തെങ്കിലും അരുതായ്മ പ്രവര്‍ത്തിച്ചാല്‍ അല്ലെങ്കില്‍ അവര്‍ പറഞ്ഞത് കേള്‍ക്കാതെ പ്രവര്‍ത്തിച്ചാല്‍, നിസാര കാര്യത്തിനു പോലും മക്കളെ ശപിക്കുന്നത് കേട്ടിട്ടുണ്ട്. അത്തരക്കാരോട് മനസ്സില്‍ എന്തോ ഒരു വെറുപ്പ് കുട്ടിക്കാലത്ത് തന്നെ തോന്നിയിട്ടുണ്ട്.
സ്ഥിരമായി തന്റെ മകനെ ശപിച്ചിരുന്ന ഒരു മാതാവ് ഇന്ന് ആ മകന്റെ വേര്‍പാടില്‍ ദു:ഖിക്കുന്ന ( സന്തോഷിക്കുകയാവും എന്ന് ചിലര്‍ പറയുന്നു. കാരണം അത്രയ്ക്കും വഴി വിട്ട ജീവിതമായിരുന്നു ആ മകന്‍ നയിച്ചിരുന്നത് ) അവസ്ഥ അറിയാം. ആ മാതാവിന്റെ ശാപ വാക്കുകളാണോ ആ മകനെ സ്വന്തം മാതാവിനെ തല്ലിച്ചതക്കുന്ന മകനാക്കി, മദ്യത്തിനും മയക്കു മരുന്നിനും അടിമയാക്കി, അരുതാത്ത ബന്ധങ്ങള്‍ക്കുടമയാക്കി, അവസാനം നാട്ടുകാരാലും വീട്ടുകാരാലും തള്ളപ്പെട്ട അവസ്ഥയില്‍ സ്വന്തം വീട്ടില്‍ കിടപ്പു മുറിയില്‍ ഒരു തുണ്ടം കയറില്‍ ജീവനോടുക്കുന്നതിലേക്ക് നയിച്ചത് എന്ന് ആരെങ്കിലും കരുതിയാല്‍ അതില്‍ അവരെ കുറ്റപ്പെടുത്താന്‍ ആവില്ല. തന്റെ ആയുസ്സു മുഴുവന്‍ ഗള്‍ഫില്‍ രക്തം വിയര്‍പ്പാക്കി ജീവിതം കളഞ്ഞ ഒരു പിതാവിനു താങ്ങും തണലുമാവേണ്ടിയിരുന്ന ആ യുവാവിന്റെ ജീവിതം അങ്ങിനെ ദാരുണമായി അവസാനിച്ചു.
നമ്മുടെ നാവുകള്‍ മറ്റുള്ളവരെ / മറ്റുള്ളതിനെ ശപിക്കാനായി ഉപയോഗിക്കാതിരിക്കാനുള്ള മനസ്സാന്നിദ്ധ്യവും നല്ല മനസ്സും നമുക്കേവര്‍ക്കും ജഗന്നിയന്താവ് കനിഞ്ഞരുളട്ടെ..
അവലംബം : രിയാളുസ്വാലിഹീന്‍ പരിഭാഷ
മൊഴിമുത്ത്:
''വിദ്വാനും (അധ്യാപകന്‍ ) വിദ്യാര്‍ത്ഥിയും ഗുണത്തില്‍ പങ്കുകാരാണ് (പരസ്പര പൂരകങ്ങള്‍ ) ഇതര ജനങ്ങള്‍, അവരില്‍ ഒരു ഗുണവുമില്ല ''( ത്വബ്‌റാനി (റ) ,അബു ദര്‍ദ്ദാഅ്(റ) വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് )
വിവരണം:
ഒരു മനുഷ്യനായാല്‍ ഒന്നുകില്‍ അറിവുള്ളവനായിരിക്കണം.അല്ലെങ്കില്‍ അറിവിനെ പഠിക്കുന്നവനായിരിക്കണം. ഇത് രണ്ടിലും പെടാതെ അന്ധരായി ജീവിക്കുന്നവര്‍ ഫലത്തില്‍ ഗുണമില്ലാത്തവരാണ്.
കുറിപ്പ്:
അറിവ് നേടിയവരുടെയും അറിവ് സമ്പാദിയ്ക്കുന്നവരുടെയും മഹത്വമാണിവിടെ ഈ തിരു മൊഴിയിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അറിവില്ലാത്തവര്‍ അറിവ് നേടാന്‍ പരിശ്രമിയ്ക്കേണ്ടതിന്റെ (പ്രായ പരിധിയില്ലാതെ ) ആവശ്യവും ഈ ഹദീസ് വ്യക്തമാക്കുന്നു. അധ്യാപകനെ / വിദ്വാനെ( ഭൗതികവും ആത്മീയവും എന്ന വേര്‍തിരിവില്ലാതെ തന്നെ ) എല്ലാ വിഭാഗം ജനങ്ങളും ആദരിച്ച് പോരുന്നതും അധ്യാപകവ്യത്തി ഒരു തൊഴില്‍ എന്നതിലുപരി സേവനമായി കണക്കാക്കുന്നതും അറിവിന്റെ മഹത്വം മനസ്സിലാക്കിയ ജനങ്ങള്‍. ഇന്ന് അതിനെല്ലാം വളരെ മാറ്റം വന്നിരിക്കുന്നത് ഖേദകരമാണെന്നതില്‍ സംശയമില്ല. അധ്യാപകരും വിദ്യാര്‍ത്ഥിയും തമ്മിലുള്ള നല്ല ബന്ധങ്ങള്‍ കേട്ടു കേള്‍വിയായി തീരുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണു നടമാടിക്കൊണ്ടിരിക്കുന്നത്. രണ്ട് ഭാഗത്തു നിന്നും വീഴ്ചകള്‍ സംഭവിക്കുന്നു. എല്ലാ കച്ചവടവത്കരിക്കപ്പെട്ടപ്പോള്‍ അധ്യാപന-സേവന മേഖലയും അതില്‍ ബലിയാടായി. അധ്യാപകനെ കല്ലെറ്റിയുന്ന വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി /വിദ്യാര്‍ത്ഥിനികളെ മാനസികമായും ലൈഗികമായും പീഢിപ്പിക്കുന്ന അധ്യാപകരും അധികരിച്ചു വരുന്നത് ഒട്ടൊരു ആധിയോടെ കാണുവാന്‍ വിധിക്കപ്പെട്ട ഇന്നിന്റെ സമൂഹം പക്ഷെ നഷ്ടമായികൊണ്ടിരിക്കുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ തിരിച്ച് പിടിക്കാന്‍ ശ്രമിക്കേണ്ടതിനു പകരം ചില താത്പര്യങ്ങളുടെ പേരില്‍ അധ്യാപകരെ വേട്ടയാടുന്ന , വിദ്യാര്‍ത്ഥികളെ ദുരുപയോഗം ചെയ്യുന്ന, വിദ്യാഭ്യാസത്തെ തന്നെ ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന പ്രവണതകളില്‍ വ്യാപരിക്കുനാന്നതാണു കാണുന്നത്. ആത്മീയ രംഗത്തായാലും ഭൗതിക രംഗത്തായാലും സ്ഥിതി വിത്യാസമല്ല.
അറിവു സമ്പാദിയ്ക്കുവാനും അറിവുള്ളവരെ ബഹുമാനിക്കുവാനും അറിവിന്റെ പ്രകാശം കൊണ്ട് മനസ്സിനെ ദീപ്തമാക്കാനും നമുക്ക് കഴിയട്ടെ.
സംത്യപ്തിയാണ് ഐശ്വര്യം
മൊഴിമുത്ത് :
''പരിവാരങ്ങള്‍ അധികരിക്കുന്നതല്ല ഐശ്വര്യം ; മനസ്സിന്റെ സംത്യപ്തിയാണ് യഥാര്‍ത്ഥ ഐശ്വര്യം /സമ്പത്ത് '' ( അബൂ ഹുറൈറ (റ) വില്‍ നിന്ന് മുസ് ലിം (റ) നിവേദനം ചെയ്ത ഹദീസ് )
''മനസ്സിന്റെ ത്യപ്തി (സംത്യപ്തി )യുള്ളവനാണ് ശരിയായ സമ്പന്നന്‍/ ഐശ്വര്യം ഉള്ളവന്‍'' ( ബുഖാരി (റ) നിവേദനം ചെയ്ത ഹദീസ് )
വിവരണം:
കുറെ ധനമോ, സ്വാധീനമോ ഉള്ളത് കൊണ്ട് ഒരാള്‍ യഥര്‍ത്ഥത്തില്‍ സമ്പന്നനാവുന്നില്ല. ഉള്ളത് കൊണ്ട് ത്യപ്തിപ്പെട്ട് മനസംത്യപ്തിയോടെ ജീവിക്കുന്നവനാണ് ശരിയായ സമ്പന്നന്‍ (ഐശ്വര്യവാന്‍ ). സംത്യപ്തിയില്ലാതെ ജീവിക്കുന്നവര്‍ എത്ര വലിയ ധനാഢ്യരാണെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ ദരിദ്രരായിരിക്കും.
കുറിപ്പ്:
എത്ര ധനമുണ്ടായാലും എല്ലാവിധ ജീവിതസൗകര്യങ്ങള്‍ ഉണ്ടായാലും മതിവരാതെ / സംത്യപ്തിയില്ലാതെ വീണ്ടും വീണ്ടും സമ്പാദിച്ചു കൂട്ടാനുള്ള ത്വരയോടെ, ശരിയായി ഭക്ഷണം പോലും കഴിക്കാന്‍ നേരമില്ലാതെ, തന്റെ ഭാര്യയും മക്കളുമായി ചിലവഴിക്കാന്‍ സമയം നീക്കിവെക്കാതെ, അവരുടെ ന്യായമായ ആവശ്യങ്ങള്‍പോലും ( ഒരു ഭര്‍ത്താവെന്ന നിലക്കും, പിതാവെന്ന നിലക്കും ) നിവര്‍ത്തിച്ചുകൊടുക്കാന്‍ താത്പര്യമെടുക്കാതെ നെട്ടോട്ടമോടുന്നവരെ നമുക്ക് എത്രയോകാണാം. എന്നെങ്കിലും ഇത്തരക്കാര്‍ക്ക് ഒരു മതി വരുമെന്ന് തോന്നുന്നില്ല. ഈ ഓട്ടത്തിനിടയില്‍ നഷ്ടപ്പെടുന്ന മനസ്സമാധാനം/സംത്യപ്തിയാണു യഥാര്‍ത്ഥസമ്പത്ത് /ഐശ്വര്യം എന്ന തിരിച്ചറിവ് ലഭിക്കുമ്പോഴേക്കും ഏറെ വൈകിയിരിക്കും പലപ്പോഴും.
സ്വയം നഷ്ടപ്പെടുന്നതിനൊപ്പം, സമ്പാദിക്കണം സമ്പാദിക്കണം എന്ന ഈ അടങ്ങാത്ത ത്വര മനുഷ്യനെ അരുതാത്ത വഴിയിലും നടത്തി മറ്റുള്ളവരുടെ ജീവിതം നഷ്ടത്തിലാക്കാനും അഥവാ മറ്റ് ജീവിതങ്ങള്‍ ചവിട്ടി മെതിക്കാനും ഇടയാക്കാനും അത് വഴി രണ്ട് ലോകവും (വിശ്വാസിയെ സംബന്ധിച്ചിടത്തോളം) നഷ്ടമാവാനും ഇടയാക്കുന്നു.
പുലര്‍കാലം മുതല്‍ സായാഹ്നം വരെ അളന്നേടുക്കാനാവുന്ന ഭൂമിയെല്ലാം താങ്കള്‍ക്ക് സ്വന്തമാക്കാമെന്ന രാജാവിന്റെ വാഗ്ദത്തില്‍, കഴിയാവുന്നത്ര ഭൂമി സ്വന്തമാക്കാനുള്ള അത്യാഗ്രഹത്താല്‍ വിശ്രമമില്ലാതെ ഓടി ഓടി അവസാനം കിതച്ച് കിതച്ച് ജീവന്‍ നഷ്ടമായി ആറടി മണ്ണുമാത്രം സ്വന്തമാക്കിയ ഒരു അത്യാഗ്രഹിയുടെ കഥ ഇവിടെ ഓര്‍ക്കട്ടെ.
സമ്പാദിച്ച് കൂട്ടുന്നതിലല്ല ..മനസ്സിന്റെ സംത്യപ്തിയിലാണു ഐശ്വര്യം എന്ന തിരിച്ചറിവോടെ ഉള്ളത് കൊണ്ട് ഒരുമയായി ജീവിക്കാന്‍ നമ്മെ എല്ലാവരെയും ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ.. എന്ന പ്രാര്‍ത്ഥനയോടെ.
മൊഴിമുത്ത്:
''നരകവാസികളെ സംബന്ധിച്ചു ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരട്ടെയോ ?'' എന്ന് ചോദിച്ച് കൊണ്ട് റസൂല്‍ (സ) പറഞ്ഞു : "ക്രൂര മനസ്കരും, അന്യായമായി ധനം സമ്പാദിക്കുന്നവരും അഹങ്കാരികളുമാണവര്‍'' (ബുഖാരി 8/507,508 ,മുസ്‌ലിം :2853 )
''മനസ്സില്‍ അണുമണിത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'' എന്ന് നബി (സ) തങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു സ്വഹാബി ചോദിച്ചു മനുഷ്യന്‍ തന്റെ വസ്ത്രവും പാദരക്ഷയും ഭംഗിയുള്ളതാവാന്‍ ആഗ്രഹിക്കാറുണ്ടല്ലോ !അത് അഹങ്കാരത്തില്‍ പെടുമോ? റസൂല്‍ (സ) പ്രതിവചിച്ചു. ''അല്ലാഹു അഴകുള്ളവനും അഴകിനെ ഇഷ്ടപ്പെടുന്നവനുമാണ് ''(അത് അഹങ്കാരമല്ല എന്നര്‍ത്ഥം ) ''സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാര്‍ത്ഥത്തില്‍ അഹങ്കരം ( മുസ് ലിം (റ) . ഹദീസ് നമ്പര്‍ 31 : നിവേദനം : ഇബ്‌നു മസ്‌ഊദ് (റ) )
അബൂഹുറൈ റ (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ് : ''റസൂല്‍ (സ) പറഞ്ഞു . " അഹങ്കാരത്താല്‍ വസ്ത്രം വലിച്ചിഴച്ചു നടക്കുന്നവനുനേരെ അന്ത്യ ദിനത്തില്‍ അല്ലാഹു (കാരുണ്യത്തിന്റെ നോട്ടം ) നോക്കുന്നതല്ല'' ( ബുഖാരി (റ) 10/219 ,220 മുസ്‌ലിം (റ) 2087 )
ഇതേ ആശയമുള്ള വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ കാണാം.
"അല്ലാഹു പറഞ്ഞു : ഭൂമിയില്‍ ഉന്നതാവസ്ഥയോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാണു പരലോകം (സ്വര്‍ഗ്ഗം) നാം നിശ്ചയിച്ചിരിക്കുന്നത് '' ( സൂറത്ത് ഖസസ് : 83 )
''ഭൂമിയിലൂടെ നീ അഹങ്കരിച്ച് നടക്കരുത് ''( സൂറത്ത് ഇസ്‌റാഅ് : 37 )
"(അഹങ്കാരത്താല്‍ )ജനങ്ങളില്‍ നിന്ന് നീ മുഖം തിരിച്ച് കളയരുത്. ഭൂമിയിലൂടെ അഹങ്കരിച്ച് നടക്കരുത്. പൊങ്ങച്ചവും അഹങ്കാരവും കാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല '' ( സൂറത്ത് ലുഖ്മാന്‍ : 18 )
കുറിപ്പ്:
അഹങ്കാരം, സ്വാര്‍ത്ഥം, ദുരഭിമാനം എന്നി ദുര്‍ഗുണങ്ങള്‍ മനുഷ്യനെ അധ:പതനത്തിന്റെ ഗര്‍ത്തത്തിലേക്ക് തള്ളിവിടുമെന്നതില്‍ സംശയമില്ല. ഭൂമിയില്‍ അഹങ്കരിച്ച്, ജനങ്ങളെ അവഗണിച്ച് നടക്കുന്നവര്‍ക്കുള്ള അവസ്ഥയാണിവിടെ (നബി വചനങ്ങളിലും ഖര്‍ആനിലും) വിവരിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് അഹങ്കാരികളുടെ ലോകമായി പരിണമിച്ചിരിക്കയാണെവിടെയും . താഴ്മകാണിക്കുന്നത് തന്റെ അന്തസ്സിനു കുറവായി കാണുന്നവരെ കൊണ്ട് ലോകം നിറയുന്നു ഭരണാധികാരികളായാലും പ്രജകളായാലും തഥൈവ. ലോകം മുഴുവന്‍ ഒരേ ശബ്ദത്തില്‍ അരുതെന്ന് ആവശ്യപ്പെട്ടിട്ടും താന്‍ പോരിമയും അഹങ്കാരവും ഉപേക്ഷിക്കാന്‍ തയ്യാറാവാതെ രാജ്യങ്ങളെ ആക്രമിക്കുന്ന, നിരപരാധികളെ കൊന്നൊടുക്കുന്ന ക്രൂരരായ രാഷ്ട്രത്തലവന്മാര്‍.. നിസ്സാര കാര്യങ്ങള്‍ക്ക് തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അണികളെ /അനുയായികളെ തെരുവിലിറക്കി അക്രമം നടത്താന്‍ ആഹ്വാനം നല്‍കുന്നവര്‍.. ആരാധനാലയങ്ങള്‍ രാഷ്ടീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നവര്.. തുടങ്ങി സാധാരണ കുടുംബത്തില്‍ തന്റെ ഇണയുടെ അഭിപ്രായം പോലും ആരായാതെ തന്നിഷ്ടം നടത്തുന്നവര്‍ വരെ അഹങ്കാരികളുടെ ഗണത്തില്‍ പെടുന്നു. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാമെങ്കിലും.
മനസ്സില്‍ നിന്ന് ഞാന്‍ എന്ന ഭാവം മാറ്റി വെച്ച് , അഹങ്കാരത്തിന്റെ അവസാന കണികയും എടുത്ത്മാറ്റി മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാതെ ജീവിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ
( അവലംബം : രിയാളുസ്വാലിഹീന്‍ പരിഭാഷ )