ഭക്ഷണത്തെ കുറ്റപ്പെടുത്തരുത്
മൊഴിമുത്ത്:
''മുഹമ്മദ് നബി(സ) ഒരിക്കലും ഭക്ഷണത്തെ കുറ്റപ്പെടുത്താറുണ്ടായിരുന്നില്ല. താത്പര്യമുണ്ടെങ്കില്‍ ഭക്ഷിക്കുകയും ഇല്ലെങ്കില്‍ ഭക്ഷിക്കാതിരിക്കുകയും ചെയ്യും'' ( അബൂ ഹുറൈറ (റ) നിവേദനം ചെയ്ത ഹദിസ്, ബുഖാരി (റ) 9/477 ,മുസ് ലിം (റ) 2064 ആയി റിപ്പോര്‍ട്ട് ചെയ്തത് )
ജാബിര്‍ (റ) നിവേദനം : ''നബി (സ) ഒരിക്കല്‍ തന്റെ വീട്ടുകാരോട് കറി (റൊട്ടി കഴിക്കാന്‍ ) ആവശ്യപ്പെട്ടു. ഇവിടെ സുര്‍ക്ക(വിനാഗിരി ) അല്ലാതെ മറ്റൊന്നുമില്ല എന്ന് അവര്‍ പറഞ്ഞപ്പോള്‍ അവിടുന്ന് അത് കൊണ്ടുവരാന്‍ പറഞ്ഞു. അത് (സുര്‍ക്ക) ചേര്‍ത്ത് ഭക്ഷിക്കുമ്പോള്‍ സുര്‍ക്ക ഒരു നല്ല കറിയാണ് ,സുര്‍ക്ക ഒരു നല്ല കറിയാണ്. എന്ന് നബി(സ) പറഞ്ഞുകൊണ്ടിരുന്നു'' ( മുസ് ലിം (റ) 2052 റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
വിവരണം:
ഒരു സന്ദര്‍ഭത്തിലും ഭക്ഷണത്തെ കുറ്റം പറയാതിരിക്കാനും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ആ ഭക്ഷണം ഉണ്ടാക്കിതന്നവരെ സന്തോഷിപ്പിക്കുന്ന വിധത്തില്‍ നല്ല വാക്കുകള്‍ പറയണമെന്നും ഈ ഹദീസുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
കുറിപ്പ്:
നാം ഓരോരുത്തരും ചിന്തിക്കേണ്ട ഒരു വിഷയമല്ലേ ഇത് ? ഭക്ഷണത്തെ നിന്ദിച്ച്, കുറ്റം പറഞ്ഞ് അത് പിന്നെ ആഹരിക്കുമ്പോള്‍ എത്രമാത്രം സംതൃപ്തി നമുക്കത് തരുന്നുണ്ട് എന്നത് ഒരു വിചിന്തനത്തിനു വിധേയമാക്കുക. ലോകത്തിനു അനുഗ്രഹമായി സൃഷ്ടിക്കപ്പെട്ട പ്രവാചകര്‍ മുഹമ്മദ് നബി(സ) തങ്ങള്‍ കേവലം സുര്‍ക്ക കൂട്ടി ഭക്ഷണം കഴിക്കുമ്പോഴും അതിനെ പ്രകീര്‍ത്തിക്കുന്നു. അത് നല്‍കിയ വീട്ടുകാര്‍ക്ക് എത്ര ആശ്വാസമായിരിക്കും ആ വചനങ്ങള്‍. അത് പോലെ തൃപിതിയോടെ കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെതന്നെയല്ലേ. എത്ര ലളിതമായ ഭക്ഷണരിതിയും ജീവിതവും ആയിരുന്നു പ്രവചകരും അനുയായികളും നയിച്ചിരുന്നത് എന്നതിലേക്ക് കൂടി ഈ ഹദീസുകള്‍ നമ്മെ വഴിനടത്തുന്നു.
ഇവിടെയാണു നമ്മുടെയൊക്കെ വീടുകളില്‍ നടക്കുന്ന, നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്ക് മനസിനെ തിരിക്കേണ്ടത്. കറികളും കൂട്ടുകറികളും വറുത്തതും എല്ലാമായി വിഭവ സമൃദ്ധമായ സദ്യയൊരുക്കി തളരുന്ന നമ്മുടെ വീട്ടിലെ ഉമ്മ പെങ്ങന്മാര്‍, ഭാര്യമാര്‍. അവര്‍ക്കായി ഒരു നല്ല വാക്ക് പറയലില്ല എന്ന് മാത്രമല്ല എന്തെങ്കിലും ചെറിയ കുറ്റം കണ്ടെത്തി മറ്റുള്ളവരുടെ മുന്നില്‍ വെച്ച് പോലും പരിഹസിക്കുന്ന എത്രയോ പേര്‍ !! എത്ര മാത്രം അവരുടെ മനസ്സ് വേദനിക്കുന്നുണ്ടാവും .അതൊന്നും പലരും ഓര്‍ക്കാറില്ല. നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപദേശിച്ച് കൊടുക്കുന്നവരും ഈ കൂട്ടത്തില്‍ എത്രയോ ഉണ്ടെന്നത് വളരെ വിചിത്രമായി തോന്നുകയാണ്. തൊണ്ടക്കുഴിയില്‍ നിന്നിറങ്ങാത്ത ആദര്‍ശവുമായി കഴിഞ്ഞിട്ടെന്ത് കാര്യം?
നമ്മുടെ സാമൂഹ്യ ചുറ്റുപാടനുസരിച്ച് ഈ വിഷയത്തില്‍ കുറ്റക്കാര്‍ പുര്‍ഷ വര്‍ഗം തന്നെയെന്നതില്‍ സംശയമില്ല. ഭക്ഷണത്തില്‍ ഒരു കല്ല് പെട്ടാല്‍, ഒരു മുടി കിട്ടിയാല്‍, ഉപ്പ് അല്‍പം കുറഞ്ഞാല്‍, കൂടിയാല്‍ , വേവിനു അല്‍പം വിത്യാസം വന്നാല്‍, ഒരു അഞ്ച് മിനിട്ട് വൈകിയാലൊക്കെ ചന്ദ്രഹാസമിളക്കുന്ന സ്നേഹ സമ്പന്നരായ ഭര്‍ത്താക്കന്മാരെ സഹിക്കുന്ന പ്രിയ സഹോദരിമാരെ എത്രയോകണ്ടിട്ടുണ്ട്. ഇന്ന് ഏറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അര്‍ഹിക്കുന്ന പരിഗണന ഇന്നും ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്.
ഗള്‍ഫ് നാട്ടില്‍ വന്ന് ബാച്ചിലറായി താമസിച്ച് സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഓര്‍ക്കുന്നുണ്ടാവും നമുക്ക് മുന്നില്‍ വിളമ്പി വെക്കപ്പെട്ടിരുന്ന ഭക്ഷണത്തെ പറ്റിയും അതിനു പിന്നിലെ അധ്വാനത്തെ പറ്റിയും. ഇവിടെ നിന്ന് (ഗള്‍ഫില്‍ ) എന്ത് ഭക്ഷണം കിട്ടിയാലും അതിലൊക്കെയുപരി , നാട്ടില്‍ നിന്ന് സ്നേഹം ചേര്‍ത്തരച്ച് , വാത്സല്യം പൊതിഞ്ഞ് കൊടുത്തയക്കുന്ന എന്തിനുമായും നാം കാത്തിരിക്കുന്നത് ആ തിരിച്ചറിവിലാണെന്ന് തോന്നുന്നു.
എന്ത് ഭക്ഷണ സാധനമായാലും അതിനെ കുറ്റം പറയാതെഉള്ള ഭക്ഷണം സംതൃപിതിയോടെ കഴിക്കാനും അത് ഉണ്ടാക്കിതരുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വെറുപ്പിക്കാതിരിക്കാനുമുള്ള നല്ല മനസ്സ് നമുക്കേവര്‍ക്കും അല്ലാഹു കനിഞ്ഞേകട്ടെ
22 Response to മൊഴിമുത്തുകള്‍-26
എന്ത് ഭക്ഷണ സാധനമായാലും അതിനെ കുറ്റം പറയാതെഉള്ള ഭക്ഷണം സംതൃപിതിയോടെ കഴിക്കാനും അത് ഉണ്ടാക്കിതരുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വെറുപ്പിക്കാതിരിക്കാനുമുള്ള നല്ല മനസ്സ് നമുക്കേവര്‍ക്കും അല്ലാഹു കനിഞ്ഞേകട്ടെ
ഭക്ഷണം ഉണ്ടാക്കി തരുന്നവരോട് അതിനെ പറ്റി നല്ല രണ്ടു വാക്കു പറയുന്നത് അവര്‍ക്കും എന്തു മാത്രം സംതൃപ്തി തരുന്ന കാര്യമാണെന്ന് പലരും ചിന്തിയ്ക്കാറില്ല.
നല്ല ചിന്തകള്‍, ബഷീര്‍ക്കാ.
ബഷീര്‍ജീ: ഇവിടെ നിന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നാട്ടിലെ ഭക്ഷണത്തിന്റെ രുചി ... ഇപ്പോള്‍ എന്തു കിട്ടിയാലും രുചിയോടെ ഭക്ഷിക്കാന്‍ പഠിച്ചു .
ആശംസകള്‍
ഇതിനെക്കുറിച്ചൊരു പൊസ്റ്റിടാന്‍ കുറച്ചായ് ആലോചിക്കുന്നതാ
നന്നായി ബഷീറെ..
അഭിനന്ദനങളും ആശ്സംസകളും
>ശ്രീ
ആദ്യ കമന്റിനു ആദ്യം നന്ദി
ആ സന്തോഷത്തെ പറ്റി ഓര്‍ക്കാറില്ലെന്ന് മാത്രമല്ല .അവര്‍ക്കുണ്ടായേക്കാവുന്ന മനോദു:ഖവും മറക്കുകയല്ലെ ചിലര്‍
>പേടിരോഗയ്യര്‍ cbi
ജീവിതാനുഭവങ്ങള്‍ നമ്മെ പലതും പഠിപ്പിക്കുന്നു. നല്ലത്. ഇഷ്ടത്തോടെ കഴിക്കുമ്പോള്‍ കുറ്റങ്ങള്‍ ഒരു കുറവായി മാറുകയില്ല.വായനയ്ക്കും അഭിപ്രായത്തിനും നന്ദി
>പ്രയാസി
അഭിപ്രായത്തിനു നന്ദി
താങ്കള്‍ വിശദമായി എഴുതൂ. ഇതിന്റെ ഒരു ലിങ്കും കൊടുക്കാമല്ലോ. കൂടുതല്‍ പേരിലേക്ക് എത്തട്ടെ. ആശംസകള്‍ .എഴുതുമ്പോള്‍ ഒരു മെയില്‍ അയക്കാന്‍ മറക്കരുത് :)
എഴുതിയതത്രയും വളരെ ശരി. നല്ല പോസ്റ്റ്
ഭക്ഷണത്തെ ഒരിക്കലും കുറ്റം പറയരുത് .വളരെ ശരിയായ കാര്യം.എത്രയോ പേര്‍ ഒന്നും കഴിക്കാനില്ലാതെ വിഷമിക്കുന്നു .പലരും മറക്കുന്ന ഒരു കാര്യമാണ് ഇത് .
ഭക്ഷണത്തെ ഒരിക്കലും കുറ്റം പറയരുത്.അത് ഉണ്ടാക്കി നല്‍കുന്നവരെ ഒരിക്കലും കുറ്റപ്പെടുത്തരുത്.അതു ഉണ്ടാക്കി നല്‍കുന്നതിനു പിന്നില്‍ എത്രത്തോളം അധ്വാനം ഉണ്ടെന്നു ഒരിക്കല്‍ എങ്കിലും ചിന്തിക്കണം.അങ്ങനെ ചിന്തിച്ചാല്‍ പിന്നെ കുറ്റം പറയാന്‍ തോന്നില്ല..
ഭായ്,
ഞാന്‍ തീന്‍മേശയില്‍ കുറ്റം പറയാത്ത ഒരാളാണ്. എന്നുവച്ച് സദ്ഗുണവാനാണെന്നല്ല. പക്ഷെ പത്തു പതിനഞ്ചു കൊല്ലം പുറം ഭക്ഷണം മാത്രം കഴിച്ചു ശീലിച്ചതുകൊണ്ടോ, അവിടെ കുറ്റം പറയാന്‍ അവസരം ലഭിക്കാഞ്ഞതുകൊണ്ടോ ആവാം.(പക്ഷെ നല്ലത് എന്നും പറയാറില്ല കേട്ടോ )
ആശംസകള്‍.
ദൈവത്തിന്റെ അനുഗ്രഹമാണ്
ഭക്ഷണം. ഭക്ഷണത്തെ നിന്ദിക്കുന്നത്
ദൈവ നിന്ദയ്ക്ക് തുല്യമാണെന്ന് മനസ്സിലാക്കുകയും
അന്നന്ന് കിട്ടുന്ന ഭക്ഷണത്തിനും മറ്റനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുന്നത്
ശീലമാക്കുകയും ചെയ്യുക,ഭക്ഷണം കളയാതെ സൂക്ഷിക്കുക.
ഇവിടെ കുടുംബമില്ലാതെ ,ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍ ..ആ കാഫ്റ്റീരിയ ജീവനക്കരോടും സഹാനുഭുതിയോടെ പെരുമാറണം. അവിടത്തെ സപ്ലൈ ബോയ്സിനോട് തട്ടിക്കയറുന്ന സഹോദരന്മാരെ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ആ ഭക്ഷണത്തെയും.അതു തരുന്നവരെയും മാനിക്കണം.
മൊഴിമുത്തുകള്‍ക്ക് ആശംസകളോടെ
റഫീക്ക്.
>ബിന്ദു കെ.പി
വായിച്ച് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.
>കാപ്പിലാന്‍
ഒരു നേരത്തെ ആഹാരം കഴിക്കാന്‍ വകയില്ലാത്തവരെ ഓര്‍ത്താല്‍ കിട്ടിയത് തൃപ്തിയോടെ കഴിക്കാന്‍ കഴിയും. പലരും മറക്കുന്ന കാര്യമാണത്. ശരിയാണ്. നന്ദി അഭിപ്രായം പങ്ക് വെച്ചതില്‍
>കാന്താരിക്കുട്ടി
ശരിയാണ് . അധ്വാനത്തെ കുറിച്ച് ഓര്‍ക്കാറില്ല പലപ്പോഴും. പിന്നെ താന്‍പോരിമയും ഒരു പ്രശ്നമാണി വിഷയത്തില്‍. അഭിപ്രായം അറിയിച്ചതില്‍ സന്തോഷം
>അനില്‍@ബ്ലോഗ്
വീട്ടിലുണ്ടാക്കി വിളമ്പി നമ്മുടെ മുന്നിലെത്തുന്ന ഭക്ഷണവും നാം പുറമെ നിന്ന് കാശ് കൊടുത്ത് വാങ്ങുന്ന ഭക്ഷണവും നമുക്ക് ഒരു മനസ്സോടെ സ്വീകരിക്കന്‍ കഴിഞ്ഞെന്ന് വരില്ല. ചില ഹോട്ടലുകളിലും മറ്റും ആ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതിയും അവരുടെ പെരുമാറ്റവും നമ്മെ പലപ്പോഴും രോഷാകുലരാക്കും. ഉള്ളത് വൃത്തിയായി നല്ല പെരുമാറ്റത്തോടെ മുന്നിലെത്തിയാല്‍ കുറെയൊക്കെ അഡ്‌ജസ്റ്റ് ചെയ്യാന്‍ പറ്റും. വീട്ടിലായാലും നല്ല ഭക്ഷണം പരുക്കന്‍ പെരുമാറ്റങ്ങളോടെ വിളമ്പിയാല്‍ ഒരു പക്ഷെ നമുക്കത് തൃപിതിയോടെ കഴിക്കാന്‍ പറ്റുകയില്ല. എന്നാലും ഭക്ഷണം ഇവിടെ നിരപരാധിയാണല്ലോ. അഭിപ്രായം പങ്കുവെച്ചതില്‍ നന്ദി
>മാണിക്യം
ചേച്ചി, ഭക്ഷണം നാളെ ദൈവസന്നിധിയില്‍ അതിനെ അവഹേളിച്ചതിനെ പറ്റി പരാതിപറയുവാന്‍ നാം അവസരം ഉണ്ടാക്കാതിരിക്കണമെന്നുള്ള ചിന്ത നമ്മിലുണ്ടാവട്ടെ. ദൈവീകമായ ഈ അനുഗ്രഗത്തില്‍ നന്ദിയുള്ളവരായി ജീവിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ. നന്ദി. ഈ നല്ല വാക്കുകള്‍ പങ്ക് വെച്ചതില്‍
>റഫീഖ് വടക്കാഞ്ചേരി,
തീര്‍ച്ചയായും . അതിനു ഒരു മറുവശം കൂടിയുണ്ട്. അനില്‍ ബ്ലോഗിന്റെ അഭിപ്രായത്തിനുള്ള മറുപടിയില്‍ അത് സൂചിപ്പിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ /കഫ്തേരിയകളില്‍ വളരെ കഷ്ടപ്പാടുകളാണ് മിക്ക തൊഴിലാളികള്‍ക്കും
അതൊക്കെയും നമ്മളും പരിഗണിക്കേണ്ടിയിരിക്കുന്നു. അഭിപ്രായത്തിനു നന്ദി
ശരിയാണ് ബഷീര്‍. നമ്മള്‍ ഉണ്ടാക്കിയ ഭക്ഷണം മറ്റൊരാള്‍ സ്വാദോടെ കഴിക്കുന്നത് കാണുമ്പോള്‍ എന്തു സന്തോഷമാണ്. ഒരു നല്ല വാക്കു കൂടി അവര്‍ പറഞ്ഞുകേട്ടാല്‍ സ്വര്‍ഗ്ഗം കിട്ടിയ സന്തോഷവുമായി.
>ഗീതാഗീതികള്‍
അതൊന്നും ചിലര്‍ ഓര്‍ക്കാറില്ല എന്നതാണു വാസ്തവം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി
വായിച്ചു.
നല്ല ചിന്തകള്‍..
"ഒരു വറ്റിനു ഒമ്പതു പട്ടിണി" എന്നു മുത്തശ്ശി പറഞ്ഞത് നല്ല ഓര്‍മയുള്ളതോണ്ട് ഇന്നുവരെ അറിഞ്ഞോണ്ട് ഭക്ഷണം waste ആക്കീട്ടില്ല.
- പെണ്‍കൊടി
>അനൂപ് കോതനെല്ലൂര്‍
വായിച്ചതില്‍, അറിയിച്ചതില്‍ സന്തോഷം
>പെണ്‍കൊടി
ഒരു വറ്റ് താഴെ വീഴുമ്പോള്‍ അതിനു നാളെ ജഗദീശ്വരന്റെ മുന്നില്‍ ഉത്തരമേകണമെന്ന ചിന്ത ഏവര്‍ക്കുമുണ്ടാവട്ടെ.. വായനയ്ക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
ആഹാരം കുറ്റം പറയാതെ കഴിക്കണം എന്നു മാത്രമല്ല.അതു തന്ന ദൈവത്തിനു നന്ദി പറയുകയും വേണം.കൂടെ അന്നത്തെ നിന്ദിക്കാതെ എന്നും കിട്ടുന്നതിനു പ്രാര്‍ത്ഥിക്കുകയും വേണം
>അരുണ്‍ കായംകുളം
അങ്ങിനെയൊക്കെ ചെയ്യുന്നവര്‍ വിരളമായികൊണ്ടിരിക്കുന്നു. കിട്ടുന്നതിനു നന്ദിയില്ല. കിട്ടാത്തതില്‍ ദൈവത്തെ ആക്ഷേപിക്കലും കൂടി വരുന്നു. അല്ലേ..
വായിച്ച് അഭിപ്രായം അറിയിച്ചതില്‍ നന്ദി
മൊഴിമുത്തുകളീലൂടെ സത്ചിന്തകൾ മറ്റുള്ളവരിലേക്കെത്തിക്കുന്ന ബഷീർ ചെയ്യുന്നത് തീർച്ചയായും ഒരു മഹത്കൃത്യമാണ്.മതഗ്രന്ഥങ്ങളിൽ എത്രയോ നല്ല കാര്യങ്ങൾ ഉണ്ട് ,ആരുംസ്വയം വായിച്ചു മനസിലാക്കാൻ ശ്രമിച്ചില്ലെങ്കിലും ഇങ്ങനെ കാണുമ്പോൾ മനസിലാക്കും.അനുമോദനങ്ങൾ !!
റോസ് ബാസ്റ്റിന്‍
ചേച്ചി, ഈ നല്ല വാക്കുകള്‍ ക്കും പ്രോത്സാഹനത്തിനും നന്ദി. മഹത് ഗ്രന്ഥങ്ങള്‍ അലമാരികളില്‍ വിശ്രമിക്കുകയും ഉള്ളടക്കങ്ങള്‍ കാണാതെ പോവുകയും ചെയ്യുന്നത് കൊണ്ട് അഥവാ കാണുന്നവര്‍ അതിനെ മറ്റു രീതിയില്‍ വ്യാഖ്യാനിക്കുന്നത് കൊണ്ടുണ്ടാവുന്ന ദുരന്തങ്ങളാണല്ലോ എങ്ങും
Post a Comment