മൊഴിമുത്തുകള്‍-20

''വിശപ്പിന്റെ മഹത്വം''

മൊഴിമുത്തുകള്‍:

"മുഹമ്മദ്‌ നബി (സ) വഫാതാകുന്നത്‌ വരെ ( മരണപ്പെടുന്നത്‌ വരെ ) അവിടുത്തെ കുടുംബം രണ്ട്‌ ദിവസം തുടര്‍ച്ചയായി ബാര്‍ലിയുടെ റൊട്ടി വയറു നിറയെ കഴിച്ചിട്ടില്ല " ( ആഇശ (റ) വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്‌ , റിപ്പോര്‍ട്ട്‌ ചെയ്തത്‌ ബുഖാരി (റ) 9/478 , മുസ്‌ ലിം (റ) 2970 )

''ആ ഇശ (റ) പറയാറുണ്ട്‌. എന്റെ സഹോദരീ പുത്രാ, അല്ലാഹുവാണേ, റസൂല്‍ (സ) യുടെ വീടുകളില്‍ (ഭാര്യമാരുടെ വീടുകളില്‍ ) തീ കത്തിക്കാത്ത നിലയില്‍ മൂന്ന് ചന്ദ്രപിറവി (മൂന്ന് മാസത്തെ ) ഞങ്ങള്‍ കണ്ടിട്ടുണ്ട്‌. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്റെ സഹോദരീ, പിന്നെ എങ്ങിനെയായിരുന്നു നിങ്ങളുടെ ജീവിതം ? ആഇശ (റ) പറഞ്ഞു . കാരക്കയും ( ഉണക്കിയ ഈത്തപ്പഴം ) വെള്ളവും മാത്രം .പക്ഷെ കറവക്ക്‌ കൊടുക്കുന്ന ഒട്ടകങ്ങളുടെയും ആടുകളുടെയും ഉടമസ്ഥരായ ചില അന്‍സാരീ അയല്‍ക്കാര്‍ നബി(സ)ക്കുണ്ടായിരുന്നു. അവരതിന്റെ പാല്‍ റസൂല്‍(സ)ക്ക്‌ കൊടുത്തയക്കും. അവിടുന്ന് അത്‌ ഞങ്ങള്‍ക്കും കുടിക്കാന്‍ തരുമായിരുന്നു. (ഉര്‍വ (റ) വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടത്‌, റിപ്പോര്‍ട്ട്‌ ചെയ്തത്‌ ബുഖരി (റ) 11/251 , മുസ്‌ലിം (റ) 2972 )

വയറു നിറക്കാന്‍ താണയിനം കാരക്കപോലും കിട്ടാത്ത അവസ്ഥയില്‍ ഞാന്‍ നിങ്ങളുടെ പ്രവാചകനെ കണ്ടിട്ടുണ്ട്‌ ( നുഅ്മാനുബുനു ബശീര്‍ (റ) നിവേദനം ചെയ്തത്‌, മുസ്‌ലിം (റ) 2978 )

ഒരിക്കല്‍ റസൂല്‍ (സ) വീട്ടില്‍ നിന്ന് പുറത്തിറങ്ങി . അപ്പോള്‍ അബൂബക്കര്‍ (റ) വും ഉമര്‍ (റ)വും വഴിയില്‍. ഈ സമയത്ത്‌ നിങ്ങള്‍ വീടിനു പുറത്തിറങ്ങാന്‍ കാരണമെന്തെന്ന് റസൂല്‍ അന്വേഷിച്ചു. 'അല്ലാഹുവിന്റെ റസൂലേ , വിശപ്പ്‌.' അവര്‍ പ്രതികരിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു. 'എന്റെ ആത്മാവ്‌ ആരുടെ നിയന്ത്രണത്തിലാണോ അവന്‍ തന്നെ സത്യം നിങ്ങളെ പുറത്തിറക്കിയ അതേ കാരണം തന്നെയാണു എന്നെയും പുറത്തിറക്കിയത്‌ ' ( അബൂ ഹുറൈ റ (റ) നിവേദനം ചെയ്തത്‌, മുസ്‌ ലിം 2038 , തിര്‍മുദി 2370 )

റസൂല്‍ (സ)പറഞ്ഞു; അല്ലാഹുവേ മുഹമ്മദ്‌ നബിയുടെ കുടുംബത്തിന്റെ ഭക്ഷണം കഷ്ടിച്ചുജീവിക്കാനുതകുന്നതാക്കണമേ ( അബൂഹു റൈ റ (റ) വില്‍ നിന്ന് നിവേദനം, ബുഖാരി 11/251, മുസ്‌ ലിം 1055 ,2281 )

റസൂല്‍ (സ) പറഞ്ഞു " അല്ലാഹു നല്‍കിയതില്‍ സംത്ര്യപ്തനും ഉപജീവനത്തിനു മാത്രം ആഹാരവുമുള്ള സത്യവിശ്വാസി വിജയിച്ചിരിക്കുന്നു " ( അബ്‌ ദുല്ല (റ) വില്‍ നിന്ന് നിവേദനം , മുസ്‌ ലിം 1054 )

റസൂല്‍ (സ) പറഞ്ഞു "വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടുണ്ടാവില്ല. തന്റെ നട്ടെല്ലു നിവര്‍ത്തി നിര്‍ത്താനുള്ള ഭക്ഷണം മാത്രം മതി മനുഷ്യന്. കൂടിയേ കഴിയൂ എന്നുണ്ടെങ്കില്‍ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം പാനീയത്തിനും ഒരു ഭാഗം ശ്വാസോചഛാസത്തിനുമായി ഭാഗിച്ചു കൊള്ളുക ( മിഖ്ദാം (റ) വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്‌ , തിര്‍മിദി (റ) 2381 )

കുറിപ്പ്‌:

ഒരു വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണു ഈ ഹദീസുകള്‍. ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം സ്യ്‌രഷ്ടിച്ചിട്ടില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യം വഹിച്ച ലോക ഗുരു മുഹമ്മദ്‌ നബി (സ) തങ്ങള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അനുവര്‍ത്തിച്ചിരുന്ന നിലപാടുകള്‍, നബി (സ) തങ്ങളും അവിടുത്തെ കുടുംബവും അനുഭവിച്ച വിശപ്പ്‌ , ദാരിദ്ര്യം , അതില്‍ ദര്‍ശിച്ച മഹത്വം എന്നിവയെല്ലാം നമുക്ക്‌ പാഠമാവേണ്ടതല്ലേ..!

വിഷപ്പ്‌ എന്താണെന്ന് തന്നെ അറിയാതെ വളരുന്ന അല്ലെങ്കില്‍ വളര്‍ത്തുന്ന ആധുനിക യുവത വിശന്ന് തളര്‍ന്നവന്റെ അവസ്ഥ എങ്ങിനെ മനസ്സിലാക്കാനാണ് ? തീന്‍ മേശയില്‍ നിരക്കുന്ന വിഭവങ്ങളില്‍ കുറ്റവും കുറവും കണ്ടെത്തി അത്‌ പ്രയാസപ്പെട്ട്‌ ഉണ്ടാക്കിയ പത്നിയെ ശാസിക്കുന്ന പരമ ഭക്തരായവര്‍ എത്രയോ ! ഉണ്ടാക്കിയ ഭക്ഷണം വലിച്ചെറിയുന്നവരും കുറവല്ല ! ഇവരെല്ലാം എടുത്തു പറയുന്നതും ഈ നബി(സ)യുടെ തിരുമൊഴികള്‍ തന്നെയെന്നത്‌ വളരെ വിചിത്രമായി തോന്നുകയാണ്.

വയറു നിറയെ വിഭവ സമ്ര്യദ്ധമായ ആഹരാം കഴിക്കുമ്പോള്‍ അരവയറുമായി കഴിയുന്നവരെ ഓര്‍ക്കുന്നവര്‍ എത്രയുണ്ട്‌ ? കൈവന്ന സൗഭാഗ്യത്തില്‍ ജഗന്നിയന്താവിനോട്‌ നന്ദി പ്രകാശിപ്പിക്കുന്നവര്‍ എത്രയുണ്ട്‌ ? പരിശുദ്ധ റമദാനിലെ വ്രതത്തിന്റെ ഉദ്ധേശ്യങ്ങളില്‍ ഒന്ന് തന്നെ ഈ വിശപ്പ്‌ എല്ലാവരും രുചിക്കുക എന്ന് തന്നെയാണ്. സഹജീവികളോട്‌ കാരുണ്യത്തോടെ വര്‍ത്തിക്കാന്‍ അത്‌ കാരണമാവണം. പക്ഷെ ഇന്ന് ആ ലക്ഷ്യം കാറ്റില്‍ പറത്തുന്ന രീതിയില്‍ ,വ്രതാനുഷ്ഠാനത്തിന്റെ പ്രവിത്രത ഇല്ലാതാക്കുന്ന രീതിയില്‍, ഭക്ഷണമേളകളായി അധപതിക്കുകയാണോ നമ്മുടെ വിടിന്റെ അകത്തളങ്ങള്‍ വരെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശ്വാസം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ വലയുന്ന അനവധിപേര്‍ നമുക്ക്‌ ചുറ്റുമുണ്ടെന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കാന്‍ ശ്രമിയ്ക്കാം.

പ്രാര്‍ത്ഥനയോടെ

‍അവലംബം : രിയാളുസ്വാലിഹീന്‍

7 Response to മൊഴിമുത്തുകള്‍-20

September 15, 2008 at 10:57 AM

ലോക ഗുരു മുഹമ്മദ്‌ നബി (സ) തങ്ങള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അനുവര്‍ത്തിച്ചിരുന്ന നിലപാടുകള്‍, നബി (സ) തങ്ങളും അവിടുത്തെ കുടുംബവും അനുഭവിച്ച വിശപ്പ്‌ , ദാരിദ്ര്യം , അതില്‍ ദര്‍ശിച്ച മഹത്വം എന്നിവയെല്ലാം നമുക്ക്‌ പാഠമാവേണ്ടതല്ലേ..!

September 16, 2008 at 10:36 AM

അമിതമായി ഭക്ഷണം കഴിക്കുന്നവർക്കും ഭക്ഷണ പദാർത്ഥങ്ങൾ ദുർവ്യയം ചെയ്യുന്നവർക്കും പാഠമാകട്ടെ ഈ തിരുവചനങ്ങൾ

താങ്കളെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.

September 16, 2008 at 12:57 PM

അനാവശ്യമായി ഭക്ഷണമുണ്ടാക്കുകയും അത് കുപ്പത്തൊട്ടിയിൽ വലിച്ചെറിയുകയും ചെയ്യുന്നവർ ഇതൊന്നും ഓർക്കുന്നില്ലല്ലൊ.
നല്ലപോസ്റ്റ്
റംസാൻ ആശംസകൾ

September 16, 2008 at 9:40 PM

മൊഴിമുത്തുകള്‍ ഞാന്‍ വായിക്കുന്നു...ചിലതൊക്കെ ഞാന്‍ പഠിക്കുന്നു...നന്ദി...

September 17, 2008 at 8:35 AM

>സ്വലാഹുദ്ധീന്‍

ഭക്ഷണം ദുര്‍വ്യയം ചെയ്യുന്നത്‌ കാണുമ്പോള്‍ എന്നും ഭീതിയാണ`്. പൊങ്ങച്ചത്തിന്റെ ഭാഗമായി മാറിയിരിക്കയാണിന്നതെല്ലാം.. പ്രാര്‍ത്ഥനകള്‍ ക്കും അഭിപ്രായത്തിനും നന്ദി

>രസികന്‍

ഇതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കാണു സമയം. ഓര്‍മ്മിപ്പിക്കുന്നവരെ പരിഹസിക്കുന്നവരെയാണു കാണുന്നത്‌. എല്ലാ ആശംസകളും തിരിച്ചും നേരുന്നു. നന്ദി

>ശിവ

താങ്കളുടെ നിത്യ സാന്നിദ്ധ്യവും പ്രോത്സാഹനവും നന്ദിയോടെ സ്മരിക്കുന്നു. പഠിക്കുന്നത്‌ ജീവിതത്തില്‍ പകര്‍ത്താനും നമുക്കേവര്‍ക്കും കഴിയട്ടെ.. ആശംസകള്‍

August 22, 2009 at 3:16 PM

ശരിയാണ്, ഓരോവീട്ടിലും ഭക്ഷ്യമേളകളാണിന്ന്.
ഈ പോസ്റ്റിനു നന്ദി.
ഞാനും ശ്രദ്ധിക്കാം.

January 4, 2010 at 11:08 AM

> ലതി,

അഭിപ്രായത്തിനു വളരെ നന്ദി. മറുപടി വൈകിയതിൽ ക്ഷമിക്കുക.