കോപത്തോട് കൂടി വിധിക്കരുത്
മൊഴിമുത്ത് :
عن عبدِ الرَّحْمَنِ بن أبِي بَكَرةَ رَضِيَ اللهُ عنهُ قالَ سمعتُ رسولَ اللهِ صَلى اللهُ عليهِ وسلمَ
“ يَقُولُ : ”لاَ يَحْكُمْ أَحَدٌ بَيْنَ اثْنَيْنِ وَهُوَ غَضْبَانُ
“രണ്ടാളുകളുടെ ഇടയിൽ വല്ല വിധിയും പ്രസ്താവിക്കാനുണ്ടെങ്കിൽ , കോപത്തോട് കൂടി അരുത്; അത് അവിവേകമായി കലാശിക്കാനിടയുണ്ട്.”
വിവരണം.
വല്ല കേസും തീരുമാനിച്ചു കൊടുക്കുവാനോ ,വല്ല വിധിയും പ്രസ്താവിക്കാനോ ഉണ്ടെങ്കിൽ അത് സമാധാനത്തോടും ആലോചനയോടും പാകതയോടും കൂടി ചെയ്യണമെന്നും. ദേഷ്യത്തോട് കൂടി വിധി പ്രസ്താവിക്കരുതെന്നും അങ്ങിനെ വന്നാൽ ; അത് അവിവേകമായി കലാശിക്കാനിടയുണ്ടെന്നും ഈ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു.
കുറിപ്പ്
കോപം എന്ന വികാരം മനുഷ്യനെ പല വിധത്തിലുള്ള അപകടങ്ങളിലും കൊണ്ട്ചെന്ന് ചാടിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. കോപത്തെ അടക്കുക എന്നതിലാണ് ഒരു മനുഷ്യന്റെ ശരിയായ ശക്തി നില കൊള്ളുന്നത്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും അത് വളരെയധികം പ്രത്യാഘാതങ്ങൾ തീർത്ത സംഭവങ്ങൾ മിക്കപേർക്കും കണ്മുന്നിൽ കണ്ട അനുഭവങ്ങൾ ഉണ്ടായിരിക്കാനിടയുണ്ട്. കോപം കൊണ്ട് മാനസിക വിഷമങ്ങൾ ഉണ്ടാവുന്ന പോലെ ശാരീരികമായും ആരോഗ്യപരമായും പല പ്രശ്നങ്ങളും ഉടലെടുക്കുന്നുവന്നത് തെളിയിക്കപ്പെട്ടതാണ്. ഒരാളോട് കോപം ഉള്ളിലുണ്ടെങ്കിൽ ശരിയായ രീതിയിലുള്ള ഉറക്കം തന്നെ സാധ്യമാവാതെ വരുന്നത് സ്വാഭാവികം. അയാളെ എങ്ങിനെ കീഴ്പ്പെടുത്തണം അല്ലെങ്കിൽ അയാളുടെ പരാജയം കാണാനെന്ത് വഴി എന്നതാലോചിച്ച് രക്തസമ്മർദ്ദം കൂട്ടി ഉറക്കം തന്നെ നഷ്ടപ്പെടുത്തുന്നതിലേക്കും അത് പിന്നെ ദിനചര്യയിലും താൻ ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയെയും വരെ ബാധിക്കുന്ന വിധത്തിലേക്ക് അവനെ എത്തിക്കുകയും ചെയ്യുന്നു.
ഈ ഹദീസിൽ വിവരിച്ചത് പോലെ ഒരു മധ്യസ്ഥനാവുമ്പോൾ അല്ലെങ്കിൽ ഒരു കാര്യത്തിൽ വിധി പ്രസ്ഥാവിക്കുമ്പോൾ നീതി യുക്തമായിരിക്കണം ആ വിധി എന്നത് വിധിക്കുന്നവനെ സംബന്ധിച്ചും അവൻ ഉൾപ്പെടുന്ന സമൂഹത്തെ, രാജ്യത്തെ സംബന്ധിച്ചും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. പല കേസുകളിലും തർക്കങ്ങളിലും പക്ഷെ ഇന്ന് നടക്കുന്നത് മുൻവിധികളോടെയും ഈർഷ്യതയോടെയും കുറ്റം ചെയ്ത അല്ലെങ്കിൽ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയോടുള്ള അല്ലെങ്കിൽ ആ വ്യക്തി ഉൾപ്പെട്ട സമൂഹത്തോടുള്ള നിരസമോ കോപമോ അടിസ്ഥാനമാവുമ്പോൾ ആ അവിവേക പൂർണ്ണമായ വിധി പ്രസ്ഥാവം പലപ്പോഴും സമൂഹത്തിൽ ഭിന്നിപ്പിനും കുഴപ്പങ്ങൾക്കും കാരണമാവുന്നു.
വ്യക്തി താത്പര്യങ്ങൾ ഒരിക്കലും ഒരു ന്യായാധിപൻ , ഒരു മധ്യസ്ഥൻ തന്റെ ജഡ്ജ്‌മന്റിൽ കൂട്ടിച്ചേർക്കരുത്. താൻ വിധിക്കുന്നത് തികച്ചും വിവേകപൂർണ്ണവും നീതിയുക്തവുമാണെന്ന് പൂർണ്ണ ബോധ്യം അദ്ദേഹത്തിനുണ്ടായിരിക്കുമ്പോൾ ആ വിധി സമൂഹത്തിനു മൊത്തത്തിൽ ഗുണം ചെയ്യും മറിച്ചായാൽ നിരപരാധികൾ ശിക്ഷിക്കപ്പെടുകയോ അപരാധികൾ രക്ഷപ്പെടുകയോ ചെയ്യുന്നതോടൊപ്പം സമൂഹത്തിലും അതിന്റെ ദൂശ്യ ഫലങ്ങൾ അനുഭവപ്പെടുന്നു.
കാരുണ്യത്തിന്റെ ഉറവിടമായ മുത്ത് റസൂൽ (സ) തങ്ങളുടെ ജീവിതവും തന്റെ ചര്യ അതേപടി പിന്തുടർന്ന അനുചരരുടെയും (സഹാബത്ത്) ജിവിതമാകട്ടെ നമുക്ക് മാതൃക. അല്ലാതെ മതത്തിന്റെ മേലങ്കിയണിഞ്ഞ് അതിന്റെ മറവിൽ അവിവേകപൂർണ്ണമായ വിധി പ്രസ്താവം നടത്തി അതിലൂടെ താൻ ഉൾപ്പെടുന്ന സമൂഹത്തെ പൊതു സമൂഹത്തിൽ കൊത്തി വലിക്കാൻ കാരണമുണ്ടാക്കുന്ന അഭിനവ മുസ്ലിം നാമ ധാരികളായ ഭരണാധികാരികളല്ല നമുക്ക് മാതൃക.
കുറെ നാളുകൾക്ക് ശേഷമാണ് ഈ ചെറിയ കുറിപ്പ്.. നമ്മുടെ നാട് ഒരു മഹത്തായ വികാരത്തിന്റെ ആമോദത്തിൽ മുഴുകുമ്പോൾ അകലങ്ങളിലാണെങ്കിലും മനസു കൊണ്ടു നേരുന്നു.. എല്ലാ സഹോദരങ്ങൾക്കും മുൻകൂറായി ‘റിപ്പബ്ലിക് ദിനാശംസകൾ’
നോമ്പ്കാരൻ
മൊഴിമുത്ത് :
റസൂൽ (സ) തങ്ങൾ പറഞ്ഞു. 'നിങ്ങൾ നോമ്പ് അനുഷ്ഠിച്ചാൽ ചീത്ത പറയുകയോ ബഹളം വെക്കുകയോ ചെയ്യരുത്. ആരെങ്കിലും നിങ്ങളെ ചീത്ത പറയുകയോ നിങ്ങളുമായി ശണ്ഠ കൂടുകയോ ചെയ്താൽ നിശ്ചയം ഞാൻ നോമ്പുകാരനാണെന്നു നിങ്ങൾ പറയുക' (അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട, ബുഖാരി 4,88,39,101 മുസ്ലിം 1151 റിപ്പോർട്ട് ചെയ്ത ഹദീത്)
'ചീത്ത വാക്കുകളും അതനുസരിച്ചുള്ള പ്രവർത്തനവും ഉപേക്ഷിക്കാത്തവൻ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരാവശ്യവുമില്ല' ( ബുഖാരി 4/99,100 ; അബുഹുറൈറ(റ) വിൽ നിന്ന് നിവേദനം )
വിവരണം:
കേവലം ശരീരത്തിനു മാത്രമല്ല നോമ്പ് മറിച്ച് വാക്കിനും പ്രവർത്തികൾക്കും ചിന്തകൾക്കും വ്രതം ബാധകമാണെന്നും, ചീത്ത വാക്കുകളും ചീത്ത പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതിന്റെയും, ക്ഷമ പാലിക്കേണ്ടതിന്റെയും ആവശ്യകതയും ഈ മൊഴിമുത്ത് നമ്മെ ബോധ്യപ്പെടുത്തുന്നു. നോമ്പ് കാലത്ത് അത്തരം കാര്യങ്ങൾ ഒഴിവാക്കി അല്ലാത്ത കാലത്തൊക്കെ അതാവാം എന്ന് അതിന് അർത്ഥമില്ല. മറിച്ച് നോമ്പ് കാലത്ത് പ്രത്യേകം ശ്രദ്ധിക്കുകയും അങ്ങിനെ ക്ഷമ പാലിക്കുന്നതിലൂടേ നേടിയെടുക്കുന്ന ഗുണങ്ങൾ ജീവിതത്തിലുടനീളം പകർത്താൻ പരിശ്രമിക്കുകയുമാണ് വേണ്ടത്
കുറിപ്പ്:
പരിശുദ്ധ റമളാൻ മാസം നമ്മിലേക്ക് വീണ്ടും എത്തുകയാണ്. റസൂൽ (സ) തങ്ങൾ റമളാൻ മാസത്തിന്റ് ആഗമനത്തിനു രണ്ട് മാസങ്ങൾക്ക് മുന്നേ അഥവാ റജബ് മാസത്തിൽ തന്നെ പ്രത്യേകം പ്രാർത്ഥനകൾ നിർവ്വഹിക്കാറുണ്ട്. 'അല്ലാഹുവേ റജബിലും ശഅബാനിലും ( റമാളാനിനു തൊട്ടുമുമ്പുള്ള 2 മാസങ്ങൾ) ബറകത്ത് ചെയ്യേണമേ, റമളാനിനെ ഞങ്ങൾക്കെത്തിക്കേണമേ, ആരാധനകൾ വർദ്ധിപ്പിക്കാനും ഖുർആൻ പാരായണം ചെയ്യാനും അനുഗ്രഹിക്കേണമേ ' തുടങ്ങിയ പ്രാർത്ഥനകൾ പണ്ഡിതന്മാർ വിവരിക്കുന്നു.
നമ്മുടെ നാട്ടിലൊക്കെ അടുത്ത കാലം വരെയും ഏതൊരു മതസ്ഥരായാലും അവരുടെ മതവിശ്വാസമനുസരിച്ച് പുണ്യമായി കാണക്കാക്കുന്ന ദിനങ്ങളും മാസങ്ങളുമൊക്കെ വരുമ്പോൾ വീടും വീട്ടു മുറ്റവും, മനസ്സും ആ ദിനങ്ങളെ വരവേൽക്കുന്നതിനായി ഒരുക്കാറുള്ളത് നമുക്ക് സുപരിചിതമാണ്. വിത്യസ്ത വിശ്വാസ പ്രമാണങ്ങളിൽ ജീവിക്കുന്ന അയൽവാസികൾ പരസ്പരം, ഇത്തരം അവസരങ്ങളിൽ വിശേഷിച്ചും അന്യോന്യം സഹായ സഹകരണങ്ങൾ ചെയ്യാറുമുണ്ട്. ഇന്നും ഗ്രാമങ്ങളിലെങ്കിലും അത്തരം നല്ല സൗഹൃദങ്ങൾ നില നിൽക്കുന്നുവെന്ന്തന്നെയാണെന്റെ അനുഭവ സാക്ഷ്യം.
നാട്ടിൻ പുറത്ത് അമുസ്ലിം സഹോദരങ്ങൾവരെ തന്റെ മുസ്ലിം അയൽവാസിയുടെ വ്രതത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭക്ഷണകാര്യത്തിൽ പോലും മിതത്വവും രഹസ്യ സ്വഭാവവും കാത്തു സൂക്ഷിച്ചിരുന്നു. പഠന കാലത്തും സുഹൃത്തുക്കൾ നോമ്പ് കാരനായ മുസ്ലിം സുഹൃത്തിനോട് ബഹുമാന പുരസ്സരം പെരുമാറിയിരുന്നു. അങ്ങിനെ ഒരു നാട് മുഴുവൻ ആ നാട്ടിലെ അന്തരീക്ഷം മുഴുവൻ പുണ്യമാസത്തിന്റെ മഹത്വം നെഞ്ചിലേറ്റാൻ തയ്യാറായിരുന്നു. അതിന്റെ പ്രതിഫലനം ഓരോ നാട്ടിലേയും ജീവിതങ്ങളിൽ നിഴലിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ഏറെ വിത്യാസപ്പെട്ടിരിക്കുന്നു. റമളാനിനെ അതിന്റെ യഥാവിധി വരവേൽക്കാൻ അതിന്റെ ആളുകൾക്ക് തന്നെ സമയമില്ല. ആർക്കോ വേണ്ടി ചെയ്യുന്ന പോലെയുള്ള നാട്യങ്ങളാവുന്നില്ലേ പലപ്പോഴും. 'എത്രയോ നോമ്പുകാരുണ്ട്, അവർക്ക് പട്ടിണിയല്ലാതെ ഒന്നും ബാക്കിയാവുന്നില്ല' എന്ന് നബി(സ) അരുളിയ തരത്തിലുള്ള നോമ്പുകാർ അധികരിക്കുന്നു. വ്രതം കൊണ്ട് ലക്ഷ്യം വെക്കുന്നതൊന്നും നേടാനാവാതെ വിഷപ്പ് മാത്രം സഹിച്ചിട്ട് എന്ത് ഫലം.
നമ്മുടെ വീട്ടിലേക്ക് നാം ഇഷ്ടപ്പെടുന്ന ഒരു അതിഥി വരുന്നുണ്ടെന്ന് മുൻകൂട്ടി അറിയുന്ന നാം ആ വിരുന്നുകാരനെ വരവേൽക്കുവാൻ നമ്മുടെ വീട്ടിന്റെ സ്വീകരണ മുറി അടിച്ചു വൃത്തിയാക്കി ഇരിപ്പിടങ്ങളൊക്കെ ശരിയാക്കി മേശപ്പുറം അലങ്കരിച്ച് വിഭവങ്ങളൊരുക്കി ഒപ്പം അവരെ സ്വീകരിക്കാൻ സന്തോഷത്തോടെ മനസ്സൊരുക്കി കാത്തിരിക്കുന്നു. നമ്മുടെ വീട്ടിൽ കയറി വരുന്ന ആൾക്കും അത് പ്രത്യക്ഷത്തിൽ തന്നെ മനസ്സിലാവും എന്നെ സ്വീകരിക്കാൻ വേണ്ടി നടത്തിയ ഒരുക്കങ്ങൾ.. തനിക്ക് വേണ്ടി തയ്യാറാക്കിയ വിഭവങ്ങൾ... നമ്മുടെ ഊഷ്മളമായ സത്കാരം കഴിഞ്ഞ് സന്തുഷ്ടരായി അവർ തിരിച്ച് പോകുന്നു. അത് പോലെ പരിശുദ്ധ റമളാനിനെ സ്വീകരിക്കാൻ നാം ഒരുങ്ങിയിട്ടുണ്ടോ ! നമ്മുടെ വീടിന്റെ കാര്യം ശ്രദ്ധിയ്ക്കാൻ നമ്മുടെ മുറ്റത്തൊന്ന് നടക്കാൻ (മുറ്റം ഉള്ളവർക്ക് ) നമുക്ക് എന്നോ സമയം നഷ്ടമായിരിക്കുന്നു. നമ്മുടെ മനസ്സും അത്തരത്തിൽ നഷ്ടമാവുകയല്ലേ. അസൂയയും, പൊങ്ങച്ചവും, വിശ്വാസവഞ്ചനയും, അശ്ലീലവും മറ്റ് അരുതായ്മകളും കൊണ്ട് ചീഞ്ഞളിഞ്ഞ വൃത്തിഹീനമായ ഒരുമനസ്സിനു മേൽ അത്തർ പൂശി മണപ്പിച്ച ഒരു കാപട്യത്തിന്റെ ശരീരമാവുന്ന പുറം കോട്ടുമിട്ടല്ലേ നാം വിശുദ്ധ റമളാനിനെ വരവേത്കാൻ കാത്തിരിക്കുന്നത് ! നമ്മുടെ വീട്ടിൽ കയറി വരുന്ന റമളാൻ മാസത്തിനായി നമ്മുടെ മനസ്സിന്റെ സ്വികരണ മുറി ഒരുക്കിയിട്ടില്ല ! വിഭവങ്ങൾ ഒന്നും തയ്യാറായിട്ടില്ല! പക്ഷെ വന്ന് കയറുന്ന റമളാൻ നമ്മിൽ സംതൃപ്തരാവുകയും വേണം ! അത് വിരോധാഭാസമല്ലേ . ആദ്യം എന്നോട് പിന്നെ എന്റെ പ്രിയ വായനക്കാരോട് ചോദിക്കാനുള്ളത് അതാണീപ്പോൾ..
അതിഭൗതികതയുടെ മാലിന്യങ്ങളാൽ വൃത്തിഹീനമായ മനസാകുന്ന മീൻ പാത്രവുമായി പരിശുദ്ധമായ റമളാൻ മാസമാകുന്ന ശുദ്ധമായപാൽ വാങ്ങാൻ കാത്തുനിൽക്കുന്നവരേക്കാൾ ബുദ്ധിശ്യൂന്യർ വേറെ ആരാണുണ്ടാവുക. ! സ്ഥിരമായി മത്സ്യം വാങ്ങുന്ന പാത്രം ശരിക്ക് തേച്ച് കഴുകി വൃത്തിയാക്കാതെ അതിൽ പാൽ വാങ്ങിയാൽ ആ പാൽ കൊണ്ട് എന്ത് ഉപകാരമാണുണ്ടാവുക. അപ്രകാരമായിരിക്കും നമ്മുടെ മലീമസമായ മനസ്സിനെ പാകപ്പെടുത്താതെ റമളാൻ കടന്നുവന്നാലുണ്ടാവുക. റമളാൻ ഒന്ന് മുതൽ പെട്ടെന്ന് ഇലക്ട്രിക് സ്വിച്ച് ഓൺ -ഓഫ് ചെയ്യുന്ന ലാഘവത്തോടെ മാറ്റാൻ കഴിയുന്നതല്ല നമ്മുടെയൊക്കെ മനസ്സിന്റെ ,പ്രവർത്തനങ്ങളുടെ അവസ്ഥ എന്നിരിക്കെ മുന്നൊരുക്കം തുടങ്ങേണ്ട സമയം അതിക്രമിക്കുകയാണ്. മനസ്സും ശരീരവും ഒരുക്കാൻ ,ഒരുങ്ങാൻ സമയം ആവശ്യമാണ്.
ഇവിടെ കൂടി ഈ മൊഴിമുത്തിന്റെ പ്രാധാന്യം നമ്മൾ കാണേണ്ടതുണ്ട്. ക്ഷമാശീലമായ മനസ്സൊരുക്കാൻ മുൻകൂട്ടി തയ്യാറാകേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടി ഈ മൊഴിമുത്ത് നമ്മെ എത്തിക്കുന്നു. മനുഷ്യന്റെ അവന്റെ ദേഹേച്ഛയുടെ ചായ്‌വ് തെറ്റുകളിലേക്കായിരിക്കും അതിനെ തടയിടാൻ ഏറ്റവും ഫലപ്രദമായ മാർഗമാണീ വ്രതം ലക്ഷ്യം വെക്കുന്നത്. അല്ലാതെ തിരുനബി (സ)അരുളിയ പോലെ, കുറെ ആളുകൾ അന്നപാനീയങ്ങൾ ഉപേക്ഷിച്ചതിനാൽ ജഗന്നിയന്താവായ അല്ലാഹുവിന് യാതൊന്നും നേടാനില്ല. എല്ലാം മനുഷ്യന്റെ സാംസ്കാരികമായ ഉന്നമനമാണ് ലക്ഷ്യം വെക്കുന്നത് അതിനൊപ്പം തന്റെ നാഥന്റെ കൽപന പാലിക്കുന്നതിലൂടെ പരലോക മോക്ഷവും.
പരിശുദ്ധ റമളാനിനെ അർഹിക്കുന്ന ആദരവോടേ വരവേത്ക്കാനും വേണ്ടവിധം സത്കരിക്കാനും സന്തോഷത്തോടെ യാത്രയാക്കാനും നാഥൻ തുണയാകട്ടെ. നമ്മുടെ മനസ്സിനെ പാകപ്പെടുത്താൻ മാലിന്യങ്ങൾ നീക്കി മനോഹരമാക്കാൻ കഴിയട്ടെ. ആ വൃത്തിയും വെടിപ്പും റമളാനിനു ശേഷവും നില നിർത്താൻ നമുക്ക് കഴിയട്ടെ. റമളാൻ വ്രതത്തിലൂടെ നേടിയെടുക്കുന്ന ശാരീരികവും മാനസികവുമായ ഊർജ്ജ്വസലതയും ആത്മീയ ഉത്കർഷവും നമ്മുടെ വ്യക്തി-കുടുംബ ജീവിതത്തിലും അയൽ ബന്ധങ്ങളിലും നമ്മുടെ നാടിന്റെ നന്മയിലും വിനിയോഗിക്കാൻ നമുക്കേവർക്കും കഴിയട്ടെ. വ്യക്തി ജീവിതത്തിൽ നേടിയെടുക്കുന്ന നല്ല മാറ്റങ്ങൾ തുടർജീവിതത്തിൽ നമുക്ക് സ്വന്തമെന്ന പോലെ അതിന്റെ നല്ല വശങ്ങൾ നമ്മുടെ സഹജീവികൾക്കും ഉപയോഗപ്പെടുന്നില്ലെങ്കിൽ നാം നേടിയെടുത്തു എന്ന് പറയുന്ന ആത്മിയോത്കർഷം വെറും പുറം തോട് മാത്രമാണെന്ന തിരിച്ചറിവിലേക്ക് .... നിങ്ങൾ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് അല്ലാഹുവിന്ന് യാതൊരു പ്രയോജനവുമില്ല എന്ന പ്രഖ്യാപനം നമ്മുടെ മനസ്സിൽ ഉണ്ടാവട്ടെ..
റമളാൻ നമ്മിലേക്ക് സന്തോഷ പൂർവ്വം കടന്ന് വരട്ടെ എന്ന പ്രാർഥനയോടെ
അനുബന്ധ പോസ്റ്റുകൾ
20. വിശപ്പിന്റെ മഹത്വം
റസൂൽ (സ) തങ്ങൾ പറഞ്ഞു. 'നിങ്ങൾ നോമ്പ് അനുഷ്ഠിച്ചാൽ ചീത്ത പറയുകയോ ബഹളം വെക്കുകയോ ചെയ്യരുത്. ആരെങ്കിലും നിങ്ങളെ ചീത്ത പറയുകയോ നിങ്ങളുമായി ശണ്ഠ കൂടുകയോ ചെയ്താൽ നിശ്ചയം ഞാൻ നോമ്പുകാരനാണെന്നു നിങ്ങൾ പറയുക' (അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട, ബുഖാരി 4,88,39,101 മുസ്ലിം 1151 റിപ്പോർട്ട് ചെയ്ത ഹദീത്)
'ചീത്ത വാക്കുകളും അതനുസരിച്ചുള്ള പ്രവർത്തനവും ഉപേക്ഷിക്കാത്തവൻ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരാവശ്യവുമില്ല' ( ബുഖാരി 4/99,100 ; അബുഹുറൈറ(റ) വിൽ നിന്ന് നിവേദനം )
വിവരണം:
കേവലം ശരീരത്തിനു മാത്രമല്ല നോമ്പ് മറിച്ച് വാക്കിനും പ്രവർത്തികൾക്കും ചിന്തകൾക്കും വ്രതം ബാധകമാണെന്നും, ചീത്ത വാക്കുകളും ചീത്ത പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതിന്റെയും, ക്ഷമ പാലിക്കേണ്ടതിന്റെയും ആവശ്യകതയും ഈ മൊഴിമുത്ത് നമ്മെ ബോധ്യപ്പെടുത്തുന്നു. നോമ്പ് കാലത്ത് അത്തരം കാര്യങ്ങൾ ഒഴിവാക്കി അല്ലാത്ത കാലത്തൊക്കെ അതാവാം എന്ന് അതിന് അർത്ഥമില്ല. മറിച്ച് നോമ്പ് കാലത്ത് പ്രത്യേകം ശ്രദ്ധിക്കുകയും അങ്ങിനെ ക്ഷമ പാലിക്കുന്നതിലൂടേ നേടിയെടുക്കുന്ന ഗുണങ്ങൾ ജീവിതത്തിലുടനീളം പകർത്താൻ പരിശ്രമിക്കുകയുമാണ് വേണ്ടത്
കുറിപ്പ്:
പരിശുദ്ധ റമളാൻ മാസം നമ്മിലേക്ക് വീണ്ടും എത്തുകയാണ്. റസൂൽ (സ) തങ്ങൾ റമളാൻ മാസത്തിന്റ് ആഗമനത്തിനു രണ്ട് മാസങ്ങൾക്ക് മുന്നേ അഥവാ റജബ് മാസത്തിൽ തന്നെ പ്രത്യേകം പ്രാർത്ഥനകൾ നിർവ്വഹിക്കാറുണ്ട്. 'അല്ലാഹുവേ റജബിലും ശഅബാനിലും ( റമാളാനിനു തൊട്ടുമുമ്പുള്ള 2 മാസങ്ങൾ) ബറകത്ത് ചെയ്യേണമേ, റമളാനിനെ ഞങ്ങൾക്കെത്തിക്കേണമേ, ആരാധനകൾ വർദ്ധിപ്പിക്കാനും ഖുർആൻ പാരായണം ചെയ്യാനും അനുഗ്രഹിക്കേണമേ ' തുടങ്ങിയ പ്രാർത്ഥനകൾ പണ്ഡിതന്മാർ വിവരിക്കുന്നു.നമ്മുടെ നാട്ടിലൊക്കെ അടുത്ത കാലം വരെയും ഏതൊരു മതസ്ഥരായാലും അവരുടെ മതവിശ്വാസമനുസരിച്ച് പുണ്യമായി കാണക്കാക്കുന്ന ദിനങ്ങളും മാസങ്ങളുമൊക്കെ വരുമ്പോൾ വീടും വീട്ടു മുറ്റവും, മനസ്സും ആ ദിനങ്ങളെ വരവേൽക്കുന്നതിനായി ഒരുക്കാറുള്ളത് നമുക്ക് സുപരിചിതമാണ്. വിത്യസ്ത വിശ്വാസ പ്രമാണങ്ങളിൽ ജീവിക്കുന്ന അയൽവാസികൾ പരസ്പരം, ഇത്തരം അവസരങ്ങളിൽ വിശേഷിച്ചും അന്യോന്യം സഹായ സഹകരണങ്ങൾ ചെയ്യാറുമുണ്ട്. ഇന്നും ഗ്രാമങ്ങളിലെങ്കിലും അത്തരം നല്ല സൗഹൃദങ്ങൾ നില നിൽക്കുന്നുവെന്ന്തന്നെയാണെന്റെ അനുഭവ സാക്ഷ്യം.
നാട്ടിൻ പുറത്ത് അമുസ്ലിം സഹോദരങ്ങൾവരെ തന്റെ മുസ്ലിം അയൽവാസിയുടെ വ്രതത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭക്ഷണകാര്യത്തിൽ പോലും മിതത്വവും രഹസ്യ സ്വഭാവവും കാത്തു സൂക്ഷിച്ചിരുന്നു. പഠന കാലത്തും സുഹൃത്തുക്കൾ നോമ്പ് കാരനായ മുസ്ലിം സുഹൃത്തിനോട് ബഹുമാന പുരസ്സരം പെരുമാറിയിരുന്നു. അങ്ങിനെ ഒരു നാട് മുഴുവൻ ആ നാട്ടിലെ അന്തരീക്ഷം മുഴുവൻ പുണ്യമാസത്തിന്റെ മഹത്വം നെഞ്ചിലേറ്റാൻ തയ്യാറായിരുന്നു. അതിന്റെ പ്രതിഫലനം ഓരോ നാട്ടിലേയും ജീവിതങ്ങളിൽ നിഴലിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ഏറെ വിത്യാസപ്പെട്ടിരിക്കുന്നു. റമളാനിനെ അതിന്റെ യഥാവിധി വരവേൽക്കാൻ അതിന്റെ ആളുകൾക്ക് തന്നെ സമയമില്ല. ആർക്കോ വേണ്ടി ചെയ്യുന്ന പോലെയുള്ള നാട്യങ്ങളാവുന്നില്ലേ പലപ്പോഴും. 'എത്രയോ നോമ്പുകാരുണ്ട്, അവർക്ക് പട്ടിണിയല്ലാതെ ഒന്നും ബാക്കിയാവുന്നില്ല' എന്ന് നബി(സ) അരുളിയ തരത്തിലുള്ള നോമ്പുകാർ അധികരിക്കുന്നു. വ്രതം കൊണ്ട് ലക്ഷ്യം വെക്കുന്നതൊന്നും നേടാനാവാതെ വിഷപ്പ് മാത്രം സഹിച്ചിട്ട് എന്ത് ഫലം.
നമ്മുടെ വീട്ടിലേക്ക് നാം ഇഷ്ടപ്പെടുന്ന ഒരു അതിഥി വരുന്നുണ്ടെന്ന് മുൻകൂട്ടി അറിയുന്ന നാം ആ വിരുന്നുകാരനെ വരവേൽക്കുവാൻ നമ്മുടെ വീട്ടിന്റെ സ്വീകരണ മുറി അടിച്ചു വൃത്തിയാക്കി ഇരിപ്പിടങ്ങളൊക്കെ ശരിയാക്കി മേശപ്പുറം അലങ്കരിച്ച് വിഭവങ്ങളൊരുക്കി ഒപ്പം അവരെ സ്വീകരിക്കാൻ സന്തോഷത്തോടെ മനസ്സൊരുക്കി കാത്തിരിക്കുന്നു. നമ്മുടെ വീട്ടിൽ കയറി വരുന്ന ആൾക്കും അത് പ്രത്യക്ഷത്തിൽ തന്നെ മനസ്സിലാവും എന്നെ സ്വീകരിക്കാൻ വേണ്ടി നടത്തിയ ഒരുക്കങ്ങൾ.. തനിക്ക് വേണ്ടി തയ്യാറാക്കിയ വിഭവങ്ങൾ... നമ്മുടെ ഊഷ്മളമായ സത്കാരം കഴിഞ്ഞ് സന്തുഷ്ടരായി അവർ തിരിച്ച് പോകുന്നു. അത് പോലെ പരിശുദ്ധ റമളാനിനെ സ്വീകരിക്കാൻ നാം ഒരുങ്ങിയിട്ടുണ്ടോ ! നമ്മുടെ വീടിന്റെ കാര്യം ശ്രദ്ധിയ്ക്കാൻ നമ്മുടെ മുറ്റത്തൊന്ന് നടക്കാൻ (മുറ്റം ഉള്ളവർക്ക് ) നമുക്ക് എന്നോ സമയം നഷ്ടമായിരിക്കുന്നു. നമ്മുടെ മനസ്സും അത്തരത്തിൽ നഷ്ടമാവുകയല്ലേ. അസൂയയും, പൊങ്ങച്ചവും, വിശ്വാസവഞ്ചനയും, അശ്ലീലവും മറ്റ് അരുതായ്മകളും കൊണ്ട് ചീഞ്ഞളിഞ്ഞ വൃത്തിഹീനമായ ഒരുമനസ്സിനു മേൽ അത്തർ പൂശി മണപ്പിച്ച ഒരു കാപട്യത്തിന്റെ ശരീരമാവുന്ന പുറം കോട്ടുമിട്ടല്ലേ നാം വിശുദ്ധ റമളാനിനെ വരവേത്കാൻ കാത്തിരിക്കുന്നത് ! നമ്മുടെ വീട്ടിൽ കയറി വരുന്ന റമളാൻ മാസത്തിനായി നമ്മുടെ മനസ്സിന്റെ സ്വികരണ മുറി ഒരുക്കിയിട്ടില്ല ! വിഭവങ്ങൾ ഒന്നും തയ്യാറായിട്ടില്ല! പക്ഷെ വന്ന് കയറുന്ന റമളാൻ നമ്മിൽ സംതൃപ്തരാവുകയും വേണം ! അത് വിരോധാഭാസമല്ലേ . ആദ്യം എന്നോട് പിന്നെ എന്റെ പ്രിയ വായനക്കാരോട് ചോദിക്കാനുള്ളത് അതാണീപ്പോൾ..
അതിഭൗതികതയുടെ മാലിന്യങ്ങളാൽ വൃത്തിഹീനമായ മനസാകുന്ന മീൻ പാത്രവുമായി പരിശുദ്ധമായ റമളാൻ മാസമാകുന്ന ശുദ്ധമായപാൽ വാങ്ങാൻ കാത്തുനിൽക്കുന്നവരേക്കാൾ ബുദ്ധിശ്യൂന്യർ വേറെ ആരാണുണ്ടാവുക. ! സ്ഥിരമായി മത്സ്യം വാങ്ങുന്ന പാത്രം ശരിക്ക് തേച്ച് കഴുകി വൃത്തിയാക്കാതെ അതിൽ പാൽ വാങ്ങിയാൽ ആ പാൽ കൊണ്ട് എന്ത് ഉപകാരമാണുണ്ടാവുക. അപ്രകാരമായിരിക്കും നമ്മുടെ മലീമസമായ മനസ്സിനെ പാകപ്പെടുത്താതെ റമളാൻ കടന്നുവന്നാലുണ്ടാവുക. റമളാൻ ഒന്ന് മുതൽ പെട്ടെന്ന് ഇലക്ട്രിക് സ്വിച്ച് ഓൺ -ഓഫ് ചെയ്യുന്ന ലാഘവത്തോടെ മാറ്റാൻ കഴിയുന്നതല്ല നമ്മുടെയൊക്കെ മനസ്സിന്റെ ,പ്രവർത്തനങ്ങളുടെ അവസ്ഥ എന്നിരിക്കെ മുന്നൊരുക്കം തുടങ്ങേണ്ട സമയം അതിക്രമിക്കുകയാണ്. മനസ്സും ശരീരവും ഒരുക്കാൻ ,ഒരുങ്ങാൻ സമയം ആവശ്യമാണ്.
ഇവിടെ കൂടി ഈ മൊഴിമുത്തിന്റെ പ്രാധാന്യം നമ്മൾ കാണേണ്ടതുണ്ട്. ക്ഷമാശീലമായ മനസ്സൊരുക്കാൻ മുൻകൂട്ടി തയ്യാറാകേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടി ഈ മൊഴിമുത്ത് നമ്മെ എത്തിക്കുന്നു. മനുഷ്യന്റെ അവന്റെ ദേഹേച്ഛയുടെ ചായ്‌വ് തെറ്റുകളിലേക്കായിരിക്കും അതിനെ തടയിടാൻ ഏറ്റവും ഫലപ്രദമായ മാർഗമാണീ വ്രതം ലക്ഷ്യം വെക്കുന്നത്. അല്ലാതെ തിരുനബി (സ)അരുളിയ പോലെ, കുറെ ആളുകൾ അന്നപാനീയങ്ങൾ ഉപേക്ഷിച്ചതിനാൽ ജഗന്നിയന്താവായ അല്ലാഹുവിന് യാതൊന്നും നേടാനില്ല. എല്ലാം മനുഷ്യന്റെ സാംസ്കാരികമായ ഉന്നമനമാണ് ലക്ഷ്യം വെക്കുന്നത് അതിനൊപ്പം തന്റെ നാഥന്റെ കൽപന പാലിക്കുന്നതിലൂടെ പരലോക മോക്ഷവും.
പരിശുദ്ധ റമളാനിനെ അർഹിക്കുന്ന ആദരവോടേ വരവേത്ക്കാനും വേണ്ടവിധം സത്കരിക്കാനും സന്തോഷത്തോടെ യാത്രയാക്കാനും നാഥൻ തുണയാകട്ടെ. നമ്മുടെ മനസ്സിനെ പാകപ്പെടുത്താൻ മാലിന്യങ്ങൾ നീക്കി മനോഹരമാക്കാൻ കഴിയട്ടെ. ആ വൃത്തിയും വെടിപ്പും റമളാനിനു ശേഷവും നില നിർത്താൻ നമുക്ക് കഴിയട്ടെ. റമളാൻ വ്രതത്തിലൂടെ നേടിയെടുക്കുന്ന ശാരീരികവും മാനസികവുമായ ഊർജ്ജ്വസലതയും ആത്മീയ ഉത്കർഷവും നമ്മുടെ വ്യക്തി-കുടുംബ ജീവിതത്തിലും അയൽ ബന്ധങ്ങളിലും നമ്മുടെ നാടിന്റെ നന്മയിലും വിനിയോഗിക്കാൻ നമുക്കേവർക്കും കഴിയട്ടെ. വ്യക്തി ജീവിതത്തിൽ നേടിയെടുക്കുന്ന നല്ല മാറ്റങ്ങൾ തുടർജീവിതത്തിൽ നമുക്ക് സ്വന്തമെന്ന പോലെ അതിന്റെ നല്ല വശങ്ങൾ നമ്മുടെ സഹജീവികൾക്കും ഉപയോഗപ്പെടുന്നില്ലെങ്കിൽ നാം നേടിയെടുത്തു എന്ന് പറയുന്ന ആത്മിയോത്കർഷം വെറും പുറം തോട് മാത്രമാണെന്ന തിരിച്ചറിവിലേക്ക് .... നിങ്ങൾ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് അല്ലാഹുവിന്ന് യാതൊരു പ്രയോജനവുമില്ല എന്ന പ്രഖ്യാപനം നമ്മുടെ മനസ്സിൽ ഉണ്ടാവട്ടെ..
റമളാൻ നമ്മിലേക്ക് സന്തോഷ പൂർവ്വം കടന്ന് വരട്ടെ എന്ന പ്രാർഥനയോടെ
അനുബന്ധ പോസ്റ്റുകൾ
20. വിശപ്പിന്റെ മഹത്വം
കൃഷിയുടെ പ്രാധാന്യം
മൊഴിമുത്ത് :
- 'വൃക്ഷം നട്ടുപിടിപ്പിച്ചവൻ ആരോ അവന്റെ ആ (നട്ടുപിടിപ്പിക്കപ്പെട്ട) വൃക്ഷത്തിൽ നിന്ന് മനുഷ്യനും അല്ലാഹുവിന്റെ സൃഷ്ടികളിൽ മറ്റു വല്ലവയും ഭക്ഷിക്കുന്നത് അവനൊരു ധർമ്മം മാത്രമായിരിക്കും' (അബൂ ഹുറൈറ (റ) വിൽ നിന്ന് ഇമാം അഹമദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ് )
‘വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക് ആ നട്ടുണ്ടാക്കിയതിൽ നിന്നുണ്ടാകുന്ന അനുഭവത്തിന്റെ പരിമാണം കണക്കിൽ അല്ലാഹു പ്രതിഫലം നൽകുക തന്നെ ചെയ്യും’. ( അബീ അയ്യൂബ് (റ) വിൽ നിന്ന് ഇമാം അഹമ്മദ് (റ) നിവേദനം ചെയ്ത ഹദീസ്)
വിവരണം:
കൃഷിക്കാർ നട്ടുപിടിപ്പിച്ചുണ്ടാക്കുന്നവ ആ കൃഷിക്കാരനോ അല്ലെങ്കിൽ മറ്റ് ആർക്കെങ്കിലുമോ ഫലം ചെയ്യുമെന്നും അത് ആ കൃഷിക്കാരന് ഒരു ധർമ്മം ചെയ്തതിന്റെ തുല്യാമായി പരിഗണിക്കുമെന്നും ആദ്യ ഹദീസ് വ്യക്തമാക്കുന്നു. മനുഷ്യനെന്നല്ല മറ്റ് ഏത് ജീവികളോ ആവട്ടെ ആ നട്ടു പിടിപ്പിക്കപ്പെട്ടതിന്റെ ഫലം ഉപയോഗിക്കുന്നതും കൃഷിക്കാരന് നന്മയായി ഭവിക്കുമെന്നും അതിനാൽ കൃഷിചെയ്യുന്ന കൃഷിക്കാരൻ വിജയികളുടെ കൂട്ടത്തിലാവുകയും ചെയ്യുമെന്ന് പ്രത്യുത ഹദീസ് വ്യക്തമാക്കുന്നു.
രണ്ടാമത് ഹദീസിൽ കുറച്ച് കൂടി വിശാലമായ അർത്ഥത്തിൽ 'വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക് ' എന്നതിലൂടെ ഏതൊരു മനുഷ്യനും (അവന്റെ വിശ്വസമോ മതമോ വിത്യാസമില്ലാതെ ) ഗുണം /അനുഗ്രഹം , അഥവാ ഒരു ഫലവൃക്ഷം നട്ടുപിടിപ്പിക്കുന്നതിലൂടെ ലഭിക്കുമെന്ന് മനസ്സിലാക്കാം
കുറിപ്പ് :
ഏത് തരം കൃഷിയായാലും അത് തനിക്കും, അല്ലെങ്കിൽ പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തിനും ഭൂമിക്ക് തന്നെയും നന്മ വിതക്കുന്നതായ ഒരു ധർമ്മമാണെന്ന് പ്രവാചകർ നമ്മെ പഠിപ്പിക്കുന്നു. എന്ന് മാത്രമല്ല അങ്ങിനെ സമൂഹത്തിനും ഭൂമിക്കും നന്മ ചെയ്യുന്നവർക്ക് നാളെ ജഗന്നിയന്താവായ അല്ലാഹുവിൽ നിന്നുള്ള അർഹമായ പ്രതിഫലം വാഗ്ദത്തം ചെയ്യുകയും ചെയ്യുന്നു. കാർഷിക വൃത്തിയിലേർപ്പെടുന്ന കർഷകന്റെ മഹത്വമാണിതിലൂടെ വെളിവാക്കപ്പെടുന്നത്. വലിയ തോതിലുള്ള കൃഷി ചെയ്യുന്നവർക്ക് മാത്രമല്ല. കേവലം ഒരു വൃക്ഷമോ മറ്റോ വെച്ച് പിടിക്കുന്നവർക്കും ആ മരത്തിൽ നിന്ന് ഉണ്ടാകുന്ന ഫലങ്ങൾക്കനുസരിച്ച് അത് ഉപയോഗിക്കുന്ന മനുഷ്യർക്കും മറ്റ് ജീവ ജാലങ്ങൾക്കും ഉപയോഗപ്പെടുന്നതനുസരിച്ച് അതിനു കാരണക്കാരനായ ആ മനുഷ്യന് പ്രതിഫലം നൽകപ്പെടും അത് ജാതി-മത വിത്യാസമില്ലാതെ മനുഷ്യൻ എന്ന ഒരൊറ്റ പരിഗണന വെച്ചാണീ ഹദീസിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നത് എന്നത് പ്രത്യേകം നാം വിചിന്തനം ചെയ്യേണ്ടതുണ്ട്.
ലോകത്തിന്റെ സംതുലിതാവസ്ഥ നില നിർത്തുന്നതിൽ മാമലകൾക്കും കാടുകൾക്കും എന്ന പോലെ വയലേലകൾക്കും ഫലങ്ങൾ തിങ്ങി നിറഞ്ഞ് കണ്ണിനും കരളിനും കുളിരു പകർന്നിരുന്ന മറ്റ് വിളകൾക്കും ഉണ്ടെന്ന സത്യം നമുക്ക് അറിയാമെങ്കിലും നാടോടുമ്പോൾ നടുവേ അല്ല മുന്നേ തന്നെ ഓടണമെന്ന അധികാര വർഗത്തിന്റെയും അവർക്കൊത്ത പ്രജകളുടെയും ആർത്തിയും, ആഗോളവത്കരണത്തിന്റെയും കമ്പോളവവത്കരണത്തിന്റെയും വഴികളിലൂടെ നമ്മെ ഗ്രസിച്ചിരിക്കുന്ന ബോഗസംസ്കാരവും, നമ്മുടെ പെറ്റമ്മയെ മറന്നുള്ള കൈവിട്ട കളികളിലേർപ്പെട്ടതിന്റെ ഫലമായി നമ്മുടെയൊക്കെ മനസ്സു പോലെ തന്നെ മണ്ണും മരവിച്ച അവസ്ഥയിലായിരിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്ന് അണുകുടുംബങ്ങളിലേക്കുള്ള കൂടുമാറ്റത്തിലൂടെ ഭൂമി തുണ്ടു തുണ്ടായി വെട്ടിമുറിക്കപ്പെട്ടപ്പോൾ വേരറുത്ത് മാറ്റപ്പെട്ടത് നമ്മെ ഊട്ടിയിരുന്ന ഫലം കായ്ക്കുന്ന വരിക്ക പ്ലാവും മൂവാണ്ടൻ മാവും ,പയറും കൂർക്കയും ,കപ്പയും ,വാഴയും, ചേമ്പും വിളഞ്ഞിരുന്ന തറവാടിന്റെ പിന്നാമ്പുറങ്ങളും കൂടിയായിരുന്നു.
അമ്മിയിൽ വെച്ച് അമ്മ സ്നേഹം കൂട്ടി അരച്ച് തന്നിരുന്ന ചമ്മന്തി വരെ നമുക്ക് പ്ലാസ്റ്റിക് പാക്കറ്റുകളിൽ ലഭ്യമായതിലൂടെ, ആ പ്ലാസ്സ്റ്റിക് കൂമ്പാരങ്ങൾ നാം നമ്മുടെ പെറ്റമ്മയുടെ വയറിലേക്ക് കുത്തിനിറച്ച് അവൾക്ക് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിലാക്കി. ശ്വസം മുട്ടി മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയ്ക്ക് കവി *ചരമ ഗീതം രചിച്ചു. നമ്മളത് ഈണത്തിൽ പാടി. കവിയെ വാഴ്ത്തി. പക്ഷെ ഹൃദയത്തിൽ ഏറ്റ് വാങ്ങിയില്ലെന്ന് മാത്രം.
നമ്മുടെ നാട്ടിൽ നമ്മൾ ഉത്പാദിപ്പിച്ച് കൊണ്ടിരുന്നത് നിർത്തി, കർഷകരെ സഹായിക്കേണ്ടവർ അവരെ ചൂഷണം ചെയ്ത് തടിച്ച് കൊഴുത്തു, വയലേലകൾ മണ്ണിട്ട് നികത്തി , കോൺക്രീറ്റ് കാടുകൾ തിർത്തു. അവിടെ അയൽ നാടുകളിൽ നിന്ന് പ്ലാസ്റ്റിക് കവറുകളിൽ വിഷം നിറച്ചത് വലിയ തുക കൊടുത്ത് വരുത്തി ദുരഭിമാനം കൊണ്ടു. ദുരന്തം അടുത്ത തലമുറ അനുഭവിക്കാനുള്ളതാണെന്ന് കണക്ക് കൂട്ടിയവർക്ക് തെറ്റു പറ്റിയിരിക്കുന്നു. മനുഷ്യൻ അവന്റെ കരങ്ങളാൽ പ്രവൃത്തിച്ചതിന്റെ ഫലം തേടിയെത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴും കാരണങ്ങളിലേക്ക് ചിന്ത തിരിക്കാതെ പരസ്പരം പഴിചാരി രക്ഷപ്പെടാൻ വിഫലശ്രമം നടത്തുന്നു നാം.
പലവിധ കരാറുകൾ തീർത്ത കാണാചരടിൽ നമ്മുടെ ഉത്പന്നങ്ങൾക്ക് നമുക്ക് അവകാശമില്ലാത്ത അവസ്ഥ. എന്നിട്ടും നാം കരാറുകളുമായി മുന്നോട്ട് തന്നെ. ഇപ്പോൾ ആസിയാൻ കരാർ വഴി സാധാരണക്കാരന്റെ മത്തിയും അയിലയും വരെ പ്ലാസ്റ്റിക് പാക്കുകളിൽ നാളെ വാങ്ങേണ്ടി വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ കരാർ വഴി ഉത്പന്നങ്ങൾക്കുള്ള ഇറക്ക് മതി തീരുവ ഇല്ലാതാവുന്നതോടെ മുഖ്യമായും നമ്മുടെ കേരളത്തിന്റെ ഒടിഞ്ഞ കാർഷികവൃത്തിയുടെ നട്ടെല്ല് പൊട്ടാൻ പോവുകയാണ്. റബ്ബർ,കുരുമുളക്, തേയില തുടങ്ങി അനവധി കാർഷികോത്പന്നങ്ങളും അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ ജീവിതം വഴിയാധാരമാവുകയും ചെയ്യും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ഈ കരാർ കാര്യമായി ബാധിക്കുകയില്ലെന്നതിനാൽ എതിർപ്പുകൾക്ക് ശക്തി ഉണ്ടാവാൻ വഴിയില്ല. വരാനിരിക്കുന്ന നാളുകൾ വീണ്ടും ആത്മഹത്യകളുടേതാവാതിരിക്കട്ടെ. അതിനു രാഷ്ടീയം മറന്ന് നമ്മുടെ രാജ്യത്തിന്റെ പൊതു നന്മയ്ക്കായി ഇച്ഛാ ശക്തിയോടെ പ്രതികരിക്കുന്ന സമൂഹമാണാവശ്യം.
ദൈവത്തിന്റെ സ്വന്തം നാട് അഭിമാനത്തോടെ കുറച്ച് അഹങ്കാരത്തോടെയും നമ്മൾ എവിടെയു പറഞ്ഞുവരുന്ന കേരളത്തിന്റെ ഭൂപ്രകൃതി തികച്ചും കൃഷിയും അനുബന്ധ ഉത്പന്നങ്ങളും വിളയിച്ചെടുക്കാൻ ഏറെ അനുകൂലമായ പ്രദേശമായാണ് കണക്കാക്കുന്നത്. ഏറ്റവും ചുരുങ്ങിയത് നമ്മുടെ വീട്ടിലേക്കാവശ്യമായ പച്ചക്കറികളെങ്കിലും ഗ്രാമങ്ങളിൽ മിക്ക വീട്ടു വളപ്പിലും മുമ്പുണ്ടായിരുന്നു. ഞാൻ ഓർക്കുകയാണ് എന്റ് വീട്ടു വളപ്പിൽ വിളഞ്ഞ് നിന്നിരുന്ന കപ്പയും ,കൂർക്കയും, മധുരക്കിഴങ്ങും, ചേമ്പും , ചേനയും, പയറും, രാഗിയും , വെണ്ടയും, തക്കാളിയും എന്തിനേറേ തണ്ണിമത്തൻ വരെ .. എന്റെ ഉമ്മയായിരുന്നു അതിനോക്കെ മേൽ നോട്ടം വഹിച്ചിരുന്നത്. ,പാടത്ത് നിന്ന് കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കഴിഞ്ഞ് ആദ്യത്തെ നെല്ല് കുത്തി വെച്ച നല്ല തവളക്കണ്ണൻ /കട്ടമോടൻ അരികൊണ്ടുള്ള ചോറിനൊപ്പം, അന്ന് തൊടിയിൽ നിന്ന് പൊട്ടിച്ചെടുത്ത പയർ പൊട്ടിച്ച് ഉപ്പേരിയും കൂട്ടി കഴിക്കുമ്പോഴുണ്ടായിരുന്ന സ്വാദ് ഇനി തിരിച്ച് കിട്ടാനാവാത്ത വിധം തൊടികളും വയലുകളും മാറി..അല്ല നമ്മൾ മാറ്റി.
ഇന്ന് എല്ലാവർക്കും തിരക്കായി. വീടിന്റെ പിന്നമ്പുറത്ത് ഒരു വേപ്പില തൈയ്യോ പച്ചമുളക് തൈയ്യോ കുഴിച്ചിടാൻ പോലും നമുക്ക് താത്പര്യമില്ല അല്ലെങ്കിൽ സമയമില്ല. ലോകം വിരൽ തുമ്പിലായപ്പോൾ വിരലുകൾ ചെയ്യുന്ന പണി സ്പൂൺ ചെയ്ത് കൊണ്ടിരിക്കുന്നു. കൈകളും കാലുകളും മണ്ണിൽ തൊടാൻ നമ്മുടെ കുട്ടികളെയും നാം സമ്മതിക്കുന്നില്ല. നമുക്കറിയാം മണ്ണ് മുഴുവൻ വിഷമാണെന്ന് .നമ്മൾ തന്നെ നിറച്ച വിഷം !
വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക് ആ നട്ടതിൽ നിന്നുണ്ടാകുന്ന അനുഭവത്തിന്റെ തോതനുസരിച്ച് അല്ലാഹു പ്രതിഫലം നൽകുമെന്ന തിരുനബി(സ) യുടെ പ്രഖ്യാപനം കൊണ്ട് നമുക്കാർക്കെങ്കിലും പ്രയോജനമുണ്ടവാൻ നാം എന്ത് നട്ട് പിടിപ്പിച്ചിട്ടുണ്ട് .വെട്ടിമാറ്റുകയല്ലാതെ ! അതിനൊരു മാറ്റം വരേണ്ടതുണ്ട്. മത സാംസ്കാരിക രാഷ്ടീയ സംഘടനകൾ വിഴുപ്പലക്കലിനു ചിലവാക്കുന്നതിന്റെ നൂറിലൊരംശം സമയവും ഊർജ്ജവും നമ്മുടെ നാടിന്റെ പച്ചപ്പ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കായി നീക്കിവെച്ചിരുന്നെങ്കിൽ. ചില നുറുങ്ങു വെട്ടങ്ങൾ ചില കോണുകളിൽ പ്രകാശിക്കുന്നത് കാണാതിരിക്കുന്നില്ല. പക്ഷെ ഏറെ പുറകിലേക്ക് പോയിരിക്കുന്നു നാം . ഓടി മുന്നിലേക്കെത്താനുള്ള ശ്രമം നടത്തുന്നതിനു പകരം കാരാഗൃഹങ്ങൾ തീർക്കാൻ മാത്രം ഉതകുന്ന കരാറുകളുമായി പിറകിലേക്ക് വീണ്ടും നടക്കാനുള്ള തയ്യാറെടുപ്പിൽ ഭരണകൂടങ്ങൾ .. എങ്കിലും നമ്മളാൽ കഴിയുന്ന ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. അല്ലെങ്കിൽ വരും തല മുറ നമ്മെ ശപിക്കുക തന്നെ ചെയ്യും. തീർച്ച
* ഭൂമിയ്ക്ക് ഒരു ചരമഗീതം