മൊഴിമുത്തുകൾ-48

മൊഴിമുത്ത് :

നുഅ്മാൻ ഇബ്നു ബാഷിർ () നിന്ന് നിവേദനം ; ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്നു. “മുഹമ്മദ് നബി () അരുളി,  “മനുഷ്യ ശരീരത്തിൽ ഒരു മാംസക്കഷണമുണ്ട്, അത് നന്നായാൽ മുഴുവൻ ശരീരവും നന്നായി, അത് ചീത്തയായലോ ,മുഴുവൻ ശരീരവും ചീത്തയായി, അറിയുക  അത് ഹൃദയമാകുന്നു.  ( ബുഖാരി 297 /മുസ്‌ലിം1599 )





عن النعمان بن بشير رضي الله عنه أن رسول الله صلى الله عليه وسلم قال
(اَلاَ وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلُحَتْ صَلُحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلاَ وَهِيَ الْقَلْبُ)

رواه البخاري"1/28رقم297-البغا" ومسلم"3/1219رقم1599


വിവരണം :

മനുഷ്യ ശരീരത്തിലെ ഒരു മാംസക്കഷണമാകുന്ന ഹൃദയം  നല്ലതായാൽ മനുഷ്യൻ  നല്ലവനായി , ഹൃദയം ചീത്തയായാൽ മനുഷ്യൻ മൊത്തത്തിൽ ചീത്തയുമായി.


കുറിപ്പ് :

ചിന്താശേഷി നഷ്ടപ്പെടാത്തവർക്ക് , ഒരു വിവരണം ആവശ്യമില്ലാത്ത വിധം സുതാര്യമാണ് മൊഴിമുത്തും അതിന്റെ അർഥ തലങ്ങളുംഒരു മനുഷ്യൻ അവൻ നല്ലവനാണോ കെട്ടവനാണോ എന്ന് അയാളുടെ ബാഹ്യമായ സൌന്ദര്യം കൊണ്ട് വിലയിരുത്താൻ കഴിയില്ല. ഹൃദയം നന്നായാൽ അത് അവന്റെ സഹജീവികളോടുള്ള പെരുമാറ്റത്തിലും കുടുംബ ജീവിതത്തിലും പ്രതിഫലിക്കാതിരിക്കയില്ല. ചില മനുഷ്യർ നല്ല രൂപസൌന്ദര്യത്തിനുടമകളായിരിക്കും എന്നാൽ അകത്തളം വളരെ മോശവും , എന്നാൽ മറ്റ് ചിലർക്ക് രൂപഭംഗിയുണ്ടായിരിക്കില്ലെങ്കിലും അന്തരംഗം ഏറ്റവും സുന്ദരമായിരിക്കും.  ബാഹ്യ പ്രകടനങ്ങൾ കൊണ്ട് ഒരു മനുഷ്യന്റെ ഹൃദയത്തിന്റെ വിശുദ്ധി നമുക്ക അളക്കാൻ കഴിയില്ല. ചിലപ്പോൾ ഏറ്റവും സുന്ദരമായി പെരുമാറുന്നവരായിരിക്കും മനസുകൊണ്ട് വഞ്ചനയും ചതിയും ആയി നടക്കുന്നവർ വർത്തമാന കാല സംഭവങ്ങലളിൽ എത്രയോ ഉദാഹരണങ്ങൾ അത്തരത്തിലുള്ളത് നമുക്ക് കാണാൻ സാധിക്കും. ചിലർ പക്ഷെ പെരുമാറ്റത്തിൽ പരുഷമായി നമുക്ക് അനുഭവപ്പെടാമെങ്കിലും തികച്ചും ശുദ്ധ ഹൃദയക്കാരായിരിക്കും അവർ.


മഹനായ ദാർശനികനായിരുന്ന ലുഖ്മാനുൽ ഹഖീം () ( സുഡാനിനും ഈജിപ്റ്റിനുമിടയിൽ നുബാ എന്ന സ്ഥലത്ത് അയ്യൂബ് നബി()യുടെ കാലത്ത്  ജീവിച്ചും. അയ്യൂബ് നബി()യുടെ സഹോദരീ പുത്രനാണ്) എന്ന മഹാനോട്  ഒരിക്കൽ ഉത്തരവാദപ്പെട്ടയാൾ ഒരു ആടിനെ അറുത്ത് അതിന്റെ ഏറ്റവും നല്ല രണ്ട് ഭാഗം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ലുഖ്മാനുൽ ഹഖീം() ആടിന്റെ ഹൃദയവും നാവും എത്തിച്ച് കൊടുത്തു. പിന്നീടൊരിക്കൽ ആടിന്റെ ഏറ്റവും ദുഷിച്ച രണ്ട് ഭാഗം എത്തിക്കാൻ ആവശ്യപ്പെട്ടപ്പോഴും ഹൃദയവും നാക്കും കൊണ്ടുവരപ്പെട്ടു. വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ലുഖ്മാനുൽ ഹഖീം(റ) പറഞ്ഞത് . ‘നന്നായാൽ ഏറ്റവും നല്ലതും ചീത്തയായാൽ ഏറ്റവും ചീത്തയായതുമായ രണ്ടെണ്ണം ഹൃദയവും നാവും തന്നെ‘ എന്നാണ് .  

ഏതൊരു മനുഷ്യന്റെയും ആന്തരികം നന്നായാലേ അവൻ ചെയ്യുന്ന കർമ്മങ്ങൾ ജഗന്നിയന്താവായ നാഥന്റെ മുന്നിൽ എണ്ണപ്പെടുകയുള്ളൂ. ലോകമാന്യത്തിനും മറ്റ് ദുരുദ്ദേശ്യത്തോടെയും ചെയ്യുന്ന യാതൊരു പ്രവർത്തനങ്ങളും പ്രതിഫലാർഹമായി ഗണിക്കപ്പെടുകയില്ല. നല്ല സംസർഗങ്ങൾ മനുഷ്യനെ ആത്മീയമായി സംസ്കരിച്ച് സ്ഫുടം ചെയ്യാൻ ഹേതുവാകുന്നു. സൃഷ്ടിച്ച നാഥന്റെ മുന്നിൽ തെറ്റുകൾ ഏറ്റ് പറഞ്ഞ് പശ്ചാത്തപിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് പരിശുദ്ധ റമളാൻ, അവസരം ഉപയോഗപ്പെടുത്താ കഴിയാത്തവരെപ്പോലെ നഷ്ടത്തിലായവർ വേറെയില്ല. എല്ലാ ആരാധനകളും ഏക ഇലാഹായ അല്ലാഹുവിന്നായിരിക്കെ ‘ നോമ്പ് എനിക്കുള്ളതാണ് .ഞാനാണതിനു പ്രതിഫലം നൽകുന്നവൻ’ എന്ന് അല്ലാഹു പ്രഖ്യാപിക്കുന്നതിന്റെ വ്യഖ്യാനം ഈ ഹദീസ് മനസിലാക്കുമ്പോൾ നമുക്ക് വ്യക്തമാകുന്നു. അഥവാ  നിസ്കാരം , സകാത്ത് –ധാന ധർമ്മങ്ങൾ, ഹജ്ജ്  തുടങ്ങിയ എല്ലാ ആരാധനാ കർമ്മങ്ങളും മനുഷ്യൻ ചെയ്യുന്നത് മറ്റ് മനുഷ്യർക്ക് കാണാനാവുന്നു .അതിനാൽ തന്നെ അതിലെല്ലാം ലോകമാന്യത്തിനു സാധ്യതകൂടുന്നു. എന്നാൽ ഒരു മനുഷ്യൻ നോമ്പ്കാരനാണോ അല്ലയോ എന്ന് ബാഹ്യമായി മനസിലാക്കാൻ കഴിയില്ല . സൃഷ്ടിയും സൃഷടാവും തമ്മിലുള്ള രഹസ്യമായ ഉടമ്പടികളാണ് നോമ്പിൽ അന്തർലീനമായി കിടക്കുന്നത്. അന്ന പാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് മാത്രം നോമ്പ് എണ്ണപ്പെടുകയില്ല ‘എത്രയോ നോമ്പുകാരുണ്ട് , ദാഹവും വിഷപ്പുമല്ലാതെ മറ്റൊന്നും അവർ സമ്പാദിച്ചിട്ടില്ല’ എന്ന നബി(സ) വചനം ഇവിടെ സ്മരണീയമാണ്. എല്ലാ തെറ്റുകളിൽ നിന്നും ഹൃദയപൂർവ്വമുള്ള നിരാസത്തിന്റെ ,വിസമ്മതത്തിന്റെ സമരമാണ് നോമ്പ് അതിനാൽ തന്നെ നോമ്പ് കാലം ഹൃദയ ശുദ്ധീകരണത്തിനു ഏറ്റവും അനുയോജ്യമായ കാലമാണ്. അമിതമായ ആഹാരം കൊണ്ട് അടിഞ്ഞ് കൂടപ്പെടുന്ന ദുർമ്മേദസ്സിനെ ശരീരത്തിൽ നിന്ന് ഉരുക്കി കളയാൻ പട്ടിണികൊണ്ട് സാധിക്കുന്നതിനൊപ്പം ഹൃദയാന്തരാളങ്ങളിൽ അടിഞ്ഞ് കൂടപ്പെട്ട എല്ലാ മാലിന്യങ്ങളെയും നിശ്കാസനം ചെയ്ത് ഹൃദയ വിശുദ്ധി നേടാൻ റമളാൻ കൊണ്ട് നമുക്ക് കഴിയട്ടെ ..പുറം മോടിപിടിപ്പിക്കുന്നതിനേക്കാൾ അകം മിനുക്കലാവട്ടെ പ്രധാന അജണ്ട. അതിനു അനാവശ്യങ്ങളിൽ നിന്നുള്ള വിട്ടു നിൽക്കലിനോടൊപ്പം, സജ്ജനങ്ങളുമായുള്ള സഹവാസവും ആത്മീയ സദസ്സുകളിലെ സാന്നിദ്ധ്യവും, അതിനൊപ്പം വിശുദ്ധ ഖുർ‌ആൻ പാരായണവും സഹായകമാവും . ജഗന്നിയന്താവ് നമ്മുടെ പാപങ്ങൾ പൊറുത്തു തരട്ടെ.


=================================

ഹൃദയത്തിന്റെ സൌന്ദര്യത്തെപറ്റിയോ വിശാലതേയെകുറിച്ചോ എന്തെങ്കിലും പറയാൻ ഈ കുറിപ്പ് കാരൻ ഒരിക്കലും അനുയോജ്യനും അർഹതയുള്ളവനുമല്ല എന്ന പൂർണ്ണബോധ്യത്തോടെ തന്നെയാണു ഈ മൊഴിമുത്ത് ആദ്യമായി എനിക്കും പിന്നെ നിങ്ങൾക്കെല്ലാവർക്കുമാ‍യി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും എപ്പോഴു ഹൃദയത്തിൽ സൂക്ഷിക്കാനും ജീവിതത്തിൽ മാറ്റമുണ്ടാക്കാനും സാധിക്കട്ടെ എന്ന പ്രാർഥനയോടെ..