മൊഴിമുത്തുകള്‍-18

ആരാണെന്ന് ചോദിച്ചാല്‍ പേരു പറയണം
മൊഴി മുത്ത്‌:

  • "ഞാനൊരു രാത്രി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ റസൂല്‍ (സ) തങ്ങള്‍ ഒറ്റക്ക്‌ നടന്നുപോകുന്നത്‌ കണ്ടു. ഞാന്‍ നിലാവിന്റെ നിഴലില്‍ നബിയെ പിന്തുടര്‍ന്നു. അപ്പോള്‍ അവിടുന്ന് തിരിഞ്ഞ്‌ ആരാണെന്ന് ചോദിച്ചു. അബുദര്‍റാണെന്ന് ഞാന്‍ പ്രതിവചിച്ചു.
    (അബൂ ദര്‍റ് (റ) നിവേദനം ചെയ്തത്‌. ബുഖാരി 11/222,223 & മുസ്‌ ലിം 2/688, 33 റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

  • ''ഞാനൊരിക്കല്‍ നബി (സ) യുടെ വീടിന്റെ വാതിലില്‍ മുട്ടി. നബി (സ) അതാരാണെന്ന് ചോദിച്ചു. ഞാനാണിതെന്ന് മറുപടി പറഞ്ഞപ്പോള്‍ അവിടുന്നു (ചോദ്യരൂപത്തില്‍ ) പറഞ്ഞു. ഞാന്‍..? ഞാന്‍ ..? എന്റെ പ്രതികരണം നബി (സ)ക്ക്‌ ഇഷ്ടമായില്ലെന്ന് മനസ്സിലായി. ( ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം. ബുഖാരി 11/30 മുസ്ലിം 2155 ഹദീസായി റിപ്പോര്‍ട്ട്‌ )

വിവരണം :

ആരാണെന്ന് ചോദിക്കപ്പെട്ടാല്‍ ഞാന്‍ എന്ന് മറുപടി പറയുന്നതല്ല, തന്നെ മനസ്സിലാവുന്ന രീതിയില്‍ പേരു പറയുകയാണു വേണ്ടതെന്നണു മേല്‍ സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാവുന്നത്‌.

കുറിപ്പ്‌ :

ആരാണെന്ന് ചോദിക്കപ്പെട്ടാല്‍, നമ്മില്‍ പലരും സ്വാഭാവികമായി പറയുന്ന ഒരു ഉത്തരമാണു " ഞാനാ'', ''ഇത്‌ ഞാനാണു '' എന്ന ഒഴുക്കന്‍ ഉത്തരം. അത്‌ ശരിയല്ല കാരണം അവിടെ ചോദ്യകര്‍ത്താവിനു വ്യക്തമായ ഉത്തരം കിട്ടുന്നില്ല. (എല്ലാവരെയും എല്ലായിപ്പോഴും ശംബ്ദം കൊണ്ട്‌ തിരിച്ചറിയാന്‍ പറ്റുകയില്ലല്ലോ. പലപ്പോഴും രോഗം കൊണ്ടും ക്ഷീണം കൊണ്ടുമെല്ലാം ശബ്ദത്തില്‍ വിത്യാസം വരുകയും ചെയ്യൂമ്പോള്‍ ''ഞാന്‍'' എന്ന മറുപടി അവ്യക്തത സ്ര്യഷ്ടിക്കുന്നു. അസമയത്തും മറ്റും വീട്ടിലേക്ക്‌ (യാത്ര കഴിഞ്ഞോ മറ്റോ ) വന്നാല്‍ , വീടിനകത്തു നിന്നുള്ള ചോദ്യത്തിനു നാം ''ഞാന്‍'' എന്ന ഉത്തരം ആണു ഉപയോഗിക്കുക. അതിനു പകരം പേരു പറഞ്ഞ്‌ തന്നെ ചോദ്യകര്‍ത്താവിനു വ്യക്തമായ ഉത്തരം നല്‍കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണിവിടെ.

ഇരുട്ടുള്ള ഒരു വഴിയിലൂടെ നടന്നു പോകുന്ന ഒരാള്‍ തന്റെ എതിരില്‍, വഴിയില്‍ അവ്യക്തമായ ഒരു രൂപത്തെ കാണുകയും ആരാണെന്ന് ( അല്‍പം ഭയത്തോടെ ) ചോദിക്കുകയും . ഇത്‌ ഞാനാണെന്ന് ആ രൂപം പറയുകയും (ചോദ്യ കര്‍ത്താവിനു ആളെ മനസ്സിലാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ) ചെയ്താല്‍ നേരത്തെ ഉണ്ടായിരുന്ന ഭയം വര്‍ദ്ധിക്കുക സ്വഭാവികം. അത്‌ ഒഴിവാക്കാന്‍ പേരു പറയുന്നതാണു അഭികാമ്യം.

നല്ല മാത്യകകള്‍ പിന്തുടരാന്‍ ഏവര്‍ക്കും കഴിയട്ടെ..
അവലംബം : രിയാളുസ്വാലിഹീന്‍ പരിഭാഷ

മൊഴിമുത്തുകള്‍-17

സത്യം പറയുക
മൊഴിമുത്ത്‌ :

"കയ്പായിരുന്നാല്‍ പോലും നിങ്ങള്‍ സത്യം പറയുക " ബൈഹഖി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌

വിവരണം:

സത്യം പറയുന്നത്‌ കൊണ്ട്‌ വരാവുന്ന ദോഷം ഭയന്ന് അത്‌/സത്യം പറയുന്നതില്‍ നിന്നവനെ തടയുന്നു. അതിനാല്‍ സത്യം പറയുന്നതിനെ കയ്പ്‌ പോലെ വെറുക്കുകയും ചെയ്യുന്നു /ഭയക്കുന്നു. ഇങ്ങിനെയുള്ള സാഹചര്യത്തില്‍ പോലും സത്യം തന്നെ പറയണം അതാണ് . യഥാര്‍ത്ഥ വിശ്വാസിയുടെ ലക്ഷണം.
കുറിപ്പ്‌:

ഇന്ന് കളവ്‌ പറയുക എന്നത്‌ ഒരു സാധാരണ കാര്യമായി മാറിയിരിക്കയാണ്. സത്യം ചെയ്ത്‌ പറയുന്നത്‌ വലിയ കളവായിരിക്കും . എത്ര ഉന്നതനായ വ്യക്തിയായി സമൂഹം ആദരിക്കുന്നവരായലും സത്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ ചുരുങ്ങിക്കൊണ്ടിരിക്കയാണ്. ഒരു കളവ്‌ പറഞ്ഞാല്‍ പിന്നെ ആ കളവ്‌ ഫലിപ്പിക്കാന്‍ വീണ്ടും വീണ്ടും കളവ്‌ പറയേണ്ടി വരികയും അവസാനം എല്ലാ കളവുകളും പൊളിയുകയും ചെയ്യും. നുണ പരിശോധനാ സംവിധാനങ്ങളാല്‍ ഉരുത്തിരിയുന്ന സത്യങ്ങളില്‍ എത്രമാത്രം സത്യമുണ്ടെന്നതും ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കയാണ്. എല്ലാം നുണകളില്‍ കരുപ്പിടിപ്പിക്കുന്ന ജീവിതകാഴ്ചകളാണെവിടെയും.

സ്വന്തം മനസ്സാക്ഷി പറയുന്നത്‌ പോലും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. ഏത്‌ പ്രതിസന്ധിയിലും സത്യം പറയണമെന്ന മഹത്‌ വചനം നെഞ്ചിലേറ്റിയവര്‍ സത്യം പറയുന്നത്‌ കൊണ്ട്‌ വരാവുന്ന ഭവിഷ്യത്തുകള്‍ കണക്കാക്കതെ തന്നെ തങ്ങളുടെ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുമ്പോള്‍ പക്ഷെ കപട സത്യങ്ങളുടെ മുഖം മൂടിയണിഞ്ഞ സമൂഹം അവരെ പരിഹസിക്കാനും കല്ലെറിയാനും തയ്യാറാകുന്നു. എങ്കിലും ലോകമാന്യത്തിനു വേണ്ടി സത്യത്തിനു നിരക്കാത്തത്‌ വിളിച്ചു പറയാതെ നിലകൊള്ളാന്‍ കഴിയുന്നവര്‍ എല്ലാ കൊടുങ്കാറ്റുകളും അതിജീവിക്കുക തന്നെ ചെയ്യും കാരണം സത്യത്തെ ഒരിക്കലും അധിക കാലത്തേക്ക്‌ മറച്ചു വെക്കാന്‍ കഴിയില്ല.

ചെറുപ്പത്തില്‍ തന്നെ കുട്ടികളെ സത്യം പറഞ്ഞ പഠിപ്പിക്കാന്‍ മാതാ പിതാക്കള്‍ ശ്രമിയ്ക്കണം. അതിനു നാം തന്നെ അവര്‍ക്ക്‌ മാത്ര്യകയായിരിക്കുകയും വേണം. നമുക്കതിനു കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

.................................................................................
>>നാം കുട്ടികളോട്‌ ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഇത്‌ പോലെ ചില സംശയങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും‍ <<

മൊഴിമുത്തുകള്‍-16

കോപത്തെ അടക്കല്‍

മൊഴിമുത്തുകള്‍:

  • കോപം വന്നാല്‍ (എന്തും ചെയ്യാന്‍ കഴിവും ശക്തിയുമുള്ളവനായതോടു കൂടി)ആരു ക്ഷമിച്ചുവോ / കോപത്തെ അടക്കിയോ അവന്റെ ഹ്ര്യദയത്തെ സത്യ വിശ്വാസത്താലും നിര്‍ഭയത്താലും അല്ലാഹു നിറയ്ക്കുന്നതാണ്. ( അബൂ ഹുറൈറ(റ) യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ്‌ )

  • കോപം പൈശാചികമാണ്. പിശാചിനെ തീ കൊണ്ട്‌ സ്ര്യഷ്ടിക്കപ്പെട്ടതാണ്. വെള്ളം തീ കെടുത്തുന്നതുമാണ്. അതിനാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കോപം വന്നാല്‍ അവന്‍ ശരീരം കഴുകട്ടെ. (മറ്റൊരു നിവേദനത്തില്‍ ) *വുളു /അംഗസ്നാനം ചെയ്യട്ടെ എന്നും വന്നിട്ടുണ്ട്‌. ( മആവിയ(റ)വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്‌ . അബൂ നുഐം (റ) റിപ്പോര്‍ട്ട്‌ ചെയതത്‌ .

വിവരണം:

എന്തും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ കോപം വരികയും അത്‌ സ്വയം അടക്കി ക്ഷമിക്കുകയും ചെയ്താല്‍ അത്‌ വഴി അവന്റെ /അവളുടെ ഈമാന്‍ (വിശ്വാസം ) വര്‍ദ്ധിക്കുകയും മറ്റൊന്നിനെയും ഭയപ്പെടാത്ത വിധം അവര്‍ക്ക്‌ നിര്‍ഭയത്വം ലഭിക്കുകയും ചെയ്യും. കോപം വന്നാല്‍ അവിവേകമായി ഒന്നും ചെയ്യാതെ കോപത്തെ അടക്കിവെക്കുക എന്നത്‌ ഒരു യഥാര്‍ത്ഥ സത്യവിശ്വാസിയുടെ ലക്ഷണമായി ഖുര്‍ആനിലും നബി വചനങ്ങളിലും സ്ഥിരപ്പെട്ടതാണ്. അങ്ങിനെ കോപം അടക്കുന്നവര്‍ കോപം വന്നാലുടനെ വെള്ളം ഉപയോഗിച്ച്‌ ശരീരം കഴുകുകയോ *വുളു (അംഗസ്നാനം ) ചെയ്യുകയോ ചെയ്യുന്നത്‌ ഫലപ്രദമായി ‌ഭവിക്കുന്നതാണ്.

കുറിപ്പ്‌:

കോപം വരിക എന്നത്‌ മനുഷ്യ സഹജമാണ്. എന്നാല്‍ കോപത്തെ അടക്കി ആ അവസ്ഥയെ തരണം ചെയ്യുക എന്നത്‌ ജീവിത വിജയത്തിനു കാരണമായി ഭവിക്കുമെന്ന് തിരുനബി(സ)യുടെ ഈ മൊഴികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വ്യക്തികള്‍ തമ്മിലും, കുടുംബങ്ങള്‍ തമ്മിലും, സമുദായങ്ങള്‍ തമ്മിലും, രാജ്യങ്ങള്‍ തമ്മിലുമെല്ലാം നടന്നിട്ടുള്ള, ഇപ്പോള്‍ നടക്കുന്ന പല അനിഷ്ട സംഭവങ്ങളുടെയും, അക്രമണങ്ങളുടെയുമൊക്കെ അടിസ്ഥാന കാരണമന്വേഷിച്ചാല്‍ നാമെത്തിച്ചേരുക കോപം അടക്കാതിരുന്നതിന്റെ അനന്തരഫലാമായി ഉരുത്തിരിഞ്ഞ ഒരു കാര്യത്തിലായിരിക്കും.

കോപമുള്ള അവസ്ഥയില്‍ മനുഷ്യന്‍ എന്തൊക്കെയാണു ചെയ്യുക എന്നത്‌ ഊഹിക്കാന്‍ പോലും കഴിയില്ല. വായില്‍ നിന്ന് പുറത്ത്‌ വരുന്ന വാക്കുകള്‍ അല്ലെങ്കില്‍ കോപത്തോടെ കുറിക്കുന്ന വാക്കുകള്‍ എല്ലാം കടുത്തതും അപരന്റെ മനസ്സിനെ തകര്‍ക്കുന്ന തരത്തിലുമായിരിക്കും. നല്ലതിനു വേണ്ടി, നീതിക്ക്‌ വേണ്ടി, അനീതിക്കെതിരെ കോപിക്കുക എന്നത്‌ വേറെ വിഷയമാണ്. എന്നാല്‍ നാം പലപ്പോഴും കോപിക്കുക നിസ്സാര കാര്യങ്ങള്‍ക്കായിരിക്കും. അത്‌ നമ്മുടെ വ്യക്തിത്വത്തിനു തന്നെ പ്രതികൂലമായി ഭവിക്കുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യും.

സ്വാഭാവികമായും വിവേകം വികാരത്തിനു വഴിപ്പെടുന്ന അവസ്ഥയില്‍ നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ്‌ അധികരിക്കുന്നു / ബ്ലഡ്‌ പ്രഷര്‍ കൂടുന്നു/ ഹ്ര്യദയമിടിപ്പിനു വേഗം കൂടുന്നു. കോപം അടക്കി നിര്‍ത്തുമ്പോള്‍ വരുന്ന പ്രക്ഷുബ്ദാവസ്ഥയില്‍ നിന്ന് ശാരീരികമായും മാനസികമായുമുള്ള മോചനത്തിനു മനസ്സും ശരീരവും കുളിര്‍മ്മയാക്കേണ്ടതുണ്ട്‌. അതിനു നല്ല ഒരു ഉപാധിയാണു സ്നാനം എന്നത്‌ . ചുരുങ്ങിയത്‌ അംഗ സ്നാനമെങ്കിലും ചെയ്യുക. ശരീരം ക്ഷീണിച്ച അവസ്ഥയില്‍ നിന്ന് മുക്തി നേടാനും ഉന്മേഷത്തിനും *വുളു എടുക്കുന്നതിനായി കഴുകേണ്ട അവയവങ്ങള്‍ (കൈകള്‍ മുട്ടുള്‍പ്പെടെ, കാലുകള്‍, മുഖം, ചെവി ) വെള്ളം കൊണ്ട്‌ കഴുകുന്നത്‌ നല്ലതാണ്.

പല കുടുംബ ബന്ധങ്ങളും ശിഥിലമാവുന്നതിന്റെ കാരണം നിസ്സാര കാര്യത്തിനുള്ള അമിത കോപവും അതിലൂടെ വരുന്ന പ്രശ്നങ്ങളുമാണ്. പരസ്പരം ക്ഷമിക്കാനും സഹിക്കാനും ദമ്പദികള്‍ തയ്യാറായാല്‍ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാവും. വിട്ടു വീഴ്ച ചെയ്യാനുള്ള മനസ്സ്‌ നമുക്കുണ്ടാവണം. വിട്ടു കൊടുക്കരുത്‌... എപ്പോഴും എനിക്ക്‌ ജയിക്കണം എന്ന ഭാവവുമായി കഴിഞ്ഞാല്‍ അത്‌ അത്യന്തികമായ തോല്‍ വിയിലേക്കായിരിക്കും നമ്മെ എത്തിക്കുക.

കോപം ഒതുക്കി, വിട്ടു വീഴ്ചയോടെ ജീവിതം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ജീവിക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ എന്ന പ്രര്‍ത്ഥനയോടെ..

==================

*വുളു = അംഗസ്നാനം അഥവാ നിസ്കരിക്കുന്നതിനായി കൈകള്‍, മുഖം ,കാലുകള്‍ ,ചെവികള്‍ തുടങ്ങിയ കഴുകുന്നത്‌