മൊഴിമുത്തുകള്‍ -6

ശാശ്വത സമ്പാദ്യം
മൊഴിമുത്ത്‌:
  • ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ കര്‍മ്മവും നശിച്ചു മൂന്ന് കാര്യങ്ങളൊഴികെ 1) നടന്നുകൊണ്ടിരിക്കുന്ന ധര്‍മ്മം. 2) ഉപകാരപ്രദമായ അറിവ്‌ 3) തനിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്ന നല്ല സന്താനം ( മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം:
ഓരോ മനുഷ്യനും തന്റെ ജീവിത കാലത്ത്‌ തനിയ്ക്കായി സമ്പാദിയ്ക്കണം. മരണപ്പെട്ടാല്‍ പിന്നെ അത്‌ സാദ്ധ്യമല്ല. മരണത്തിനു ശേഷവും സമ്പാദിയ്ക്കാന്‍ കഴിയുന്ന മൂന്ന് വിഷയങ്ങള്‍ ഒഴികെ
1) നടന്നു കൊണ്ടിരിക്കുന്നതായ സദഖ( ധര്‍മ്മം ); അഥവാ എല്ലാ കാലത്തും പൊതുജനോപകാരപ്രദമായ ധര്‍മ്മം. ഇതില്‍ പൊതു സ്ഥാപനങ്ങള്‍ക്കായി ദാനം ചെയ്യുന്ന സ്വത്ത്‌ (വഖ്‌ഫ്‌ സ്വത്ത്‌ ), കിണര്‍, കുളം, പാലം, റോഡ്‌, വിശ്രമ സ്ഥലങ്ങള്‍ (സത്രം), ആത്മീയ പഠന കേന്ദ്രങ്ങള്‍, തുടങ്ങീ പൊതുജനങ്ങള്‍ക്ക്‌ എപ്പോഴും ഉപകരിച്ചു കൊണ്ടിരിക്കുന്ന നിര്‍മ്മാണങ്ങളിലൂടെയും മരണശേഷം ഇതിന്റെ നന്മ ആ വ്യക്തിക്ക്‌ ലഭിക്കുകയും ചെയ്യും.
2) ഉപകാരപ്രദമായ അറിവ്‌; അറിവ്‌ നേടുകയും അത്‌ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്ന് കൊടുക്കുകയും അറിവനുസരിച്ച്‌ ഉപദേശിക്കുകയും, ഗ്രന്ഥങ്ങള്‍ രചിച്ച്‌ പ്രസിദ്ധീകരിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അതിന്റെ ഫലം എക്കാലത്തും ജനങ്ങള്‍ക്ക്‌ ഉപകാരമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിലൂടെയും മരണ ശേഷം ഇതിന്റെ നന്മ ആ വ്യക്തിക്ക്‌ ലഭിക്കുകയും ചെയ്യും.
3) നല്ല സന്താനം; തന്റെ മക്കളെ സംബന്ധിച്ച തന്നി അര്‍പ്പിതമായ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ്ണമായി നിരവേറ്റുകയും അവരെ സന്മാര്‍ഗ്ഗ പരിശീലനം കൊടുത്ത്‌ നല്ലവരാക്കി വളര്‍ത്തുകയും ചെയ്താല്‍ ആ മക്കള്‍ ചെയ്യുന്ന നന്മകളുടെ ഫലവും അവരുടെ പ്രാര്‍ത്ഥനയും മരണ ശേഷവും നശിക്കാത്ത സമ്പത്തില്‍ പെടുന്നു.
കുറിപ്പ്‌:
നശ്വരമായ ഈ ജീവിത യാത്രയില്‍ നമുക്ക്‌ അല്ലാഹു കനിഞ്ഞരുളി തന്ന ആരോഗ്യവും സമ്പത്തും ആയുസ്സും എല്ലാം തന്റെ സുഖത്തിനും സന്തോഷത്തിനുമെന്ന പോലെ താന്‍ നില കൊള്ളുന്ന സമുദായത്തിനും നാടിനും ഉപകരിക്കുന്ന ,മറ്റുള്ളവര്‍ക്ക്‌ ആ അനുഗ്രഗങ്ങളെ കൊണ്ട്‌ ഉപകരിക്കുന്ന രീതിയില്‍ ചിലവഴിക്കാനും ജനങ്ങളെ ഉപദ്രവകരമായ കാര്യങ്ങളില്‍ നിന്ന് വിട്ട്‌ പൊതു ജന നന്മയ്ക്ക്‌ ഉപയുക്തമാവുന്ന രീതിയില്‍ വര്‍ത്തിക്കാനും തന്റെ സന്താനങ്ങള്‍ക്ക്‌ ഭൗതിക വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതിനൊപ്പം അവരെ ധാര്‍മ്മിക വിദ്യഭ്യാസം കൂടി നല്‍കി സമൂഹത്തിനും നാളെ തന്റെ മരണ ശേഷം മാതാ പിതാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നവരായും വളര്‍ത്താന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.എല്ലാം തട്ടിത്തെറിപ്പിച്ചുള്ള കുതിച്ചു പായലില്‍, സമ്പാദിച്ചു കൂട്ടുവാനുള്ള ത്വരയില്‍, നാം മറന്നു പോവാന്‍ പാടില്ലാത്ത കാര്യമാണു മരണം എന്ന ശാശ്വത സത്യം.. ഈ ഓട്ടവും അലച്ചിലും മത്‌സരവും നിശ്ചലമാകുന്ന ഒരു ദിനം. അന്ന് ദു:ഖിച്ച്‌ വിരല്‍ കടിക്കുന്നവരായി പരിണമിക്കാതിരിക്കാന്‍ വിചിന്തനം ചെയ്യുക.. ശാശ്വതമായ സമ്പത്ത്‌ എന്താണെന്നതിനെ പറ്റി..

മൊഴിമുത്തുകള്‍-5

കുടുംബ ബന്ധം
മൊഴിമുത്ത്‌
  • തന്റെ ആഹാരവഴി വിശാലമാകുന്നതിനും തന്റെ സല്‍പേര്‌ (പ്രശസ്തി ) നിലനില്‍ക്കുവാനും ഇഷ്‌ടപ്പെടുന്നവര്‍ ആരോ അവര്‍ കുടുംബ ബന്ധം നിലനിര്‍ത്തട്ടെ ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
  • തനിക്ക്‌ ദീര്‍ഘായുസ്സുണ്ടാകുന്നതും ആഹാരമാര്‍ഗ്ഗം അഭിവ്യദ്ധിപ്പെടുന്നതും ആരെ സന്തോഷിപ്പിക്കുന്നുവോ അവന്‍ ചാര്‍ച്ചയെ (കുടുംബത്തെ ) ചേര്‍ത്തുകൊള്ളട്ടെ എന്ന് തൌറാത്തില്‍ എഴുതപ്പെട്ടതാകുന്നു ( ഹാഖിം, ഇബ്നു അബ്ബാസ്‌ (റ ) വില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം
ചാര്‍ച്ചയെ ചേര്‍ക്കുക അഥവാ കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക എന്നത്‌ പുണ്യകര്‍മ്മമാണ്‌ ദീര്‍ഘായുന്‍സ്സ്‌ ലഭിക്കുവാനും ജീവിതാഭിവ്യദ്ധിയുണ്ടാകുവാനും അത്‌ പര്യാപതമാണ്‌. കുടുംബാംഗങ്ങളുമായി സ്നേഹത്തിലും സൌഹാര്‍ദ്ദത്തിലും വര്‍ത്തിക്കണം. അന്യേോന്യം സഹായ സഹകരണങ്ങള്‍ ചെയ്യണം. ഒരിക്കലും ദ്രോഹിയ്ക്കരുത്‌. ഇത്‌ ഒരു മനുഷ്യത്വപരമായ മര്യാദ മാത്രമാകുന്നു. ഈ മര്യാദ പാലിക്കുന്നതില്‍ പുണ്യവും ഉപേക്ഷിക്കുന്നത്‌ ദോഷവുമാണെന്ന് വിവരിക്കുന്ന അനേകം നബി(സ)വചനങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട്‌.
കുറിപ്പ്‌ :-
നാട്ടിലായാലും ഗള്‍ഫിലായാലും വന്നവഴി മറന്ന്, കുടുംബങ്ങളെ മറന്ന്, അവരുടെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും തിരിഞ്ഞു നോക്കാത്തവര്‍ എത്ര.. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയുംവരെ തന്റെ സ്വാര്‍ത്ഥമായ ആവശ്യപൂരണത്തിനു ഉപയോഗപ്പെടുത്തി കറിവേപ്പിലപോലെ ദൂരെക്കളയുന്ന മക്കളും മരുമക്കളും സഹോദരങ്ങളും അനവധി.. കുടുംബത്തില്‍ ഒരു ബുദ്ദിമുട്ട്‌ വന്നാല്‍ അവിടേക്ക്‌ തിരിഞ്ഞു നോക്കാതെ അന്തരാഷ്ട വിഷയങ്ങളില്‍ വ്യാപരിച്ച്‌ പേരും പ്രശസ്തിയുമായി നടക്കുന്നവര്‍..! തന്റെ സ്വന്തം മാതാപിതാക്കള്‍..സഹോദരീ സഹോദരന്മാര്‍.. കിടന്നുറങ്ങാന്‍ നല്ല കൂരയില്ലാതെ , ധരിയ്ക്കാന്‍ നല്ല വസ്ത്രങ്ങളില്ലാതെ, കഴിയ്ക്കാന്‍ നല്ല ഭക്ഷണമില്ലാതെ അന്യരെ ആശ്രയിച്ച്‌ കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍, അവരെ അറിയാത്ത ഭാവം നടിച്ച്‌ അകലങ്ങളില്‍ സുഖലോലുപതയുടെ മടിത്തട്ടില്‍ ആറാടുന്നവര്‍.. ഇവരൊക്കെ ധൂര്‍ത്തടിച്ച്‌ കളയുന്നതിലെ ചില്ലറതുട്ടുകള്‍ മതിയാവുമായിരുന്നു എത്രയോ കുടുംബങ്ങള്‍ രക്ഷപ്പെടുവാന്‍.. അകലങ്ങളില്‍ കഴിയുവാന്‍ വിധിക്കപ്പെട്ട പ്രവാസികളില്‍ നല്ല പങ്കും തങ്ങളുടെ ജീവിതം കുടുംബങ്ങള്‍ക്കായി, നാട്ടിലെ പാവപ്പെട്ടവര്‍ക്കായി വിനിയോഗിക്കുന്നവരും നല്ല ബന്ധങ്ങള്‍ പുലര്‍ത്തുന്നവരുമാണ്‌, എങ്കിലും ചില പുഴുക്കുത്തുകള്‍ ഇല്ലാതയില്ല. നമ്മുടെ ഉയര്‍ച്ചയില്‍, ഐശ്വര്യത്തില്‍, സന്തോഷത്തില്‍ എല്ലാം നമ്മുടെ വേണ്ടപ്പെട്ടവരെ ചേര്‍ത്തുവേക്കാനുള്ള നല്ല മനസ്സ്‌ നമുക്ക്‌ എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

മൊഴിമുത്തുകള്‍-4

‍മാതാവിന്റെ മഹത്വം

  • മാതാവിന്റെ കാല്‍കീഴിലാണ്‌ മക്കളുടെ സ്വര്‍ഗം ( ഇമാം അഹ്‌ മദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ ത ഹദീസ്‌ )

മക്കളുടെ കടമ

  • ആര്‌ തന്റെ മാതാപിതാക്കളെ ത്യപിതിപ്പെടുത്തിയോ, അവന്‍ അല്ലാഹുവിനെയും ത്യപ്‌തിപ്പെടുത്തി. ആര്‌ തന്റെ മാതാപിതാക്കളെ വെറുപ്പിച്ചുവോ, അവന്‍ തന്റെ അല്ലാഹുവിനെയും വെറുപ്പിച്ചു.

  • മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്‌തവാനാരോ അവന്ന് സുഖ സന്തോഷമുണ്ട്‌. അവന്റെ ആയുസ്സ്‌ അല്ലാഹു ദീര്‍ഘിപ്പിക്കുകയും ചെയ്യും. ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

മാതാവിനെ ശുശ്രൂഷിച്ച്‌ അവരുടെ ത്യപ്‌തി സമ്പാദിക്കണം അത്‌ മക്കളുടെ കടമയാണ്‌. വിശ്വാസിയെ സംബന്ധിച്ച്‌ അവന്റെ / അവളുടെ പരമമായ ലക്ഷ്യം ലോക രക്ഷിതാവിന്റെ ത്യപ്തിയും പരലോക വിജയവും ആണ്‌ എന്നതിനാല്‍ ആ പരലോക വിജയത്തിനു മാതാക്കളുടെ പൊരുത്തം കൂടിയേ തീരു എന്ന് നബി(സ) അരുളുന്നു. മാതാക്കളുടെ പൊരുത്തം നേടാതെ അവരുടെ ത്യപ്‌ തി സമ്പാദിക്കാതെ യഥര്‍ത്ഥ ജീവിത വിജയം അസാധ്യമാണെന്ന് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നു. മതാപിതാക്കളുടെ ത്യപ്തി അല്ലാഹുവിനെയും ത്യപ്‌തിപ്പെടുത്തും. അത്‌ പ്രകാരം അവരുടെ വെറുപ്പിനു പാത്രമാകുന്ന മക്കള്‍ അല്ലാഹുവിന്റെ വെറുപ്പും സമ്പാദിയ്ക്കും.

നമ്മെ ചെറുപ്പം മുതല്‍ സംരക്ഷിച്ച്‌ വളര്‍ത്തി വിദ്യഭ്യാസം നല്‍കി വലുതാക്കിയ മാതാപിതാക്കള്‍ മുഖേന നമുക്ക്‌ സര്‍വ്വ ഐശ്വര്യങ്ങളും വന്ന് ചേരുന്നു. തിരിച്ച്‌ അവര്‍ക്ക്‌ നന്മ ചെയ്യുകയും അവരെ സംരക്ഷിക്കുകയും ചെയ്യല്‍ മക്കളുടെ കര്‍ത്തവ്യമാണ്‌` കര്‍ത്തവ്യം മറക്കുന്നവരെ അല്ലാഹു ശിക്ഷിക്കുകയും, യഥാവിധി കര്‍ത്തവ്യ നിര്‍വഹണം നടത്തുന്നവര്‍ക്ക്‌ അല്ലാഹു അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്യും.മതാ പിതാക്കള്‍ മക്കളോട്‌ നിര്‍ വഹിക്കേണ്ട ചുമതലകളും നബി (സ) സവിസ്‌ തരം വിവരിച്ചിട്ടുണ്ട്‌. അങ്ങിനെ തങ്ങളിലര്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ച മാതാപിതാക്കള്‍ക്ക്‌ മാത്രമേ മക്കളില്‍ നിന്ന് തിരിച്ച്‌ കര്‍ത്തവ്യ നിര്‍വഹണത്തെ കുറിച്ച്‌ ആഗ്രഹിക്കാന്‍ അവകാശമുള്ളൂ.. എന്ന് കരുതി നാം നമ്മുടെ മാതാ പിതാക്കളില്‍ നിന്ന് വല്ല വന്ന വീഴ്ചകളില്‍ അവരെ അവഗണിക്കാന്‍ പാടില്ല. അവര്‍ക്ക്‌ നല്ലതിനു വേണ്ടിപ്രവര്‍ത്തിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും നമ്മുടെ കടമയാണ്‌. അത്‌ നാം നിറവേറ്റുക തന്നെ വേണം.മാതാവിന്റെ ത്യപ്‌ തി സമ്പാദിക്കാതെ എത്ര വലിയ ആളായാലും അല്ലാഹുവിന്റെ മുന്നില്‍ രക്ഷയില്ല എന്നതിനു ഉത്തമ ദ്യഷ്ടാന്തമാണു അല്‍ ഖമ (റ)വിന്റെ മരണാസന്ന സമയത്തെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നത്‌.

ആ സംഭവം ഉമ്മ, സ്നേഹത്തിന്റെ അക്ഷയ ഖനി എന്ന പോസ്റ്റില്‍ ഇവിടെ കാസിം തങ്ങള്‍ ‍ വിവരിച്ചിട്ടുള്ളത്‌ വായിക്കുക

തന്നെ അവഗണിച്ച മകനെ തീയിലിട്ടു കരിക്കുമെന്ന് സന്ദേഹിച്ച്‌ അല്‍ ഖമ (റ ) യുടെ മാതാവ്‌ തന്റെ മകനു പൊറുത്തു കൊടുക്കാന്‍ തയ്യാറായതിലൂടെ ഒരു മാതാവിന്റെ മതാവിന്റെ മനസ്സ്‌ നമുക്കിവിടെ കാണാം. ആധുനിക യുഗത്തില്‍ കടമകള്‍ മറക്കുന്ന മക്കളും, ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാത്ത മാതാപിതാക്കളും കേവലം പൊങ്ങച്ചത്തിനു വേണ്ടിമാത്രം ബന്ധങ്ങള്‍ സൂക്ഷിക്കുന്ന അവസഥയിലെത്തി നില്‍ക്കുന്നു. മാതാവിനെ ഓര്‍ക്കാന്‍ നമുക്കിന്ന് ഒരു ദിനം വേണം പിതാവിനെ ഓര്‍ക്കാന്‍ നമുക്കിന്ന് ഒരു ദിനം വേണം അവിടെയൊക്കെ കാപട്യത്തിന്റെ മുഖം മൂടി അണിഞ്ഞ്‌ വിഷം ഉള്ളിലൊതുക്കി ഉള്ളില്‍ തട്ടാത്ത വാചക കസര്‍ത്തുമായി ഓരോ ആഘോഷങ്ങള്‍. എങ്കിലും ആര്‍ക്കെങ്കിലും ഒരു മനം മാറ്റമുണ്ടാവന്‍ ഈ ദിനാഘോഷങ്ങള്‍ക്ക്‌ കഴിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആശിച്ച്‌ പോവുകയാണ്‌. ജീവിത സുഖത്തിനും സമ്പാദിക്കാനുമായി (മാത്രം ) വ്യദ്ധരായ മാതാ പിതാക്കളെ സദനങ്ങളിലാക്കി വിദേശങ്ങളില്‍ വിലസുന്ന മക്കള്‍.. അവരും ഓര്‍ ക്കുക .. വാര്‍ദ്ധക്യം എന്നത്‌ വരാനിരിക്കുന്നുവെന്ന്.. ഒരു പഴം ചൊല്ല് " അപ്പന്റെ അപ്പനു പാളയിലാണെങ്കില്‍ ( കഞ്ഞി കൊടുക്കുന്നത്‌ ) എന്റെ അപ്പനും പാളയില്‍ തന്നെ ) എന്ന് ഒരു മകന്‍ പണ്ട്‌ പറഞ്ഞുവത്രെ.... ഓര്‍മ്മയിലുണ്ടാവട്ടെ നമുക്കെന്നും..

മൊഴിമുത്തുകള്‍-3


വിയര്‍പ്പ്‌ വറ്റുന്നതിനു മുന്നെ വേദനം കൊടുക്കുക

  • أعطوا الأجير أجره قبل أن يجف عرقه وأعلمه أجره وهو في عمله
    വിയര്‍പ്പ്‌ വറ്റുന്നതിനു മുമ്പ്‌ തൊഴിലാളിക്ക്‌ അവന്റെ കൂലി കൊടുക്കുവിന്‍. അവന്‍ തന്റെ പ്രവ്യത്തിയില്‍ ആയിരിക്കുമ്പോള്‍ത്തന്നെ അവന്റെ പ്രതിഫലത്തെ ( കൂലിയെ ) അറിയിച്ചു കൊടുക്കുകയും ചെയ്യുവിന്‍ ' ( ബൈഹഖി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

വിവരണം :

ഒരു കൂലിക്കാരനെ (തൊഴിലാളിയെ ) വിളിച്ച്‌ വേല ചെയ്യിപ്പിക്കുമ്പോള്‍ അവന്‍ ചെയ്യുന്ന അധ്വാനത്തിനു കൂലി നിശ്ചയിക്കണം. ജോലി ചെയ്ത്‌ കഴിഞ്ഞ ഉടനെ കൂലി കൊടുക്കുകയും വേണം. ഇപ്രകരം ചെയ്ത്‌ കൂലി വേലക്കാരായ തൊഴിലാളികളെ സന്തോഷിപ്പിക്കല്‍ തൊഴില്‍ എടുപ്പിക്കുന്നവന്റെ ചുമതലയാണ്‌`. പണിയെടുപ്പിച്ചതിനു ശേഷം അവരെ വെറുപ്പിച്ചയക്കുന്നത്‌ ശരിയല്ല.

കുറിപ്പ്‌ :വിദ്യഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും പുരോഗതി പ്രാപിച്ച്‌ എന്ന് കരുതുന്ന പരിഷ്കാരത്തിന്റെ പച്ചപ്പില്‍ മതിമറന്ന് കഴിയുന്ന ആധുനിക അഭിനവ മുതലാളിമാര്‍ തങ്ങളുടെ കിഴില്‍ തൊഴിലെടുക്കുന്നവരെ ചൂഷണം ചെയ്ത്‌ തടിച്ച്‌ കൊഴുത്ത്‌ കൊണ്ടിരിക്കുന്നു. പാവപ്പെട്ടവന്‍ വീണ്ടും പാവപ്പെട്ടവനു പണക്കാര്‍ വലിയ പണക്കാരനുമായി മാറി സമ്പത്ത്‌ ചുരുക്കം ചിലരുടെ കൈകളില്‍ കുമിഞ്ഞു കൂടിയതിന്റെ തികത ഫലങ്ങള്‍ നാം അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.. അന്യ നാട്ടില്‍ വന്ന് മറ്റുള്ളവന്റെ വീട്ടിലും മറ്റ്‌ സ്ഥാപനങ്ങളിലുമെല്ലാം അടിമയെപ്പോലെ പണിയെടുക്കുന്നവരില്‍ പലരും നാട്ടിലും ഇവിടെയും പിന്നിട്‌ മുതലാളിമാരായി അവരുടെ വീട്ടിലും അല്ലെങ്കില്‍ അവര്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളെ കഷ്ടപ്പെടുത്തുന്ന എത്രയോ കഥകള്‍ നാം കേള്‍ ക്കുന്നു. വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്ന തൊഴിലാളിയുടെ മനസ്സിന്റെ വേദനയില്‍ ഉയര്‍ത്തുന്ന സൌദങ്ങളില്‍ പക്ഷെ ഇവര്‍ക്ക്‌ മനസ്സമാധാനമുണ്ടാവുമോ ? നാളെ ലോക രക്ഷിതാവായ അല്ലാഹുവിന്റെ മുന്നില്‍ ഇതിനൊക്കെ ഉത്തരമേകാതെ രക്ഷപ്പെടാന്‍ ഈ സമ്പാദ്യങ്ങള്‍ ഉപകരിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കി അവര്‍ക്ക്‌ തെറ്റ്‌ പറ്റിയിരിക്കുന്നു എന്ന് മാത്രം പറയട്ടെ.. ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയും തൊഴിലാളികളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരിക്കണം. എന്നാല്‍ ഇന്ന് നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അവകാശങ്ങള്‍ നേടിയെടുക്കാന്‍ അക്രമ സമരങ്ങള്‍ നയിക്കുന്നവര്‍ പക്ഷെ തങ്ങളില്‍ അര്‍പ്പിച്ച ജോലി ശരിയായി ചെയ്ത്‌ തീര്‍ക്കാറില്ല എന്നതാണു വാസ്തവം.

വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ സംശയങ്ങള്‍, ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. ‍ അറിവുള്ളവരോട്‌ അന്വഷിച്ച്‌ ഉത്തരം തരാന്‍ ശ്രമിയ്ക്കാം .. ഇന്‍ശാ അല്ലാഹ്‌