മൊഴിമുത്തുകള്‍-25

രോഗിയെ സന്ദര്‍ശിക്കല്‍-മര്യാദകള്‍

മൊഴിമുത്ത്‌:

  • ''‍നിങ്ങള്‍ ബന്ധിക്കപ്പെട്ടവനെ അഴിച്ചിടുക. ക്ഷണിച്ചവന്ന്‌ ഉത്തരം നല്‍കുക. വിശന്നവന്‌ ഭക്ഷണം കൊടുക്കുകയും, രോഗിയെ സന്ദര്‍ശിക്കുകയും ചെയ്യുക. ( അബൂ മുസ അല്‍ അഷ്‌അരി റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌)

  • രോഗിയെ സന്ദര്‍ശിക്കുന്നതില്‍ ശ്രേഷഠമായത്‌ രോഗിയുടെ അരികില്‍ നിന്ന്‌ വേഗത്തില്‍ പോരുന്നതാണ്‌'( ജാബിര്‍ (റ) വില്‍ നിന്ന്‌ നിവേദനം ചെയ്യപ്പെട്ട ഹദീസ്‌ )

കുറിപ്പ്‌:

ബന്ധനസ്ഥനായവരെ വിട്ടുകൊടുക്കലും , ശരിയായ രീതിയില്‍ വിവാഹചടങ്ങിനും മറ്റും ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിച്ച്‌ പങ്കെടുക്കലും, വിശന്നു വലഞ്ഞവനു ഭക്ഷണം കൊടുക്കലും കൂടാതെ രോഗിയെ സന്ദര്‍ശിക്കലും സത്‌കര്‍മ്മങ്ങളായി എണ്ണപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ പകര്‍ത്തേണ്ട കാര്യമാണിതെല്ലാം എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ സാധ്യതയില്ല. അത്‌ പോലെ നാം രോഗികളെ സന്ദര്‍ശിക്കുന്നത്‌ പുണ്യകര്‍മ്മമാണെന്നിരിക്കെ അവരെ സന്ദര്‍ശിക്കുമ്പോള്‍ രോഗികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ദീര്‍ഘമായ സന്ദര്‍ശനം ഒഴിവാക്കുകയാണു വേണ്ടത്‌. അത്തരം സന്ദര്‍ശനമാണു കൂടുതല്‍ പ്രതിഫലമര്‍ഹിക്കുന്നത്‌.

ഒരാള്‍ രോഗിയായല്‍ അയാളെ സന്ദര്‍ശിക്കുന്നവരില്‍ ചിലര്‍ സാമാന്യ മര്യാദകളില്ല്ലാതെ അല്ലെങ്കില്‍ താന്‍ പറയുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും ഫലങ്ങള്‍ രോഗിയില്‍ എങ്ങിനെ പ്രതിഫലിക്കുന്നു എന്ന് മനസ്സിലാക്കാതെ ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും രോഗിയെയും ബന്ധുക്കളെയും വിഷമത്തിലാക്കാറുണ്ട്‌. ഹൃദ്രോഗിയായ ഒരാളുടെ അടുത്ത്‌ ‍ ഹൃദ്രോഗം മൂലം തന്റെ സുഹൃത്ത്‌ മരിച്ചതും , ഒരു അസുഖവും ഇല്ലാതിരുന്ന വേറൊരാള്‍ പെട്ടെന്ന് മരിച്ചതുമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച്‌ വിവരിച്ചാല്‍ അത്‌ കേള്‍ക്കുന്ന രോഗിക്ക്‌ എന്ത്‌ സമാധാനമാണുണ്ടാവുക ? ഇത്തരക്കാരുടെ ദീര്‍ഘ സന്ദര്‍ശനം കൊണ്ട്‌ ഇല്ലാത്ത അസുഖം ഉണ്ടാവാന്‍ ഏറെ സാധ്യതയുണ്ട്‌ താനും. രോഗിയെ കൂടുതല്‍ സംസാരിപ്പിക്കാതെയും നാം നോക്കണം .നമ്മുടെ സന്ദര്‍ശനം കൊണ്ട്‌, വാകുകള്‍ കൊണ്ട്‌ രോഗിക്ക്‌ ആശ്വാസമുണ്ടായില്ലെങ്കിലും ആശങ്കയുണ്ടാവാതിരിക്കന്‍ ശ്രമിക്കേണ്ടതാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന തിരു നബി വചനങ്ങള്‍ നമുക്ക്‌ മറക്കാതിരിക്കാം

മൊഴിമുത്തുകള്‍-24

രോഗിയെ സന്ദര്‍ശിക്കണം
മൊഴിമുത്ത്‌:

  • ''രോഗിയെ സന്ദര്‍ശിക്കുന്നവന്‍ അല്ലാഹുവിന്റെ ദയയില്‍ പ്രവേശിക്കുന്നു. രോഗിയുടെ അടുത്ത്‌ അവന്‍ ഇരുന്നാല്‍ അല്ലാഹുവിന്റെ കാരുണ്യം അവനില്‍ നിറയുന്നതാണ്''
(അബുമുസല്‍ അശ്‌അരി റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

കുറിപ്പ്‌:

അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതിനും /ദയയ്ക്ക്‌ പാത്രമാവുന്നതിനുള്ള ഒരു പുണ്യ കര്‍മ്മമാണു രോഗിയെ സന്ദര്‍ശിക്കല്‍. വിശ്വാസികള്‍ക്ക്‌ അത്‌ കടമയാക്കിയിട്ടുള്ളതുമാണ്
രോഗികളെ സന്ദര്‍ശിക്കാനും അവരെ ആശ്വസിപ്പിക്കാനും രോഗം ബാധിച്ച വ്യക്തിക്ക്‌ / കുടുബത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്ത്‌ കൊടുക്കാനും നമ്മിലധികപേര്‍ക്കും സമയം കണ്ടെത്താന്‍ കഴിയാറില്ല അല്ലെങ്കില്‍ അതൊരു പുണ്യകര്‍മ്മമായോ മറ്റോ പരിഗണിക്കാറില്ല എന്നതല്ലേ വാസ്തവം. അഥവാ ചെയ്യുന്നവര്‍ തന്നെ (അധികപേരും ) ജനങ്ങളെ കാണിക്കാനും ചില ലാഭക്കച്ചവടങ്ങളുടെ കണക്കുകൂട്ടലുകളോടെയും.

നാം ആരോഗ്യത്തോടെയിരിക്കുമ്പോള്‍ രോഗം ബാധിച്ച്‌ അവശരായവരെ സന്ദര്‍ശിക്കുന്നതിലൂടെ അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാനും നമ്മുടെ ആരോഗ്യപരമായ അവസ്ഥയില്‍ ജഗന്നിയന്താവില്‍ നന്ദി പറയാനും അവസരം ഉണ്ടാവണം. എന്നാല്‍ ചില മാരകമായ പകര്‍ച്ച വ്യാധികള്‍ പിടിപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനും മറ്റും നിബന്ധനകള്‍ പാലിക്കുകയും വേണം. രോഗികള്‍ക്ക്‌ നമ്മുടെ സന്ദര്‍ശനം ഒരു ശല്യമാവാതെ നോക്കേണ്ടതും നമ്മുടെ കടമയാണ്

എല്ലാ മാരകമായ രോഗങ്ങളില്‍ നിന്നും നമുക്ക്‌ രക്ഷയുണ്ടാവാന്‍ പ്രാര്‍ത്ഥനയോടെ.

മൊഴിമുത്തുകള്‍-23

മൂപ്പെത്തുന്നതിനുമുമ്പ്‌ വില്‍ക്കരുത്‌
മൊഴിമുത്ത്‌ :

  • ''അതിന്റെ നന്മ (കുല) ശരിയായി പുറത്ത്‌ വരുന്നത്‌ വരെ പഴങ്ങള്‍ വില്‍ക്കുന്നതിനെ നബി(സ) വിരോധിച്ചിരിക്കുന്നു. വാങ്ങുന്നതു വില്‍ക്കുന്നതും വിരോധിച്ചിരിക്കുന്നു.''

  • ''കറുത്ത നിറമാകുന്നത്‌ വരെ മുന്തിരി വില്‍ക്കുന്നതിനെയും മൂപ്പെത്തുന്നത്‌ വരെ ധാന്യങ്ങള്‍ വില്‍ക്കുന്നതിനെയും നബി (സ) വിരോധിച്ചിരിക്കുന്നു''( നിരവധിപേര്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

വിവരണം:


നാം ക്ര്യഷി ചെയ്തുണ്ടാക്കുന്ന ധാന്യങ്ങളും ഫലങ്ങളുമെല്ലാം തന്നെ അതിന്റെ ഗുണദോശങ്ങള്‍ പ്രത്യക്ഷത്തില്‍ കാണുന്നത്‌ വരെ വില്‍ക്കരുത്‌. വാങ്ങുകയും അരുത്‌. ചിലപ്പോള്‍ വാങ്ങുന്നവനും ചിലപ്പോള്‍ വില്‍ക്കുന്നവനും അത്‌ നഷ്ടമുണ്ടാക്കും. ഒരാള്‍ക്ക്‌ നഷ്ടമുണ്ടാക്കി മറ്റൊരാള്‍ക്ക്‌ ലാഭമുണ്ടാവുന്നതിനും ,ഒരാളെ ബുദ്ധിമുട്ടിച്ച്‌ മറ്റൊരാള്‍ സുഖിക്കുന്നതും ഇസ്ലാം അനുവദിക്കുന്നില്ല. ഭൂമി പാട്ടത്തിനെടുത്ത്‌ ( ഫലവര്‍ഗ്ഗങ്ങളും മറ്റു മൂപ്പെത്തുന്നതിനുമുമ്പ്‌ ‌ മതിപ്പിന്റെ അടിസ്ഥാനത്തില്‍ വില്‍ക്കലും വാങ്ങലും നടത്തുന്നവര്‍ ) ഈ ഹദീസ്‌ ശ്രദ്ധിയ്ക്കട്ടെ.

കുറിപ്പ്‌:

കച്ചവടം ചെയ്ത്‌ ലാഭമുണ്ടാക്കുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ അന്യായമായ വിധത്തില്‍ മറ്റുള്ളവരെ വഞ്ചിച്ച്‌ കച്ചവട ലാഭമുണ്ടാക്കുന്നതിനെ വിരോധിക്കുകയും ചെയ്തിട്ടുണ്ട്‌ . തിരു നബി (സ) തങ്ങള്‍ വിശ്വസ്തനായ കച്ചവടക്കാരനായിരുന്നുവെന്നത്‌ ചരിത്രം സാക്ഷ്യം വഹിക്കുന്നു. നമുക്കറിയാം വലിയ മഹാന്മരായ പല പണ്ഡിത ശ്രേഷ്ടന്മാര്‍ അവരുടെ ജീവിത മാര്‍ഗമായി പല കച്ചവടവും ചെയ്തിരുന്നത്‌ എന്നാല്‍ അവരൊക്കെ കൊള്ള-കൊടുക്കലുകളില്‍ (വാങ്ങുകയും വില്‍ക്കുകയു ചെയ്യുന്നതില്‍ ) അങ്ങേയറ്റം സൂക്ഷ്മത പാലിച്ചിരുന്നു. ഇല്ലാത്ത ഗുണങ്ങള്‍ വര്‍ണ്ണിച്ച്‌ , ക്ര്യതിമമായി രുചി ഭേതങ്ങള്‍ വരുത്തി ,കാഴ്ചക്ക്‌ നല്ലതെന്ന് തോന്നിപ്പിച്ച്‌ ധാന്യങ്ങളോ ,പഴങ്ങളോ മറ്റോ വിറ്റഴിച്ച്‌ അവര്‍ ലാഭമുണ്ടാക്കിയിരുന്നില്ല. ഇന്നത്തെ അവസ്ഥയെന്താണെന്ന് നോക്കൂ. വില്‍ക്കുന്നവനും വാങ്ങുന്നവനും സംത്ര്യപ്തമായ ക്രയ വിക്രയന്നളാണു നബി(സ) പ്രോത്സാഹിപ്പിക്കുന്നത്‌. അല്ലാതെ ഏത്‌ വിധേനയും അപരന്റെ പോകറ്റിലെ കാശ്‌ പിഴിയുന്ന കച്ച(കപട)വടങ്ങളല്ല.

നല്ല കച്ചവടക്കാരായി നല്ല നിലയില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നല്ല ജീവിതം ഇരു ലോകത്തും നമ്മെ തേടിയെത്താതിരിക്കില്ല. ആശംസകള്‍