മൊഴി മുത്തുകൾ-40


‘വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമായാൽ’മൊഴിമുത്ത്‌:

" അവസാന നാളിൽ ഒരാളെ കൊണ്ട്‌ വന്ന് നരകത്തിലേക്കെറിയപ്പെടും. അവന്റെ വയറ്റിൽ നിന്ന് കുടലുകൾ പുറത്ത്‌ വരികയും കഴുത ആസുകല്ലു ചുറ്റുന്നത്‌ പോലെ ആ കുടലുമായി അവൻ ചുറ്റിത്തിരിയുകയും ചെയ്യും. തത്സമയം നരക വാസികൾ അടുത്ത്‌ കൂടി അവനോട്‌ ചോദിക്കും. നിനക്കെന്ത്‌ പറ്റി ? നീ നല്ല കാര്യങ്ങൾ കൽപിക്കുകയും ചീത്ത വിരോധിക്കുകയും ചെയ്തിരുന്നവനാണല്ലോ ! അപ്പോൾ അവൻ പറയും .നല്ലത്‌ കൽപിച്ചിരുന്നെങ്കിലും ഞാനത്‌ ചെയ്തിരുന്നില്ല. തിന്മ വിരോധിച്ചിരുന്നെങ്കിലും ഞാൻ അത്‌ പ്രവർത്തിച്ചിരുന്നു "
(ഉസാമത്ത്ബ്നു ഹാരിസ(റ) നിവേദനം: ‌ബുഖാരി 6/238 , മുസ്‌ലിം, 2989 )

ഖുർആനിൽ അല്ലാഹു പറയുന്നു.

" സ്വശരീരങ്ങളെ മറന്ന് കൊണ്ട്‌ നിങ്ങൾ ജനങ്ങളോട്‌ നന്മയുപദേശിക്കുകയാണോ ? നിങ്ങൾ വേദ ഗ്രന്ഥം പാരായണം ചെയ്യുന്നുണ്ട്‌, എന്നിട്ടും അത്‌ നിങ്ങൾ മനസ്സിലാക്കുന്നില്ലേ!"
( സൂറത്ത്‌ അൽ-ബഖറ : സൂക്തം 44)


വിവരണം:

നല്ലത്‌ കൽപ്പിക്കുകയും ചീത്ത പ്രവൃത്തികൾ തടയുകയും ചെയ്തിട്ടും വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമാവുന്നതിനെ സംബന്ധിച്ചും അതിന്റെ അനന്തര ഫലത്തെ സംബന്ധിച്ചും ഈ ഹദീസും ആയത്തും നമ്മെ ഓർമ്മപ്പെടുത്തുന്നു.

കുറിപ്പ്‌ :

സത്യത്തിൽ ഈ ഹദീസും ആയത്തും നമ്മുടെ ഓരോരുത്തരുടെയും കണ്ണും ഖൽബും തുറപ്പിക്കേണ്ടതല്ലേ ! നമ്മുടെയൊക്കെ ഓരോരുത്തരുടെയും നിത്യ ജിവിതം എടുത്ത്‌ പരിശോധിച്ചാൽ നമ്മുടെ വാക്കും പ്രവൃത്തിയും തമ്മിൽ എത്രമാത്രം അന്തരമുണ്ടെന്ന് ഓരോരുത്തർക്കും ബോധ്യമാവും. കുടുംബ ജീവിതത്തിലായാലും, സുഹൃത്തുക്കളുമായും സമൂഹവുമായും ഇടപഴകുമ്പോഴായാലും നാം പ്രാവർത്തികമാക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ്‌ നാം മറ്റുള്ളവർക്ക്‌ ഉപദേശമായും നിർദ്ദേശമായും നൽകുന്നത്‌. അത്‌ പോലെ നമ്മുടെ മക്കളോടും ഭാര്യയോടും കൂട്ടുകാരോടും എല്ലാം ചെയ്യരുതെന്ന് വിലക്കുന്ന പല കാര്യങ്ങളും അവർ അറിയാതെ ചെയ്യുന്നവരല്ലേ ഞാനടക്കമുള്ളവരിലെ മിക്കപേരും !

ഇനി വ്യക്തി തലത്തിൽ നിന്ന് സമൂഹത്തിലേക്കിറങ്ങിയാൽ അവിടെ പഞ്ചായത്ത്‌ ,പള്ളിക്കമ്മിറ്റി മെമ്പർമുതൽ രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്നവരുടെ വരെ വാക്കും പ്രവ്രൃത്തിയും എത്ര മാത്രം സാമ്യമുണ്ടെന്നുള്ളത്‌ നാം കാണുന്നു. രാഷ്ടീയക്കാരുടെ കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ലാതതിനാൽ അതിലേക്ക്‌ പ്രവേശിക്കുന്നില്ല.

ചാരുകസേരയിലിരുന്ന് സിഗരറ്റ്‌ വലിച്ച്‌ അന്തരീക്ഷ മലിനീകരണവും അതോടൊപ്പം സ്വയം നശീകരണവും നടത്തിക്കൊണ്ടിരിക്കുന്ന പിതാവ്‌ തന്റെ മകനെ പുകവലിക്കുന്നതിൽ നിന്ന് വിലക്കുന്നതിലെ വിരോധാഭാസം പോലെ, പലപ്പോഴും നമ്മുടെ മക്കളുടെ മുന്നിൽ അവർ ചെയ്യരുതാത്തത്‌ ചെയ്യുമ്പോൾ ആത്മാർത്ഥമായി വിലക്കുവാൻ നമ്മിൽ പലർക്കും ആവില്ല എന്നതല്ലേ വാസ്തവം !

ഒരിക്കൽ പ്രവാചക സന്നിധിയിൽ, ‘തന്റെ മകൻ അമിതമായി മധുരം കഴിക്കുന്നു നബിയേ അവനെയൊന്ന് ഉപദേശിക്കണമെന്ന’ അഭ്യർത്ഥനയുമായി വന്ന ഉമ്മയോട്‌ അനുകൂലിച്ചോ പ്രതികൂലിച്ചോ മറുപടി പറയാതെ തിരിച്ചയക്കുകയും, വീണ്ടും ദിവസങ്ങൾക്ക്‌ ശേഷം അതേ പരാതിയുമായി ആ ഉമ്മ വന്നപ്പോൾ മകനെ വിളിച്ച്‌ നബി(സ) മധുരം കഴിക്കുന്നത്‌ കുറയ്ക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഇതിനു മുന്നേ വന്നപ്പോൾ പ്രതികരിക്കാതിരുന്നതിന്റെ കാരണമന്വേഷിച്ച മഹതിയോട്‌ പ്രവാചകർ (സ) പറഞ്ഞു. ‘ഞാനും മധുരം ഇഷ്ടപ്പെടുകയും കൂടുതൽ കഴിക്കുകയും ചെയ്തിരുന്നു. ഞാൻ ചെയ്യുന്ന കാര്യം മറ്റുള്ളവരെ വിലക്കുന്നതിനു മുന്നേ സ്വയം അതിൽ നിന്നു ഒഴിവാകുവാൻ ശീലിക്കുകയായിരുന്നു ഈ ദിവസങ്ങളിൽ’

അന്ത്യ പ്രവാചകർ മുഹമ്മദ്‌ നബി(സ)യുടെ ജന്മ ദിനം കൊണ്ട്‌ അനുഗ്രഹീതമായ മാസമായ റബീഉൽ അവ്വലിലേക്ക്‌ പ്രവേശിച്ച വേളയിൽ ആ മഹാനുഭാവന്റെ ഉപദേശങ്ങൾ ജീവിതത്തിൽ പാലിക്കാൻ ജഗന്നിയന്താവായ അല്ലാഹു ഏവരെയും അനുഗ്രഹിക്കട്ടെ .. ആശംസകൾ

അല്ലാഹുവിന്റടുക്കൽ ഏറ്റവും കോപത്തിനു പാത്രമാകുന്ന കാര്യമാണ്‌ ചെയ്യാത്തത്‌ ഉപദേശിക്കലും അഥവാ വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമാവൽ എന്ന ഓർമ്മയോടെ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ കഴിവിന്റെ പരമാവധി വാക്കും പ്രവൃത്തിയും ചേർന്ന് പോകാൻ സൗഭാഗ്യമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ..