മൊഴിമുത്തുകൾ-36

കച്ചവടക്കാർ

മൊഴിമുത്ത്‌ :

 • വിശ്വസ്തനും സത്യവാനുമായ വ്യാപാരി; അമ്പിയാക്കൾ ,സിദ്ധീഖുകൾ, ശുഹദാക്കൾ, സാലിഹീങ്ങൾ എന്നീ മഹാന്മാരോടുകൂടിയാണ്‌. ( തുർമുദി )

 • സൂക്ഷിക്കുന്നവനും നന്മ ചെയ്യുന്നവരും സത്യവാന്മാരുമല്ലാത്ത കച്ചവടക്കാർ ഖിയാമ:ദിവസം നികൃഷ്ടരായി എഴുന്നേൽപ്പിക്കപ്പെടും. (തുർമുദി)


  വിവരണം:


  കച്ചവടം ചെയ്യുക എന്നത്‌ സത്പ്രവൃത്തിയാണ്‌. അത്‌ ചെയ്യുന്നവർക്കും ഇതര ജനങ്ങൾക്കും ഉപകാരപ്രദമായ നിലയിലായിരിക്കണം. അതിനു കച്ചവടക്കാരൻ സത്യവാനും വിശ്വസ്തനും ആയിരിക്കുകയും വേണം. ഇങ്ങിനെയുള്ള കച്ചവടക്കാർ നല്ലവരും സ്വർഗാവകാശികളുമാണ്‌.

  നിയമാനുസൃതമായി കച്ചവടം ചെയ്യാതെ അമിത ലാഭമെടുത്തും പൂഴ്ത്തിവെച്ചും, അളവിലും തൂക്കത്തിലും കുറച്ച്‌ കളവ്‌ പറഞ്ഞും കച്ചവടം ചെയ്യുന്നത്‌ തെറ്റാണെന്നും അത്തരം വഞ്ചകരായ കച്ചവടക്കാർ നിന്ദ്യരും നികൃഷടരുമായി ഖിയാമ: (അന്ത്യനാളിൽ )ദിവസം എഴുന്നേൽപിക്കപ്പെടുകയും അത്തരക്കാർക്ക്‌ നരകമാണ്‌ പ്രതിഫലമെന്നും ഈ ഹദീസ്‌ പഠിപ്പിക്കുന്നു

  കുറിപ്പ്‌ :

  കച്ചവടം എന്നത്‌ ഇന്ന്‌ ഇല്ലാതാവുകയാണ്‌ അവിടെ കച്ചകപടം അരങ്ങേറുന്നു. വിശ്വസ്തത്തയും സത്യസന്ധതയും ഇന്ന്‌ എല്ലാ മേഖലകളിൽനിന്നും പടിയിറക്കപ്പെട്ടിരിക്കുന്നപോലെ കച്ചവടത്തിന്റെ മേഖലകളിൽ നിന്നും പുറത്തക്കപ്പെട്ട അവസ്ഥയിലാണ്‌. വിശ്വസ്ഥതയും സത്യസന്ധതയും കൈമുതലാക്കി കച്ചവടം ചെയ്യാൻ ആരെങ്കിലും തുനിഞ്ഞാൽ പൊതുജനം അവനെ വിവരമില്ലാത്തവനെന്ന് ആക്ഷേപിക്കും. എത്‌ നിലക്കും ലാഭമുണ്ടാക്കുക എന്നതാണിപ്പോൾ കച്ചവടത്തിന്റെ മാനദണ്ഡം. കൈമാറ്റം ചെയ്യപ്പെടുന്ന സാധനങ്ങൾ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണമെന്നല്ല മറിച്ച്‌ കച്ചവടക്കാരന്റെ ആവശ്യങ്ങൾക്കനുസരിച്ച്‌ ഉപഭോക്താവിന്റെ അഭിരുചികളും ആവശ്യങ്ങളും നിർണ്ണയിക്കപ്പെടുകയാണ്‌ ആധുനിക വ്യാപാരങ്ങളിൽ നടക്കുന്നത്‌ അവിടെ തന്നെ ചെറുകിട കച്ചവടക്കാരെ വൻസ്രാവുകൾ വെട്ടി വിഴുങ്ങുന്നകാഴ്ചകളും സാധാരണയായിരിക്കുന്നു. തന്റെയും തന്റെ കുടുംബത്തിന്റെയും ആവശ്യപൂരണത്തിന്‌ നല്ല നിലയിൽ കച്ചവടം ചെയ്യുന്നവർക്ക്‌ ഏറെ കഷ്ടതകൾ സഹിക്കേണ്ടി വരുമെന്നത്‌ തർക്കമറ്റതാണ്‌.

  നല്ല മനസ്സും ഉറച്ച വിശ്വാസവും വേണം ആ കടുത്ത പരീക്ഷണം അതിജീവിക്കാൻ. അങ്ങിനെ സത്യസന്ധതയോടെ കച്ചവടം ചെയ്യുന്നവർക്ക്‌ എത്രയോ ഉന്നത പദവിയാണ്‌ ഈ ഹദീസിലൂടെ നബി(സ) തങ്ങൾ വിവരിക്കുന്നത്‌ എന്നതിലൂടെ തന്നെ മാന്യമായ കച്ചവടത്തിന്റെ മഹത്വം നമുക്ക്‌ മനസ്സിലാക്കാം. ജനങ്ങൾ ആവശ്യങ്ങളുമായി സമീപിക്കുമ്പോൾ ഉള്ള സാധനങ്ങൾ ആവശ്യക്കാരനു നൽകാതെ പൂഴ്ത്തിവെക്കുന്ന കച്ചവടക്കാർ തികച്ചും നീചമായ വിധത്തിലാണ്‌ ലാഭം കൊയ്യാൻ ശ്രമിയ്ക്കുന്നത്‌. ഒരേ ഉത്പാദന ചിലവുമായി ഉണ്ടാക്കപ്പെടുന്ന ഉത്പന്നം ഒരു സ്ഥലത്ത്‌ അനേകം വിലകളിൽ വിൽക്കപ്പെടുന്നത്‌ നാം കാണുന്നു. അത്‌ പോലെ മനുഷ്യന്റെ ജീവനു തന്നെ ഹാനികരമാവുന്ന വിധത്തിൽ ഉത്പന്നങ്ങളിൽ മായം കലർത്തി വിൽക്കാൻ യാതൊരു മനസാക്ഷികുത്തുമില്ലാത്ത കച്ചവടക്കാർ ഏറെയാണ്‌. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവർ, കള്ളതുലാസുകളുമായി കപടം നടത്തുന്നവർ, കാലാവധി കഴിഞ്ഞ സാധനങ്ങളിൽ ഡേറ്റ്‌ മാറ്റി വിൽക്കുന്നവർ, ഇല്ലാത്ത ഗുണകണങ്ങൾ പ്രചരിപ്പിച്ച്‌ വഞ്ചിക്കുന്നവർ അങ്ങിനെ പലതരത്തിലുമുള്ള ചൂഷണങ്ങൾ.

  നമ്മുടെ ഗ്രാമങ്ങളിൽ സാധാരണക്കാരനു അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിനു ഗവൺമന്റ്‌ തലത്തിൽ തന്നെ ഏർപ്പെടുത്തിയിട്ടുള്ള റേഷൻ കടകൾ എന്നും അളവിന്റെയും തൂക്കത്തിന്റെയും കാര്യത്തിൽ മാത്രമല്ല ഗുണ നിലവാരത്തിന്റെ കാര്യത്തിലും പഴികേൾക്കുന്നത്‌ പതിവാണ്‌. ആ പരാതികളിൽ പതിരില്ലാത്തതുമാണെന്ന് സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ളവർക്ക്‌ അറിയാവുന്നതുമാണ്‌. റേഷൻ കടകൾ നടത്തുന്നവർ പലപ്പോഴും അതിന്റെ ഉപഭോക്താക്കളെ വഞ്ചിക്കുന്നത്‌ പതിവാണ്‌. പലപ്പോഴും ഗവൺമന്റ്‌ വിതരണം ചെയ്യുന്ന അരിയും മണ്ണെണ്ണയും ഗോതമ്പുമെല്ലാം കടകളിൽ എത്തുന്നതിനു മുന്നേ മറ്റു വ്യാപാരകേന്ദ്രങ്ങൾക്ക്‌ മറിച്ച്‌ വിലപന നടത്തുന്നു. എന്നിട്ട്‌ കടയിൽ എത്തുന്ന പാവങ്ങളുടെ കണ്ണിൽ പൊടിയിടാൻ കുറച്ച്‌ സാധനങ്ങൾ മുന്നിൽ നിരത്തുകയും അത്‌ ചിലർക്ക്‌ വിതരണം ചെയ്ത്‌ പിന്നീടെത്തുന്നവരെ ' കഴിഞ്ഞു (കഴിച്ചു ) എന്ന സ്ഥിരം പല്ലവിയുമായി നിരാശയും കൊടുത്ത്‌ മടക്കി അയക്കുകയും ചെയ്യുക. പഴയപോലെ റേഷൻ സംവിധാനം ഇന്ന് വ്യാപകമായി നടക്കുന്നില്ല ഉള്ളത് കാര്യക്ഷമമാക്കുന്നതിനു പകരം നിർത്തലാക്കാനുള്ള ആലോചനകളും നടക്കുന്നു.

  ഇപ്പോൾ അത്തരം സംവിധാനം നടത്തുന്നവർക്ക്‌ ഒരു നേരം പോക്ക്‌ എന്ന നിലയിലേക്കായിരിക്കുന്നു. അധികമാരും റേഷൻ കടകളെ ആശ്രയിക്കുന്നുമില്ല. ആശ്രയിക്കുന്നവർക്ക്‌ ആശ (നിരാശ )നൽകാൻ മാത്രമേ അവർക്കും കഴിയുന്നുള്ളൂ. മാവേലിയും തൃവേണിയും വന്നെങ്കിലും അവിടെയൊക്കെ വലിയ വലിയ ക്യൂ സൃഷ്ടിക്കപ്പെടുന്നു എന്നതിലുപരി, തീരെ പ്രയോജനം ഇല്ലെന്ന് പറയാൻ കഴിയില്ലെങ്കിലും ഇന്നും ഏറെയൊന്നും മെച്ചം ഉള്ളതായി കാണുന്നില്ല. . അത്‌ പോലെ തന്നെ മുൻകാലത്തും അളവും തൂക്കവും പാലിച്ച്‌ റേഷൻ കടകൾ നടത്തി വന്നവർക്കൊന്നും വലിയ മുതലാളിമാരാവാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട്‌ (റേഷൻ കടകൾ നിർത്തിയതിനു ശേഷവും ) മനസമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതായി കാണുന്നു. എന്നാൽ ജനങ്ങളുടെ ശാപ വചനങ്ങൾ സമ്പാദിച്ച്‌ അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച്‌ പൂഴ്ത്തി വെപ്പും കരിഞ്ചന്തയും നടത്തി കാശുണ്ടാക്കിയവരിൽ പലർക്കും അതൊന്നും ഉപകരിക്കാതെ പോകുന്നതായും കാണാം.

  അപ്പോൾ ഇവിടെ തന്നെ സുഖകരമായ ഒരു അവസ്ഥയല്ല ഇത്തരം കച്ച(കപട)വടക്കാർക്കുള്ളതെങ്കിൽ നാളെ ഖിയാമ:നാളിൽ നിന്ദ്യരും നികൃഷടരുമായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമെന്ന താക്കീത്‌ എല്ലാ കച്ചവടക്കാരും ഓർത്തെങ്കിൽ.

  നല്ല സാധനങ്ങൾ നല്ല രീതിയിൽ സാധാരണയിൽ കവിയാത്ത ലാഭത്തിനു നല്ല മനസ്സോടെ കച്ചവടം ചെയ്യുന്നവർക്ക്‌ ഒരു പക്ഷെ വലിയ വലിയ രമ്യ ഹർമ്മങ്ങളും ബിസിനസ്‌ സാമ്രാജ്യങ്ങളും പടുത്തുയർത്താൻ കഴിയില്ലായിരിക്കാം .എന്നാലും മനസമാധാനത്തോടെ അവസാന കാലം ജീവിക്കാൻ ആവുമെന്ന കാര്യം ഉറപ്പാണ്‌. ഏറെ പ്രയാസങ്ങൾ അത്തരം കച്ചവടക്കാർക്ക്‌ ഉണ്ടാവുമെന്നത്‌ കൊണ്ട്‌ തന്നെയാണ്‌ സത്യവാനായ കച്ചവടക്കാരന്‌ സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടത്‌.

  ജനങ്ങളുടെ ആവശ്യങ്ങൾ തീർക്കുക എന്നത്‌ ഏറെ നല്ല കാര്യമായി എണ്ണപ്പെട്ടതാണ്‌. ഭൂമിയിൽ ആരു ജനങ്ങളുടെ ആവശ്യങ്ങൾക്ക്‌ വേണ്ടി പ്രവർത്തിക്കുന്നുവോ ആകാശത്തുള്ളവൻ അവരുടെ കാര്യങ്ങൾ നിവർത്തിക്കുമെന്ന തിരുനബി(സ)യുടെ വചനം ഇവിടെ സ്മരിക്കട്ടെ.

  മുഹമ്മദ്‌ നബി(സ)യുടെ വിശ്വസ്തത പ്രവാചകത്വ ലബ്ദിക്കു മുന്നേ തന്നെ അറേബ്യയിൽ പ്രസിദ്ധമായിരുന്നു. അവിടെയുള്ളവർ 'അൽ -അമീൻ’ അഥവാ വിശ്വസ്തൻ എന്നാണദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്‌. ആ വിശ്വസ്തതയാണു ഖദീജ ബീവി (റ)യുടെ വ്യാപരങ്ങളുടെ താക്കോൽ മുഹമ്മദ്‌ നബി(സ)യുടെ കൈകളിലെത്താൻ കാരണമാക്കിയത്‌ എന്ന് ചരിത്ര സാക്ഷ്യം. പ്രവാചകാധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തിയ പല നല്ല മാതൃകാ കച്ചവടക്കാരും ലോകത്തെമ്പാടും ഉണ്ടായിട്ടുണ്ട്‌. ഇന്നും അത്തരക്കാർ നമുക്കിടയിൽ ഉണ്ട്‌ എന്നതും ഒരു സത്യമാണ്‌.

  കേരളത്തിൽ പതി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഒരു മഹാ പണ്ഡിതനുണ്ടായിരുന്നു. അദ്ധേഹം മുന്നേ മരക്കച്ചവടം നടത്തിയിരുന്നു. മരം വാങ്ങാനെത്തുന്നവരോട്‌ മരത്തിന്റെ ഗുണങ്ങളായിരുന്നില്ല വിവരിച്ചിരുന്നത്‌ മറിച്ച്‌ ഈ മരത്തിനു ഇന്ന ഇന്ന കുറ്റങ്ങളും കുറവുകളും ഉണ്ടെന്നായിരുന്നു. ജനത്തിനു കേൾക്കേണ്ടത്‌ പക്ഷെ അതല്ലല്ലോ. ഇല്ലാത്ത ഗുണങ്ങൾ വല്ലാത്ത വാക്ചാതുരിയോടെ പറയുന്നത്‌ കേട്ടാൽ ജനം തൃപ്തരാവും പക്ഷെ അതിനു ആ സ്വാഥികനായ പണ്ഡിതൻ തയ്യാറായില്ല. കച്ചവടം എട്ടു നിലയിൽ പൊട്ടിയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ..! മറ്റു കച്ചവടക്കാരിൽ നിന്ന് തനിക്ക്‌ മാത്രമായി ലഭിക്കുന്ന വിലക്കുറവുകളും അദ്ധേഹം സ്വികരിച്ചിരുന്നില്ല. നമ്മുടെ കാര്യമോ.. എവിടെ ഓഫറുകളുണ്ടോ അവിടെ ഓടിയെത്തും .ഓഫറിനൊപ്പം ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും മറ്റും ആരും ശ്രദ്ധിയ്ക്കാറില്ല. പലപ്പോഴും ഉപഭോക്താവ്‌ ഈ ഓഫറുകളിൽ കൂടി വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. ആർക്കും പരാതിയില്ല. ഇതൊന്നുമില്ലാതെ ശരിയായ നിലക്ക്‌ കച്ചവടം ചെയ്യുന്നവർ അവഗണിക്കപ്പെടുകയും അവർ ആ തൊഴിലുപേക്ഷിക്കേണ്ട അവസ്ഥയിൽ എത്തുകയും ചെയ്യൂന്നു. ചിലർ ഇടക്ക്‌ വീണു കിട്ടുന്നവരെ പിഴിഞ്ഞ്‌ പിടിച്ച്‌ നിൽക്കുകയും ചെയ്യുന്നു.

  കുറച്ച്‌ നാളുകൾക്ക്‌ മുന്നേ ഒരു ബന്ധുവിന്റെ കൂടെ അദ്ധേഹത്തിന്റെ അയൽ വാസിയുടെ കച്ചവട സ്ഥാപനം സന്ദർശിച്ചു. അതിനു ശേഷം അദ്ധേഹം താമസിക്കുന്ന സ്ഥലത്തേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയി .ഒരു വില്ലയിലായിരുന്നു അദ്ധേഹം താമസിച്ചിരുന്നത്‌. അവിടെ താഴെ നിലയിൽ കുറെയതികം പെട്ടികൾ അടുക്കിവെച്ചിരിക്കുന്നത്‌ കണ്ടു ഞാൻ നോക്കിയപ്പോൾ ഞാൻ ചോദിക്കുന്നതിനു മുന്നേ അദ്ധേഹം വിവരിച്ചു. ആ പെട്ടിയിൽ ഒന്ന് തുറന്ന് കാണിക്കുകയും ചെയ്തു. ഇവിടെയുള്ള ചെറുകിട കടകളിൽ വിതരണത്തിനു തയ്യാറാക്കി വെച്ചിട്ടുള്ള ഒരു ഉത്പന്നമായിരുന്നു അത്‌. ആ ഉത്പന്നങ്ങൾ ഇവിടുത്തെ ഫുഡ്‌ കൺട്രോൾ നിയമമനുസരിച്ച്‌ വിറ്റഴിക്കേണ്ട സമയം കഴിഞ്ഞ ശേഷം കടകളിൽ നിന്ന് തന്നെ ശേഖരിച്ചതും. അതേ ഉത്പന്നം വേറെ ഒരു പേരിൽ വേറെ പാക്കറ്റിൽ പുതിയ ഒരു ജനനതിയ്യതിയും ഒട്ടിച്ച്‌ അത്‌ ശേഖരിക്കപ്പെട്ട കടകളിലേക്ക്‌ തന്നെ വീണ്ടും എത്തിക്കാനായി റെഡിയായിരിക്കയാണ്‌. ശരീരത്തെ നേരിട്ട് ബാധിക്കുന്ന ഒന്നായിരുന്നില്ല എങ്കിലും ഉൾകൊള്ളാനാവാത്തതായി പക്ഷെ പ്രതികരിക്കാനാവാ‍ത്ത അവസ്ഥയായിരുന്നു എന്റേത്. അധിക നാൾ കഴിയുന്നതിനു മുന്നെ അറിയാൻ കഴിഞ്ഞു. അദ്ധേഹത്തിന്റെ എല്ലാ ബിസിനസുകളും പൊളിയുകയും കുടുംബപരമായ പ്രശ്നങ്ങളിൽ അകപ്പെടുകയും ചെയ്തതായി. അത് വരെ ഉണ്ടാക്കിയതെല്ലാം വെള്ളത്തിൽ വരച്ചത് പോലെ നിഷ്ഫലം..!

ആധുനിക ലോകത്ത്‌ ബന്ധങ്ങൾ വരെ ലാഭവും നഷ്ടവും നോക്കി തീരുമാനിക്കയും ഉറപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിൽ നല്ല രീതിയിൽ നല്ല (അനുവദിക്കപ്പെട്ട) ലാഭമുണ്ടാക്കുന്ന കച്ചവടക്കാരെ കണ്ടെത്താൻ പ്രയാസം. ലാഭ നഷ്ടങ്ങളുടെ കണക്ക്‌ മാത്രമല്ല കച്ചവടം.. അത്‌ അവശ്യപൂരണമെന്ന നന്മയുടെ കൈമാറ്റം കൂടിയാണെന്ന തിരിച്ചറിവ്‌ എല്ലാ കച്ചവടക്കാർക്കും ഉണ്ടാവട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്‌.

കച്ചവടത്തെ സംബന്ധിച്ച് ഒരു പോസ്റ്റ് ഇവിടെയും വായിക്കാം.

32 Response to മൊഴിമുത്തുകൾ-36

June 22, 2009 at 11:53 AM

ലാഭ നഷ്ടങ്ങളുടെ കണക്ക്‌ മാത്രമല്ല കച്ചവടം.. അത്‌ അവശ്യപൂരണമെന്ന നന്മയുടെ കൈമാറ്റം കൂടിയാണെന്ന തിരിച്ചറിവ്‌ എല്ലാ കച്ചവടക്കാർക്കും ഉണ്ടാവട്ടെ

June 22, 2009 at 12:19 PM

ആഗോള വിപണിയുടെ വ്യാപനത്തോടും സ്വതന്ത്ര വിപണിയുടെ കടന്നു വരവോടും കൂടി കച്ചവടം എന്ന പദപ്രയോഗം തന്നെ റീഡിഫൈന്‍ ചെയ്യണ്ടിയിരിക്കുന്നു.
എന്തു ചെയ്തും ലാഭമുണ്ടാക്കണമെന്ന്‍ മാത്രമാണ് ചിന്ത. ഉണ്ടക്കുന്ന ലാഭം എവിടെ കൊണ്ടു വക്കും എന്നാരും ചിന്തിക്കുന്നില്ല.
ഏതായാലും അന്യന്റെ മുതല്‍ തട്ടാതെ ജീവിക്കുന്നവന് മനസമാധാനമെങ്കിലും ഉണ്ടാകും.

June 22, 2009 at 1:19 PM

ബഷീറിക്ക,
പോസ്റ്റ് വായിച്ചു, ഒരു വ്യത്യാസം ഫീല്‍ ചെയ്തു.
ഇതിനു മുമ്പുള്ള പോസ്റ്റുകള്‍ വ്യക്തികള്‍ക്ക് ഉപയോഗപ്രദമായിരുന്നു.അതെല്ലാം എനിക്കും ഉപയോഗപ്പെട്ടിട്ടുണ്ട്.ഈ പോസ്റ്റ് സമൂഹത്തിനു ഉപകാരമാവാം.പക്ഷേ ഒരു വ്യക്തി എന്ന നിലയില്‍ ഈ പോസ്റ്റ് എങ്ങനെ ഉപകരിക്കും?
ഓ, സമൂഹം നന്നായാല്‍ വ്യക്തികളും നന്നാവും അല്ലേ?
അതോ വ്യക്തി നന്നായാലാണൊ സമൂഹം നന്നാവുന്നത്?
എന്തായാലും കച്ചവടവും കപടവും തമ്മിലുള്ള ഈ വ്യത്യാസം സൂചിപ്പിച്ചതിനു നന്ദി
(ഒരു കച്ചവടക്കരനല്ലാത്തതിനാലാവാം എനിക്ക് ഇതെല്ലാം തോന്നിയത്)

June 22, 2009 at 1:48 PM

കച്ചവടക്കാരെല്ലാം ബ്ലേഡുകാരെപ്പോലെ സാധാരണക്കാരെ അറുത്തുകൊണ്ടിരിക്കുമ്പോള്‍ ഈ തിരുവചനങ്ങള്‍ ഓര്‍ക്കേണ്ടതും ഓര്‍മ്മപ്പെടുത്തേണ്ടതും തന്നെ. കച്ചവടത്തില്‍ ചതിയും വഞ്ചനയും കാണിച്ചവന്‍ ഒടുവില്‍ തക്കഫലം അനുഭവിക്കുമെന്നത് നാം കണ്ട് കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യം. ചെറുപ്പത്തില്‍ റേഷന്‍ വാങ്ങാന്‍ പോയിരുന്ന സമയത്തൊക്കെ റേഷന്‍ മുതലാളിമാരുടെ “ഇല്ലപ്പാട്ട്’ കുറേ കേട്ടിട്ടുണ്ട്. താരതമ്യേന നല്ലതൊക്കെ മറിച്ച്‌വിറ്റു സ്റ്റോക്ക് തീര്‍ന്നെന്ന് പറഞ്ഞ് സാധാരണക്കാരനെ കബളിപ്പിക്കുന്ന രീതി തന്നെയാണ് മിക്ക റേഷന്‍ ഷാപ്പുകളിലും. എന്തായാലും അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുകയും ഉപഭോക്താക്കളെ വഞ്ചിക്കുകയും ചെയ്യുന്നവരില്‍ മിക്കവര്‍ക്കും മരണത്തിനു മുമ്പ് തന്നെ തിക്തഫലം ലഭിക്കുന്നു.

June 22, 2009 at 3:49 PM

> അനിൽ@ബ്ലോഗ്


ആദ്യമായി അഭിപ്രായമറിയിച്ചതിൽ സന്തോഷം അറിയിക്കട്ടെ.

താങ്കൾ പറഞ്ഞപോലെ കച്ചവടം എന്ന വാക്കിനു തന്നെ വിലയില്ലാത്ത നിലയായിരിക്കുന്നു. ലാഭക്കൊതി മൂത്ത് സ്വന്തം രാജ്യം തന്നെ വെട്ടി മുറിച്ച് വിൽക്കാൻ വരെ ഭരണാധികാരികളായ കച്ചവടക്കാർ തയ്യാറായതിന്റെ പരിണിത ഫലങ്ങൾ അവിടുത്ത ജനങ്ങൾ അനുഭവിക്കുന്നു. കച്ചവട കരാറുകളിൽ കാണാ ചരടുകളിൽ കുരുങ്ങി ജീവിതം നഷ്ടമായവർ എത്ര...

എല്ലാം കൈവിട്ട കച്ചവടങ്ങളായി..അധ്വാനിക്കാതെ അന്യന്റെ മുതൽ വാരിക്കൂട്ടാൻ തിടുക്കപ്പെടുന്നവരാണധികവും. അന്യുന്റെ മുതൽ തട്ടിപ്പറിക്കാതെ ജീ‍വിക്കുന്നവന് മനസമാധാനമുണ്ടാവട്ടെ.. നന്ദി


> അരുൺ കായംകുളം


സമൂഹം എന്നത് കുറെ വ്യക്തികളുടെ കൂട്ടമല്ലേ അരുൺ. നല്ല വ്യക്തികളാണു നല്ല സമൂഹത്തിന്റെ സൃഷ്ടിപ്പിനു വേണ്ടത്. വ്യക്തികൾ നന്നായാൽ സമൂഹവും സമൂഹം നന്നായാൽ ആ നാടും നന്നായി. കച്ചവടങ്ങൾ സമൂഹത്തിനു മൊത്തത്തിൽ ഉപകരിക്കുന്നു. അത് പോലെ അത് ചെയ്യുന്നവർക്കും അതിൽ ഭാഗവാക്കാവുന്ന വ്യക്തികൾക്കും അതിന്റെ പ്രയോജനം ലഭിക്കുകയല്ലേ.. മനുഷ്യൻ ഒരു സമൂഹ ജിവിയായതിനാൽ തന്നെ സമൂഹത്തിൽ നിന്ന് ഒളിച്ചോടിയുള്ള ഒരു ജിവിതം അവനു ദുസ്സഹമായിരിക്കും.
അഭിപ്രായത്തിനു നന്ദി..സംശയങ്ങൾക്കും


> കാസിം തങ്ങൾ ,


റേഷൻ കട അനുഭവങ്ങൾ മിക്ക മലയാളികളും അനുഭവിച്ചിട്ടുണ്ടായിരിക്കും. ജനങ്ങളെ വഞ്ചിച്ചു പണമുണ്ടാക്കുന്നവരുടെ അന്ത്യ നാളുകൾ നമുക്ക് ചുറ്റിലും തന്നെ പാഠമായി കാണുന്നത് മനസ്സിലാക്കാൻ വർത്തമാന കാല കച്ചവടക്കാർക്കായെങ്കിൽ എന്ന് ആശിക്കുകയാണ്. നല്ല നിലയിൽ ഉപജീവന മാർഗമായി കച്ചവടം ചെയ്യുന്നവർ സമൂഹത്തിനും ഒരു മുതൽ കൂട്ടാണ്.

അഭിപ്രാ‍യം അറിയിച്ചതിൽ സന്തോഷം

June 22, 2009 at 4:38 PM

എല്ലാവരും എല്ലാം കച്ചവടക്കണ്ണോടെ മാത്രമല്ലേ കാണുന്നത്.എങ്ങനെയും ലാഭം ഉണ്ടാക്കണം എന്നു മാത്രമാണു ചിന്തകൾ .

OAB
June 22, 2009 at 5:29 PM

അതെ ബഷീർ, ഇന്നത്തേത് കച്ചകപടം തന്നെ. വലിയ മീൻ മുകളിൽ വച്ച് ചെറുത് തരുന്ന നിസ്സാരമെന്ന് കരുതുന്ന കാര്യം വരെ അതിൽ പെടുത്താം. അതിന് കച്ചവടക്കാരെ മാത്രം കുറ്റം പറയാൻ പറ്റില്ല. ഒന്ന് ചോദിക്കട്ടെ; നമ്മളിൽ പലരും വിവാഹ കമ്പോളത്തിൽ ആണിൻ വില പറഞ്ഞ് തർക്കിക്കും. എന്നാൽ ഒരു പലചരക്ക് കടയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവരിൽ എത്ര പേരുണ്ട് വില ചോദിച്ച് വാങ്ങുന്നവറ്? അഥവാ വില ചോദിച്ചാൽ അടുത്ത് നിൽക്കുന്നവർ തമ്മിൽ തമ്മിൽ നോക്കി നമ്മെ കളിയാക്കി ചിരിക്കുന്നത് കാണാം.
അനുബന്ധമായി പറയട്ടെ.ഞങ്ങൾക്ക് പണ്ട് നല്ല ഒരു കച്ചവട സ്ഥാപനം ഉണ്ടായിരുന്നു. കിട്ടാകടവും പറ്റിക്കാനറിയാത്ത എന്റെ ഉപ്പാന്റെ സ്വഭാവവും കാരണം അത് താനെ ഇല്ലാതായി. തൊട്ടടുത്ത് അയൽ വാസി ഉപ്പാനെ വഞ്ചിച്ച് വാങ്ങിയ സ്ഥലത്ത് ഒരു റേഷൻ കട തുടങ്ങി. കരിഞ്ചന്തയും പൂഴ്ത്തി വപ്പും നടത്തി എങ്ങനെയെല്ലാം ലാഭമുണ്ടാക്കാം എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
എതിർക്കാൻ ശേഷിയുള്ളവറ് കുറവായിരുന്നു നാട്ടിൽ.അദ്ദേഹം നല്ല പണക്കാരനായിരുന്നു.
ചുരുക്കാം; പിന്നീട് മകളും മകനും ‘പറയിപ്പിച്ചു. കഴിഞ്ഞ വറ്ഷം അദ്ദേഹം തൃശൂരിൽ ഒരു ലോഡ്ജിൽ വച്ച് ആത്മഹത്യയും ചെയ്തു. കാരണമെന്തെന്ന് ആർക്കുമറിയില്ല.
അതെ, ഉപജീവനത്തിനും വേണ്ടി നല്ല നിലയിൽ കച്ചവടം ചെയ്യുന്നവറ് സമൂഹത്തിൻ ഒരു മുതൽ കൂട്ട് തന്നെ..

June 22, 2009 at 8:06 PM

നല്ല സാധനങ്ങൾ നല്ല രീതിയിൽ സാധാരണയിൽ കവിയാത്ത ലാഭത്തിനു നല്ല മനസ്സോടെ കച്ചവടം ചെയ്യുന്നവർക്ക്‌ ഒരു പക്ഷെ വലിയ വലിയ രമ്യ ഹർമ്മങ്ങളും ബിസിനസ്‌ സാമ്രാജ്യങ്ങളും പടുത്തുയർത്താൻ കഴിയില്ലായിരിക്കാം
ഒന്നും ചെയ്യാൻ കഴിയില്ലേലും അവരാണ് യഥാർഥത്തിൽ കാ‍ര്യങ്ങൾ നടത്തുന്നത്

June 23, 2009 at 4:51 AM

സത്യസന്ധമായി കച്ചവടം നടത്തുന്നവര്‍ ഇക്കാലത്ത് ഉണ്ടാകുമോ ബഷീര്‍ക്കാ?

എന്തായാലും നല്ല പോസ്റ്റ്!

June 23, 2009 at 9:49 AM

> കാന്താരിക്കുട്ടി,


എങ്ങിനെയും ലാഭമുണ്ടാക്കണമെന്ന ചിന്ത വെടിയാൻ കഴിഞ്ഞാൽ എത്ര നന്നായിരുന്നു. പക്ഷെ...!

അഭിപ്രായമറിയിച്ചതിൽ വളരെ സന്തോഷം

> ഒ.എ.ബി,


മീൻ കച്ചവടത്തിന്റെ കാര്യം മുതൽ താങ്കളുടെ ഉപ്പാക്കുണ്ടായ അനുഭവം വരെ പങ്കുവെച്ചതിൽ വളരെ നന്ദി. അന്യനെ പറ്റിച്ചുണ്ടാക്കുന്നതൊന്നും ശാശ്വതമായി ഉപകാരപ്പെടില്ല എന്നതിന്റെ ഒരു ഉദാഹരണം. ജനങ്ങൾക്ക് പാഠമാവുന്നില്ല പക്ഷെ..

വിവാഹകമ്പോളത്തിൽ പുരുഷൻ വില പേശുമ്പോൾ അവൻ വിൽക്കപ്പെടുകയാണല്ലോ. വലിയ വില കൊടുത്ത് വിഷം വാങ്ങുന്ന പെൺ വീട്ടുകാർ നിസഹായർ..

വിശദമായ അഭിപ്രായത്തിനു വളരെ നന്ദി


> അനൂപ് കോതനെല്ലൂർ,


തീർച്ചയായും , അത്തരക്കാരാണ് പൊതു സമൂഹത്തിനു ഗുണം ചെയ്യുന്നവർ..

അഭിപ്രായമറിയിച്ചതിൽ സന്തോഷം


> ശ്രീ


ഉണ്ടെന്ന് തന്നെ കരുതാം. പക്ഷെ അവർ നിശബ്ദ സേവനം നടത്തുന്നവരായതിനാൽ പ്രൊജക്റ്റ് ചെയ്യപ്പെടാറില്ല എന്ന് മാത്രം.

പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം


അഭിപ്രായം അറിയിച്ചവർക്കെല്ലാം നന്ദി.
എല്ലാം ലാഭക്കണ്ണോടു കൂടി മാത്രം കാണാതെ കച്ചവടം തന്റെ ജീവിതമാർഗമായി കാണുന്നവർക്ക് സർവ്വ ശക്തൻ തുണയായിരിക്കുമെന്നതിൽ സംശയമില്ല. അന്യനെ പറ്റിച്ച് വരുമാനമുണ്ടാക്കുന്നവർക്ക് ഒ.എ.ബി വിവരിച്ച അനുഭവ കഥയ്ക്ക് സമാനമായ നിന്ദ്യമായ പ്രതിഫലാമായിരിക്കും നാളെ ലഭിക്കുക എന്നതിലും സംശയം വേണ്ട..

നന്ദി

June 23, 2009 at 4:06 PM

നല്ല പോസ്റ്റ്.

June 23, 2009 at 4:13 PM

നെഞ്ചില്‍ ഏറ്റെണ്ട മറ്റൊരു മൊഴിമുത്ത്. ആശംസകള്‍.

June 23, 2009 at 8:52 PM

ഇതൊന്നും ആരും ഒരുനാളും മനസ്സിലാക്കില്ല.....

June 23, 2009 at 11:12 PM

യ്യീ ആളൊരു പുലിയാണു..കേട്ടാ...

June 24, 2009 at 1:24 PM

> വശംവദൻ


വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി

> വാഴക്കോടൻ

നബി(സ)യുടെ മൊഴികൾ നെഞ്ചിലേറ്റാനും പ്രവൃത്തി പഥത്തിൽ കൊണ്ടു വരാനും നമുക്കെല്ലാം കഴിയട്ടെ. നന്ദി

> ശിവ

വ്യക്തമായി മനസ്സിലാക്കിയവരും താത്കാലിക ലാഭത്തിനു വേണ്ടിയും പെട്ടെന്ന് പണക്കാരനാവാനും വളഞ്ഞ വഴികൾ സ്വീകരിക്കുന്നതാണ് കാണുന്നത്. വളരെ പ്രയാസകരമായിരിക്കും നന്മയുടെ വഴിയെ ചരിക്കാൻ.. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി

> bilatthipattanam

പുലി കേൾക്കണ്ട :)

June 24, 2009 at 6:45 PM

അവസാന ഭാഗത്ത്‌ പറഞ്ഞ അനുഭവം എല്ലാവര്‍ക്കും ഒരു പാഠമാവട്ടെ

June 25, 2009 at 12:06 PM

കാപട്യങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് നല്ല കച്ചവടക്കാര്‍ പോയിട്ട് നല്ല മനുഷ്യര്‍ തന്നെ അപൂര്‍വ്വം.
നല്ലവരായി ജീവിക്കാന്‍ എല്ലാവരെയും ദൈവം സഹായിക്കട്ടെ.

നന്ദി ഇങ്ങനെ ഒരു പോസ്റ്റിനു

June 26, 2009 at 8:04 PM

> അരീ‍ക്കോടൻ

വളഞ്ഞ വഴികളിലൂടെ നേടുന്നതൊന്നും കൂടുതൽ നില നിൽക്കില്ല. എത്രയോ അനുഭവങ്ങൾ അങ്ങിനെ.. പക്ഷെ ആരു അതൊക്കെ ശ്രദ്ധിയ്ക്കുന്നു. മാഷിന്റെ വായനയ്ക്കും അഭിപ്രായത്തിനു നന്ദി

> തെച്ചിക്കോടൻ

അതെ, പ്രാർത്ഥനയും പ്രത്യാശയും കൈവിടാതിരിക്കാം
അഭിപ്രായമറിയിച്ചതിൽ വളരെ നന്ദി

June 27, 2009 at 1:50 PM

നല്ലവരായി ജീവിക്കാന്‍ എല്ലാവരെയും ദൈവം സഹായിക്കട്ടെ.

നന്ദി ഇങ്ങനെ ഒരു പോസ്റ്റിനു...

June 27, 2009 at 4:16 PM

അപ്പോള്‍ ബൂലോഗത്ത്‌ ഇങ്ങിനെയുള്ള നല്ല നല്ല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലേ..
ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ തോന്നിയത്

അത്രയ്ക്ക് മുഴുവനായും "ക്കഥ" പതിച്ചിട്ടില്ല ബൂലോഗം
anyway tracking >>

June 28, 2009 at 10:05 AM

> Shaf ,


വായനയ്ക്കും കമന്റിനും നന്ദി. പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കട്ടെ.

> ഫൈസൽ കൊണ്ടോട്ടി

വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദി
തുടർന്നും അഭിപ്രാ‍യങ്ങളും നിർദ്ദേശങ്ങളും ഉണ്ടാവുമല്ലോ..

June 28, 2009 at 4:15 PM

കമ്പോളവല്‍ക്കരണം മനുഷ്യനെ നീചനും അധമനും അത്യാഗ്രഹിയുമാക്കികൊന്‍ടിരിക്കുന്ന ഇക്കാലത്ത് ലാഭത്തിനപ്പുറത്ത് ധാര്‍മ്മികതക്കും മൂല്യങ്ങള്‍ക്കുമൊക്കെ സ്ഥാനമെവിടെ.

ചതിക്കും വഞ്ചനക്കും കാപട്യത്തിനുമാണിവിടെ മുന്തൂക്കം ലഭിക്കുന്നത്. ആരെങ്കിലും നല്ല രീതിയില്‍ ചിന്തിച്ചാല്‍ തന്നെ .. കച്ചവമടമാവുമ്പോള്‍ അല്ലറ ചില്ലറ തട്ടിപ്പും വെട്ടിപ്പും ഒന്നും ഇല്ലാതെ മുന്നോട്ട് പോവില്ലെടെ എന്നൊരു കമന്റ് കിട്ടും. സാധാരണക്കാരുടെ വരെ പൊതുബോധം ഇന്ന് ഇത്തരത്തിലാണുള്ളത്.

ബഷീര്‍ സാബ് വളരെ നന്ദി .. കാലിക പ്രസക്തമായ ഒരു മൊഴിത്ത് ഇട്ടതിന്..

കൂട്ടത്തില്‍ ഒരനു ബന്ധമായി ഈ ഖുര്‍ ആന്‍ സൂക്തം കൂടി ചേര്‍ത്തോട്ടെ.

“അളവില്‍ കുറക്കുന്നവര്‍ക്ക്‌ മഹാനാശം,
അതായത്‌ ജനങ്ങളോട്‌ അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും. ജനങ്ങള്‍ക്ക്‌ അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌.
അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌?
ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌" (വി:ഖു 83:1-5)

June 28, 2009 at 7:29 PM

very good article.

May Allah wages to your effort...

June 28, 2009 at 7:48 PM

നന്നായിട്ടുണ്ട് താങ്കളുടെ ഈ ലേഖനം.

June 29, 2009 at 11:22 AM

> ചിന്തകൻ

>> കച്ചവമടമാവുമ്പോള്‍ അല്ലറ ചില്ലറ തട്ടിപ്പും വെട്ടിപ്പും ഒന്നും ഇല്ലാതെ മുന്നോട്ട് പോവില്ലെടെ <<

ശരിയാണു പറഞ്ഞത്.. എല്ലാ മേഖലകളിലും ഇത് തന്നെ സ്ഥിതി. വിശുദ്ധ ഖുർ ആനിൽ ഇതേ ആശയം വിവരിക്കുന്ന അനേകം സൂക്തങ്ങളുണ്ട്. താങ്കൾ സൂചിപ്പിച്ചതടക്കം. ഈ കൂട്ടിച്ചേർക്കലിനു പ്രത്യേകം നന്ദി.

വഴികാട്ടിയൂടെ ഈ പോസ്റ്റിൽ കൂടുതൽ വിവരിച്ചിരിക്കുന്നത് കാണാം

> ചെറിയപാലം

വളരെ നന്ദി. നല്ല വാക്കുകൾക്കും പ്രാർത്ഥനകൾക്കും

> പി.സി.പ്രദീപ്

വളരെ നന്ദി.വായനയ്ക്കും നല്ല വാക്കുകൾക്കും

June 30, 2009 at 12:32 AM

Manoharm Basheer.... Ashamsakal...!!!

(Basheere, iyal jeevikkan sammadikkille, Njan oru Business thudangi Kurachu kolla labham undakkanamennu karuthiyirikkukayayirunnu... Nashippichille... )

June 30, 2009 at 12:27 PM

> സുരേഷ്

നല്ല വാക്കുകൾക് നന്ദി ..പ്രോത്സാഹനത്തിനും.

( മിൽമക്കഥ എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ :)

July 1, 2009 at 7:25 AM

:)

July 2, 2009 at 1:06 PM

കച്ചവടം,കച്ചവടം.. എല്ലാം കച്ചവടമല്ലെ ഇന്നു...?!. അളവു തൂക്കങ്ങളില്ലാത്ത മേഖലകളിലും കച്ചവടം പൊടി പാറുന്നു. വിദ്യാഭ്യാസം, സംസ്കാരം,കല ഇവയെല്ലം ഇന്നു കച്ചവടക്കാരുടെ കയ്യിലാണ്. എങ്ങനെയാണ് , എന്നാണ് ഇതൊക്കെ നേരെയാവുക..?.ഒരൊറ്റ മാര്‍ഗ്ഗമേയുള്ളു. ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞപോലെ എല്ലാവര്‍ക്കും വരട്ടു ചൊറി വരിക.എല്ലാ മനുഷ്യരും അങ്ങനെ മാന്തിമാന്തിക്കൊണ്ടേയിരിക്കട്ടെ. പിന്നെ കഴുത്തറുക്കാന്‍ നേര‍മുണ്ടാവുകയില്ലല്ലൊ.

July 4, 2009 at 10:02 PM

നല്ല പോസ്റ്റ്. അന്യന്റെ പോക്കറ്റിലെ പണം സ്വന്തം പോക്കറ്റിലേക്ക് ആക്കുവാനുള്ള തത്രപാടാണ് ജീവിതം എന്ന ഫിലോസഫി, കച്ചവടകാർക്കാണ് കൂടുതൽ യോജിക്കുക എന്നു തോന്നുന്നു...

July 5, 2009 at 12:39 PM

> തറവാടി,

വന്നതിലും വായിച്ചതിലും സന്തോഷം :)

> ഖാദർ പട്ടേപ്പാടം

സുൽത്താന്റെ വാക്കുകൾക്ക് വിശാലമായ അർത്ഥമാണുള്ളത്. ലോകത്ത് കുഴപ്പമുണ്ടാക്കുന്നവർക്കെല്ലാം വരട്ട് ചൊറി വന്ന് മാന്തിക്കൊണ്ടിരിക്കട്ടെ. :)
വായനയ്ക്കും അഭിപ്രായത്തിനും നന്ദി

> താരകൻ

കച്ചവടക്കാർ മാത്രമല്ല മിക്കവരുടെയും ചിന്ത അങ്ങിനെതന്നെയായിരിക്കുന്നു. അധ്വാനിക്കതെ പണമുണ്ടാക്കുക. അതും പെട്ടെന്ന് വേണം താനും :(

താങ്കൾക്ക് സ്വഗതം. അഭിപ്രായമറിയിച്ചതിൽ വളരെ സന്തോഷം

July 27, 2009 at 2:36 PM

പ്രിയരെ, കൃഷിയുടെ /കർഷകന്റെ പ്രാധാന്യത്തെപറ്റി തിരുനബിയുടെ മൊഴിമുത്തിന്റെ വെളിച്ചത്തിൽ ഒരു ചിന്ത . ഇവിടെ