മൊഴിമുത്തുകൾ -37

കൃഷിയുടെ പ്രാധാന്യം

മൊഴിമുത്ത്‌ :

  • 'വൃക്ഷം നട്ടുപിടിപ്പിച്ചവൻ ആരോ അവന്റെ ആ (നട്ടുപിടിപ്പിക്കപ്പെട്ട) വൃക്ഷത്തിൽ നിന്ന് മനുഷ്യനും അല്ലാഹുവിന്റെ സൃഷ്ടികളിൽ മറ്റു വല്ലവയും ഭക്ഷിക്കുന്നത്‌ അവനൊരു ധർമ്മം മാത്രമായിരിക്കും' (അബൂ ഹുറൈറ (റ) വിൽ നിന്ന് ഇമാം അഹമദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ് )

  • വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക്‌ ആ നട്ടുണ്ടാക്കിയതിൽ നിന്നുണ്ടാകുന്ന അനുഭവത്തിന്റെ പരിമാണം കണക്കിൽ അല്ലാഹു പ്രതിഫലം നൽകുക തന്നെ ചെയ്യും’. ( അബീ അയ്യൂബ്‌ (റ) വിൽ നിന്ന് ഇമാം അഹമ്മദ്‌ (റ) നിവേദനം ചെയ്ത ഹദീസ്‌)
വിവരണം:

കൃഷിക്കാർ നട്ടുപിടിപ്പിച്ചുണ്ടാക്കുന്നവ ആ കൃഷിക്കാരനോ അല്ലെങ്കിൽ മറ്റ്‌ ആർക്കെങ്കിലുമോ ഫലം ചെയ്യുമെന്നും അത്‌ ആ കൃഷിക്കാരന്‌ ഒരു ധർമ്മം ചെയ്തതിന്റെ തുല്യാമായി പരിഗണിക്കുമെന്നും ആദ്യ ഹദീസ്‌ വ്യക്തമാക്കുന്നു. മനുഷ്യനെന്നല്ല മറ്റ്‌ ഏത്‌ ജീവികളോ ആവട്ടെ ആ നട്ടു പിടിപ്പിക്കപ്പെട്ടതിന്റെ ഫലം ഉപയോഗിക്കുന്നതും കൃഷിക്കാരന്‌ നന്മയായി ഭവിക്കുമെന്നും അതിനാൽ കൃഷിചെയ്യുന്ന കൃഷിക്കാരൻ വിജയികളുടെ കൂട്ടത്തിലാവുകയും ചെയ്യുമെന്ന് പ്രത്യുത ഹദീസ്‌ വ്യക്തമാക്കുന്നു.

രണ്ടാമത്‌ ഹദീസിൽ കുറച്ച്‌ കൂടി വിശാലമായ അർത്ഥത്തിൽ 'വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക്‌ ' എന്നതിലൂടെ ഏതൊരു മനുഷ്യനും (അവന്റെ വിശ്വസമോ മതമോ വിത്യാസമില്ലാതെ ) ഗുണം /അനുഗ്രഹം , അഥവാ ഒരു ഫലവൃക്ഷം നട്ടുപിടിപ്പിക്കുന്നതിലൂടെ ലഭിക്കുമെന്ന് മനസ്സിലാക്കാം

കുറിപ്പ്‌ :


ഏത്‌ തരം കൃഷിയായാലും അത്‌ തനിക്കും, അല്ലെങ്കിൽ പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തിനും ഭൂമിക്ക്‌ തന്നെയും നന്മ വിതക്കുന്നതായ ഒരു ധർമ്മമാണെന്ന് പ്രവാചകർ നമ്മെ പഠിപ്പിക്കുന്നു. എന്ന് മാത്രമല്ല അങ്ങിനെ സമൂഹത്തിനും ഭൂമിക്കും നന്മ ചെയ്യുന്നവർക്ക്‌ നാളെ ജഗന്നിയന്താവായ അല്ലാഹുവിൽ നിന്നുള്ള അർഹമായ പ്രതിഫലം വാഗ്ദത്തം ചെയ്യുകയും ചെയ്യുന്നു. കാർഷിക വൃത്തിയിലേർപ്പെടുന്ന കർഷകന്റെ മഹത്വമാണിതിലൂടെ വെളിവാക്കപ്പെടുന്നത്‌. വലിയ തോതിലുള്ള കൃഷി ചെയ്യുന്നവർക്ക്‌ മാത്രമല്ല. കേവലം ഒരു വൃക്ഷമോ മറ്റോ വെച്ച്‌ പിടിക്കുന്നവർക്കും ആ മരത്തിൽ നിന്ന് ഉണ്ടാകുന്ന ഫലങ്ങൾക്കനുസരിച്ച്‌ അത്‌ ഉപയോഗിക്കുന്ന മനുഷ്യർക്കും മറ്റ്‌ ജീവ ജാലങ്ങൾക്കും ഉപയോഗപ്പെടുന്നതനുസരിച്ച്‌ അതിനു കാരണക്കാരനായ ആ മനുഷ്യന്‌ പ്രതിഫലം നൽകപ്പെടും അത്‌ ജാതി-മത വിത്യാസമില്ലാതെ മനുഷ്യൻ എന്ന ഒരൊറ്റ പരിഗണന വെച്ചാണീ ഹദീസിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്‌ എന്നത്‌ പ്രത്യേകം നാം വിചിന്തനം ചെയ്യേണ്ടതുണ്ട്.

ലോകത്തിന്റെ സംതുലിതാവസ്ഥ നില നിർത്തുന്നതിൽ മാമലകൾക്കും കാടുകൾക്കും എന്ന പോലെ വയലേലകൾക്കും ഫലങ്ങൾ തിങ്ങി നിറഞ്ഞ്‌ കണ്ണിനും കരളിനും കുളിരു പകർന്നിരുന്ന മറ്റ്‌ വിളകൾക്കും ഉണ്ടെന്ന സത്യം നമുക്ക്‌ അറിയാമെങ്കിലും നാടോടുമ്പോൾ നടുവേ അല്ല മുന്നേ തന്നെ ഓടണമെന്ന അധികാര വർഗത്തിന്റെയും അവർക്കൊത്ത പ്രജകളുടെയും ആർത്തിയും, ആഗോളവത്കരണത്തിന്റെയും കമ്പോളവവത്കരണത്തിന്റെയും വഴികളിലൂടെ നമ്മെ ഗ്രസിച്ചിരിക്കുന്ന ബോഗസംസ്കാരവും, നമ്മുടെ പെറ്റമ്മയെ മറന്നുള്ള കൈവിട്ട കളികളിലേർപ്പെട്ടതിന്റെ ഫലമായി നമ്മുടെയൊക്കെ മനസ്സു പോലെ തന്നെ മണ്ണും മരവിച്ച അവസ്ഥയിലായിരിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്ന് അണുകുടുംബങ്ങളിലേക്കുള്ള കൂടുമാറ്റത്തിലൂടെ ഭൂമി തുണ്ടു തുണ്ടായി വെട്ടിമുറിക്കപ്പെട്ടപ്പോൾ വേരറുത്ത്‌ മാറ്റപ്പെട്ടത്‌ നമ്മെ ഊട്ടിയിരുന്ന ഫലം കായ്ക്കുന്ന വരിക്ക പ്ലാവും മൂവാണ്ടൻ മാവും ,പയറും കൂർക്കയും ,കപ്പയും ,വാഴയും, ചേമ്പും വിളഞ്ഞിരുന്ന തറവാടിന്റെ പിന്നാമ്പുറങ്ങളും കൂടിയായിരുന്നു.

അമ്മിയിൽ വെച്ച്‌ അമ്മ സ്നേഹം കൂട്ടി അരച്ച്‌ തന്നിരുന്ന ചമ്മന്തി വരെ നമുക്ക്‌ പ്ലാസ്റ്റിക്‌ പാക്കറ്റുകളിൽ ലഭ്യമായതിലൂടെ, ആ പ്ലാസ്സ്റ്റിക്‌ കൂമ്പാരങ്ങൾ നാം നമ്മുടെ പെറ്റമ്മയുടെ വയറിലേക്ക്‌ കുത്തിനിറച്ച്‌ അവൾക്ക്‌ ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിലാക്കി. ശ്വസം മുട്ടി മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയ്ക്ക്‌ കവി *ചരമ ഗീതം രചിച്ചു. നമ്മളത്‌ ഈണത്തിൽ പാടി. കവിയെ വാഴ്ത്തി. പക്ഷെ ഹൃദയത്തിൽ ഏറ്റ്‌ വാങ്ങിയില്ലെന്ന് മാത്രം.

നമ്മുടെ നാട്ടിൽ നമ്മൾ ഉത്പാദിപ്പിച്ച്‌ കൊണ്ടിരുന്നത്‌ നിർത്തി, കർഷകരെ സഹായിക്കേണ്ടവർ അവരെ ചൂഷണം ചെയ്ത്‌ തടിച്ച്‌ കൊഴുത്തു, വയലേലകൾ മണ്ണിട്ട്‌ നികത്തി , കോൺക്രീറ്റ്‌ കാടുകൾ തിർത്തു. അവിടെ അയൽ നാടുകളിൽ നിന്ന് പ്ലാസ്റ്റിക്‌ കവറുകളിൽ വിഷം നിറച്ചത്‌ വലിയ തുക കൊടുത്ത്‌ വരുത്തി ദുരഭിമാനം കൊണ്ടു. ദുരന്തം അടുത്ത തലമുറ അനുഭവിക്കാനുള്ളതാണെന്ന് കണക്ക്‌ കൂട്ടിയവർക്ക്‌ തെറ്റു പറ്റിയിരിക്കുന്നു. മനുഷ്യൻ അവന്റെ കരങ്ങളാൽ പ്രവൃത്തിച്ചതിന്റെ ഫലം തേടിയെത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴും കാരണങ്ങളിലേക്ക്‌ ചിന്ത തിരിക്കാതെ പരസ്പരം പഴിചാരി രക്ഷപ്പെടാൻ വിഫലശ്രമം നടത്തുന്നു നാം.

പലവിധ കരാറുകൾ തീർത്ത കാണാചരടിൽ നമ്മുടെ ഉത്പന്നങ്ങൾക്ക്‌ നമുക്ക്‌ അവകാശമില്ലാത്ത അവസ്ഥ. എന്നിട്ടും നാം കരാറുകളുമായി മുന്നോട്ട്‌ തന്നെ. ഇപ്പോൾ ആസിയാൻ കരാർ വഴി സാധാരണക്കാരന്റെ മത്തിയും അയിലയും വരെ പ്ലാസ്റ്റിക്‌ പാക്കുകളിൽ നാളെ വാങ്ങേണ്ടി വരുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഈ കരാർ വഴി ഉത്പന്നങ്ങൾക്കുള്ള ഇറക്ക്‌ മതി തീരുവ ഇല്ലാതാവുന്നതോടെ മുഖ്യമായും നമ്മുടെ കേരളത്തിന്റെ ഒടിഞ്ഞ കാർഷികവൃത്തിയുടെ നട്ടെല്ല് പൊട്ടാൻ പോവുകയാണ്‌. റബ്ബർ,കുരുമുളക്‌, തേയില തുടങ്ങി അനവധി കാർഷികോത്പന്നങ്ങളും അതുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നവരുടെ ജീവിതം വഴിയാധാരമാവുകയും ചെയ്യും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ഈ കരാർ കാര്യമായി ബാധിക്കുകയില്ലെന്നതിനാൽ എതിർപ്പുകൾക്ക്‌ ശക്തി ഉണ്ടാവാൻ വഴിയില്ല. വരാനിരിക്കുന്ന നാളുകൾ വീണ്ടും ആത്മഹത്യകളുടേതാവാതിരിക്കട്ടെ. അതിനു രാഷ്ടീയം മറന്ന് നമ്മുടെ രാജ്യത്തിന്റെ പൊതു നന്മയ്ക്കായി ഇച്ഛാ ശക്തിയോടെ പ്രതികരിക്കുന്ന സമൂഹമാണാവശ്യം.

ദൈവത്തിന്റെ സ്വന്തം നാട്‌ അഭിമാനത്തോടെ കുറച്ച്‌ അഹങ്കാരത്തോടെയും നമ്മൾ എവിടെയു പറഞ്ഞുവരുന്ന കേരളത്തിന്റെ ഭൂപ്രകൃതി തികച്ചും കൃഷിയും അനുബന്ധ ഉത്പന്നങ്ങളും വിളയിച്ചെടുക്കാൻ ഏറെ അനുകൂലമായ പ്രദേശമായാണ്‌ കണക്കാക്കുന്നത്‌. ഏറ്റവും ചുരുങ്ങിയത്‌ നമ്മുടെ വീട്ടിലേക്കാവശ്യമായ പച്ചക്കറികളെങ്കിലും ഗ്രാമങ്ങളിൽ മിക്ക വീട്ടു വളപ്പിലും മുമ്പുണ്ടായിരുന്നു. ഞാൻ ഓർക്കുകയാണ്‌ എന്റ്‌ വീട്ടു വളപ്പിൽ വിളഞ്ഞ്‌ നിന്നിരുന്ന കപ്പയും ,കൂർക്കയും, മധുരക്കിഴങ്ങും, ചേമ്പും , ചേനയും, പയറും, രാഗിയും , വെണ്ടയും, തക്കാളിയും എന്തിനേറേ തണ്ണിമത്തൻ വരെ .. എന്റെ ഉമ്മയായിരുന്നു അതിനോക്കെ മേൽ നോട്ടം വഹിച്ചിരുന്നത്‌. ,പാടത്ത്‌ നിന്ന് കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കഴിഞ്ഞ്‌ ആദ്യത്തെ നെല്ല് കുത്തി വെച്ച നല്ല തവളക്കണ്ണൻ /കട്ടമോടൻ അരികൊണ്ടുള്ള ചോറിനൊപ്പം, അന്ന് തൊടിയിൽ നിന്ന് പൊട്ടിച്ചെടുത്ത പയർ പൊട്ടിച്ച്‌ ഉപ്പേരിയും കൂട്ടി കഴിക്കുമ്പോഴുണ്ടായിരുന്ന സ്വാദ്‌ ഇനി തിരിച്ച്‌ കിട്ടാനാവാത്ത വിധം തൊടികളും വയലുകളും മാറി..അല്ല നമ്മൾ മാറ്റി.

ഇന്ന് എല്ലാവർക്കും തിരക്കായി. വീടിന്റെ പിന്നമ്പുറത്ത്‌ ഒരു വേപ്പില തൈയ്യോ പച്ചമുളക്‌ തൈയ്യോ കുഴിച്ചിടാൻ പോലും നമുക്ക്‌ താത്പര്യമില്ല അല്ലെങ്കിൽ സമയമില്ല. ലോകം വിരൽ തുമ്പിലായപ്പോൾ വിരലുകൾ ചെയ്യുന്ന പണി സ്പൂൺ ചെയ്ത്‌ കൊണ്ടിരിക്കുന്നു. കൈകളും കാലുകളും മണ്ണിൽ തൊടാൻ നമ്മുടെ കുട്ടികളെയും നാം സമ്മതിക്കുന്നില്ല. നമുക്കറിയാം മണ്ണ് മുഴുവൻ വിഷമാണെന്ന് .നമ്മൾ തന്നെ നിറച്ച വിഷം !

വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക്‌ ആ നട്ടതിൽ നിന്നുണ്ടാകുന്ന അനുഭവത്തിന്റെ തോതനുസരിച്ച്‌ അല്ലാഹു പ്രതിഫലം നൽകുമെന്ന തിരുനബി(സ) യുടെ പ്രഖ്യാപനം കൊണ്ട്‌ നമുക്കാർക്കെങ്കിലും പ്രയോജനമുണ്ടവാൻ നാം എന്ത്‌ നട്ട്‌ പിടിപ്പിച്ചിട്ടുണ്ട്‌ .വെട്ടിമാറ്റുകയല്ലാതെ ! അതിനൊരു മാറ്റം വരേണ്ടതുണ്ട്‌. മത സാംസ്കാരിക രാഷ്ടീയ സംഘടനകൾ വിഴുപ്പലക്കലിനു ചിലവാക്കുന്നതിന്റെ നൂറിലൊരംശം സമയവും ഊർജ്ജവും നമ്മുടെ നാടിന്റെ പച്ചപ്പ്‌ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കായി നീക്കിവെച്ചിരുന്നെങ്കിൽ. ചില നുറുങ്ങു വെട്ടങ്ങൾ ചില കോണുകളിൽ പ്രകാശിക്കുന്നത്‌ കാണാതിരിക്കുന്നില്ല. പക്ഷെ ഏറെ പുറകിലേക്ക്‌ പോയിരിക്കുന്നു നാം . ഓടി മുന്നിലേക്കെത്താനുള്ള ശ്രമം നടത്തുന്നതിനു പകരം കാരാഗൃഹങ്ങൾ തീർക്കാൻ മാത്രം ഉതകുന്ന കരാറുകളുമായി പിറകിലേക്ക്‌ വീണ്ടും നടക്കാനുള്ള തയ്യാറെടുപ്പിൽ ഭരണകൂടങ്ങൾ .. എങ്കിലും നമ്മളാൽ കഴിയുന്ന ശ്രമങ്ങൾ നടത്തേണ്ടതുണ്ട്‌. അല്ലെങ്കിൽ വരും തല മുറ നമ്മെ ശപിക്കുക തന്നെ ചെയ്യും. തീർച്ച

* ഭൂമിയ്ക്ക് ഒരു ചരമഗീതം

30 Response to മൊഴിമുത്തുകൾ -37

July 27, 2009 at 2:30 PM

കർഷകന്റെയും കാർഷിക വിളകളുടെയും വീണ്ടേടുപ്പിനുള്ള ശ്രമങ്ങൾക്ക് പകരം ഉള്ളതിന്റെ നട്ടെല്ലൊടിക്കുന്ന കരാറുകളുമായി ഭരണകൂടം നീങ്ങുന്ന നാളിൽ കൃഷിയുടെ പ്രാധാന്യത്തെ പറ്റി കർഷകന്റെ മഹത്വത്തെ പറ്റി തിരുനബി(സ)യുടെ മൊഴിമുത്തിലൂടെ

July 27, 2009 at 2:54 PM

"അമ്മിയിൽ വെച്ച്‌ അമ്മ സ്നേഹം കൂട്ടി അരച്ച്‌ തന്നിരുന്ന ചമ്മന്തി വരെ നമുക്ക്‌ പ്ലാസ്റ്റിക്‌ പാക്കറ്റുകളിൽ ലഭ്യമായതിലൂടെ, ആ പ്ലാസ്സ്റ്റിക്‌ കൂമ്പാരങ്ങൾ നാം നമ്മുടെ പെറ്റമ്മയുടെ വയറിലേക്ക്‌ കുത്തിനിറച്ച്‌ അവൾക്ക്‌ ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിലാക്കി. ശ്വസം മുട്ടി മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയ്ക്ക്‌ കവി *ചരമ ഗീതം രചിച്ചു. നമ്മളത്‌ ഈണത്തിൽ പാടി. കവിയെ വാഴ്ത്തി. പക്ഷെ ഹൃദയത്തിൽ ഏറ്റ്‌ വാങ്ങിയില്ലെന്ന് മാത്രം."

വളരെ ശരിയാണ് ബഷീര്‍ക്കാ. നമ്മുടെ ഭൂമിയെ ഹരിതാഭമായി നിലനിര്‍ത്താന്‍ നമ്മള്‍ തന്നെ മുന്‍‌കൈ എടുക്കേണ്ടിയിരിയ്ക്കുന്നു.

July 27, 2009 at 3:28 PM

ഇക്ക ഒരിക്കല്‍ കൂടി നല്ലതു പറഞ്ഞു തന്നു.ഇതില്‍ ഇന്നു മനസിലായ ഒരു പുതിയ കാര്യം എന്തെന്നാല്, കൃഷി ഒരു ധര്‍മ്മമായി കരുതും എന്ന സത്യം.
ശരിക്കും ഒരു പുതിയ അറിവായിരുന്നു.

July 27, 2009 at 4:37 PM

110 കോടിയോളം വരുന്ന ജനങ്ങളില്‍ 45 ലക്ഷം പേര്‍ക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്ന ആസിയാന്‍ കരാര്‍ നല്ലതാണെന്നാണ് ഇന്നു റേഡിയോ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്.
കാലം ഒരുപാട് മാറിപ്പോയി.
മഹാനായ പ്രവാചകന്റെ മൊഴിമുത്തിലൂടെ കര്‍ഷകന്റെ മഹത്വം അറിയാന്‍ സാധിച്ചതില്‍ പെരുത്ത സന്തോഷം.
റഫീക്ക്

July 27, 2009 at 4:40 PM

മണ്ണില്‍ നിന്ന് പൊന്ന് വിളയിച്ചിരുന്ന ഒരു സുവര്‍ണ്ണ കാലം മലയാളിക്കുണ്ടായിരുന്നു. പക്ഷേ ഇന്ന് ബഷീര്‍ക്ക പറഞ്ഞത് പോലെ ചെറിയ ഒരു വേപ്പിന്‍ തൈയ്യോ മുളകിന്‍ തൈയ്യോ വെച്ച് പിടിപ്പിക്കാന്‍ പോലും നമുക്ക് നേരമില്ല. കൃഷിയുടെ ചെറിയ ചെറിയ രൂപങ്ങളായിരുന്ന അടുക്കളത്തോട്ടങ്ങള്‍ വരെ നാടുനീങ്ങിയതോടെ കൃഷിയെന്ന പദം തന്നെ അന്യമായിത്തുടങ്ങിയിരിക്കുന്നു. ഇത്തരുണത്തില്‍ കൃഷിയുടെ മഹത്വം ഉദ്ഘോഷിക്കുന്ന തിരുവചനങ്ങള്‍ ഇവിടെ പകര്‍ത്തിയത് പ്രശംസനീയം തന്നെ.

ഓ.ടോ. നാട്ടില്‍ നിന്ന് മടങ്ങിയെത്തിയിട്ട് ഒരാഴ്ചയായി. വിശദമായി ഫോണില്‍ ബന്ധപ്പെടാം.

July 27, 2009 at 4:43 PM

സുഹ്റ് ത്തേ, വളരെ നല്ല പോസ്റ്റ്. മഹാ ഭൂരിപക്ഷത്ത്ന്റേയും അഭിപ്രായം തന്നെയാണ് താങ്കള്‍ പറയുന്നത്. പക്ഷെ ഭൂരിപക്ഷത്തിന്റെ ശബ്ദം ഒരു ചെറു ന്യൂനപക്ഷത്തിന്റെ മഹാ പെരുമ്പറയില്‍ മുങ്ങിപ്പോവുകയാണ്.ഭൂരിപക്ഷം അവന്റെ ശബ്ദം തിരിച്ചു പിടിക്കുന്നതു വരെ ഈ ദുരവസ്ഥ തുടരും.

July 27, 2009 at 7:42 PM

നല്ല പോസ്റ്റ്.

July 28, 2009 at 9:13 AM

ബഷീര്‍ സാബ്
കൃഷിയുടെ പ്രാധന്യം എടുത്ത് കാട്ടുന്ന - ഈ മൊഴിമുത്തുകള്‍ക്ക് നന്ദി.

July 28, 2009 at 10:42 AM

> ശ്രീ

ആദ്യമായി താങ്കളുടെ ഐക്യപ്പെടലിനും അഭിപ്രായത്തിനും വളരെ നന്ദി.

ശ്രീയുടെ വീട്ടുവളപ്പിലെ കാ‍ഴ്ചകൾ ഒരിക്കൽ പോസ്റ്റ് ചെയ്തിരുന്നുവല്ലോ. അത്തരം വിശാലമാ‍യ സുന്ദരമായ കണ്ണിനാനന്ദം തരുന്ന ഭൂമിയെ തളിർപ്പിക്കുന്ന കാഴ്ചകൾ ഗ്രാമങ്ങളിൽ നിന്നു പോലും അന്യമാവുകയല്ലേ. കാ‍ലത്തിനൊത്ത് പലപ്പോഴും ഇഷ്ടമല്ലെങ്കിലും നമുക്കും മാറേണ്ടി വരുന്നു.

നമ്മെ താങ്ങി നിറുത്തുന്ന ഭൂമിയെ സംരക്ഷിച്ചില്ലെങ്കിലും സംഹരിക്കുന്നതിൽ നിന്നു പരോക്ഷമായെങ്കിലും മാറി നിൽക്കാൻ നമുക്കായെങ്കിൽ എന്ന് മാത്രം ആശിക്കുന്നു.

> അരുൺ കായംകുളം

നല്ല വാക്കുക്കൾക്ക് നന്ദി.

മനുഷ്യനും ജീവ ജാലങ്ങൾക്കും എത്രയോ ഉപകാരപ്രദമല്ലേ കൃഷി.. അത് പോലെ തന്നെ ഭൂമിയ്ക്കും. ഇന്നല്ലെങ്കിൽ നാളെ മരണം പ്രതീക്ഷിക്കുന്നവരും ഒരു വൃക്ഷത്തൈ നട്ട് പിടിപ്പിക്കണം എന്നാണ്. കാരണം നമ്മൾ നട്ടു പിടിപ്പിച്ച ഫല വൃക്ഷങ്ങളിൽ നിന്നല്ല നാം പലപ്പോഴും അനുഭവിക്കുന്നത് എന്നത് തന്നെ. അത് പോലെ നാളത്തെ തലമുറക്ക് വേണ്ടി , നമുക്ക് മുൻ തല മുറ ചെയ്തത് പോലെ ചെയ്യേണ്ട കടമയുണ്ട്.

> റഫീഖ് വടക്കാഞ്ചേരി

അഭിപ്രായം പങ്ക് വെച്ചതിനു വളരെ നന്ദി.

ഞാനും കേട്ടിരുന്നു. കുഴൂർ പ്രതീക്ഷിച്ച പ്രതികരണങ്ങളല്ല ലഭിച്ചതെന്ന് തോന്നി.
പക്ഷെ അദ്ധേഹം തിരിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല പ്രതികരിച്ചവർക്ക്. രാജ്യത്തിന്റെ നന്മയേക്കാൾ വലുത് മറ്റെന്തൊ ആണെന്ന് കരുതുന്നവർ ഏറെയാണല്ലോ. അനുഭവിക്കാൻ ഇരിക്കുന്നേയുള്ളൂ. അന്നും ഈ അഭിപ്രായക്കാർക്ക്ക് മറ്റ് ന്യായങ്ങൾ കാണുമായിരിക്കും


> കാസിം തങ്ങൾ

അഭിപ്രായം എഴുതി അറിയിച്ചതിൽ നന്ദി.
അതെ, നമുക്കോ നമ്മുടെ വീട്ടുകാർക്കോ അതിനൊന്നും ഇപ്പോൾ സമയമില്ലാതായി. ഇപ്പോഴാണ് നമ്മുടെ മാതാപിതാക്കളുടെ അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കാൻ കൂടുതൽ കഴിയുന്നത്.

ഓ.ടോ.

നാട്ടിൽ നിന്ന് വന്നത് അറിഞ്ഞില്ല. ഇൻശാ അല്ലാ ഫോണിൽ ബന്ധപ്പെടാം.

> ഖാദർ പട്ടേപാടം

നല്ല വാക്കുകൾക്കു നന്ദി.
ഇവിടെ ഭൂരിപക്ഷവും ന്യൂനപക്ഷവും നോക്കിയാണല്ലോ കാര്യങ്ങൾ നടപ്പിലാക്കുന്നത്. അല്ലാതെ ന്യായവും നീതിയും മാനദണ്ഡമാവുന്നില്ല പലപ്പോഴും. ബഹളങ്ങളിൽ മുങ്ങിപ്പോകുന്ന ശബ്ദങ്ങൾ ഒരു നാൾ ശ്രദ്ധിയ്ക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

> ഫൈസൽ കൊണ്ടോട്ടി

വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി

> ചിന്തകൻ

നല്ല വാക്കുകൾക്ക് നന്ദി. മുത്ത് റസൂലിന്റെ മൊഴിമുത്തുകൾ നമുക്ക് ഹൃദയത്തിലേറ്റുവാങ്ങി ജീവിതത്തിൽ പകർത്താൻ കഴിയട്ടെ.

July 28, 2009 at 11:22 AM

> From: ശ്രീകുട്ടി,

Sent: 27,07,2009 4:26 PM
To: പി.ബി/BasheerVellarakad


ഇന്ന് എല്ലാവർക്കും തിരക്കായി. വീടിന്റെ പിന്നമ്പുറത്ത്‌ ഒരു വേപ്പില തൈയ്യോ പച്ചമുളക്‌ തൈയ്യോ കുഴിച്ചിടാൻ പോലും നമുക്ക്‌ താത്പര്യമില്ല അല്ലെങ്കിൽ സമയമില്ല. ലോകം വിരൽ തുമ്പിലായപ്പോൾ വിരലുകൾ ചെയ്യുന്ന പണി സ്പൂൺ ചെയ്ത്‌ കൊണ്ടിരിക്കുന്നു. കൈകളും കാലുകളും മണ്ണിൽ തൊടാൻ നമ്മുടെ കുട്ടികളെയും നാം സമ്മതിക്കുന്നില്ല.എത്ര ശരിയാണു ഇക്കയുടെ നിരീക്ഷണം.ഇന്നു മണ്ണിൽ കളിക്കാൻ പോലും നമ്മുടെ മക്കളെ നാം അനുവദിക്കുന്നില്ല.മണ്ണിൽ കളിച്ചാലുടൻ ചൊറി വരും വീട്ടിൽ കയറിപ്പോടാ എന്നാണു ഞാൻ ഉൾപ്പെടെയുള്ള അമ്മമാർ മക്കളോട് പറയുന്നത്.ഇനിയെങ്കിലും നമ്മൾ കൃഷിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞില്ലാ എങ്കിൽ നാം ഉണ്ണുന്ന അരി തരാൻ എന്നും തമിഴ് നാട്ടുകാരും ആന്ധ്രക്കാരും ഉണ്ടാവില്ല.വളരെ നല്ല പോസ്റ്റ് ഇക്കാ

July 28, 2009 at 12:18 PM

വളരെ വളരെ ശരി. പക്ഷേ നമുക്കു് എങ്ങിനെയാ ഇതില്‍ നിന്നൊരു മോചനം?‍

July 28, 2009 at 3:13 PM

നാം എന്ത്‌ നട്ട്‌ പിടിപ്പിച്ചിട്ടുണ്ട്‌ .വെട്ടിമാറ്റുകയല്ലാതെ ! സത്യം സുഹൃത്തെ.. ആത്മാരോഷത്തിന്റെ അമ്പിൽ നിന്ന് തൊടുത്ത് വിട്ട ഈ വാക്കുകൾ വായനക്കാരന്റെ അലസതയെ മുറിവേല്പിക്കട്ടെ...

July 29, 2009 at 11:17 AM

> Typist/എഴുത്തുകാരി,


നമ്മുടെ അലസതയാണെന്ന് തോന്നുന്നു പ്രധാന പ്രശ്നം. ലാഭം മാത്രം നോക്കുന്നത് മറ്റൊരു കാര്യം.ജീവിതം വളരെ തിരക്കുള്ള(താക്കി)തായി. കുട്ടികൾക്ക് ഭൂമിയിലിറങ്ങാനും ചെരുപ്പിടാതെ നടക്കാനും ഇന്ന് കഴിയുന്നില്ല.ഏറ്റവും ചുരുങ്ങിയത് ഒരു കുഞ്ഞ് പിറക്കുമ്പോൾ ഒപ്പം ഒരു മരം , ഒരു ഫല വൃക്ഷം കൂടി നട്ടു പിടിപ്പിക്കാൻ നമുക്കാവുമോ ? നമ്മുടെ കുട്ടികളെ പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കാൻ നമുക്കാവുമോ.. പുല്ലിനെയും പുൽച്ചാടിയെയും (ഗൌരിനാഥനോട് കടപ്പാട്) സ്നേഹിക്കാൻ നമുക്കാവുമോ ,അല്ലെങ്കിൽ നമ്മുടെ മക്കളെ അതിന്റെ ആവശ്യകത പറഞ്ഞ് കൊടുക്കാൻ നമുക്കാവുമോ..എങ്കിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.

സന്തോഷം വന്നതിൽ ..


> താരകൻ ,

തീർച്ചയായും, നമ്മൾ അലസത കൈവെടിഞ്ഞെഴുന്നേൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രളയം അയല്പക്കത്തല്ലേ എന്ന് സമാധാ‍നിച്ചിരിക്കയാണു നമ്മളിപ്പഴും. ഒരു ചെറു ചെടിയെങ്കിലും നമ്മുടെ ആയുസ്സിനിടക്ക് ഈ ഭൂമിയിൽ നട്ടു പിടിപ്പിക്കാൻ കഴിയട്ടെ ഏവർക്കും.

അഭിപ്രായത്തിനു നന്ദി

July 29, 2009 at 11:21 AM

> ശ്രീകുട്ടി,

തിരിച്ചറിവുണ്ടാവട്ടെ നമുക്കേവർക്കും. ആവുന്നത് ചെയ്യാൻ ശ്രമിക്കുക.അഭിപ്രായം അയച്ചുതന്നതിൽ വളരെ സന്തോഷം ..

August 1, 2009 at 11:41 AM

കൃഷി എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്...... കൃഷി ചെയ്യുന്നത് ധര്‍മ്മം ചെയ്യുന്നതിന് സമമാണെന്നത് പുതിയ അറിവ്.... നന്ദി...

August 3, 2009 at 1:07 PM

കേരളനാട്ടില്‍ നെല്‍കൃഷി എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ അതിനോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമാണെന്ന് നമുക്ക് കാണാമല്ലോ. മറ്റു കൃഷിയുകളാവട്ടെ വഴിമാറി നാണ്യക്കുരുക്കളിലേക്ക് പോകുന്നു. ഭക്ഷ്യ വസ്തുക്കള്‍ വിളയിക്കുക എന്നത് ഒരു പോളിസി തെരുമാനമെന്ന് നിലയില്‍ ഓരോരുത്തരും ഏറ്റെടുക്കാന്‍ ഇത്തരം പ്രബോധനങ്ങള്‍ ഉപകരിക്കട്ടെ.

August 3, 2009 at 7:15 PM

ഈ ഐടി നഗരത്തിലെ സുഖ സൌകര്യത്തിലും അഞ്ചക്ക ശമ്പളത്തിലും ഒന്നും ഒരിക്കലും ലഭികില്ല....
നാട്ടില്‍ സ്വന്തം പറമ്പില്‍ നാട്ടു വളര്‍ത്തിയ കാച്ചില്‍ പുഴുങ്ങി കാന്താരി മുളക് ചേര്‍ത്ത് കഴിക്കുമ്പോ കിട്ടുന്ന സുഖം..
പക്ഷെ അത് മനസ്സിലാക്കാന്‍ നാട് വിട്ടു ഇവിടെ ജോലിയുമായി ഒതുങ്ങേണ്ടി വന്നു...
ഒരിക്കല്‍ ഞാന്‍ മടങ്ങി പോവും എന്‍റെ നാട്ടില്‍.....തറവാട്ടു ഭാഗം കിട്ടിയ മണ്ണില്‍...ചേനയും ചേമ്പും കപ്പയും ഒക്കെ നട്ടു..ശരിക്കും മനസ്സ് പറയുന്നത് പോലെ ജീവിക്കാന്‍....
ഈ ഓര്‍മ്മപെടുതലിനു നന്ദി ഇക്ക

August 3, 2009 at 8:57 PM

"നമ്മുടെ നാട്ടിൽ നമ്മൾ ഉത്പാനല്ല ദിപ്പിച്ച്‌ കൊണ്ടിരുന്നത്‌ നിർത്തി, കർഷകരെ സഹായിക്കേണ്ടവർ അവരെ ചൂഷണം ചെയ്ത്‌ തടിച്ച്‌ കൊഴുത്തു, വയലേലകൾ മണ്ണിട്ട്‌ നികത്തി , കോൺക്രീറ്റ്‌ കാടുകൾ തിർത്തു. അവിടെ അയൽ നാടുകളിൽ നിന്ന് പ്ലാസ്റ്റിക്‌ കവറുകളിൽ വിഷം നിറച്ചത്‌ വലിയ തുക കൊടുത്ത്‌ വരുത്തി ദുരഭിമാനം കൊണ്ടു. ദുരന്തം അടുത്ത തലമുറ അനുഭവിക്കാനുള്ളതാണെന്ന് കണക്ക്‌ കൂട്ടിയവർക്ക്‌ തെറ്റു പറ്റിയിരിക്കുന്നു. മനുഷ്യൻ അവന്റെ കരങ്ങളാൽ പ്രവൃത്തിച്ചതിന്റെ ഫലം തേടിയെത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴും കാരണങ്ങളിലേക്ക്‌ ചിന്ത തിരിക്കാതെ പരസ്പരം പഴിചാരി രക്ഷപ്പെടാൻ വിഫലശ്രമം നടത്തുന്നു നാം"
നല്ല അറിവ് പകരുന്ന പോസ്റ്റ്‌ ...തുടരുക .ആശംസകള്‍ !

August 3, 2009 at 10:23 PM

വൃക്ഷത്തിൽ നിന്ന് മനുഷ്യനും അല്ലാഹുവിന്റെ സൃഷ്ടികളിൽ മറ്റു വല്ലവയും ഭക്ഷിക്കുന്നത്‌ അവനൊരു ധർമ്മം മാത്രമായിരിക്കും'
നല്ല വാചകം
എന്തെല്ലാം നല്ല കാര്യങ്ങൾ മതങ്ങൾ നമ്മെ പഠിപ്പിക്കുന്നു

August 6, 2009 at 9:01 AM

ഉപകാരപ്രദമായ പോസ്റ്റ് തന്നെ ബഷീര്‍ക്കാ.അടച്ചിട്ട മുറിയില്‍ തനിച്ചിരുന്ന് ദിക്റ്(മന്ത്രം) ഉരുവിടുന്നത് മാത്രമല്ല മതം എന്ന് ഇത്തരം പ്രവാചക വചനങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.സത്യത്തില്‍ മുസ്ലിംകള്‍ക്ക് പോലും അറിയാത്ത ഒന്നായിരിക്കാം ഇത്.

ഇസ്ലാമെന്നാല്‍ നാലും അഞ്ചും കെട്ടലും പിന്നെ മൂന്നും കൂട്ടിച്ചൊല്ലലും മാത്രമാണെന്ന് ധരിച്ച് വശായവര്‍ക്കും മൊഴിമൊത്തുകള്‍ ഉപകാരപ്രദമാകട്ടെ.ആശംസകളോടെ ജിപ്പൂസ്.

August 7, 2009 at 8:58 AM

> ശിവ,

കൃഷി നമ്മെളെല്ലാം ഇഷ്ടപ്പെടുന്നു. പക്ഷെ ഞാനടക്കം അതിനായി ഒന്നും ചെയ്യുന്നില്ല. എന്ന് മാത്രം. അതിനെ മഹത്വമെങ്കിലും നമുക്ക് അറിഞ്ഞിരിക്കാം. ഉപകാരപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം

> അനിൽ@ബ്ലോഗ്,

തീർച്ചയായും, ഇന്നും കൃഷിയുമായി ജിവിക്കുന്നവർക്ക് യാതൊരു ലാഭവും ലഭിക്കുന്നില്ല പലപ്പോഴും നഷ്ടങ്ങൾ മാത്രം ലഭിക്കുന്നതായാണ് അനുഭവസാക്ഷ്യ്പ്പെടുത്തലുകൾ. അഭിപ്രായത്തിനു വളരെ നന്ദി.

> കണ്ണനുണ്ണി,

മുന്നെ സൌദിയിൽ 8 മാസം കഴിഞ്ഞപ്പോൾ ഞാനും ഇങ്ങിനെയൊക്കെ ചിന്തിച്ചിരുന്നു. പിന്നെ വീണ്ടും ഈ മരുഭൂമിയിലെട്ടിയപ്പോൾ തീരുമാനങ്ങൾ വഴിമാറി.. :( ഇനി ഒർ മടക്കത്തിനു ശേഷം അതൊക്കെ നടപ്പിലാക്കാൻ കഴിയുമോ എന്ന ആശങ്കയില്ലാതെയില്ല. എങ്കിലും താങ്കളുടേ മൻസ്സിനെ വായിച്ചറിയുന്നു. എല്ലാ ആശംസകളും നേരുന്നു.
വായനക്കും അഭിപ്രായം അറിയിച്ചതിലും സന്തോഷം

> വിജയലക്ഷ്മി,

വായനക്കും പ്രോത്സാഹനത്തിനും വളരെ നന്ദി ചേച്ചീ

> അനൂപ് കോതനല്ലൂർ,

തീർച്ചയായും അനൂപ്, നമ്മളത് കാണുകയോ ഹൃദയത്തിലേറ്റുകയോ ചെയ്യുന്നില്ല എന്ന് മാത്രം. മതത്തിന്റെ പേരിൽ വികാരത്തിനടിപ്പെട്ട് മതം പറയാത്ത പഠിപ്പിക്കാത്തതിനു വേണ്ടി ജീവിതം കളയുന്നു ചിലർ.
വായനക്കും അഭിപ്രായത്തിനും നന്ദി


> ജിപ്പൂസ്,

ഇസ്ലാം എന്തെന്ന് അറിയാത്തവരും ഇസ്ലാമിന്റെ പേരിൽ മാത്രം അറിയപ്പെടുന്ന എന്നാൽ മതവുമായി യാതൊരു ബന്ധമില്ലാത്തവരുമാണ് മറ്റ് മതസ്ഥർക്ക് മുന്നി ഇസ്ലാമിനെ ഇകൾത്തുന്നത്. വിമർശകർക്ക് കാരണങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതു. ഒരു വിചിന്തനത്തു നമുക്ക് വഴിയൊരുക്കട്ടെ പുണ്യ റസൂലിന്റെ മൊഴിമുത്തുകൾ.. വായനക്കും പ്രോത്സാഹനത്തിനും നന്ദി.

OAB
August 7, 2009 at 12:51 PM

പ്രിയ ബഷീർ ഭായ്, വിത്യസ്ഥവും ചിന്തനീയവുമായ പോസ്റ്റുകൾ താങ്കളെ എന്നിൽ നിന്നും വേർ തിരിക്കുന്നു. അഭിനന്ദനങ്ങൾ..

ഓ.ടോ: എന്റെ വീടിന്റെ മുമ്പിൽ സ്കൂൾ ഗ്രൌണ്ടിൻ മൂലയിൽ ഞാൻ നട്ട് പോറ്റി വലർത്തിയ മാവിൻ തൈകൾ, അങ്ങാടിയിൽ തെണ്ടുന്ന ആടുകൾ കുറ്റിയടക്കം തിന്നോണ്ട് പോയ്.

വീട്ട്ല് ഭാര്യ ഉണ്ടാക്കുന്ന പൂന്തോട്ടത്തിന്റെ സ്ഥിതിയും തഥൈവ.. അവൾ അത് കണ്ട് കുറേ കരയും. ഇനി ഒരു കുന്തോം ഞാനുണ്ടാക്കൂലാ എന്ന് പറഞ്ഞാലും പിന്നെയും തുടരും.
പരാതികൾ പറയാൻ ഇനി ഇടമില്ല. നോ രക്ഷ..

OAB
August 7, 2009 at 12:52 PM

കൊറച്ചീസായി എന്റെ കമന്റ്സിന് ഒരു പണിമുടക്കം. അതു കൊണ്ടാ വൈകിയെത്തിയത്...

August 8, 2009 at 3:00 PM

അമ്മിയിൽ വെച്ച്‌ അമ്മ സ്നേഹം കൂട്ടി അരച്ച്‌ തന്നിരുന്ന ചമ്മന്തി ......

ഹാ, എത്രനല്ല വിവരണം ബഷീറേ. ആ കാലമൊക്കെ പോയി മറഞ്ഞു.

എല്ലാ മൊഴിമുത്തുകളും എന്നപോലെ ഈ മൊഴിമുത്തും ഇഷ്ടായീ. ഇതു മനസ്സിലേയ്ക്കെടുക്കുകയും ചെയ്തു. മരങ്ങള്‍ നടാം. അതിന്റെ ഫലങ്ങള്‍ നമുക്ക് അനുഭവിക്കാന്‍ കഴിയില്ലെങ്കിലും വരും തലമുറകളും ഈശ്വരന്റെ പ്രിയ സൃഷ്ടികളായ കിളികളും അണ്ണാനുമൊക്കെ അനുഭവിക്കട്ടേ.

നല്ല പോസ്റ്റ്.

August 9, 2009 at 11:52 AM

> OAB,

താങ്കൾ എന്നേക്കാൾ ഒരു പാട് ജീവിതാനുഭവങ്ങൾ ഉള്ള വ്യക്തിയാണ്. ഈ ബ്ലോഗിലെ പോസ്റ്റുകൾ വിത്യസ്ഥമാവുന്നത് എന്റെ കഴിവുകൊണ്ടല്ല മറിച്ച് തിരുനബി(സ) തങ്ങൾ ജീവിതത്തിന്റെ നാനാ മേഖലകളിലും അനുവർത്തിക്കേണ്ട കാര്യങ്ങൾ ലോകത്തിനായ് പഠിപ്പിച്ചിട്ടുണ്ട് എന്നതിനാലാണ്.

നടുന്നത് വളർന്ന് വരുന്നത് വരെ സംരക്ഷിക്കുകയെന്നതും ശ്രമകരം തന്നെ.. വീണ്ടും പൂന്തോട്ടങ്ങൾ ഉണ്ടാവട്ടെ. അവിടെ പൂമ്പാറ്റകൾ പാറിപ്പറക്കട്ടെ..

വായനയ്ക്കും അഭിപ്രായങ്ങൾക്കും വളരെ നന്ദി


> ഗീത്,

ഗീതേച്ചിയുടെ വായനയ്ക്കും നല്ല വാക്കുകൾക്കും വളരെ നന്ദി. ആ അനല്ല കാലത്തിന്റെ സമരണേയെങ്കിലും നമുക്കുണ്ടല്ലോ. പുതു തലമുറക്ക് നമുക്കെന്തെങ്കിലും നൽകാ‍ൻ ഒരു മരമെങ്കിലും നടാം അല്ലേ ..ആ‍ശംസകൾ

August 10, 2009 at 11:59 AM

Basheer, Vellarakkatte ente padathu njanum krishi thudangikkazinju ...!

Nannayirikkunnu Basheer, Ashamsakal...!!!

August 13, 2009 at 6:47 PM

Basheerkkaaaa
U R doing great job here...
may Allah shower all blessings up on us.......

August 16, 2009 at 11:29 AM> Sureshkumar Punjhayil,


ആശംസകൾ സന്തോഷപൂ‍ർവ്വം സ്വീകരിക്കുന്നു. കൃഷി തുടങ്ങിയ വിവരം കൂടുതൽ സന്തോഷം നൽകുന്നു. നല്ല വിളവുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ വയലുകളിൽ ഭൂരിഭാഗവും നികത്തപ്പെടുന്ന സമയത്ത് നില നിർത്താനാവുന്നത് ചെയ്യുന്നത് അഭിനന്ദനീയം തന്നെ


> siraj kasaragod,


നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും വളരെ നന്ദി. വീണ്ടും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

November 17, 2009 at 11:56 AM

ithenthe puthiya pst onnum ille?

January 3, 2010 at 9:42 AM

> വിജയലക്ഷ്മി ചേച്ചീ

ശ്രമിയ്ക്കാം വൈകാതെ :)