മൊഴിമുത്തുകൾ-44


മൊഴിമുത്ത് :

അബ്ദുല്ല (റ)യിൽ നിന്ന് നിവേദനം: “കടം ഒഴിച്ച് മറ്റെല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും (മുസ്‌ലിം )വിവരണം:


രക്‌തസാക്ഷിയായവരെ മരണപ്പെട്ടവർ എന്ന് പറയരുതെന്ന് ഉത്ബോധിപ്പിക്കുന്ന ഇസ്‌ലാം പക്ഷെ അങ്ങിനെ മഹത്വം കല്പിക്കുന്ന ഷഹീദിന് (രക്‌തസാക്ഷിക്ക്)പോലും താൻ ജീവിതകാലത്ത് വരുത്തിവെച്ച വീട്ടാകടങ്ങൾക്ക് ഇളവുകളില്ലെന്നും അതിനു ഉത്തരമേകേണ്ടതുണ്ടെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കടം വരുത്തുന്നതിലെ ഗൌരവമാണ് നമ്മെ ഇതിലൂടെ ബോധ്യപ്പെടുത്തുന്നത്.

കുറിപ്പ്:


നിരവധി ഹദീസുകൾ ഈ വിഷയവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുനബി(സ.അ) തങ്ങളുടെ ഇഹലോക ജീവിത കാലത്ത് നബി(സ.അ) തങ്ങൾ, കടവുമായി മരണപ്പെട്ട ആളുടെ മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നൽകാൻ വിമുഖത കാണിക്കുകയും ,അവിടെകൂടിയവർ മരണപ്പെട്ടവ വ്യക്തിയുടെ കട ബാധ്യതകൾ ഏറ്റെടുത്ത ശേഷം മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം വഹിക്കുകയും ചെയ്ത ചരിത്രം ഓർക്കുക. കടം ബാക്കി വെച്ച് മരണപ്പെടുന്നതിന്റെ ഗൌരവം എത്രമാത്രമുണ്ടെന്ന് പഠിപ്പിക്കുകയായിരുന്നു തിരുനബി(സ.അ). ഇന്ന് ആ തിരുദൂതരുടെ അനുയായികളായിരിക്കാം ഒരു പക്ഷെ ആവശ്യത്തിനും, അനാവശ്യത്തിനും, ആഡംബരത്തിനും, പൊങ്ങച്ചത്തിനുമായി യാതൊരു തത്വദീക്ഷയുമില്ലാതെ കടം വാങ്ങിക്കൂട്ടുന്നവരിൽ മുൻപന്തിയിൽ.

കടം വാങ്ങാനുള്ള രണ്ട് കാർഡെങ്കിലും ഇല്ലാത്തവരെ മറ്റുള്ളവർ പുച്ഛത്തോടെ വീക്ഷിക്കുന്ന ഇന്ന് കടം വാങ്ങുക എന്നത് ഒരു ക്രെഡിറ്റാ‍യാണ് കണക്കാക്കപ്പെടുന്നത്. ആധുനിക ക്രയ-വിക്രയങ്ങളിൽ ഒരു പക്ഷെ ഒഴിച്ച് കൂടാനാവാത്ത ഒരു പ്ലാസ്റ്റിക് കാർഡ് അതിന്റെ വഴിവിട്ട ഉപയോഗത്തിലൂടെ എത്രയോ ജന്മങ്ങൾ വഴിയിൽ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. മോഹന വാഗ്ദാനങ്ങളുമായി ഏജൻസികൾ വീട്ടു പടിക്കലെത്തുമ്പോൾ വരാനിരിക്കുന്ന പ്രഹേളികകളെകുറിച്ച് ബോധവാനാകാതെ ആവശ്യമില്ലാതെയും പലരും അതിന്റെ കെണിവലകളിൽ തലവെച്ച് കൊടുക്കുന്നു. പിന്നെ അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തവിധം കണ്ണികൾ മുറുകുമ്പോഴേക്ക് കാര്യങ്ങൾ കൈവിട്ടു പോയിരിക്കും.

നമ്മുടെ വരുമാനത്തിലൊതുങ്ങി ജീവിക്കാൻ പൊങ്ങച്ചം അനുവദിക്കാത്തത് കൊണ്ട് മാത്രം, മറ്റുള്ളവർ കാട്ടിക്കൂട്ടുന്നത് കണ്ട് അനുകരിക്കാൻ അത് പോലെ തനിക്കുമാവാൻ ഏത് വിധേനയും കടം വാങ്ങി കാര്യങ്ങൾ നിറവേറ്റുവാൻ വെമ്പൽ കൊള്ളുന്നവർ അതെങ്ങിനെ കൊടുത്ത് വീട്ടുമെന്ന് പലപ്പോഴും ചിന്തിക്കാറില്ല. പലരുടെയും ചിന്ത കടം വാങ്ങി എങ്ങിനെ കൊടുക്കാതെ രക്ഷപ്പെടാം എന്നാണിപ്പോൾ. അവർക്കുള്ള ഒരു താക്കിതാണ് മേൽ ഹദിസ്.


അത്യാവശ്യഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വന്നാൽ അത് അവധിക്ക് തിരികെനൽകാൻ പരിശ്രമിക്കുന്ന പ്രവണത പലരിലും ഇന്നില്ല. കടം നൽകി സഹായിച്ചവൻ പിന്നീടത് തിരികെ ചോദിച്ചാൽ പഴികേൾക്കേണ്ടിവരുന്ന അവസ്ഥയാണ്. വട്ടിപ്പലിശക്കാർ ഗ്രാമഗ്രാമന്തരങ്ങളിൽ തങ്ങളുടെ ഇരകളെതേടി രാവിലെ മുതൽ റോന്ത് ചുറ്റുമ്പോൾ ,പിന്നീട് കൊടുത്താൽ മതിയല്ലോ എന്ന ചിന്തയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി കടം വാങ്ങിക്കൂട്ടി അവസാനം ജീവിതം നരകതുല്യമാക്കുന്നവർ ഇന്ന് ഏറെയാണ്. അവരെ അകറ്റി നിർത്താൻ കടക്കെണിയിൽ അകപ്പെടാതിരിക്കാൻ ആദ്യമായി വേണ്ടത് നാം നമ്മുടെ പരിമിതികൾ മനസിലാക്കുകയും ജീവിതത്തിനു ചിട്ടയും ഒതുക്കവും വരുത്തുകയുമാണ്.

ഉള്ളപ്പോൾ ഇല്ലാത്തവനെപ്പോലെയും (ഉള്ളതിനാൽ ആർഭാടം കാണിക്കാതെ, പൊങ്ങച്ചത്തിനു ചിലവഴിച്ച് നശിപ്പിക്കാതെ ) ഇല്ലാത്തപ്പോൾ ഉള്ളവനെപ്പോലെ (മറ്റുള്ളവരെ നമ്മുടെ ഇല്ലായ്മകൾ അറിയിക്കാതെ പരമാവധി ഒതുങ്ങി) ജീവിക്കാനും എന്ന് നാം പഠിക്കുന്നുവോ അന്നേ നാം ഈ കടക്കെണിയിൽ നിന്ന് മോചിതരാവൂ..


അതിനു ആദ്യം നാം സ്വയം തിരിച്ചറിവു നേടുകയും ഒപ്പം നമ്മുടെ കുടുംബത്തെ ബോധവത്കരിക്കുകയും ചെയ്യുക. അത്യാവശ്യഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വന്നാൽ അത് കൊടുത്തു വീട്ടാനുള്ള മനസും അതിനുള്ള പ്രയ്തനവും നമ്മിലുണ്ടായിരിക്കണം. അപ്പോൾ കടം വീടാനുള്ളാ വഴികൾ അനുഗ്രഹത്താൽ തുറക്കപ്പെടുകതന്നെ ചെയ്യും. ബാധ്യതകൾ ഇല്ലാത മരണപ്പെടാൻ ജഗന്നിയന്താവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ.

24 Response to മൊഴിമുത്തുകൾ-44

June 28, 2010 at 8:57 AM

ബാധ്യതകൾ ഇല്ലാത മരണപ്പെടാൻ ജഗന്നിയന്താവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ.

June 28, 2010 at 9:11 AM

"നമ്മുടെ വരുമാനത്തിലൊതുങ്ങി ജീവിക്കാൻ പൊങ്ങച്ചം അനുവദിക്കാത്തത് കൊണ്ട് മാത്രം, മറ്റുള്ളവർ കാട്ടിക്കൂട്ടുന്നത് കണ്ട് അനുകരിക്കാൻ അത് പോലെ തനിക്കുമാവാൻ ഏത് വിധേനയും കടം വാങ്ങി കാര്യങ്ങൾ നിറവേറ്റുവാൻ വെമ്പൽ കൊള്ളുന്നവർ അതെങ്ങിനെ കൊടുത്ത് വീട്ടുമെന്ന് പലപ്പോഴും ചിന്തിക്കാറില്ല."

വളരെ ശരിയാണ്.

June 28, 2010 at 9:46 AM

അത്യാവശ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമല്ലാതെ ഇന്ന് ആര്‍ഭാടത്തിനു വേണ്ടി തന്നെയാണ് കൂടുതലും കടം വാങ്ങുന്നത്. കടം വാങ്ങിച്ചവനോട് തിരിച്ച് ചോദിച്ചാല്‍ പുതിയ ഒരു ശത്രുവിനെ കൂടി കിട്ടും എന്നുള്ളതും വളരെസത്യമാണ്. ബഷീര്‍ ഭായ് .

June 28, 2010 at 12:47 PM

വളരെ സത്യം. കടം കൊടുതതുവീട്ടെണ്ട ഒരു ബാധ്യതയാണെന്ന തോന്നല്‍, ഭയം, പലരിലും കാണാറില്ല. ചിലരെങ്കിലും അയാള്‍ക്കിപ്പോള്‍ അതിന്റെയൊന്നു ആവശ്യം കാണില്ല എന്ന് മുന്‍വിധിയോടെ മനപ്പൂര്‍വ്വം കടം വീട്ടാതെ ഈ ബാധ്യത നീട്ടാറുണ്ട്. ആവശ്യഘട്ടത്ത്തില്‍ സഹായിച്ചയാള്‍ പിന്നെ ശത്രു ആയി!

ബാധ്യതകൾ ഇല്ലാത മരണപ്പെടാൻ ജഗന്നിയന്താവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

June 28, 2010 at 2:32 PM

> ശ്രീ

ഈ അഭിപ്രായ ഐക്യപ്പെടലിനു നന്ദി.ആദ്യമായെത്തിയതിൽ വീണ്ടും സന്തോഷം.


> ഹംസ

നമുക്ക് തന്ന വരുന്ന കടങ്ങളുടെ കാര്യമെടുത്താലും നമുക്ക് ചുറ്റുമുള്ളവരുടെ കാര്യമെടുത്താലും മിക്കവയും ഒഴിവാക്കാനാവുന്നതായേ കാണുകയുള്ളൂ. കടം കൊടുത്ത് സുഹൃത്തുക്കൾ ശത്രുക്കളാ‍യി മാറുന്നതും ചുരുക്കമല്ല. അഭിപ്രായമറിയിച്ചതിൽ സന്തോഷം> തെച്ചിക്കോടൻ

ബാധ്യതകളില്ലാതെ ഈ ലോകത്തോട് വിട പറയണമെന്ന ചിന്ത അല്പമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇങ്ങിനെ പ്രവർത്തിക്കാൻ മടിക്കുമായിരുന്നു. പണം കയ്യിലായാൽ പിന്നെ മനുഷ്യൻ അതൊക്കെ സൌകര്യപൂർവ്വം വിസ്മരിക്കുകയല്ലേ

അഭിപ്രായം അറിച്ചതിൽ സന്തോഷം

June 28, 2010 at 2:36 PM

>>>കടം വാങ്ങാനുള്ള രണ്ട് കാർഡെങ്കിലും ഇല്ലാത്തവരെ മറ്റുള്ളവർ പുച്ഛത്തോടെ വീക്ഷിക്കുന്ന ഇന്ന് കടം വാങ്ങുക എന്നത് ഒരു ക്രെഡിറ്റാ‍യാണ് കണക്കാക്കപ്പെടുന്നത്.<<<<

സത്യം ബഷീര്‍ ഭായ്!

June 29, 2010 at 9:42 AM

> ശ്രദ്ധേയൻ

ക്രെഡിറ്റ് കാർഡുകളുടെ വലയങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കാം.. അഭിപ്രായത്തിനു വളരെ നന്ദി

June 29, 2010 at 9:44 AM

കടമില്ലാത്തവൻ ധനവാൻ എന്ന് പഴമൊഴി. ഇന്ന് കടം കൂടുതലുള്ളവൻ വമ്പൻ

സ്നേഹത്തോടെ

response from
Mr.Peter Neendoor
www.peterneendoor.com

June 29, 2010 at 11:18 AM

വളരെ വളരെ പ്രസക്തമായ പോസ്റ്റ് ബഷീര്‍ക്കാ. നിന്റെ കയ്യിലൊന്നും ഒരു ക്രെഡിറ്റ് കാര്‍ഡ് പോലുമില്ലേ എന്ന പുഛഭാവത്തിലാണ് അത്തരം കാര്‍ഡുകളൂടെയൊന്നും പിന്നാലെ പായാത്തവനെ സമൂഹം തന്നെ നോക്കിക്കാണുന്നത്. ആര്‍ക്കെങ്കിലും കടം കൊടുത്താല്‍ മിക്കവാറും രണ്ടാലൊരു നഷ്ടം ഉറപ്പിക്കാം. ഒന്നുകില്‍ അവനുമായുള്ള സൌഹൃദം നഷ്ടമായേക്കാം. അല്ലെങ്കില്‍ കൊടുത്ത പണം നഷ്ടമായേക്കാം. ഒരു വ്യക്തിയെക്കുറിച്ച് വ്യകതമായി മനസ്സിലാക്കാന്‍ അവനുമായി നിങ്ങള്‍ പണമിടപാട് നടത്തി നോക്കിയാല്‍ മതിയെന്ന രൂപത്തിലുള്ള ഒരു തിരുവചനം കൂടി ഇതോട് കൂട്ടിവായിക്കാം.

June 29, 2010 at 12:31 PM

നല്ല ഓര്‍മ്മപ്പെടുത്തല്‍ .. !

Nice post..

June 29, 2010 at 2:09 PM

ആശംസകള്‍

June 29, 2010 at 4:22 PM

> കാസിം തങ്ങൾ

>ഒരു വ്യക്തിയെക്കുറിച്ച് വ്യകതമായി മനസ്സിലാക്കാന്‍ അവനുമായി നിങ്ങള്‍ പണമിടപാട് നടത്തി നോക്കിയാല്‍ മതിയെന്ന രൂപത്തിലുള്ള ഒരു തിരുവചനം കൂടി ഇതോട് കൂട്ടിവായിക്കാം <

തീർച്ചയായും പണമിടപാടിലൂടെ മനുഷ്യനെ ശരിക്കും മനസിലാക്കാം. അനുഭവങ്ങളും അങ്ങിനെ തന്നെ. വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി> ഫൈസൽ കൊണ്ടോട്ടി

വന്നതിനും നല്ല വാക്കുകൾക്കും വളരെ നന്ദി.


> ഉമേഷ് പിലിക്കൊട്

മൊഴിമുത്തുകളിലെത്തിയതിലും ആശംസകൾ അറിയിച്ചതിലും സന്തോഷം. അഭിപ്രായങ്ങളും അറിയിക്കുമല്ലോ

June 29, 2010 at 10:03 PM

വളരെ സത്യം.
മനുഷ്യന്‍ ആര്‍ഭാടങ്ങല്‍ക്ക് വേണ്ടി നെട്ടോട്ടം ഓടിക്കൊണ്ടിരിക്കയാണ്‌.
അവിടെ വാങ്ങിക്കുക എന്നതിനപ്പുറം കൊടുക്കുന്നതിനെക്കുറിച്ച ചിന്ത ഇല്ലതന്നെ.
ഇന്ന് എങ്ങിനേയും സുഖിക്കുക, ആരെക്കൊന്നായാലും....
ഭാവുകങ്ങള്‍ മാഷെ.

June 29, 2010 at 11:28 PM

സംഗതി ഒക്കെ കാര്യം തന്നെ ...ഇനിപ്പോ
എന്തൊക്കെ പോസ്റ്റ്ഇട്ടാലും ഞാന്‍ തരില്ല മോനേ...പോരുത്തപ്പെട്ടോ..അതാ നല്ലത്.

June 30, 2010 at 12:55 PM

> പട്ടേപാടം റാംജി,

അതെ, എങ്ങിനെ ആയാലും വേണ്ടില്ല്ല സുഖ സൌകര്യങ്ങളിൽ കഴിയണമെന്നേയുള്ളൂ. അതിനു വേണ്ടി എന്തും ചെയ്യാൻ മനുഷ്യൻ മടിക്കുന്നില്ല.!

അഭിപ്രായമറിയിച്ചതിൽ സന്തോഷം


> സിദ്ധിഖ് തൊഴിയൂർ

സന്തോഷം :)

ഓ.ടോ:
പിന്നെ എന്തിനാ നാട്ടുകാരെ അറിയിക്കുന്നത് !

June 30, 2010 at 2:05 PM

കടം വാങ്ങാതെ ഇന്ന് ജീവിക്കാന്‍ പാടാണ്, എന്നിരുന്നാലും വങ്ങിയത് തിരികെ കൊടുക്കുക തന്നെ വേണം. തിരികെ കൊടുത്തോളാം എന്ന് ബാദ്ധ്യത ഉള്ള ഒന്നിനെയാണല്ലോ കടം എന്ന് പറയുന്നത് , അപ്പോള്‍ തിരികെ കൊടുക്കാതിരിക്കുക എന്നത് വിശ്വാസ വഞ്ചന കൂടി ആകുന്നു.

July 3, 2010 at 9:36 AM

> അനിൽ@ബ്ലോഗ്,

കടം കൊടുത്ത് സഹായിക്കുക എന്നത് ഒരു പുണ്യമാണ്. അത് സമയത്ത് കൊടുത്ത് വീട്ടുക കടം വാങ്ങിയവന്റെ കടമയും. വീട്ടാൻ യാതൊരു മാർഗവുമില്ലാത്തവനു വിട്ടു കൊടുക്കുന്നത് വളരെ പ്രതിഫലാർഹവുമാണെന്ന് പഠിപ്പിക്കുന്നു. എന്നാൽ ഇവിടെ കടം അനാവശ്യങ്ങൾക്ക് വാങ്ങുകയും അത് കൊടുത്ത് വീട്ടാൻ മിനക്കെടാതെ താങ്കൾ പറഞ്ഞ പോലെ വിശ്വസ വഞ്ചന ചെയ്യുന്നവർ കൂടി വരുകയാണെന്ന് മാത്രം.
തിരികെ ചോദിച്ചാൽ കൊടുത്തവൻ പ്രതിയായി .

അഭിപ്രായത്തിനു വളരെ നന്ദി

July 3, 2010 at 6:14 PM

ഇന്ന് ആര്‍ഭാടത്തിന് തന്നെയാണ് കൂടുതലായും കടം വാങ്ങുന്നത്.
അതും എന്റെ വരുമാനം നോക്കിയല്ല. നാളെ എങ്ങനെ കൊടുത്ത് വീട്ടുമെന്ന് ആലോചിക്കാതെ. അങ്ങനെയുള്ളവര്‍ തലയില്‍ വെള്ളമൊഴിച്ച് നടക്കുന്നത് ഏറേ കാണാം.

സ്വന്തം അനുഭവം തന്നെ പറയട്ടെ.
എന്റെ കൂട്ടത്തില്‍ പണിയെടുക്കുന്നവരില്‍ ഒരു വിധം വലിയ ശംബളം വാങ്ങുന്ന എന്റെ വീടാണ് ഏറ്റവും വലിയ ചെറുത്.

ഞാന്‍ നാളിതു വരെ ,കുഴല്, കടം അയച്ചിട്ടില്ല.
എന്റെ കൈയ്യില്‍ നിന്നും എല്ലാവരും കടം വാങ്ങുന്നു. അതിനാല്‍ ഞാന്‍ വലിയ പണക്കാരനായി അറിയപ്പെടുന്നു.
കടം വാങ്ങി ശീലിച്ചിട്ടില്ല. അഥവാ ഞാന്‍ ചോദിച്ചാല്‍ ആള്‍ക്കാര്‍ കളിയാക്കുന്നത് കാണാം :)പക്ഷെ,,,ഒരു ഉപദേശം ഞാനെല്ലാവര്‍ക്കും കൊടുക്കാറുണ്ട്.

ആവശ്യമില്ലെങ്കിലും കടം വാങ്ങി ആ നോട്ടല്ലാതെ വേറെ നോട്ട് പറഞ്ഞ ഡൈറ്റിന് തിരിച്ച് കൊടുത്ത് വിശ്വാസ്യത ഉണ്ടാക്കുക.
അതായത്
മറ്റുള്ളവന്റെ പോക്കറ്റിലെ കാശ് കണ്ട് വേണം നമ്മളെന്തെങ്കിലും തുടങ്ങുവാന്‍/ നിര്‍മ്മിക്കാന്‍/വാങ്ങാന്‍. അല്ലെങ്കില്‍ എന്നെ പോലെ ആവും.

എന്റെ ഈ അഭിപ്രായത്തോട് കൂടുതല്‍ പേര്‍ യോചിക്കുന്നവര്‍ണ്ടാവാം..

എന്നാലും എനിക്കിനി കടം വേണ്ട. അങ്ങനെ തന്നെ ആവാന്‍ പടച്ച തമ്പുരാന്‍ സഹായിക്കട്ടെ..

നന്ദിയോടെ...

July 4, 2010 at 10:02 AM

> OAB/ഒഎബി,


വിശദമായ വിലയിരുത്തലിനും അഭിപ്രായത്തിനും വളരെ നന്ദി. താങ്കളോട് ആദരവ് കൂടി രേഖപ്പെടുത്തട്ടെ.

കടം വാങ്ങാതെ,കടം കൊടുത്ത് സഹായിച്ച് കഴിയാൻ പറ്റുന്നത് വളരെ വലിയ കാര്യമാണ്. അല്ലാഹുവിന്റെ അനുഗ്രഹം.

താങ്കൾ പറഞ്ഞ രീതിയിൽ പൈസ ആവശ്യമില്ലെങ്കിലും ആളുകളെ ബോധിപ്പിക്കാൻ കടം വാങ്ങുന്നവർ അനുഭവമാണ്. അതിനോട് യോജിക്കാൻ കഴിയുന്നില്ല. കടം വാങ്ങി അഭിനയിക്കുന്നവർ ഒരു പക്ഷെ നാളെ ശരിക്കും കടം വാങ്ങേണ്ട അവസ്ഥയെ നേരിടേണ്ടിവരില്ലെന്നാരു കണ്ടു !


ഞാ‍നടക്കമുള്ള പ്രവാസികൾക്ക് അധികവും കടമാകുന്നതിന്റെ പ്രധാന കാരണം വീടിനെ കാര്യം തന്നെ .എങ്ങിനെ നിയന്ത്രിച്ചാലും ചിലപ്പോൾ പിടിയിൽ നിന്ന് വഴുതി വരുമാനത്തിനു മീതെ അതിന്റെ വിസ്തീർണ്ണം കൂടുന്നു. അതിലും താങ്കൾ ഭാഗ്യവാൻ തന്നെ.

മറ്റുള്ളവന്റെ പോകറ്റ് കണ്ട് ഒന്നും തുടങ്ങരുതെന്ന് വ്യക്തം..

അത്യാവശ്യങ്ങൾക്ക് കടക്കാരനായാൽ അത് മരണത്തിനു മുന്നെ കൊടുത്ത് വീട്ടാൻ നമുക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ

July 7, 2010 at 10:04 PM

ആരെങ്കിലും കുറച്ചു കാശ് കടം തന്നാല്‍ നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങാമായിരുന്നു!

July 10, 2010 at 1:06 AM

ശരിയാണ്. ഇക്കാലത്ത് കൊടുത്ത കടം തിരിച്ചു വാങ്ങാന്‍ ക്വട്ടേഷന്‍ ടീമിനെ ഇറക്കേണ്ട ഗതികേടിലാ..!

ബാധ്യതകൾ ഇല്ലാത മരണപ്പെടാൻ ജഗന്നിയന്താവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. ആമീന്‍

July 12, 2010 at 12:05 PM

> കണ്ണൂരാൻ,

കടം വാങ്ങിയാൽ കൊടുത്തു വീട്ടനുള്ള മനസുണ്ടായാൽ മതി :)
കടം തരാൻ ആളുണ്ടായാൽ ഇപ്പോൾ ഉള്ളതൊക്കെ പോരാ എന്ന് തോന്നുന്നത് സ്വഭാവികം പക്ഷെ കടക്കെണി തിരിച്ചറിയണം

അഭിപ്രായത്തിനു നന്ദി


> അഫ്സൽ

ഉദാരമായി കടം കൊടുക്കുന്ന പലരുടെയും ബിസിനസ് തന്നെ കൊട്ടേഷൻ സംഘങ്ങളല്ലേ നയിക്കുന്നതിപ്പോൾ. അടുത്ത ദിവസം ഒരും ബാങ്ക് മാനേജറടക്കമുള്ള സംഘത്തെ പിടികൂടിയത് വായിച്ചിരിക്കുമല്ലോ

വായനയക്കും അഭിപ്രായത്തിനും നന്ദി


നുറുങ്ങുകളിൽ,വഴിമാറിയ അപകടംവായിക്കുമല്ലോ

July 12, 2010 at 6:07 PM

"അത്യാവശ്യഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വന്നാൽ അത് കൊടുത്തു വീട്ടാനുള്ള മനസും അതിനുള്ള പ്രയ്തനവും നമ്മിലുണ്ടായിരിക്കണം."
- യോജിക്കുന്നു...

കടങ്ങൾ എഴുതിതള്ളുന്നത്‌ ജനങ്ങളുടെ മനോഭാവത്തെ സ്വാധീനിക്കും...

July 26, 2010 at 8:36 AM

> കാക്കര kaakkara


>കടങ്ങൾ എഴുതിതള്ളുന്നത്‌ ജനങ്ങളുടെ മനോഭാവത്തെ സ്വാധീനിക്കും <

വ്യക്തമാണീ കാര്യം. കുറെ കടം വാങ്ങുക. പിന്നീടത് എഴുതിതള്ളുമെന്ന പ്രതീക്ഷയിൽ.അങ്ങിനെയുള്ള മനസ്ഥിതിക്കാർ ഏറെയാണ്. എന്നാൽ സ്വാഭാവികമായുണ്ടാകുന്ന ദുരന്തങ്ങളിൽ ജനങ്ങളെ സഹായിക്കേണ്ട ബാധ്യത ഉണ്ട്താനും

അഭിപ്രായമറിയിച്ചതിൽ വളരെ നന്ദി

മൊഴിമുത്തുകൾ വായിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയംഗമായ നന്ദി

പുതിയ മൊഴിമുത്ത് ജീവിത വിജയം വായിക്കുമല്ലോ


നന്ദി