മൊഴിമുത്തുകൾ-34

വാഗ്ദാനം നിറവേറ്റണം


മൊഴിമുത്ത്‌ :


നബി (സ) പറഞ്ഞു " നിങ്ങൾ ആറു കാര്യങ്ങളിൽ എനിക്ക്‌ ഉറപ്പ്‌ തരണം. എന്നാൽ നിങ്ങൾക്ക്‌ സ്വർഗമുണ്ടെന്ന് ഞാനും ഉറപ്പ്‌ തരാം ' 1) സംസാരിക്കുമ്പോൾ സത്യം പറയുക. 2) വാഗ്ദാനം ചെയ്താൽ നിറവേറ്റുക. 3) നിങ്ങൾ വിശ്വസിക്കപ്പെട്ടാൽ ആ വിശ്വസ്തത പൂർണ്ണമായും പാലിക്കുക 4 ) ഗുഹ്യസ്ഥലങ്ങളെ നിങ്ങൾ സൂക്ഷിക്കുക 5) കണ്ണുകളെ താഴ്ത്തുക 6 ) കൈകളെ തടയുക"

വിവരണം :

സത്യം പറയുക , വാഗ്ദാനം നിറവേറ്റുക, വിശ്വസ്തത പാലിക്കുക, വ്യഭിചാരവും മറ്റും ചെയ്യാതെ ഗുഹ്യസ്ഥലങ്ങളെ സൂക്ഷിക്കുക, വികാരമുണ്ടാക്കത്തക്കവിധം സ്തീകളെയും മറ്റും നോക്കാതിരിക്കുക, അക്രമം പ്രവർത്തിക്കാതിരിക്കുക എന്നീ ആറു സത്‌ഗുണങ്ങൾ ഉൾകൊണ്ട്‌ ജീവിക്കുന്നവർ ആരോ അവർക്ക്‌ സ്വർഗം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു.


കുറിപ്പ്‌ :

ഇന്നത്തെ സാഹചര്യത്തിൽ ഇവിടെ പറഞ്ഞിരിക്കുന്ന ആറുകാര്യങ്ങളും നാം പ്രത്യേകം വിചിന്തനം ചെയ്യേണ്ടതുണ്ട്‌. വാ തുറന്നാൽ നുണയല്ലാതെ പറയാൻ കഴിയാത്തവരെ അനേകം കാണാം. നിസാര കാര്യങ്ങൾ മറച്ച്‌ വെക്കാൻ വലിയ വലിയ കള്ളങ്ങൾ യാതൊരു മടിയുമില്ലാതെ പറയുന്നവർ.. അത്തരക്കാർക്ക്‌ അത്‌ പിന്നെ ഒരു ശീലമാവുന്നു. പിന്നെ ഏത്‌ കാര്യത്തിനും എത്ര വലിയ നുണയും പറയാൻ മടിയില്ലാത്തവരായി അധപതിക്കുകയും ചെയ്യുന്നു. സത്യത്തിൽ മറ്റുള്ളവരുടെ ഇടയിൽ അവരെ പറ്റി ഒരു ഇമേജ്‌ അവർ അറിയാതെ സൃഷ്ടിക്കപ്പെടുന്നത്‌ പലപ്പോഴും ജിവിതവസാനം വരെ മാറ്റിതിരുത്താൻ കഴിയാതെയും പോവുന്നു. സത്യമായ ഒരു കാര്യം തന്നെ പറഞ്ഞാലും 'അത്‌ ഇന്ന ആൾ പറഞ്ഞതല്ലേ.. അതിൽ എത്ര ശതമാനം വെള്ളം ചേർത്തിട്ടുണ്ടെന്ന് നോക്കണം ' എന്ന ഒരു ആലോചനയിലേക്ക്‌ ജനങ്ങൾ സ്വഭാവികമായും എത്തുകയും സമൂഹത്തിൽ അഥവാ ഈ ഭൗതിക ലോകത്ത്‌ തന്നെ എണ്ണപ്പെടാത്തവനായി മാറുകയും ചെയ്യുന്നു. വാഗ്‌ദത്ത ലംഘനം എന്നത്‌ കപട വിശ്വാസിയുടെ ലക്ഷണമായി നബി(സ)യുടെ മറ്റൊരു ഹദീസിൽ കാണാം. വാഗ്ദാനം ലംഘിക്കൽ വലിയ ശിക്ഷ അർഹിക്കുന്ന കാര്യമായി വിവരിച്ചിട്ടുണ്ട്‌. ഇന്ന് പക്ഷെ ജനങ്ങളിൽ ആ കാര്യത്തിൽ (ഭരണ മേഖലയിലും, ജോലി തലത്തിലായാലും, കുടുംബത്തിലും, വ്യക്തിപരമായും എല്ലാം ) യാതൊരു ശ്രദ്ധയും ഇല്ല എന്ന് മാത്രമല്ല .രഹസ്യമായും പരസ്യമായും വാഗ്ദാനം (ചെയ്യാൻ പറ്റുന്നതും പറ്റാത്തത്‌ എന്ന് പൂർണ്ണ ബോധ്യമുള്ളതും ) ചെയ്യാനും അത്‌ വളരെ ലാഘവത്തോടെ ലംഘിക്കുന്നതിനും യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതായിരിക്കുന്നു. മാത്രമല്ല ചിലർക്കെങ്കിലും വാഗ്ദാന ലംഘനം ചെയ്യുന്നത്‌ അലങ്കാരമോ അഭിമാനമോ ആയി തോന്നുന്നുവെന്ന് വേണം കരുതാൻ. ജനങ്ങളെ വാഗ്ദാനം നൽകി കബളിപ്പിക്കുന്ന നേതാക്കൾ വീണ്ടും അതേ ജനത്തിനു മുന്നിൽ പിന്നെ ഒരവസരത്തിൽ വന്ന് വീണ്ടും വാഗ്ദാനങ്ങൾ കോരിച്ചൊരിയുകയും പഴയപടി വാഗ്ദാനങ്ങളെല്ലാം അപ്പടി വിഴുങ്ങുകയും ചെയ്യുന്നത്‌ തിരിച്ചറിയപ്പെടാൻ മാത്രം അവബോധമുള്ള അനുയായികൾ ഇല്ലാഞ്ഞിട്ടോ എന്തോ..അത്‌ നിർബാധം തുടരുന്നു.


അമാനത്ത്‌ അഥവാ വിശ്വസ്തത എന്നത്‌ പൊതു ജിവിതത്തിലും വ്യക്തി ജീവിതത്തിലും ഇന്ന് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വ ജീവികളെപ്പോലെയായിരിക്കുന്നു. നമുക്ക്‌ നമ്മെ തന്നെ വിശ്വാസമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങൾ. നമ്മെ വിശ്വസിച്ച്‌ ഏൽപ്പിക്കപ്പെട്ട ഭൂമിയായാലും, പണമായാലും, മറ്റ്‌ കാര്യങ്ങളായാലും എല്ലാം തന്നെ അതിൽ വിശ്വസ്തത പൂർണ്ണമായും പാലിക്കാൻ ഏൽപ്പിക്കപ്പെട്ടവർ ബാധ്യസ്ഥരാണ്‌. വിശ്വസിച്ച്‌ ഏൽപ്പിക്കപ്പെട്ടത്‌ അതിന്റെ അവകാശികളിൽ നിന്ന് കള്ളപ്രമാണങ്ങളും കള്ള സാക്ഷികളും ഉണ്ടാക്കി കരസ്ഥമാക്കുന്നത്‌ പതിവ്‌ കാഴ്ചകളാണ്‌. അത്‌ സാമർത്ഥ്യമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. പ്രവാസികൾക്ക്‌ ഇത്തരത്തിലുള്ള അനുഭവങ്ങൾ (സമ്പത്തിന്റെ കാര്യത്തിലായാലും, താൻ ജീവനു തുല്യം സ്നേഹിച്ച തന്റെ ജീവിതം ആർക്ക്‌ വേണ്ടി പ്രവാസഭൂമിയിൽ ഹോമിച്ചുവോ അവരുടെ കാര്യത്തിലായാലും ) ഏറെയാണ്‌. പരസ്പര വിശ്വാസം ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിനു അത്യന്താപേക്ഷിതമാണ്‌. പല ജീവിതങ്ങളും താറുമാറാകുന്നതും ഈ അമാനത്ത്‌ (വിശ്വസ്തത ) പാലിക്കപ്പെടാതെ വരുമ്പോഴാണെന്നത്‌ നാം ഓർക്കേണ്ടതുണ്ട്‌. അമാനത്ത് ഉത്തരവാദിത്വവും കടമയുമായും ബന്ധപ്പെട്ട് കിടക്കുന്ന വിശാലമായ വിഷയം കൂടിയാണ്.


ഗുഹ്യസ്ഥാനങ്ങൾ സൂക്ഷിക്കുക എന്നതും കണ്ണുകൾ താഴ്ത്തുക എന്നതും പരസ്പരം ബന്ധപ്പെട്ട്‌ കിടക്കുന്നു. മനുഷ്യ ശരീരത്തിലെ രണ്ട്‌ ഭാഗങ്ങൾ ( നാക്കും , ഗുഹ്യസ്ഥാനവും ) നിയന്ത്രിക്കാനും സൂക്ഷിക്കാനും കഴിയുന്നവർ വിജയികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടതായി തിരുനബി(സ)യുടെ മൊഴിമുത്തുകളിൽ വിവരിച്ചിട്ടുണ്ട്‌. കുത്തഴിഞ്ഞ ലൈംഗികത, വ്യഭിചാരവും അധികരിച്ച ഒരു കാലഘട്ടത്തിൽ വിശ്വസ്തത എന്നത്‌ കാലഹരണപ്പെട്ട വാക്കായി പരിണമിക്കുമ്പോൾ ധാർമ്മികതയും സദാചാരവും പുലർത്താൻ പറയുന്നവരെ പരിഹസിക്കുന്നവരെയാണ്‌ നമുക്ക്‌ കാണാൻ കഴിയുക. കണ്ണുകൾ താഴ്ത്തുക എന്ന് പറഞ്ഞതിനു നേർ വിപരീതമായി കണ്ണുകളാലുള്ള തുറിച്ച (ദുശിച്ച )നോട്ടങ്ങളുമായി ആൺ പെൺ ഭേതമില്ലാതെ വിഹരിക്കുന്ന അവസ്ഥ. ഞാൻ താമസിക്കുന്ന ഏരിയയിൽ അടുത്തയിടെ പ്രശസ്തമായ ഒരു ബിസിനസ്‌ ഗ്രൂപ്പിന്റെ ഷോപ്പിംഗ്‌ മാൾ ഉത്ഘാടനം ചെയ്തു. ഒരു ദിവസം വൈകുന്നേരം ആ മാളിലേക്ക്‌ ചില സാധനങ്ങൾ വാങ്ങുന്നതിനായി ചെന്നപ്പോൾ സെക്യൂരിറ്റി പറഞ്ഞു.. സോറി സാർ, വൈകുന്നേരം 5 മുതൽ 10 വരെ ഫാമിലികൾക്ക്‌ മാത്രമായി മാറ്റിയിരിക്കുന്നു. ബാച്ചിലേഴ്സിനു പ്രവേശനമില്ല. അന്വേഷിച്ചപ്പോൾ മനസ്സിലായത്‌ ചിലരുടെ സ്ത്രീകളെ കാണാത്തത്‌ പോലെയുള്ള തുറിച്ച്‌ നോട്ടങ്ങളുടെ ഫലമായി അവർക്ക്‌ ഷോപ്പിംഗ്‌ ചെയ്യാൻ വിഷമം നേരിട്ടത്‌ കൊണ്ടാണ് ഇങ്ങിനെ ഒരു നിയന്ത്രണം വെച്ചതെന്ന്. ഈ അനുഭവം ഇതിനൊപ്പം ചേർത്ത്‌ വായിക്കേണ്ടതാണെന്ന് തോന്നിയതിനാൽ ഇവിടെ ചേർക്കുന്നു. അപ്പോൾ നമ്മുടെ കണ്ണുകളെ ,ലൈംഗിക അവയവങ്ങളെ എല്ലാം നിയന്ത്രിക്കുക എന്നത്‌ ശ്രമകരമായത്‌ കൊണ്ട്‌ തന്നെയാണ്‌ അത്‌ ചെയ്യൂന്നവർക്ക്‌ വലിയ പ്രതിഫലം ഉറപ്പ്‌ നൽകിയത്‌.


തന്റെ ശക്തി (ശാരീരികവും ,സാമ്പത്തികവും, ഭരണപരവും മറ്റു മായ) മറ്റുള്ളവരെ ആക്രമിക്കുന്നതിനായി ദുരുപയോഗം ചെയ്യരുതെന്ന് കൂടി പറയുന്നു. വ്യക്തി തലം മുതൽ അന്തരാഷ്ട തലം വരെ നടന്നു വരുന്നതും ബലഹീനരെ ആക്രമിക്കുക എന്നതല്ലേ. മറ്റുള്ളവരെ കീഴ്പ്പെടുത്താനുള്ള ശക്തി ഉണ്ടായിരിക്കെ തന്നെ അതിൽ നിന്ന് ഒഴിഞ്ഞ്‌ നിൽക്കുന്നവനാണ്‌ വിജയി. താൻ നിമിത്തം അഥവാ തന്റെ കൈകൊണ്ട്‌ തന്റെ സഹജിവിക്കെതിരെ പ്രവർത്തിക്കാതിരിക്കാൻ കഴിയണം. അത്‌ കുടുംബ ബന്ധത്തിലും സുഹൃദ്‌ ബന്ധത്തിലും സാമൂഹ്യ ജീവിതത്തിലും രാഷ്ടീയ രംഗത്തും ഭരണ തലത്തിലുമെല്ലാം പുലർത്താൻ എത്രപേർ ശ്രമിക്കുന്നു ? ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങൾക്ക്‌ നേരെ അക്രമം അഴിച്ചു വിടുന്ന കാഴ്ചകൾ, തന്റെ കിഴിൽ സംരക്ഷിക്കപ്പെടേണ്ട ഭാര്യയെയും മക്കളെയും നിസാര കാര്യങ്ങൾക്ക്‌ വരെ ഉപദ്രവിക്കുന്ന നീചരും നികൃഷരുമായി അധപതിക്കുന്നവരുടെ എണ്ണം വർധിക്കുകയാണിന്ന്. അതെല്ലാം തന്റെ ശക്തി പ്രകടനത്തിനുള്ള മാർഗമായി കാണുന്നവർ . അത്തരക്കാർക്കെല്ലാം ഈ നബി വചനങ്ങൾ ഒരു തിരിച്ചറിവുണ്ടാക്കിയെങ്കിൽ !!


ആരുടെ മുന്നിലും സത്യം പറയാൻ ആർജ്ജവമുള്ള, വാഗ്ദത്തം ചെയ്താൽ പാലിക്കുന്ന, വിശ്വസിച്ചേൽപ്പിക്കപ്പെട്ടതിനെ സൂക്ഷിക്കുന്ന , കുത്തഴിഞ്ഞ ജിവിതങ്ങളിൽ വഴുതിവീഴാതെ ജീവിത വിശുദ്ധി സൂക്ഷിച്ച്‌ , മറ്റുള്ളവർക്ക്‌ നേരെ അക്രമം പ്രവർത്തിക്കാത്തവരുമായി ജീവിക്കാനും നാഥൻ തുണയ്ക്കട്ടെ.

25 Response to മൊഴിമുത്തുകൾ-34

May 18, 2009 at 9:09 AM

ആരുടെ മുന്നിലും സത്യം പറയാൻ ആർജ്ജവമുള്ള, വാഗ്ദത്തം ചെയ്താൽ പാലിക്കുന്ന, വിശ്വസിച്ചേൽപ്പിക്കപ്പെട്ടതിനെ സൂക്ഷിക്കുന്ന , കുത്തഴിഞ്ഞ ജിവിതങ്ങളിൽ വഴുതിവീഴാതെ ജീവിത വിശുദ്ധി സൂക്ഷിച്ച്‌ , മറ്റുള്ളവർക്ക്‌ നേരെ അക്രമം പ്രവർത്തിക്കാത്തവരുമായി ജീവിക്കാനും നാഥൻ തുണയ്ക്കട്ടെ.

May 18, 2009 at 10:52 AM

നന്ദി കൂട്ടുകാരാ..... ഈ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞത് വളരെ ഭാഗ്യമായി ഞാന്‍ കരുതുന്നു....

May 18, 2009 at 11:22 AM

നല്ല പോസ്റ്റ്, ബഷീര്‍ക്കാ

May 18, 2009 at 4:59 PM

വിശ്വസ്തത എന്നത്‌ പൊതു ജിവിതത്തിലും വ്യക്തി ജീവിതത്തിലും ഇന്ന് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വ ജീവികളെപ്പോലെയായിരിക്കുന്നു.


വളരെ സത്യമാണു ബഷീർക്ക പറഞ്ഞത്.അഭിപ്രായങ്ങളോട് യോജിക്കുന്നു

May 18, 2009 at 7:30 PM

Appo basheere oru karyam urappayi.. Swargam enikkullathallennu... Paranju thannathinu nandi...!!! ( pedikkenda.. palarum enikkavide koottinundakumallo... )

May 19, 2009 at 11:15 AM

ഈ ആറ് കാര്യങ്ങള്‍ ജീവിതത്തിലുടനീളം പുലര്‍ത്തിപ്പോരാന്‍ നമുക്കാവട്ടെ. ആശംസകള്‍ ഈ നല്ല പോസ്റ്റിന്.

May 19, 2009 at 4:16 PM

> ശിവ
> ശ്രീ
> കാ‍ന്താരിക്കുട്ടി
>സുരേഷ് കുമാർ
> കാസിം തങ്ങൾ

മൊഴിമുത്തുകൾ വായിച്ച് അഭിപ്രാ‍യം അറിയിച്ചതിൽ വളരെ സന്തോഷം. നിങ്ങൾക്കേവർക്കും ഉപകാരപ്പെടുന്നുവെന്നറിയുന്നതിലും
പ്രോത്സാഹനത്തിനു നന്ദി
വീണ്ടും വായിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുമല്ലോ

May 19, 2009 at 4:18 PM

സ്വ ജീവിതം സംശുദ്ധമാക്കാൻ സഹായകമായ ഉപദേശം
ഈ നല്ല പോസ്റ്റിനു നന്ദി!
അല്ലാഹു പ്രതിഫലം നൽകട്ടെ ആമീൻ!

May 19, 2009 at 5:12 PM

ആശംസകള്‍ ഇക്കാ

May 19, 2009 at 5:52 PM

May God help us to stick to this points in our life...

May 19, 2009 at 9:45 PM

അസ്സലാമുഅലൈക്കും മൊഴിമുത്തുൾ‌ മുതുക്കൾ അയിതനൈന്നമുക്കുംന്നമുടൈജിവിധതിൽ പക്കർതാൻ സർവനാദൻ തുണക്കടൈ അമിൻ

May 20, 2009 at 10:28 AM

നല്ല മുത്തുകള്‍

May 20, 2009 at 11:21 AM

ഈ ശ്രമത്തിന് ആശംസകള്‍ നേരുന്നു...

പിന്തുണ അറിയിക്കുന്നു...

May 20, 2009 at 12:26 PM

ഉപകാരപ്രദമായ് ബ്ലോഗും പോസ്റ്റും ബഷീര്‍ഭായ്.
കുറച്ചു നാളുകളായി നെറ്റില്‍ വരാന്‍ അവസരം കുറവാണ്, രണ്ട് മാസം കൂടി കഴിഞ്ഞേ ഫ്രീ ആവുകയുള്ളൂ. സ്നേഹാന്വാഷണത്തിന്‍ നന്ദി.

May 20, 2009 at 2:58 PM

ആരുടെ മുന്നിലും സത്യം പറയാൻ ആർജ്ജവമുള്ള, വാഗ്ദത്തം ചെയ്താൽ പാലിക്കുന്ന, വിശ്വസിച്ചേൽപ്പിക്കപ്പെട്ടതിനെ സൂക്ഷിക്കുന്ന , കുത്തഴിഞ്ഞ ജിവിതങ്ങളിൽ വഴുതിവീഴാതെ ജീവിത വിശുദ്ധി സൂക്ഷിച്ച്‌ , മറ്റുള്ളവർക്ക്‌ നേരെ അക്രമം പ്രവർത്തിക്കാത്തവരുമായി ജീവിക്കാനും നാഥൻ തുണയ്ക്കട്ടെ.

May 20, 2009 at 3:10 PM

ഇതുപോലുള്ള പ്രസക്തമായ പോസ്റ്റുകള്‍ ഇടാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ! ആ നബിയുടെ പാത പിന്‍പറ്റി ജീവിക്കുന്ന ഒരുത്തമ സമുദായത്തില്‍ നമ്മെ പെടുത്തുമാറാകട്ടെ! ആമീന്‍!

May 20, 2009 at 10:09 PM

ഇപ്പോഴാ ഇക്കാ വായിക്കാന്‍ കഴിഞ്ഞത്.ഇത്തരം പോസ്റ്റുകളാണ്‌ ഇവിടെ ഇപ്പോള്‍ ആവശ്യം

May 21, 2009 at 12:22 AM

സുരേഷ് കുമാര്‍ പുഞ്ചയില്‍, താങ്കളുടെ കമന്‍റ് വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയമാണ്.
താങ്കള്‍ ഇനിയും തെറ്റുകള്‍ തുടരും എന്നാണൊ..?.
പശ്ചാത്തപിച്ച് മടങ്ങുന്നവര്‍ക്ക് സ്വര്‍ഗ്ഗമുണ്ടെന്ന് ഖുര്‍‌ആനില്‍ വ്യക്തമായി പലവട്ടം സൂചിപ്പിച്ചിട്ടുണ്ട്.
ഒരു സംഭവത്തിലൂടെ ആ കാര്യം വിവരിക്കാം.
ബദര്‍ യുദ്ധത്തില്‍ വെച്ച് ഹംസ(റ)യെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും അനന്തരം ഒരു കാപ്പിരി മുഖേന അദ്ദേഹത്തെ വധിക്കുകയും അദ്ദേഹത്തിന്‍റെ ഹൃദയം പിളര്‍ന്ന് തന്‍റെ മുടി അഴിച്ച് ആ രക്തത്തില്‍ മുക്കുകയും ചെയ്ത ഒരു സ്ത്രീ ഉണ്ടായിരുന്നു.ഹിന്ദ് എന്നായിരുന്നു അവരുടെ പേര്‍.ഈ കൊടിയ പാപം തന്‍റെ മനസ്സിനെ വല്ലാതെ മധിക്കുകയും അവര്‍ പശ്ചാത്തപിക്കുകയും ഇസ്‌ലാം സ്വീകരിക്കയും ചെയ്തു.അനന്തരം ദൈവം അവര്‍ക്ക് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ബഷീര്‍ ഇത്തരം മൊഴിമുത്തുകള്‍ ജനങ്ങളെ ഉദ്ധരിക്കുവാന്‍ ഉതകുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

May 21, 2009 at 12:57 PM

> Muham
> SajnChristee
> poor-me/പാവം ഞാൻ
> നസീർ
> കാട്ടിപ്പരുത്തി
> hAnLLaLaTh
> ഫസൽ /fazal
> തെച്ചിക്കോടൻ
> വാഴക്കോടൻ
> അരുൺ കായംകുളം
> യൂസുഫ്പ


മൊഴിമുത്തുകൾ വായിച്ച് അഭിപ്രാ‍യവും ആശംസകളും അറിയിച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദി ..
പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കട്ടെ. ആമിൻ..
ജീവിതത്തിൽ പകർത്തുവാൻ നമുക്കേവർക്കും കഴിയട്ടെ.

> യൂസുഫ്പക്ക ,

സുരേഷിനെ എനിക്ക് വ്യക്തി പരമായി അറിയാവുന്ന ആളാണ്.എന്റെ നല്ല ഒരു സുഹൃത്തുമാണ്. അദ്ധേഹം അങ്ങിനെ ഒരു അർത്ഥം ഉദ്ദേശിച്ചു കാണില്ല എന്ന ഉറപ്പിലാണ് എഴുതാതിരുന്നത്. :)

യൂസുഫ്പ്ക്കടെ വിശദമായ കമന്റിനു നന്ദി


മൊഴിമുത്തുകളിലെ നന്മ തിരിച്ചറിയുന്ന പ്രിയ കൂട്ടുകാർക്ക് ഒരിക്കൽ കൂടി നന്ദി..

June 23, 2009 at 11:17 PM

ഉന്തുട്ടു..പറയാനെന്റിഷ്ട്ടാ..
ഉള്ളതു പറഞാ..കഞ്ഞില്ലാത്ത കാലമാ..

June 24, 2009 at 1:15 PM

> bilatthipattanam ,

കാലത്തെ പഴിക്കുന്നതിൽ അർത്ഥമില്ലഷ്ടാ :)
എല്ലാം മനുഷ്യന്റെ കരങ്ങളാൽ പ്രവൃത്തിക്കുന്നതിന്റെ ഫലം ..

June 28, 2009 at 9:03 AM
This comment has been removed by the author.
June 28, 2009 at 9:11 AM

അതെ, ഇഹലോകം പരലോകത്തിലേക്കുള്ള ഒരു പാലം മാത്രമാണ്, എല്ലാ തെറ്റുകളെ തൊട്ടും അള്ളാഹു (സു) നമ്മെ കാത്തു രക്ഷിക്കട്ടെ, തികച്ചും "variety" ഉള്ള ഒരു ബ്ലോഗ്‌, ഒരുപാട്‌ ഒരുപാട്‌ ഉപകരിക്കും, ഇനിയും തുടരുക , ആശംസകള്‍

June 28, 2009 at 10:10 AM

> Aneesa,


ഇവിടെ ആദ്യമായാണല്ലോ.. സുസ്വ്വാഗതം :)

വായനയ്ക്കും പ്രാർത്ഥനകൾക്കും വളരെ നന്ദി. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ

August 8, 2012 at 4:50 PM

നബി (സ) പറഞ്ഞു " നിങ്ങൾ ആറു കാര്യങ്ങളിൽ എനിക്ക്‌ ഉറപ്പ്‌ തരണം. എന്നാൽ നിങ്ങൾക്ക്‌ സ്വർഗമുണ്ടെന്ന് ഞാനും ഉറപ്പ്‌ തരാം ' 1) സംസാരിക്കുമ്പോൾ സത്യം പറയുക. 2) വാഗ്ദാനം ചെയ്താൽ നിറവേറ്റുക. 3) നിങ്ങൾ വിശ്വസിക്കപ്പെട്ടാൽ ആ വിശ്വസ്തത പൂർണ്ണമായും പാലിക്കുക 4 ) ഗുഹ്യസ്ഥലങ്ങളെ നിങ്ങൾ സൂക്ഷിക്കുക 5) കണ്ണുകളെ താഴ്ത്തുക 6 ) കൈകളെ തടയുക"

പ്ലീസ്‌ ഇതിന്‍റെ റിപ്പോര്ട്ടറെ കൂടി പറയുക...