മൊഴിമുത്തുകൾ-46


'യാചന'


മൊഴിമുത്ത്:


"ആര് ജനങ്ങളോടെ യാചിക്കുകയില്ലെന്ന് ഉറപ്പ് നൽകുന്നുവോ ,അവന്ന് (പ്രതിഫലമായി) സ്വർഗം കൊണ്ട് ഉറപ്പ് നൽകുന്നു" ( സൌബാൻ (റ) ൽ നിന്ന് അബൂദാവൂദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ്)

"കയറുമായി മലകയറി മുതുകിൽ വിറക് കെട്ട് ചുമന്ന് കൊണ്ട് വന്ന് വിറ്റ് അഭിമാനം കാത്ത് സൂക്ഷിക്കുന്നതാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാൾ ഉത്തമം; ജനങ്ങൾ യാചിക്കുന്നവന് കൊടുത്താലും ഇല്ലെങ്കിലും "( സുബൈർ (റ) ൽ നിന്ന് നിവേദനം , ഹദീസ് ബുഖാരി 3/265, 4/260 )


"സ്വന്തം മുഖത്തെ മാംസം മാന്തിയെടുക്കുന്നതിനു സമമാണ് യാചന, ആരെങ്കിലും സ്വന്തം മുഖം രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അവൻ യാചന ഒഴിവാക്കട്ടെ, ഭരണാധികാരിയോടോ വളരെ അത്യാവശ്യ ഘട്ടത്തിലോ യാചിക്കുന്നവർ ഒഴികെ" ( അബൂദാവൂദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ്)



വിവരണം:


സാമ്പത്തികമായും മറ്റും എത്ര ക്ലേശിച്ചാലും മറ്റുള്ളവരോട് യാചിക്കാതെ (അധ്വാനിച്ച് ) ജീവിതം നയിക്കുന്നവർ ആരാണോ അവർ വിശ്വാസികളിൽ ഉത്തമരാണെന്നും അവർക്ക് ആ ക്ലേശത്തിനു പ്രതിഫലമായി സ്വർഗപ്രവേശനം സാധ്യമാവുമെന്നും ഈ പ്രവാചക മൊഴിയുടെ നേരർത്ഥം.


കുറിപ്പ്:


ഇസ്‌ലാം യാചനയെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുകയും അധ്വാനിച്ച് ജീവിക്കുന്നതിന്റെ മഹത്വം പഠിപ്പിക്കുകയും ചെയ്യുന്നു. നബി (സ) തിരുമേനിയുടെ സവിധത്തിൽ വന്ന് ഒരു അനുചരൻ തന്റെ കഷ്ടപ്പാടുകൾ വിവരിക്കുകയും, അത് കേട്ടതിനു ശേഷം താങ്കളുടെ വീട്ടിൽ എന്താണുള്ളത് വില്ക്കാൻ പറ്റിയവ എന്ന് തിരുനബി അദ്ധേഹത്തോട് ചോദിക്കുകയും രണ്ട് പാത്രങ്ങൾ വിറ്റ് കിട്ടിയ പണം കൊണ്ട് മഴുവാങ്ങിപ്പിച്ച് വിറക് വെട്ടി കൊണ്ടുവന്ന് ചന്തയിൽ വിറ്റ്കിട്ടിയതിൽനിന്ന് ജീവിതചിലവ് കണ്ടെത്താൻ ഉപദേശിക്കുകയും ചെയ്തതും, പുണ്യറസൂലിന്റെ സദസ്സിൽ ഒരു സഹാബിയുടെ (അധ്വാനഭാരത്താൽ)പരുപരുത്ത കൈകൾ കൂട്ടിപ്പിടിച്ച് എല്ലാവർക്കും നേരെ ഉയർത്തി ‘നിങ്ങളിലാർക്കാണ് സ്വർഗത്തിലേക്ക് പോകുന്നകൈകൾ കാണേണ്ടതെന്ന് ‘ ചോദിച്ച സംഭവവുമെലാം മനപാഠമുള്ളവർ; അവരും പക്ഷെ തൊട്ടതിനും പിടിച്ചതിനുമെല്ലാം യാചനക്കിറങ്ങുന്ന കാഴ്ചകളാണിന്ന് ദർശിക്കാനാവുന്നത്. ആഢംബരജിവിത്തിനും പൊങ്ങച്ചത്തിന്റെ പേരിലെആചാരങ്ങൾക്കും വരെ പിരിവിനിറങ്ങുന്നവരുടെ ആധിക്യത്താൽ യഥാർത്ഥ ആവശ്യക്കാർ തിരസ്കരിക്കപ്പെടുന്നു.

യു.എ.ഇ യിൽ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്. അബുദാബി പോലീസിനു കിഴിലെ ‘ലോ റെസ്പെക്റ്റ് കൾചർ’ വിഭാഗം അറിയിപ്പിൽ പറയുന്നത് പോലെ, മാന്യമായി ജീവിക്കാനുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടും ,ചിലർ കാലാ കാലങ്ങളിൽ നിക്ഷേപം നടത്താനുള്ള മാർഗമായി (പ്രത്യേകിച്ച് റമദാനിൽ) യാചന തൊഴിലാക്കി സ്വീകരിക്കുകയാണ്. ഭിക്ഷാടനം മറ്റ് കുറ്റകൃത്യങ്ങളിലേക്ക് വാതിൽ തുറക്കുകയും ചെയ്യുന്നു എന്നും അതിനാൽ അബുദാബി എമിറേറ്റിലെ 1957 ലെ ഭിക്ഷാടനം സംബന്ധിച്ച പ്രാദേശിക നിയമം നമ്പർ 15 പ്രകാരം കുറ്റകൃത്യമായി കണക്കാക്കുകയും ചെയ്യുന്നു. ഭിക്ഷാടനം ചെയ്ത് പിടിക്കപ്പെടുന്നവർ പ്രവാസിയാണെങ്കിൽ അവനെ നാടു കടത്താനും നിയമമുണ്ട്. ഇത്തവണ പിടിക്കപ്പെട്ട ഒരു യാചകനിൽ നിന്ന് ഒന്നര ലക്ഷം ദിർഹം കണ്ടെത്തിയെന്ന് പത്രവാർത്തയുണ്ടായിരുന്നു. ജീവിതം മുഴുവൻ പ്രവാസഭൂമിയിൽ ചലവഴിച്ച് ജിവിതമില്ലാതെ ജീവിക്കുന്ന സാധാ‍രണക്കാരിൽ നിന്നാണിവർ ഇത്രയും തുക തട്ടിപ്പിന്റെ കണ്ണുനിർ വീഴ്ത്തി പിഴിഞ്ഞെടുക്കുന്നത്. ഇത്തരക്കാരെ കൊണ്ട് അർഹരായ പലർക്കും അവരുടെ വീതം കിട്ടാതെ പോകുന്ന അവസ്ഥയുമുണ്ട്. നമ്മുടെ നാട്ടിൽ ഓരോ പ്രദേശത്തുമുള്ള ധനാഢ്യർ മനസ് വെച്ചാൽ ആ പ്രദേശത്തുള്ളവരുടെ ആവശ്യങ്ങൾ മറ്റ് രാജ്യത്തേക്ക് അവരെ യാചനക്കുള്ള അംഗീകാര പത്രവും നൽകി പറഞ്ഞയക്കേണ്ട അവസ്ഥ ഒഴിവാക്കാവുന്നതേയുള്ളൂ.. പക്ഷെ ഇന്ന് പല കമ്മിറ്റികളും യാചനാപത്രം മുൻ‌കൂട്ടി തയ്യാറാക്കിവെച്ചിരിക്കയാണെന്ന് തോന്നുന്നു. ആവശ്യങ്ങളുന്നയിച്ച് വരുന്നവർക്ക് സീൽ ചെയ്ത് നൽകാൻ. ആരുടെ അധ്യാപനമാണ് കാറ്റിൽ പറത്തുന്നതെന്ന് അവർക്കറിവില്ലാതെയാണോ അതോ യാചന എന്നത് പുണ്യമായ ഒരു കാര്യമാണെന്നും അത് പിന്നെ റമദാനിലാവുമ്പോൾ പതിന്മടങ്ങ് പുണ്യമാണെന്നും ആരെങ്കിലും ഇവരെ തെറ്റിദ്ധരിപ്പിച്ചുവോ എന്തോ !!

ഇതിനൊരു മറുവശം ;യാചിക്കാതെ ജീവിതം മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലുള്ളവർ നമ്മുടെ ചുറ്റുവട്ടത്തിൽ തന്നെ മറ്റുള്ളവരെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിയിക്കാതെ തന്റെ അഭിമാനം കാത്ത് അരപ്പട്ടിണിയും മുഴുപട്ടിണിയുമായി കഴിയുന്നുണ്ടാവാം. അവരെ കണ്ടെത്തേണ്ടത് ഓരോ അയൽ‌വാസിയുടെയും ബാധ്യതയാണ്. (അവരുടെ മതമോ ,വർണ്ണമോ ,വർഗമോ അവിടെ വേർതിരിവ് വെക്കാൻ കാരണമാവുന്നില്ല.) . ധാന ധർമ്മങ്ങളെകുറിച്ച് വിശുദ്ധ ഖുർ‌ആൻ പറയുന്നു. ‘ നിങ്ങൾ എന്ത് ചെലവഴിച്ചാലും അല്ലാഹു അതിനു പകരം തരുന്നതാണ് (സബ‌അ്: 39). ഏറ്റവും ചുരുങ്ങിയത് നമ്മുടെ അയൽ‌വാസികളെ പരസ്യമായ യാചനയിലേക്ക് തള്ളിവിടാതിരിക്കാൻ നമുക്കാവത് ചെയ്യാം അതിനു ഈ പരിശുദ്ധ റമദാൻ മാസം ഒരു പ്രചോദനമാകട്ടെ.

തന്റെ മകന് മാറാരോഗം ബാധിച്ച് ചികിത്സയ്ക്ക് വഴികാണാതെ മദ്രസാധ്യാപകൻ ചുമട്ട്തൊഴിലെടുക്കുന്ന വാർത്ത ഇന്നലത്തെ പത്രത്തിൽ വായിച്ചു. അഭിമാനിയായ ആ അധ്യാപകൻ ഒരു മാതൃകയാവട്ടെ മറ്റുള്ള അലക്കിതേച്ച യാചകർക്ക്.അദ്ധേഹത്തിന്റെ ദയനീയാവസ്ഥക്ക് എത്രയും വേഗം ഒരു പരിഹാരമുണ്ടാക്കാൻ അന്നാട്ടുകാർക്ക് തന്നെ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ..ഏവർക്കും റമദാൻ മുബാറക്

25 Response to മൊഴിമുത്തുകൾ-46

August 30, 2010 at 8:21 AM

യാചന തൊഴിലാക്കിയവരോട്

August 30, 2010 at 10:58 AM

'സ്വന്തം മുഖത്തെ മാംസം മാന്തിയെടുക്കുന്നതിനു സമമാണ് യാചന'

വളരെ ശരി...

പോസ്റ്റ് നന്നായി, ബഷീര്‍ക്കാ

August 30, 2010 at 12:51 PM

Ramadan Kareem ...!!!

August 30, 2010 at 1:47 PM

വളരെ ശരി! യാചന വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ നടക്കുന്നുണ്ട് എന്നാണു കേള്‍ക്കുന്നത്. ഇവിടെ സൌദിയില്‍ പ്രത്യേഗിച്ചും റമദാനിലും ഹജ്ജിന്റെ സമയത്തും യാചകരെ കൂട്ടത്തോടെ ഇറക്കുമതി ചെയ്യാറുണ്ട് പാകിസ്ഥാനില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും. നല്ലൊരു ബിസിനസ് ആണത്!
ആത്മാഭിമാനത്തിന്റെയും അദ്ധ്വാനത്തിന്റെയും മഹത്വം ഓര്‍മ്മപ്പെടുത്തുന്ന നല്ല പോസ്റ്റ്‌.
റമദാന്‍ മുബാറക്‌.

August 30, 2010 at 2:24 PM

താങ്ക്സ്, ബഷീർ,
നിങ്ങളുടെ കമന്റാണ്‌ എന്നെ ഇവിടെ എത്തിച്ചത്. നല്ല സംരംഭം. തർക്കിച്ചു സമയം കളയാതെ ശരിയാണെന്ന് തോന്നുന്നത് ചെയ്തു കൊണ്ടേയിരിക്കുക. തർക്കിക്കാൻ വരുന്നവരോട് വലിയ ഉസ്താതുമാരെ സമീപിക്കാൻ ഉപദേശിക്കുക. നോമ്പിനു ശേഷം ഹദീസ് പരിഭാഷയ്ക്കുള്ള വലിയ ഒരു സംരംഭത്തിനു ഞാൻ തുറക്കം കുറിക്കുന്നു. “മുത്തുനബി” ബ്ലോഗ് സ്പോട്ട് അതിനുള്ള ഒരു കാൽവെപ്പായിരുന്നു.

August 30, 2010 at 7:41 PM

എല്ലാം ശരിയാണ്‌ ബഷീറിക്ക.പക്ഷേ ഓണത്തിനോട് അനുബന്ധിച്ച് ഒരു യാചകന്‍ വീട്ടില്‍ വന്ന് പറമ്പ് വൃത്തിയാക്കാം പകരം കൂലി തന്നാല്‍ മതി എന്ന് പറഞ്ഞാല്‍ എന്‍റെ നാട്ടില്‍ ഞാന്‍ അടക്കമുള്ളവര്‍ വേണ്ടാ എന്ന് പറഞ്ഞ് പോകും, വേറെ ജോലിക്കാരെ കിട്ടാനില്ലെങ്കില്‍ കൂടി.

എന്തേ അങ്ങനെ എന്ന് ചൊദിച്ചാല്‍ സമൂഹം ഇങ്ങനെ ആയി പോയി എന്നൊരു മറുപടി മാത്രമേ ഉള്ളു.അതിനാല്‍ ഒരുവന്‍ യാചിക്കാതിരിക്കണമെങ്കില്‍ അവനു ഒരു തൊഴില്‍ കണ്ട് പിടിക്കാന്‍ നമ്മള്‍ക്ക് സഹായിക്കാന്‍ പറ്റണം എന്ന് കൂടി പറഞ്ഞാല്‍ തെറ്റിദ്ധരിക്കില്ലെന്ന് കരുതിക്കോട്ടേ

(ഞാന്‍ മറ്റൊരു വശം ചൂണ്ടി കാട്ടി എന്നെ ഉള്ളു)

August 30, 2010 at 7:46 PM

യാചന ഇപ്പോള്‍ ഒരു ബിസിനസ്സു പോലെയാണ് പലരും കാണുന്നത്.നല്ല ആരോഗ്യമുള്ള ആളുകള്‍ യാതൊരു തൊഴിലും ചെയ്യാതെ ഇതിന്നിറങ്ങുന്നത് കാണുമ്പോള്‍..!. ഈയിടെയായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ആളുകള്‍ പ്രത്യേക വേഷ വിധാനത്തോടെ റംസാന്‍ മാസത്തില്‍ പ്രത്യേകിച്ചും ഈ പരിപാടിക്കിറങ്ങുന്നത് കാണാം.

August 31, 2010 at 9:16 AM

> ശ്രീ,

വായിക്കാനും അഭിപ്രായം പറയാനും ആദ്യമെത്തിയ ശ്രിയുടെ നല്ലാ വാക്കുകൾക്ക് നന്ദി.


> സുരേഷകുമാർ പുഞ്ചയിൽ

ഇവിടെ വന്നതിനും റമദാൻ ആശംസകൾ കൈമാറിയതിലും സന്തോഷം

> തെച്ചിക്കോടൻ

അതെ, നാം മനസിലാക്കി വെച്ചതിനപ്പുറത്താണ് യാചകലോബിയുടെ പിന്നാമ്പുറ കഥകൾ. യു.എ.ഇ കഴിഞ്ഞ ഏതാനും വർഷമായി പ്രത്യേകിച്ച് റമദാനിൽ കർശനമായ നടപടികൾ എടുക്കുന്നുണ്ട്. ജീവിക്കാൻ വേണ്ട എല്ലാ സൌകര്യങ്ങളും ഗവണ്മെന്റ് തലത്തിൽ ഇവിടെ ചെയ്ത് കൊടുത്തിട്ടും സ്ത്രീകളടക്കം റമദാനിൽ കച്ചകെട്ടിയിറങ്ങുന്നത് കാണുന്നു. സൌദിയിലെ കാര്യവും അനുഭവപ്പെട്ടിട്ടുണ്ട്. ക്രിമിനൽ സംഘങ്ങൾ തന്നെ പിറകിൽ ചരട് വലിക്കുന്നുവത്രെ..

അഭിപ്രായത്തിനു നന്ദി

August 31, 2010 at 9:46 AM

> Mammootty Kattayad,

സുസ്വാഗതം...

താങ്കളുടെ വായനയ്ക്കും നല്ല വാക്കുകൾക്കും വളരെ നന്ദി. സംരംഭത്തിനു എല്ലാ ആശംസകളും നേരുന്നു. ഇടയ്ക്ക് ഇവിടെയുമെത്തി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ


> അരുൺ കായംകുളം

വിശദമായ അഭിപ്രായത്തിനു നന്ദി

ഒരു യാചകനെ ജോലിക്ക് നിർത്താൻ തയ്യാറാകാതിരുന്നാൽ അതിനു അവരെ കുറ്റം പറയാൻ പറ്റാത്ത സ്ഥിതിയാണുള്ളത് അരുൺ..ഇന്ന് ഒരാളെ സഹായിക്കാം എന്ന് വെച്ചാൽ അത് മറിച്ചുള്ള അനുഭവമായി മാറുന്ന സാഹചര്യം നില നിൽക്കുമ്പോൾ ആരും ഒന്ന് സംശയിക്കും. ഇയാൾ ശരിക്കും ജോലി ചെയ്യാൻ തയ്യാറായിട്ടു വന്നതാണോ അതോ മറ്റ് വല്ല ലക്ഷ്യവുമുണ്ടായിരിക്കുമോ എന്ന് !

>>അതിനാല്‍ ഒരുവന്‍ യാചിക്കാതിരിക്കണമെങ്കില്‍ അവനു ഒരു തൊഴില്‍ കണ്ട് പിടിക്കാന്‍ നമ്മള്‍ക്ക് സഹായിക്കാന്‍ പറ്റണം എന്ന് കൂടി പറഞ്ഞാല്‍ തെറ്റിദ്ധരിക്കില്ലെന്ന് കരുതിക്കോട്ടേ <<

തെറ്റിദ്ധരിക്കേണ്ടതായി ഒന്നുമില്ലല്ലോ.. പക്ഷെ ഈ കാര്യത്തിൽ ഒരു കൂട്ടായ ശ്രമമായിരിക്കും കൂടുതൽ ഫലവത്താകുക.

ഇന്ന് പക്ഷെ യാചന തൊഴിലാക്കിയവരെ അതിൽ നിന്ന് പിന്തിരിപ്പിച്ച് ജോലി ചെയ്യിപ്പിക്കുക എന്നത് ശ്രമകരമാ‍യ ജോലിയായിരിക്കും കാരണം അവരിൽ അധികവും മേലനങ്ങാൻ തയ്യാറില്ലാത്തവരായാണ് കാണുന്നത്. എന്നാലും അരുൺ സൂചിപ്പിച്ച പോലെ യാചനയിൽ നിന്ന് കരകയറാൻ സഹായിക്കേണ്ടത് തന്നെ ..യാചനയിലേക്ക് ഒരു കുടുംബത്തെ തള്ളിവിടാതെ നോക്കേണ്ടതും


> Mohamedkutty മുഹമ്മദുകുട്ടി,

സംശയമില്ല. പലയിടത്തും യാചകർ പലിശക്ക് പണം കടം കൊടുക്കുന്നതായി അറിയുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വലിയ ഒഴുക്കുതന്നെയാണ് യാചകരുടെ. കടകളിലും മറ്റും ഒരു ദിവസം മാറ്റി വെച്ചിരിക്കയാണ്. വീടുകളിൽ നമ്മൾ ഉണരുന്നതിനു മുന്നെ ആളെത്തിയിരിക്കും. റമദാനിൽ മുഹമ്മദ്കുട്ടിക്ക പറഞ്ഞത് പോലെ വേഷം കെട്ടി യാചനക്കിറങുന്നവർ അനവധിയാണ്. നാട്ടിൽ മോഷണവും പെരുകുന്നു. ഉത്തരവാദപ്പെട്ടവർക്ക് ഇത് നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചനയൊന്നുമില്ല. അവർക്കും കിട്ടുന്നുണ്ടാവാം പിച്ചച്ചട്ടിയിൽ നിന്നുള്ള വിഹിതം

അഭിപ്രായത്തിനു നന്ദി

August 31, 2010 at 4:38 PM

ഒരു വിഭാഗത്തെ യാചനയിലേക്ക് തള്ളിവിടുന്ന പ്രമാണി വര്‍ഗത്തെയും മറന്നു കൂടാ. പാവങ്ങളുടെ അവകാശമായ സകാത്ത് പോലും കൊടുക്കാതെ സമ്പത്ത് കെട്ടിപ്പൂട്ടി വെച്ച് നിസ്കാര തഴമ്പ് പ്രദര്‍ശിപ്പിക്കുന്നവരും തുറന്നു കാട്ടപ്പെടണം. പെരുന്നാള്‍ ദിനത്തില്‍ പോലും 'ഫിത്വര്‍ സകാത്തിന്' തെണ്ടി നടക്കേണ്ടി വരുന്ന പാവങ്ങളെ കുറിച്ച് ഇത്തരക്കാര്‍ ഓര്‍ക്കുന്നില്ല. വീടിനു മുമ്പില്‍ ഓശാരത്തിനു കൈനീട്ടുന്നവരുടെ ക്യൂ നീണ്ടു കിടക്കുന്നത് ഇത്തരക്കാര്‍ക്ക് അഭിമാനമാണ്. സംഘടിത സകാത്ത് വിതരണത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തന്നെ അര്ഹരുടെ വിഹിതം അവരുടെ വീട്ടിലെത്തിക്കാനുള്ള മര്യാദയെങ്കിലും ഇവര്‍ കാട്ടിയാല്‍ പെരുന്നാള്‍ ദിനത്തിലെ തെണ്ടലെങ്കിലും ഇല്ലാതാക്കാമായിരുന്നു.

September 1, 2010 at 7:27 AM

പറഞ്ഞതെല്ലാം വളരെ ശരിയാണ്... പലപ്പോഴും യാത്രക്കിടയില്‍ പല അനുഭവങ്ങളും ലഭിച്ചിട്ടുണ്ട്.. ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ഒരു യാച്ചകനുണ്ട്... സത്യം പറഞ്ഞാല്‍ എന്റെ ശമ്പളത്തിന്റെ 150 % ഉണ്ട് അദ്ധേഹത്തിന്റെ... അതുപോലെ നര്‍മം തോന്നുന്ന മറ്റൊരു കാര്യമാണ്, സാധാരണ മനുഷ്യര്‍ക്ക്‌ ചില്ലറ കൊടുക്കാന്‍ ആര്‍ ബി ഐ ക്ക് ശേഷം ആ ദൌത്യം ഇവര്‍ക്കാണ്.. പക്ഷെ കമ്മിഷന്‍ 10 % എന്നുമാത്രം....

സസ്നേഹം

കൊച്ചുരവി

September 1, 2010 at 6:22 PM

> ശ്രദ്ധേയന്‍ | shradheyan ,

അത് മനപൂർവ്വം വിട്ടതല്ല. അതിനെ കുറിച്ച് തന്നെ ഒരു പോസ്റ്റ് എഴുതാനുണ്ട്.
സകാത് പണക്കാരന്റെ ഔദാര്യമല്ല മറിച്ച് പാവപ്പെട്ടവന്റെ അവകാശമാണ്‌ എന്നതാണ്‌ ഇസ്ലാമിക അധ്യാപനം എങ്കിലും താങ്കൾ സൂചിപ്പിച്ച പ്രവണത ലജ്ജാകരമാണ്‌. ചില്ലറത്തുട്ടുകളിൽ ദാനശീലരാകുന്നവർ അറിഞ്ഞോ അറിയാതെയോ ഒരു സംസ്കാരത്തെ അപമാനിക്കുകയും കൂടിയണ്‌ ചെയ്യുന്നത്. പിന്നെ അതിനൊരു മറുവശം . റമദാൻ ഇരുപത്തിയേഴാം രാവ് യാചനാ ദിനമായി കണക്കാക്കി വീടു വിട്ടിറങ്ങുന്നവരിൽ നല്ലൊരു ശതമാനം വേഷം കെട്ടി വരുന്നവരും, പിന്നെ സിനിമ കാണാനും പടക്കം വാങ്ങാനും (മുൻകാലത്ത്) ഇപ്പോൾ മറ്റ് പല റെക്കോർഡ് തിരുത്തലുകളിൽ പങ്കാളികളാവാനും ഇറങ്ങുന്ന ചെറുപ്പക്കാരും ഉൾപ്പെടുന്നു. സകാതിന്റെ 8 അവകാശികൾക്ക് അഥവാ അർഹരായവർക്ക് അത് കണക്കാക്കി എത്തിക്കേണ്ടത് നാം ഓരോരുത്തരുടേയും ബാധ്യതയാണ്‌. അത് ഏതെങ്കിലും കമ്മിറ്റിയെ ഏല്പിച്ച് ഒഴിയാൻ പറ്റുകയില്ല. ഇസ്ലാമിക ഭരണം നിലവിലുള്ളിടത്ത് സകാത് ഭരണാധികാരിയെ ഏല്പിക്കാമെങ്കിലും സ്വന്തമായി വിതരണം നടത്തുന്നത് തന്നെയാണ്‌ ഉത്തമം. വിശ്വസ്തനായ ഒരാളെ വകാലത്ത് ചെയ്യാം പക്ഷെ അവിടെയും കമ്മിറ്റിയെ വകാലത്ത് ചെയ്യാൻ പറ്റില്ല. മറ്റു സദഖകൾ(ദാനം) ഇങ്ങിനെ സംഘടിതമായി വിശ്വസതമായ രീതിയിൽ കൊടുക്കുന്നവരെ ഏല്പിക്കാം പക്ഷെ.

ഫിത്ർ സകാതും ഇതേ രീതിയിൽ തന്നെ അർഹർക്ക് കൊണ്ടു ചെന്ന് കൊടുക്കൽ തന്നെ ഉത്തമ.ം. പക്ഷെ അധികമാരും മിനക്കെടാറില്ല. അതിനാൽ തന്നെ പാവപ്പെട്ടവർ ഫിത്ർ സകാത് തേടി അലയേണ്ടിയും വരുന്നു. അത് കഷ്ടം തന്നെ..
അഭിപ്രായത്തിനു നന്ദി

Pranavam Ravikumar a.k.a. Kochuravi

അനുഭവം പങ്ക് വെച്ചതിലും അഭിപ്രായം അറിയിച്ചതിലു വളരെ സന്തോഷം രവി,

മേലനങ്ങാതെ കാശ് കിട്ടുമെങ്കിൽ ഇക്കൂട്ടർ പിന്നെ ഏത് വേഷവും കെട്ടും ഇവർ. അർഹരായവരെ കണ്ടാലും ഇക്കൂട്ടർ കാരണം അവർ അവഗണിക്കപ്പെടുകയും ചെയ്യുന്നു.

September 9, 2010 at 2:20 PM

റമസാന്‍ ആശംസകള്‍

September 11, 2010 at 10:49 AM

ഞാൻ വീട്ടിലുണ്ടാവുമ്പോൾ തെണ്ടി വരുന്നവരെ(അറിയാത്തവരെ) നന്നായി ചോദ്യം ചെയ്യും. എന്നിട്ടേ വല്ലതും (അർഹിക്കുന്നവ്ർക്ക്) കൊടുക്കൂ.
ഇവിടെയുള്ളവരൊക്കെ എങ്ങനെയാ എന്തെൻകിലും കൊടുക്കാതിരിക്കാ എന്ന് പറഞ്ഞ് പത്തിന്റെ നോട്ടല്ലെ വലിച്ചൂരി കൊടുത്ത് വിടുന്നത്.

അത് കാണുമ്പൊ

സാധാരണ കൊടുക്കുന്ന കൂലിയുടെ ഡബിൾ തരാമെന്ന് പറഞ്ഞ്

ഒരു തകരാറും ഇല്ലാത്തവരോട് തെങ്ങിന്റെ ചുവട് കളക്കാൻ പറയും.
അവർ ചിരിച്ചോണ്ടങ്ങനെ നിക്കും
അപ്പോൾ

വിട്ടൊ വണ്ടി എന്ന് പറ്യാൻ എനിക്കൊരു നാണക്കേടും ഇല്ല.

അത് കണ്ട് അയലോക്കക്കാർ ചിരിക്കും.

എന്നിട്ട് പറയും ഈ കുഞ്ഞൂനൊപ്പോലെ ആവണം. ഞമ്മ്ക്കൊക്കെ അങ്ങനെ പറ്യാനുള്ള തോലില്ലാ..
ഈ നല്ല കാര്യങ്ങൾ തെണ്ടികൾ വായിക്കുന്നില്ലല്ലൊ.

അത് പറഞ്ഞ് കൊടുത്താലൊന്നും അവർ കേൾക്കില്ല ബഷിയേ..

അത്രക്കാ അവരുടെ വരുമാനം.
ഒരിക്കൽ തെണ്ടാനെ ബുദ്ധിമുട്ടുള്ളു. എല്ലാം ചേലായാൽ പിന്നെ ആകെ കുളിരറ്റില്ലെ..

പെരുനാൾ കഴിഞ്ഞാശംസകളോടെ..

നാട്ടിലെ വീട്ടിൽ നിന്നും, ബഷീർക്ക

September 12, 2010 at 9:34 AM

> ഉമേഷ് പിലിക്കൊട്

ആശംസകൾക്ക് നന്ദി..താങ്കൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു


> OAB/ഒഎബി

നാട്ടിലെ വീട്ടിൽ നിന്നും വിശദമായ കമന്റ് എഴുതാൻ സന്മസുണ്ടായതിൽ ആദ്യം നന്ദി..
പിന്നെ വൈകിയെങ്കിലും ഈദ് (കഴിഞ്ഞ)ആശംസകൾ എല്ലാവർക്കും.


> അത്രക്കാ അവരുടെ വരുമാനം.
ഒരിക്കൽ തെണ്ടാനെ ബുദ്ധിമുട്ടുള്ളു. എല്ലാം ചേലായാൽ പിന്നെ ആകെ കുളിരറ്റില്ലെ..<


അതെ, നാട്ടിലെ വട്ടിപലിശക്കാരിൽ ഇങ്ങീനെ കുളിരു പോയയവർ നിരവധിയാണ്. ബഷീർക്കാനെപ്പോലെയുള്ളവർ ഇവർക്കൊരു ഭീഷണി തന്നെ. ഒരിക്കൽ വീട്ടിൽ വന്ന ഒരു ആരോഗ്യവാനായ യാചകൻ കൊടുത്ത പൈസ പോരാഞ്ഞ് ശകാരം തുടങ്ങി.. (ഒരു കാലിനു സുഖമില്ലാതെ ഏന്തി വലിഞ്ഞാണ് നടന്ന് വന്നത്) ..ഞാൻ വിടിന്റെ പിറകിലേക്ക് നോക്കി വിളിച്ച് പറഞ്ഞു. ആ (ഇല്ലാത്ത )നായയെ ഇങ്ങ് അഴിച്ച് വിട്.ഇയാളെ ഒന്ന് തലോടിക്കട്ടെ എന്ന്

ഒന്നര കാലിൽ വന്ന കേമൻ.. രണ്ടരകാലിലല്ലേ പിന്നെ പോയത് :)

ഓ.ടോ:

പെരുന്നാൾ കുടുംബത്തോടൊപ്പം ഭംഗിയായി കഴിഞ്ഞുവെന്ന് കരുതട്ടെ :)

September 14, 2010 at 5:45 PM

നമ്മുടെ പൊതുസമൂഹത്തിന് മുന്നില്‍ ഒരു ധാരണ വന്നുപെട്ടിട്ടുണ്ട്. ജോലി ചെയ്യാതെ എങ്ങിനെ പണം നേടാമെന്ന്. അതിനുള്ള കുറുക്കു വഴികള്‍ ഓരോ മേഘലക്കും അനുസരിച്ച് വളര്‍ന്നു. അതില്‍ നിന്ന് യാചകമേഖലയും ഒഴിവാകുന്നില്ല എന്നതാണ് കാര്യം എന്ന് തോന്നുന്നു. എങ്ങിനെയും പണമുണ്ടാക്കുക എന്നതില്‍ കവിഞ്ഞ മറ്റൊരു ചിന്തക്കും പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലം.
നല്ല പോസ്റ്റ്‌.

September 15, 2010 at 10:32 AM

> പട്ടേപ്പാടം റാംജി,


അതെ, അധ്വാനിക്കാതെ, മേലനങ്ങാതെ പണമുണ്ടാക്കുക. അതും എളുപ്പവഴിയിൽ..ആ മനോഭാവമാണ് മനുഷ്യനെ യാചനയുടെ ലോകത്തും , ലോട്ടറിയുടെയും മറ്റ് ചൂതാട്ടങ്ങളുടെയും ലോകത്ത് മയങ്ങിക്കിടക്കാൻ പ്രേരിപ്പിക്കുന്നത്. ഇനിയൊരു കൂട്ടർ പണമുണ്ടാക്കാനുള്ള ആർത്തിയിൽ കൊലയും കൊള്ളയും നടത്തുന്നു .

അഭിപ്രായത്തിനു വളരെ നന്ദി



മൊഴിമുത്തുകളിലെത്തി വായിച്ചവർക്കും അഭിപ്രായമറിയിച്ചവർക്കും ഹൃദയംഗമമായ നന്ദി..

വാലും തലയുമില്ലാത്ത ഒരു പുതിയ നുറുങ്ങ്
കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത് വായിക്കുമല്ലോ.. അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
സസ്നേഹം
പി.ബി

September 16, 2010 at 5:42 PM

ബഷീര്‍ വെള്ളറക്കാട്‌,
താങ്കളുടെ നാല് ബ്ലോഗുകളിലും ഇന്നലെ ഞാന്‍ ഏറെ നേരം ചെലവഴിച്ചു.
രചനകളുടെയും ദൃശ്യങ്ങളുടെയും സമൃദ്ധിയിലും അര്‍ഥ വ്യാപ്തിയിലും ആകൃഷ്ടനായി..
നശ്വരമായ ഭൌതികതയെ പുണരുന്ന സന്ദേശങ്ങളെക്കാള്‍ അനശ്വരമായ ആധ്യാത്മികതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പോസ്റ്റുകള്‍ക്ക് താങ്കള്‍ പ്രാമുഖ്യം നല്‍കിയത് അഭിനന്ദനാര്‍ഹം തന്നെ; ശ്രമം അനുഗ്രഹീതവും. മദീനയുടെ പാതയില്‍, മൊഴിമുത്തുകള്‍ എന്നിവ ബ്ലോഗിങ് മുഖ്യധാരയില്‍ നിലനിര്‍ത്തേണ്ടതും പോഷിപ്പിക്കേണ്ടതും അനിവാര്യമാണെന്ന് മനസ്സിലാക്കുന്നു. കുറച്ച് കൂടി ശ്രദ്ധവച്ച് ഈ ബ്ലോഗുകള്‍ക്ക്‌ പ്രചാരണം നല്‍കാന്‍ ശ്രമിച്ചാല്‍ ഇ-വായനയുടെ ചവറുകള്‍ക്കൊപ്പം അടിച്ചുവാരപ്പെടുന്ന ഒട്ടനവധിപേരെ നന്മയുടെയും സല്‍ചിന്തകളുടെയും തീരത്തെത്തിക്കാന്‍ കഴിയും. എല്ലാവിധ പിന്തുണയും നേരുന്നു..

September 19, 2010 at 1:11 AM

Nice.
I am also from Trissur

September 19, 2010 at 9:24 AM

> rafeeQ നടുവട്ടം ,

എന്റെ ബ്ലോഗുകളിൽ ഏറെ നേരം ചിലവഴിച്ചു എന്നറിയുന്നത് ഏറ്റവും സന്തോഷം.
ഈ വിലയിരുത്തലുകൾക്കും നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും അകമഴിഞ്ഞ നന്ദി..കഴിവതു ശ്രമിയ്ക്കാം മെച്ചപ്പെടുത്താൻ അതിലേറെ സ്വയം മെച്ചപ്പെടാനും. സ്വയം മെച്ചപ്പെടലായിരിക്കും എപ്പോഴും ആദ്യപടിയായി നാം ചെയ്യേണ്ടത്. ഞാനടക്കമുള്ളവർക്ക് പക്ഷെ അത് വലിയ വിഷമം പിടിച്ച കാര്യം തന്നെ :(

തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടാവുമല്ലോ


> Thommy

നന്ദി. തൊമ്മിഭായ്,
ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിലും


ഓ.ടോ:

തൃശൂരാണല്ലേ :) സന്തോഷം
കുന്ദംകുളം അടുത്താണോ ?
മെയിൽ ayakkumallo...
pbbasheer.അറ്റ്-ജിമെയിൽ.കോം

September 20, 2010 at 9:03 AM

മൊഴിമുത്തുകൾ വായിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്റെ പ്രിയ സുഹൃത്തുക്കൾക്കും ,നിശബ്ദരായി പിന്തുടരുന്നവർക്കും എന്റെ നന്ദിയും സന്തോഷവും അറിയിക്കട്ടെ. തുടർന്നും നിങ്ങളുടെ പിന്തുണയുണ്ടാവുമല്ലോ..

പുതിയ പോസ്റ്റ്
മഹത്തായ അദ്ധ്യാപകവൃത്തിയെ പറ്റിയുള്ള മൊഴിമുത്ത് ഇവിടെ വായിക്കാം

July 21, 2011 at 1:01 PM

ഓരോരുത്തരും തന്റെ തൊട്ടടുത്ത അയൽവാസിയുടേ വിഷമം മനസ്സിലാക്കിയാൽ യാചനയുണ്ടാകില്ല...

നല്ല ലേഖനം

January 4, 2012 at 8:14 PM

മനസ്സാണ് എവിടെയും പ്രശ്നം. മറ്റൊരുവനെ ശ്രദ്ധിക്കാനോ അവന്റെ വിഷമം മനസ്സിലാക്കാനോ, ഇന്ന് എല്ലാം വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ പാച്ചിലിനിടയില്‍ സമയം ഇല്ല!!
എന്ത് ചെയ്തും എല്ലാം കൈക്കുള്ളില്‍ ഒതുക്കാന്‍ മാത്രമാണ് ഇന്ന് മനുഷ്യന്‍ ജീവിക്കുന്നത് എന്ന് തോന്നും. എല്ലാം കച്ചവടമായിരിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ നല്ലതും ചീത്തയും തിരിച്ചറിയാന്‍ വയ്യാതെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.

ലീവില്‍ ആയിരുന്നു.

January 5, 2012 at 12:11 PM

> റിസ്
>പ്രദീപ്‌ പേരശ്ശന്നൂര്‍
>പട്ടേപ്പാടം റാംജി

വായനയ്ക്കും നല്ല വാക്കുകള്‍ക്കും വളരെ നന്ദി

OT
റാംജി, നാട്ടില്‍ നിന്നെത്തി ഇവിടെ വന്നതില്‍ സന്തോഷം.