മൊഴിമുത്തുകള്‍ -6

ശാശ്വത സമ്പാദ്യം
മൊഴിമുത്ത്‌:
  • ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ കര്‍മ്മവും നശിച്ചു മൂന്ന് കാര്യങ്ങളൊഴികെ 1) നടന്നുകൊണ്ടിരിക്കുന്ന ധര്‍മ്മം. 2) ഉപകാരപ്രദമായ അറിവ്‌ 3) തനിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്ന നല്ല സന്താനം ( മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം:
ഓരോ മനുഷ്യനും തന്റെ ജീവിത കാലത്ത്‌ തനിയ്ക്കായി സമ്പാദിയ്ക്കണം. മരണപ്പെട്ടാല്‍ പിന്നെ അത്‌ സാദ്ധ്യമല്ല. മരണത്തിനു ശേഷവും സമ്പാദിയ്ക്കാന്‍ കഴിയുന്ന മൂന്ന് വിഷയങ്ങള്‍ ഒഴികെ
1) നടന്നു കൊണ്ടിരിക്കുന്നതായ സദഖ( ധര്‍മ്മം ); അഥവാ എല്ലാ കാലത്തും പൊതുജനോപകാരപ്രദമായ ധര്‍മ്മം. ഇതില്‍ പൊതു സ്ഥാപനങ്ങള്‍ക്കായി ദാനം ചെയ്യുന്ന സ്വത്ത്‌ (വഖ്‌ഫ്‌ സ്വത്ത്‌ ), കിണര്‍, കുളം, പാലം, റോഡ്‌, വിശ്രമ സ്ഥലങ്ങള്‍ (സത്രം), ആത്മീയ പഠന കേന്ദ്രങ്ങള്‍, തുടങ്ങീ പൊതുജനങ്ങള്‍ക്ക്‌ എപ്പോഴും ഉപകരിച്ചു കൊണ്ടിരിക്കുന്ന നിര്‍മ്മാണങ്ങളിലൂടെയും മരണശേഷം ഇതിന്റെ നന്മ ആ വ്യക്തിക്ക്‌ ലഭിക്കുകയും ചെയ്യും.
2) ഉപകാരപ്രദമായ അറിവ്‌; അറിവ്‌ നേടുകയും അത്‌ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്ന് കൊടുക്കുകയും അറിവനുസരിച്ച്‌ ഉപദേശിക്കുകയും, ഗ്രന്ഥങ്ങള്‍ രചിച്ച്‌ പ്രസിദ്ധീകരിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അതിന്റെ ഫലം എക്കാലത്തും ജനങ്ങള്‍ക്ക്‌ ഉപകാരമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിലൂടെയും മരണ ശേഷം ഇതിന്റെ നന്മ ആ വ്യക്തിക്ക്‌ ലഭിക്കുകയും ചെയ്യും.
3) നല്ല സന്താനം; തന്റെ മക്കളെ സംബന്ധിച്ച തന്നി അര്‍പ്പിതമായ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ്ണമായി നിരവേറ്റുകയും അവരെ സന്മാര്‍ഗ്ഗ പരിശീലനം കൊടുത്ത്‌ നല്ലവരാക്കി വളര്‍ത്തുകയും ചെയ്താല്‍ ആ മക്കള്‍ ചെയ്യുന്ന നന്മകളുടെ ഫലവും അവരുടെ പ്രാര്‍ത്ഥനയും മരണ ശേഷവും നശിക്കാത്ത സമ്പത്തില്‍ പെടുന്നു.
കുറിപ്പ്‌:
നശ്വരമായ ഈ ജീവിത യാത്രയില്‍ നമുക്ക്‌ അല്ലാഹു കനിഞ്ഞരുളി തന്ന ആരോഗ്യവും സമ്പത്തും ആയുസ്സും എല്ലാം തന്റെ സുഖത്തിനും സന്തോഷത്തിനുമെന്ന പോലെ താന്‍ നില കൊള്ളുന്ന സമുദായത്തിനും നാടിനും ഉപകരിക്കുന്ന ,മറ്റുള്ളവര്‍ക്ക്‌ ആ അനുഗ്രഗങ്ങളെ കൊണ്ട്‌ ഉപകരിക്കുന്ന രീതിയില്‍ ചിലവഴിക്കാനും ജനങ്ങളെ ഉപദ്രവകരമായ കാര്യങ്ങളില്‍ നിന്ന് വിട്ട്‌ പൊതു ജന നന്മയ്ക്ക്‌ ഉപയുക്തമാവുന്ന രീതിയില്‍ വര്‍ത്തിക്കാനും തന്റെ സന്താനങ്ങള്‍ക്ക്‌ ഭൗതിക വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതിനൊപ്പം അവരെ ധാര്‍മ്മിക വിദ്യഭ്യാസം കൂടി നല്‍കി സമൂഹത്തിനും നാളെ തന്റെ മരണ ശേഷം മാതാ പിതാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നവരായും വളര്‍ത്താന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.എല്ലാം തട്ടിത്തെറിപ്പിച്ചുള്ള കുതിച്ചു പായലില്‍, സമ്പാദിച്ചു കൂട്ടുവാനുള്ള ത്വരയില്‍, നാം മറന്നു പോവാന്‍ പാടില്ലാത്ത കാര്യമാണു മരണം എന്ന ശാശ്വത സത്യം.. ഈ ഓട്ടവും അലച്ചിലും മത്‌സരവും നിശ്ചലമാകുന്ന ഒരു ദിനം. അന്ന് ദു:ഖിച്ച്‌ വിരല്‍ കടിക്കുന്നവരായി പരിണമിക്കാതിരിക്കാന്‍ വിചിന്തനം ചെയ്യുക.. ശാശ്വതമായ സമ്പത്ത്‌ എന്താണെന്നതിനെ പറ്റി..

6 Response to മൊഴിമുത്തുകള്‍ -6

May 26, 2008 at 9:12 AM

എല്ലാം തട്ടിത്തെറിപ്പിച്ചുള്ള കുതിച്ചു പായലില്‍, സമ്പാദിച്ചു കൂട്ടുവാനുള്ള ത്വരയില്‍, നാം മറന്നു പോവാന്‍ പാടില്ലാത്ത കാര്യമാണു മരണം എന്ന ശാശ്വത സത്യം.. ഈ ഓട്ടവും അലച്ചിലും മത്‌സരവും നിശ്ചലമാകുന്ന ഒരു ദിനം. അന്ന് ദു:ഖിച്ച്‌ വിരല്‍ കടിക്കുന്നവരായി പരിണമിക്കാതിരിക്കാന്‍ വിചിന്തനം ചെയ്യുക.. ശാശ്വതമായ സമ്പത്ത്‌ എന്താണെന്നതിനെ പറ്റി..

May 26, 2008 at 10:36 AM

allahu namme anugrahikkumarakkatte..
pray for us..

May 27, 2008 at 4:36 AM

ഇതു പോലെ നല്ല ചിന്തകള്‍ പങ്ക് വയ്ക്കുന്നതിന് ഒരുപാട് നന്ദി...ഈ വരികള്‍ വളരെ നന്ന്....

May 27, 2008 at 9:12 AM

ജാബിര്‍,
ആമീന്‍.

അനൂപ്‌,
ശിവ,
നന്ദി..
നല്ല വാക്കുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും

May 28, 2008 at 6:58 AM

നല്ല ചിന്തകള്‍

May 29, 2008 at 9:39 AM

അരീക്കോടന്‍ മാഷിന്റെ വായനയ്ക്കും കമന്റിനും നന്ദി..

വീണ്ടും മൊഴിമുത്തുകള്‍ വായിക്കുമല്ലോ..