മൊഴിമുത്തുകള്‍-8

രണ്ടുമുഖം
മൊഴിമുത്ത്‌ :
  • ചിലരുടെ അടുക്കല്‍ ഒരു‍ മുഖവും മറ്റു ചിലരുടെ അടുക്കല്‍ വേറൊരു മുഖവും ആയി വര്‍ത്തിക്കുന്നവരെ ജനങ്ങളില്‍ ഏറ്റവും മോശപ്പെട്ടവരായി അവസാന നാളില്‍ (ഖിയാമത്ത്‌ നാളില്‍ ) അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ കാണുന്നതാണ് ( മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
  • ഈ ലോകത്ത്‌ രണ്ട്‌ മുഖമുള്ളവന്‍ ആരോ അവനു ഖിയാമ നാളില്‍ ( അന്ത്യ നാളില്‍ ) തീ കൊണ്ടുള്ള രണ്ട്‌ നാവുകളുണ്ടായിരിക്കുന്നതാണ് ( അബൂദാവൂദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം:
സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക്‌ വേണ്ടി സാഹചര്യത്തിനും ജനങ്ങള്‍ക്കുമൊത്തും സംസാരിച്ച്‌ എല്ലാവരുടെയും പ്രീതി സമ്പാദിയ്ക്കാന്‍ ശ്രമിയ്ക്കുന്ന രണ്ട്‌ മുഖക്കാരായ ( ഒന്ന് മനസ്സില്‍ വെച്ച്‌ മറ്റൊന്ന് പറയുന്നവര്‍ ) മനസ്സാക്ഷിയില്ലാത്ത ജനങ്ങളെ എവിടെയും കാണാം. അത്തരക്കാരെ കുറിച്ചാണു ഈ ഹദീസുകള്‍ (നബി വചനങ്ങള്‍ ) സൂചിപ്പിക്കുന്നത്‌. അത്തരം സ്വഭാവം വളരെ മോശമാണെന്നും ശിക്ഷാര്‍ഹമാണെന്നും നബി (സ) പഠിപ്പിക്കുന്നു.
കുറിപ്പ്‌:
വര്‍ത്തമാന കാലഘട്ടത്തില്‍ ഏറെയൊന്നും വിശദീകരണം ആവശ്യമില്ലാത്ത കാര്യമാണു രണ്ടു മുഖവുമായി വര്‍ത്തിക്കുന്നവരുടേ കാര്യം.പുറമെ അലക്കി തേച്ച ചിരിയും കൂപ്പുകൈകളുമായി ജനങ്ങളെ സമീപിച്ച്‌ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പിന്തുണ ഉറപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ മുതല്‍ സാധാരണ കുടുംബങ്ങളില്‍ വരെ, ഭാര്യയും ഭര്‍ത്താവും തമ്മില്‍ , സഹോദരങ്ങള്‍ തമ്മില്‍, സുഹൃത്തുക്കള്‍ തമ്മില്‍ എല്ലാം തങ്ങളുടെ യഥാര്‍ത്ഥ മുഖം ഒളിപ്പിച്ച്‌ കാപട്യത്തിന്റെ മുഖം മൂടിയണിന്‍ഞ്ഞ്‌ പകല്‍ മാന്യരായി നടക്കുന്നവര്‍. ഇത്തരക്കാര്‍ അവസരം കിട്ടുമ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തെടുക്കുന്നു. അതിന്റെ പരിണിത ഫലങ്ങള്‍ സമൂഹത്തില്‍ നാം കണ്ട്‌ അനുഭവിക്കുകയും ചെയ്യുന്നു. മത സാംസ്കാരിക സാഹ്യത്യ മണ്ഡലങ്ങളിലെല്ലാം ഇക്കൂട്ടര്‍ അധികരിച്ചിരിക്കയാണ്. മറ്റുള്ളവരുടെ കയ്യടി വാങ്ങാന്‍ ആദര്‍ശം പണയം വെക്കുന്ന, നല്ല പേരു നില നിര്‍ത്താന്‍ അനീതി കണ്ടാലും പ്രതികരിക്കാതെ ചെരുപ്പിനനുസരിച്ച്‌ കാലു മുറിച്ച്‌ പാകപ്പെടുത്തുന്നവര്‍. ഇവരൊക്കെ സൂക്ഷിക്കുന്ന പൊയ്മുഖങ്ങള്‍ ഒരു നാളില്‍ മറനീക്കി പുറത്ത്‌ വരിക തന്നെ ചെയ്യും. അഭിപ്രായം തുറന്ന് പറയാനും, നല്ലതിനെ അഭിനന്ദിക്കാനും നമ്മുടെ വ്യക്തി ബന്ധങ്ങളും മറ്റും ഒരിയ്ക്കലും തടസ്സമാവരുത്‌.

8 Response to മൊഴിമുത്തുകള്‍-8

June 9, 2008 at 10:01 AM

ഈ ലോകത്ത്‌ രണ്ട്‌ മുഖമുള്ളവന്‍ ആരോ അവനു ഖിയാമ നാളില്‍ ( അന്ത്യ നാളില്‍ ) തീ കൊണ്ടുള്ള രണ്ട്‌ നാവുകളുണ്ടായിരിക്കുന്നതാണ് ( അബൂദാവൂദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

June 9, 2008 at 11:25 AM

കൊള്ളാം നല്ല പോസ്റ്റ്‌.. മുഖം മൂടിയണിഞ്ഞു ജീവിക്കുന്നവര്‍ അറിഞ്ഞു കൊള്ളട്ടെ..
:)

June 9, 2008 at 1:36 PM

ഇത്തവണയും മൊഴിമുത്തുകള്‍ നന്നായി, ബഷീര്‍ക്കാ

June 9, 2008 at 2:05 PM

റഫീഖ്‌,
ശ്രീ,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി..
വീണ്ടും വരികയും അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും അറിയിക്കണം
ക്രിയാത്മകമായ വിമര്‍ശനങ്ങളും

June 9, 2008 at 4:46 PM

രണ്ടു മുഖങ്ങളില്‍ ഒന്നിന്‍റെ നിറം കറുത്തതായാതായിരിക്കാമതിനു കാരണം.. കാപട്യത്തിന്‍റെ ലോകത്ത് നല്ല മനസ്സും മനസ്സിനൊത്ത മുഖവുമായി ജീവിക്കുന്നവനാകും വിജയി.............നല്ലൊരോര്‍മ്മപ്പെടുത്തല്‍, ആശംസകള്‍

June 10, 2008 at 2:34 PM

ഫസല്‍,
കാപട്യത്തിന്റെ ലോകത്ത്‌ നല്ല മനസ്സുള്ളവര്‍ക്ക്‌ ജീവിക്കാനാണു പ്രയാസം. കാപട്യത്തിന്റെ മുഖം മൂടിയില്‍ മനസ്സൊളിപ്പിച്ച്‌ ഓഴുക്കിനൊപ്പം നീങ്ങുന്നവരാണധികവും

വായനയ്ക്കും അഭിപ്രായത്തിനു നന്ദി

June 12, 2008 at 11:40 AM

ബഷീര്‍, ഈ മൊഴിമുത്തുകള്‍ എത്ര അര്‍ത്ഥവത്താണ്‌. ഈ മുഖഭാവം നേരിട്ട്‌ അനുഭവിച്ചത്‌ (കിഴക്കുനോക്കിയന്ത്രത്തില്‍) എഴുതിയപ്പോള്‍ താങ്കള്‍ക്ക്‌ വിഷമം തോന്നിയോ. ഞാന്‍ എഴുതിയത്‌ ഫാന്റസി അല്ല. എന്നോട്‌ പറഞ്ഞതാണ്‌. ദൈവ ശിക്ഷയെക്കുറിച്ചുള്ള എന്റെ യുക്തിചിന്ത എന്താണെന്ന് എഴുതിയാല്‍ വിഷമമാവില്ലെന്ന് കരുതുന്നു.
എല്ലാ നിയമങ്ങളും ദൈവത്തിന്റെയാണ്‌. പക്ഷെ മനുഷ്യന്‌ സ്വതന്ത്രമായ ഇച്ഛ (Free Will) നല്‍കിയിട്ടുണ്ട്‌. ഒരാള്‍ മുകളില്‍ നിന്നും താഴേയ്ക്ക്‌ ചാടുന്നത്‌ അവന്റെ ഇച്ഛയാണ്‌. എന്നാല്‍ കാലൊടിയുന്നത്‌ ദൈവത്തിന്റെ നിയമത്താലാണ്‌. ഇത്‌ മനസ്സിലാക്കാതെ മനുഷ്യന്‍ വരുത്തിക്കൂട്ടുന്ന തെറ്റുകള്‍ക്ക്‌ നാസ്തികന്മാര്‍ ദൈവത്തെ കുറ്റം പറയുന്നു. അതുപോലെ പ്രകൃതിക്ഷോപങ്ങള്‍ പ്രകൃതിയുടെ നിയമങ്ങളാലാണ്‌ സംഭവിക്കുന്നത്‌. ആ നിയമങ്ങളും ദൈവ നിശ്ചയമാണ്‌. പക്ഷെ ഈ ദുരന്തം ഈശ്വരന്‍ (അള്ളാഹു) കരുതിക്കൂട്ടി ഉണ്ടാക്കുന്നതല്ല. ഈ പറഞ്ഞത്‌ വിശ്വസിക്കാനാണ്‌ എനിയ്ക്ക്‌ താല്‍പര്യം.

June 12, 2008 at 11:58 AM

പാര്‍ത്ഥന്‍,

ആദ്യമായി മൊഴിമുത്തുകള്‍ വായിച്ച്‌ അഭിപ്രായം അറിയിച്ചതില്‍ നന്ദി.. സന്തോഷവും : )

വടക്കുനോക്കി യന്ത്രത്തിലെ കമന്റ്‌ വിഷമിപ്പിച്ച്‌ എന്ന് ഞാന്‍ സൂചിപ്പിച്ചിട്ടില്ല. ഓരോരുത്തര്‍ക്കും അവരുതായ അഭിപ്രായവും വീക്ഷണവും ഉണ്ടാവുക സ്വഭാവികം മാത്രം. പക്ഷെ അത്‌ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുവാനായി ശരിയല്ലാത്ത രീതികള്‍ ഉപയോഗിക്കുന്നത്‌ ചിലയിടങ്ങളില്‍ കാണുമ്പോള്‍ സ്വഭാവികമായും ഒരു വിഷമമുണ്ടാവും( വടക്കുനോക്കിയന്തരത്തില്‍ അങ്ങിനെയുണ്ടന്നല്ല ) എന്ന് കരുതി അത്‌ ഒരിയ്ക്കലും വ്യക്തി വിരോധമായി കൊണ്ട്‌ നടക്കാറില്ല.


താങ്കള്‍ എഴുതിയ ദൈവശിക്ഷയെകുറിച്ചുള്ള യുക്തിചിന്തയില്‍ അപാകതയുണ്ടെന്ന് തോന്നുന്നില്ല (എന്റെ പരിമിതമായ അറിവില്‍ )

എന്നാല്‍ തന്നെ അതില്‍ ചെറുതായി ഒരു വിശദീകരണം കൂടി . അടുത്ത ദിവസം എഴുതാം ..അതിനെ പറ്റി കൂടുതല്‍ അറിവുള്ളവരോട്‌ ചര്‍ച്ച ചെയ്തതിനു ശേഷം.

ഒരിയ്ക്കല്‍ കൂടി നന്ദി.. വീണ്ടും വരുമല്ലോ :)