മൊഴിമുത്തുകള്‍-11

മദ്യപാനം


മൊഴിമുത്ത്‌ :

 • മദ്യം, സര്‍വ്വ നീചപ്രവര്‍ത്തനങ്ങളുടെയും അടിത്തറയാകുന്നു. അത്‌ വന്‍ദോശങ്ങളില്‍ വലുതുമാകുന്നു. മദ്യപന്‍ നിസ്കാരം ഉപേക്ഷിക്കുന്നതും വകതിരിവില്ലാതെ തന്റെ മാതാവ്‌, എളയുമ്മ, അമ്മായി മുതലായവരെ പ്രാപിക്കുന്നതുമാണ്. ( ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് ത്വബ്‌ റാനി (റ ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം :
മദ്യം എന്നതില്‍ എല്ലാ ലഹരിയുണ്ടാക്കുന്നതും ഉള്‍പ്പെടും. ഇവ വില്‍ക്കുന്നതും കുടിക്കുന്നതും എല്ലാ വന്‍ദോശങ്ങളില്‍ എണ്ണപ്പെട്ടിരിക്കുന്നു. മദ്യപനു മിക്ക സമയത്തും വകതിരിവ്‌ (തിരിച്ചറിവ്‌ ) ഉണ്ടായിരിക്കയില്ല. അവനു മാതാവിനെയും സഹോദരിയെയും തിരിച്ചറിയുകയില്ല. ദുര്‍ഗുണമല്ലാതെ സത്ഗുണമൊന്നും മദ്യപനില്‍ ഉണ്ടാവുകയില്ല. അതിനാല്‍ തന്നെ മദ്യം സര്‍വ്വ നീചപ്രവത്തിയുടെയും അടിസ്ഥാമായി നബി(സ) തങ്ങള്‍ പ്രഖ്യാപിച്ചത്‌.

വിവരണം:
മദ്യപാനത്തിന്റെയും അതിന്റെ ദൂഷ്യ വശങ്ങളെപറ്റിയും കൂടുതല്‍ പറയേണ്ട ആവശ്യമുദിക്കുന്നില്ല. പക്ഷെ എല്ലാമറി‍ഞ്ഞിരുന്നിട്ടും ആധുനിക ലോകം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കരാളഹസ്തത്തില്‍ നാള്‍ക്ക്‌ നാള്‍ അമര്‍ന്ന് കൊണ്ടിരിക്കയാണെന്നതാണു വസ്ഥുത. സ്വന്തം മകളെ വരെ മദ്യത്തിന്റെ ലഹരിയില്‍ പ്രാപിക്കുന്ന അധമന്മാരായി മാറ്റാന്‍ മദ്യമെന്ന വിഷത്തിനു കഴിയുന്നു. എല്ലാ നീചപ്രവര്‍ത്തനങ്ങളും ചെയ്യുന്നതിനു മുന്നെ മൂക്കറ്റം മദ്യപിക്കുന്നത്‌ പതിവെന്നത്‌ തന്നെ സര്‍വ്വ നീചപ്രവത്തിയുടെയും അടിത്തറയായി മദ്യത്തെ എണ്ണിയതിനെ നമുക്ക്‌ മനസ്സിലാക്കി തരുന്നു. എത്രയോ കുടുബങ്ങളാണു ദിനംപ്രതി മദ്യത്തിന്റെ പിടിയില്‍ അമര്‍ന്ന് ശിഥിലമായികൊണ്ടിരിക്കുന്നത്‌. ഇന്ത്യയില്‍ പലയിടത്തും മദ്യനിരോധനം നടപ്പിലാക്കിയിട്ടുണ്ടങ്കിലും ഒന്നും തന്നെ അതിന്റെ ഫല പ്രാപ്തിയിലെത്തിയിട്ടില്ല എന്ന് വേണം കരുതാന്‍. വിദ്യഭ്യാസം കൊണ്ടും സംസ്കാരം കൊണ്ടുമൊക്കെ മുന്നിലാണെന്നവകാശാപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ മതപരമായ ആഘോഷങ്ങള്‍ക്ക്‌ വരെ മദ്യം ഒഴിച്ച്‌ കൂടാനാവാത്ത ഇനമായി മാറിയിരിക്കുന്ന ദുരവസ്ഥ. ഇന്ന് സ്ത്രീകളും കുട്ടികളുമടക്കം ലഹരിയുടെ പിടിയില്‍ അമര്‍ന്ന് നരകിക്കുമ്പോഴും ഭരണ കര്‍ത്താക്കള്‍ അബ്കാരി നയം ലഘൂകരിച്ച്‌ വരുമാനം ഉണ്ടാക്കാന്‍ വീണ്ടു വഴി അന്വഷിക്കുകയാണു.

പ്രഭാതം മുതല്‍ പ്രദോശം വരെ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്ന തൊഴിലാളിയുടെ വരുമാനത്തിന്റെ ഏറിയ പങ്കും മദ്യഷാപ്പുകളിലെത്തുന്നു. വീട്ടിലെത്തുന്നത്‌ തെറിയഭിശേകവും തൊഴിയൂം വഴക്കും മാത്രം. തൊഴിലാളികള്‍ എന്നും ഇങ്ങിനെ നരകിക്കണമെന്ന് ചിന്തിക്കുന്ന അതിലൂടെ തങ്ങളുടെ നില നില്‍പ്പ്‌ (അവരെ ഉപയോഗിച്ച്‌ ) കണ്ടെത്തുന്ന രാഷ്ടീയക്കാര്‍ ഒരിക്കലും ഈ ദുരവസ്ഥ കാണുകയില്ല. മദ്യം വരുത്തി വെക്കുന്ന സാമൂഹ്യവിപത്തിലൂടെ, കുടുംബത്തിന്റെ തകര്‍ച്ചയിലൂടെ, കൊലപാതകങ്ങളിലൂടെ , ആത്മഹത്യയിലൂടെ, അപകടങ്ങളിലൂടെയെല്ലാം രാജ്യത്തിനു നഷ്ടമായികൊണ്ടിരിക്കുന്ന മനുഷ്യവിഭവം, സമാധാന അന്തരീക്ഷം ഇതിന്റെയൊക്കെ വില ഒന്ന് കൂട്ടിയിരുന്നെങ്കില്‍ ലാഭ നഷ്ടങ്ങളുടെ യഥാര്‍ത്ഥ കണക്ക്‌ തെളിയുമായിരുന്നു.

അതൊക്കെ ചിന്തിക്കാന്‍ ആര്‍ ക്കിവിടെ സമയം..?

മൊഴിമുത്തുകള്‍-10

അറിവ്‌ നേടല്‍
‍ മൊഴിമുത്ത്‌:

 • അറിവ്‌ (വിദ്യഭ്യാസം)നേടല്‍ നിസ്കാരത്തേക്കാളും, നോമ്പിനേക്കാളും, ഹജ്ജിനേക്കാളും, അല്ലാഹുവിന്റെ വഴിയില്‍ സമരം ചെയ്യുന്നതിനേക്കാളും മഹത്വമുള്ളതാണ് ( ദാരിമി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

  വിവരണം:


  അറിവുണ്ടായാലേ ഏതൊരു സല്‍പ്രവ്യത്തിയും ശരിപ്പെടുകയുള്ളൂ.. അതിനാല്‍ തന്നെ പ്രസ്തുത സത്കര്‍മ്മങ്ങളേക്കാള്‍ മഹത്വം അറിവ്‌ നേടുന്നതിനാണെന്ന് പറഞ്ഞത്‌. എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും അറിവ്‌ നേടാന്‍ ശ്രമിയ്ക്കാത്തവര്‍ നബി (സ)യുടെ ഈ വചനത്തെ കുറിച്ച്‌ വിചിന്തനം ചെയ്യേണ്ടതാണ്
കുറിപ്പ്‌:

ജീവിതത്തില്‍ അറിവ്‌ സമ്പാദിക്കേണ്ടതിന്റെ ,വിദ്യ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയും അതിനു ഇസ്‌ലാം കല്‍പ്പിക്കുന്ന മഹത്വവുമാണ് ഈ മൊഴിമുത്തിലൂടെ നബി (സ)തങ്ങള്‍ ലോകത്തോട്‌ പറയുന്നത്‌. ഒരു മുസ്ലിം നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ആരാധന കര്‍മ്മങ്ങളായ നിസ്കാരം ,നോമ്പ്‌ തുടങ്ങിയ കര്‍മ്മങ്ങളേക്കാള്‍ മഹത്വമുള്ളതായി അറിവ്‌ നേടുന്നതിനെ കണക്കാക്കുമ്പോള്‍ അതിന്റെ പ്രസക്തി എത്രമാത്രമുണ്ടെന്ന് വിവരിക്കേണ്ടതില്ല. നിസ്കാരവും നോമ്പും മറ്റു കര്‍മ്മങ്ങളും ഒഴിവാക്ക്‌ വിദ്യ നേടാന്‍ തുനിയണം എന്നല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്‌. അറിവ്‌ ആത്മീയം, ഭൗതികം എന്ന അതിര്‍ വരമ്പിട്ട്‌ ഇവിടെ വിവക്ഷിച്ചിട്ടില്ല എങ്കിലും ആത്മീയമായ അറിവിനു അതിന്റെ മഹത്വം മറ്റു ഹദീസുകളില്‍ വിവരിച്ചിട്ടുണ്ടെന്നത്‌ സാന്ദര്‍ഭികമായി ഓര്‍ക്കുക. ഏതൊരു പ്രവ്യത്തിയും ചെയ്യുമ്പോള്‍ ( അത്‌ മതപരമായാലും, ഭൗതികമായാലും ) ചെയ്യുന്ന കാര്യത്തെ /കര്‍മ്മത്തെ കുറിച്ച്‌ വ്യക്തമായ അറിവ്‌ ഉണ്ടായിരിക്കല്‍ ആ കാര്യത്തിന്റെ ശരിയായ നിര്‍വഹണത്തിനു എളുപ്പമുണ്ടാക്കുകയും അതില്‍ വിജയം വരിക്കാന്‍ കഴിയുകയും ചെയ്യും.

ധാരാളം സമ്പത്തുണ്ടായിട്ടും, പഠിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അതിനൊന്നും മിനക്കെടാതെ സമയം ചിലവഴിച്ച്‌ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തിനേടുവാനായി നിരവധി തവണ ഹജ്ജിനും മറ്റും പോകുന്നവര്‍ ഈ ഹദീസിലെ പാഠങ്ങള്‍ ഉള്‍കൊണ്ടെങ്കില്‍ എത്ര നന്നായിരുന്നു. അറിവ്‌ നേടാന്‍ ഇത്ര പ്രായ പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. മനുഷ്യന്‍ അവന്റെ മരണം വരെയും വിദ്യാര്‍ത്ഥിയായിരിക്കണം. അങ്ങിനെ നല്ല അറിവ്‌ നേടാനും നേടിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക്‌ പാര്‍ന്ന് നല്‍കി അറിവിനെ പരിപോഷിപ്പിക്കാനും നമുക്കേവര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ ..

മൊഴിമുത്തുകള്‍-9

കാലത്തെ അധിക്ഷേപിയ്ക്കരുത്‌
മൊഴിമുത്ത്‌:
 • അല്ലാഹു പറയുന്നു. കാലത്തെ അധിക്ഷേപിച്ച /ചീത്ത വിളിച്ച മനുഷ്യന്‍ എന്നെ അധിക്ഷേപിക്കുന്നു. കാരണം, ഞാനാണു കാലം. എന്റെ നിയന്ത്രണത്തിലാണു എല്ലാ കാര്യങ്ങളും. രാത്രിയും പകലും മാറ്റി മറിക്കുന്നതും ഞാന്‍ തന്നെ. (ബുഖാരി (റ) & മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം:
കാലത്തെ പഴിക്കുന്നതിനെ പറ്റിയാണു ഇവിടെ പറഞ്ഞിരിക്കുന്നത്‌. കൊല്ലത്തെയും /കാലത്തെയും എടുത്ത്‌ പറഞ്ഞ്‌ ആക്ഷേപിക്കുന്നത്‌ ശരിയല്ല. അത്‌ അല്ലാഹുവിനെ തന്നെ ആക്ഷേപിയ്ക്കുന്നതിനു തുല്യമാണത്‌ രാത്രി പകലാക്കുന്നതും പകലിനെ വീണ്ടും രാത്രിയാക്കുന്നതുമടക്കം സര്‍വ്വം നിയന്ത്രിക്കുന്നത്‌ അല്ലാഹുവാണ്. അതിനാല്‍ കാലത്തെ അധിക്ഷേപിക്കരുതെന്ന് ഈ ഹദീസ്‌ പഠിപ്പിക്കുന്നു.

കുറിപ്പ്‌:

സാധാരണയായി ജനങ്ങള്‍ പറയാറുള്ള ഒരു കാര്യമാണു . ഈ വര്‍ഷം വളരെ മോശമാണെനിയ്ക്ക്‌. .. കാലം വളരെ പിഴച്ച്‌ പോയിരിക്കുന്നു. മുന്‍കൊല്ലം ഏറെ നന്നായിരുന്നു... പണ്ട്‌ കാലത്ത്‌ വളരെ നന്മകള്‍ ഉണ്ടായിരുന്നു... ഈ കാലത്ത്‌ തിന്മകള്‍ അധികരിച്ചിരിക്കുന്നു... എന്നൊക്കെ. എന്നാല്‍ അതിനൊപ്പം അതിന്റെയൊക്ക കാരണമായി (നല്ലതിന്റെയും ചീത്തയുടെയും ) നാം കാലത്തെ പഴിയ്ക്കാന്‍ പാടില്ല. കാലത്തെ പഴിക്കുന്നതിലൂടെ നാം ജഗന്നിയന്താവായ അല്ലാഹുവിനെ തന്നെ പഴിക്കുന്നതിനു തുല്യമായ കാര്യമാണു ചെയ്യുന്നത്‌. ഈ ലോകത്ത്‌ നടക്കുന്ന സര്‍വ്വതും നിയന്ത്രിയ്ക്കുന്ന , രാവിന്റെയും പകലിന്റെയും, എല്ലാ കാലങ്ങളുടെയും നിയന്ത്രണാധിപനായ അല്ലാഹു നല്ല കാലം, ചീത്ത കാലം എന്നിങ്ങനെ കാലത്തെ വിഭജിച്ചിട്ടില്ല .മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി അവനു വന്ന്ഭവിക്കുന്ന കാര്യങ്ങള്‍ക്ക്‌ അവന്‍ കാലത്തെ പഴിപറഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിയ്ക്കരുത്‌ .
എല്ലാ അവസ്ഥകളിലും പാഠങ്ങള്‍ ഉള്‍കൊണ്ട്‌ ക്ഷമയോടെ ജീവിതം നയിയ്ക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ..

മൊഴിമുത്തുകള്‍-8

രണ്ടുമുഖം
മൊഴിമുത്ത്‌ :
 • ചിലരുടെ അടുക്കല്‍ ഒരു‍ മുഖവും മറ്റു ചിലരുടെ അടുക്കല്‍ വേറൊരു മുഖവും ആയി വര്‍ത്തിക്കുന്നവരെ ജനങ്ങളില്‍ ഏറ്റവും മോശപ്പെട്ടവരായി അവസാന നാളില്‍ (ഖിയാമത്ത്‌ നാളില്‍ ) അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ കാണുന്നതാണ് ( മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
 • ഈ ലോകത്ത്‌ രണ്ട്‌ മുഖമുള്ളവന്‍ ആരോ അവനു ഖിയാമ നാളില്‍ ( അന്ത്യ നാളില്‍ ) തീ കൊണ്ടുള്ള രണ്ട്‌ നാവുകളുണ്ടായിരിക്കുന്നതാണ് ( അബൂദാവൂദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം:
സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക്‌ വേണ്ടി സാഹചര്യത്തിനും ജനങ്ങള്‍ക്കുമൊത്തും സംസാരിച്ച്‌ എല്ലാവരുടെയും പ്രീതി സമ്പാദിയ്ക്കാന്‍ ശ്രമിയ്ക്കുന്ന രണ്ട്‌ മുഖക്കാരായ ( ഒന്ന് മനസ്സില്‍ വെച്ച്‌ മറ്റൊന്ന് പറയുന്നവര്‍ ) മനസ്സാക്ഷിയില്ലാത്ത ജനങ്ങളെ എവിടെയും കാണാം. അത്തരക്കാരെ കുറിച്ചാണു ഈ ഹദീസുകള്‍ (നബി വചനങ്ങള്‍ ) സൂചിപ്പിക്കുന്നത്‌. അത്തരം സ്വഭാവം വളരെ മോശമാണെന്നും ശിക്ഷാര്‍ഹമാണെന്നും നബി (സ) പഠിപ്പിക്കുന്നു.
കുറിപ്പ്‌:
വര്‍ത്തമാന കാലഘട്ടത്തില്‍ ഏറെയൊന്നും വിശദീകരണം ആവശ്യമില്ലാത്ത കാര്യമാണു രണ്ടു മുഖവുമായി വര്‍ത്തിക്കുന്നവരുടേ കാര്യം.പുറമെ അലക്കി തേച്ച ചിരിയും കൂപ്പുകൈകളുമായി ജനങ്ങളെ സമീപിച്ച്‌ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പിന്തുണ ഉറപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ മുതല്‍ സാധാരണ കുടുംബങ്ങളില്‍ വരെ, ഭാര്യയും ഭര്‍ത്താവും തമ്മില്‍ , സഹോദരങ്ങള്‍ തമ്മില്‍, സുഹൃത്തുക്കള്‍ തമ്മില്‍ എല്ലാം തങ്ങളുടെ യഥാര്‍ത്ഥ മുഖം ഒളിപ്പിച്ച്‌ കാപട്യത്തിന്റെ മുഖം മൂടിയണിന്‍ഞ്ഞ്‌ പകല്‍ മാന്യരായി നടക്കുന്നവര്‍. ഇത്തരക്കാര്‍ അവസരം കിട്ടുമ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തെടുക്കുന്നു. അതിന്റെ പരിണിത ഫലങ്ങള്‍ സമൂഹത്തില്‍ നാം കണ്ട്‌ അനുഭവിക്കുകയും ചെയ്യുന്നു. മത സാംസ്കാരിക സാഹ്യത്യ മണ്ഡലങ്ങളിലെല്ലാം ഇക്കൂട്ടര്‍ അധികരിച്ചിരിക്കയാണ്. മറ്റുള്ളവരുടെ കയ്യടി വാങ്ങാന്‍ ആദര്‍ശം പണയം വെക്കുന്ന, നല്ല പേരു നില നിര്‍ത്താന്‍ അനീതി കണ്ടാലും പ്രതികരിക്കാതെ ചെരുപ്പിനനുസരിച്ച്‌ കാലു മുറിച്ച്‌ പാകപ്പെടുത്തുന്നവര്‍. ഇവരൊക്കെ സൂക്ഷിക്കുന്ന പൊയ്മുഖങ്ങള്‍ ഒരു നാളില്‍ മറനീക്കി പുറത്ത്‌ വരിക തന്നെ ചെയ്യും. അഭിപ്രായം തുറന്ന് പറയാനും, നല്ലതിനെ അഭിനന്ദിക്കാനും നമ്മുടെ വ്യക്തി ബന്ധങ്ങളും മറ്റും ഒരിയ്ക്കലും തടസ്സമാവരുത്‌.

മൊഴിമുത്തുകള്‍-7

പുഞ്ചിരിയോടുകൂടി സംസാരിയ്ക്കുക

മൊഴിമുത്ത്‌:

 • നിന്റെ സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നത്‌ നിനക്ക്‌ ധര്‍മ്മമാണ്. ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
 • പുഞ്ചിരിയില്ലാതെ നബി (സ ) ഒരു വര്‍ത്തമാനവും പറയാറില്ല. ( അബുദര്‍ദാ അ (റ) ല്‍ നിന്ന് അഹ്‌മദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്തത്‌)

വിവരണം:

മറ്റുള്ളവരുമായി സംസാരിയ്ക്കുമ്പോള്‍ പുഞ്ചിരിയോടെയും തെളിവാര്‍ന്ന മുഖത്തോടെയും ആയിരിക്കണം. ഇത്‌ ഏത്‌ കഠിന ഹൃദയരെയും സന്തോഷിപ്പിക്കും. നബി (സ) അപ്രകാരമാണു സംസാരിച്ചിരുന്നത്‌. അതിനാല്‍ തന്നെ വ്യക്തിപരമായി നബി(സ)യെ ആരും വെറുത്തിരുന്നില്ല, എന്ന് മാത്രമല്ല നബി(സയുടെ സംസാരം ശത്രുക്കള്‍ക്ക്‌ പോലും ഗുണം ചെയ്തിട്ടുണ്ട്‌. തന്റെ സഹോദര‍ന്റെ മുഖത്ത്‌ നോക്കി ഒന്ന് പുഞ്ചിരിക്കുന്നത്‌പോലും ധര്‍മ്മമാണെന്ന് പഠിപ്പിക്കുമ്പോള്‍ പുഞ്ചിരിയോടെ സംസാരിക്കുന്നതിന്റെ മഹത്വം വിവരിക്കേണ്ടതില്ല.

കുറിപ്പ്‌:
അധുനിക യുഗത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്ന കാര്യമാണു ഒരു പുഞ്ചിരി ചുണ്ടില്‍ വിടര്‍ത്തുക എന്നത്‌. എല്ലാ മുഖങ്ങളിലും ഗൗരവം. പൊട്ടിച്ചിരിപ്പിക്കാനുതകുന്ന തമാശ കേട്ടാലും ഒരു ചെറുചിരിയുതിര്‍ക്കാതെ ശ്വസം പിടിച്ചിരിക്കുന്നവരെ കാണാം. ചിരിച്ചാല്‍ തന്റെ ഇമേജിനു കോട്ടം തട്ടുമോയെന്ന് ഭയപ്പെടുന്ന പൊങ്ങച്ചസംസ്കാരത്തിനു അടിമയായവര്‍. പരിചയമുള്ളവരായാല്‍ തന്നെ കണ്ടുമുട്ടിയാല്‍ ഒരു ചെറുചിരി സമ്മാനിക്കാന്‍ നില്‍ക്കാതെ നടന്നകലുന്നവര്‍. യാതൊരു ചിലവുമില്ലാതെ എന്നാല്‍ തനിക്കു തന്നെ ആരോഗ്യപരമായും മാനസികപരമായും വളരെ നല്ലതെന്ന് ആധുനിക ആരോഗ്യശാസ്ത്രം വരെ വിധിയെഴുതിയ നിര്‍ദോശമായ രണ്ടു ചുണ്ടുകളുടെ അനക്കം അടക്കി ഗൗരവം നടിക്കുന്നവര്‍. ചിലരുണ്ട്‌, അവര്‍ സമൂഹത്തില്‍ / വീടിനു വെളിയില്‍ വളരെ നല്ല രീതിയില്‍ ആളുകളുമായി ഇടപഴകുകയും തമാശകള്‍ പറയുകയും ചെയ്യും. എന്നാല്‍ വീടിന്റെ പടിക്കലെത്തിയാല്‍ വേറൊരു കപട ഗൗരവത്തിന്റെ മുഖമണിയുന്നു. പിന്നെ ചിരിയുമില്ല.. തമാശയുമില്ല.! ചിരിച്ചാല്‍ താന്‍ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ ചെറുതാവുമെന്ന ഭയം.
പുഞ്ചിരിക്കുന്നതില്‍ പുണ്യമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകന്റെ അധ്യാപനം നമുക്ക്‌ മാത്യകയാക്കാം. പരസ്പരം പുഞ്ചിരിച്ച്‌ ,മുഖ പ്രസാദത്തോടെ നമുക്ക്‌ സംവദിയ്ക്കാം.. നാഥന്‍ തുണയ്ക്കട്ടെ . ആമീന്‍